28 September Tuesday

യാത്രാവിലക്കിൽ ഉലഞ്ഞ് പ്രവാസികൾ - കെ വി അബ്ദുൾ ഖാദർ എഴുതുന്നു

കെ വി അബ്ദുൾ ഖാദർUpdated: Tuesday Jul 13, 2021

കോവിഡ് രണ്ടാംതരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചത് പ്രവാസി സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുന്നു. പതിനായിരക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിൽ നട്ടംതിരിയുകയാണ്‌. ഗൾഫ് നാടുകളിൽ ഖത്തർ, ബഹ്‌റെെൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്കാർക്ക് ഇപ്പോൾ പ്രവേശനാനുമതി നൽകിയിട്ടുള്ളത്.

പത്ത്‌ ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞാൽ ഖത്തറിലും ബഹ്‌റെെനിലും ജോലികളിൽ പ്രവേശിക്കാം. കോവിഡ് രണ്ടാം തരംഗത്തിനുമുമ്പ് നാട്ടിലെത്തിയ, സൗദി അറേബ്യ, യുഎഇ, കുവെെത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളാണ്‌ മടക്കയാത്ര അനിശ്ചിതത്വത്തിലായി പ്രതിസന്ധിയിൽപ്പെട്ടത്. അവിടത്തെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അവരുടെ പുനഃപ്രവേശന തീയതി കഴിഞ്ഞ് ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും എത്താത്തതു മൂലം പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്.

ഗൾഫിലേക്ക് മടങ്ങേണ്ടവരുടെ പ്രശ്നങ്ങൾ ഈ രാജ്യങ്ങളിലെ സർക്കാരുകളുമായി ഔദ്യോഗികമായി ചർച്ച ചെയ്യേണ്ടത് ഇന്ത്യാ ഗവൺമെന്റാണ്. എന്നാൽ, നാളിതുവരെ അത്തരം ഒരു നീക്കവും കേന്ദ്ര സർക്കാരിന്റെയോ വിദേശകാര്യമന്ത്രാലയത്തിന്റെയോ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അവസാന വാരത്തിലെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറയുകയുണ്ടായി. ചീഫ് സെക്രട്ടറി വി പി ജോയ്‌ രേഖാമൂലംതന്നെ പ്രവാസി മലയാളികളുടെ പ്രശ്നം വിദേശകാര്യ സെക്രട്ടറിയെയും മറ്റും അറിയിച്ചു. എന്നിട്ടും കേന്ദ്രം അനങ്ങാപ്പാറ നയം തുടരുകയാണ്. സൗദി അറേബ്യയിലെ ദമാം"നവോദയ'യുടെ സംഘാടകനും കേരള പ്രവാസി വെൽഫെയർ ബോർഡ് അംഗവുമായ ജോർജ്‌ വർഗീസ് പറയുന്നത് പ്രതിസന്ധി മുതലെടുത്ത് , മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ജോലിയിൽനിന്ന് കൂട്ടത്തോടെ പിരിച്ചുവിടാൻ നീക്കമുണ്ടെന്നാണ്. നാട്ടിൽനിന്ന് സമയത്തിന് തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാത്തവർക്ക് നോട്ടീസ് നൽകുകയാണ്. സർവീസ് ആനുകൂല്യങ്ങൾ നാട്ടിലേക്ക് അയച്ചുകൊടുത്ത് പകരം കുറഞ്ഞ വേതനത്തിന് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കാനാണ് നീക്കം.

മറ്റൊരു പ്രശ്നം കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിൽ കോവാക്സിൻ ഒട്ടേറെ പ്രവാസികൾ എടുത്തിട്ടുണ്ട്. സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും കോവാക്സിൻ അംഗീകരിച്ചിട്ടില്ല. സൗദി അറേബ്യയിലെ ഔദ്യോഗിക ആപ്പായ "തവക്കന' യിൽ ഗ്രീൻ സിഗ്നൽ ഉണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങി സഞ്ചരിക്കാനാകൂ. മാളുകളിലും റസ്റ്റോറന്റുകളിലും തൊഴിൽശാലകളിലും കയറാനും ഗ്രീൻ സിഗ്‌നൽ വേണം.തവക്കനയിൽ കോവാക്സിൻ ഉൾപ്പെടുത്തണമെങ്കിൽ ഇന്ത്യാ ഗവൺമെന്റ്‌ സൗദി ഭരണകൂടവുമായി ചർച്ച നടത്തണം. മറ്റ് ഗൾഫ് രാജ്യങ്ങളെയും ബോധ്യപ്പെടുത്തണം. ഇതുണ്ടാകുന്നില്ല. ഇത്തരം വിഷയങ്ങളിൽ സമയബന്ധിതമായ ഇടപെടലുകൾക്ക് വിദേശകാര്യ മന്ത്രാലയം തയ്യാറാകാത്തത്‌ പ്രവാസി സമൂഹത്തെ അരക്ഷിതാവസ്ഥയിലെത്തിച്ചു.

ഇന്ത്യയുമായി ഏറ്റവും ഊഷ്മള ബന്ധം നിലനിർത്തിയ രാജ്യമാണ് യുഎഇ. രണ്ടാം കോവിഡ്തരംഗത്തെ തുടർന്ന് അവർ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് അനിശ്ചിതമായി നീളുകയാണ്. പതിനാല് ലക്ഷത്തോളം മലയാളികൾ ഒന്നാം കോവിഡ്കാലംമുതൽ 2021 ജൂൺവരെ നാട്ടിൽ മടങ്ങിയെത്തിയെന്നാണ് കണക്ക്. ഇവരിൽ നല്ല പങ്ക് യുഎഇയിൽനിന്ന്‌ ഉള്ളവരാണ്.

ഏറ്റവും കൂടുതൽ യാത്രാവിമാനം കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഗൾഫ് രാജ്യമാണ് യുഎഇ. വിമാന വിലക്കിനെത്തുടർന്ന് മലയാളികൾ അർമേനിയ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ വഴി യുഎഇയിൽ എത്താൻ ശ്രമിക്കുന്നു. ഇത് ചെലവേറിയ കാര്യമാണ്. ഭൂരിപക്ഷം ആളുകൾക്കും പ്രാപ്യമായ സംഗതിയല്ല. തിരിച്ചെത്താൻ കഴിയാതെ നട്ടം തിരിയുന്ന മലയാളികളെയും ഇന്ത്യൻ പ്രവാസികളെയും രക്ഷിക്കാൻ കേന്ദ്രം ഇടപെടണം. മലയാളിയായ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഒട്ടേറെ പത്രസമ്മേളനങ്ങൾ നടത്തുന്നയാളാണ്. സഹജീവികളുടെ ജീവിതപ്രതിസന്ധിയിൽ പക്ഷേ അദ്ദേഹം നിഷ്ക്രിയനാണ്. അധികാരം ഉപയോഗിച്ച് പ്രവാസികളെ സഹായിക്കാൻ അദ്ദേഹം സന്നദ്ധമാകണം.കോവിഡിൽ തൊഴിൽ നഷ്ടമാകുന്ന പതിനായിരങ്ങളെ രക്ഷിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണ്.

(കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top