14 May Friday

കോവിഡിൽ രാഷ്‌ട്രീയം കലർത്തരുത്‌ - ഡോ. ജയപ്രകാശ്‌ ആർ എഴുതുന്നു

ഡോ. ജയപ്രകാശ്‌ ആർUpdated: Thursday Oct 22, 2020


സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ച് ശയ്യാവലംബിയായ കോവിഡ് രോഗിക്ക് ശയ്യാവ്രണങ്ങൾ ഉണ്ടായി അതിൽ പുഴുവരിച്ചത് നിർഭാഗ്യകരമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ, ഇത്തരത്തിൽ ദീർഘനാൾ കിടക്കേണ്ടിവരുന്ന രോഗികളിൽ ശയ്യാവ്രണങ്ങൾ സാധാരണമാണ്. ഇടയ്‌ക്കിടെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഴിയാതെ സ്ഥിരമായി നേരെ കിടക്കേണ്ടി വരുന്നതുമൂലം അവരുടെ ശരീരത്തിന്റെ അടിഭാഗത്ത് സമ്മർദംകൂടി എല്ലിന്റെ ഭാഗങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, സമയോചിതവും നിരന്തരവുമായ രോഗീപരിചരണത്തിലൂടെ അത്‌ നിയന്ത്രിക്കാൻ ഒരുപരിധിവരെ കഴിയുന്നതാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് കോവിഡ് നോഡൽ ഓഫീസറെയും രണ്ട് നേഴ്സുമാരെയും സസ്പെൻഡ്‌ ചെയ്ത നടപടി ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സമരത്തെതുടർന്ന് സർക്കാർ തിരുത്തുകയുണ്ടായി. ഈ ഘട്ടത്തിൽ ശിക്ഷാനടപടി വൈദ്യസമൂഹത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്ന് പൊതുവിൽ അഭിപ്രായം ഉയരുകയുണ്ടായി. ശിക്ഷാനടപടിക്ക് വിധേയമായവർക്ക് പ്രസ്തുത രോഗിയുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നില്ല. കോവിഡ് രോഗിയെ നേരിട്ട് പരിചയിച്ച ഡോക്ടർമാർക്കെതിരെയും നേഴ്സുമാർക്കെതിരെയും നടപടി എടുക്കാനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ശുപാർശ ചെയ്തിരിക്കുന്നത്.

കക്ഷിഭേദമെന്യേ രാഷ്ടീയനേതൃത്വവും ഭരണനേതൃത്വവും സർക്കാരും ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകർ അടങ്ങുന്ന വൈദ്യസമൂഹവും പൊതുസമൂഹവും ഒരേ മനസ്സോടെ കോവിഡ് മഹാമാരിയെ നേരിടുകയാണ്. നമ്മൾ ഒന്നടങ്കമായി ഒരു മഹായുദ്ധത്തിലാണ്. ഭരണ പ്രതിപക്ഷ കക്ഷികളും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഗ്രാമഗ്രാമാന്തരങ്ങളിൽ സർവാത്മനാ സഹകരിച്ചാണ് ഈ വിഷയത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗം പരമാവധി കുറച്ചുകൊണ്ടുവരുന്നതിന് നമ്മൾ കൂട്ടായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിലും നമ്മൾ വിജയം കണ്ടിട്ടുണ്ട്.

ഫീൽഡ് ലെവലിലെ ആശാ പ്രവർത്തകർമുതൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർവരെ നീളുന്ന വൈദ്യസമൂഹം, പൊലീസ് സേന, മറ്റിതര സർക്കാർവകുപ്പുകൾ എന്നിങ്ങനെ നീളുന്ന ശ്രേണിയിൽപ്പെട്ട എല്ലാവരും ഈ ഉദ്യമത്തിൽ പങ്കാളികളാണ്. ആശുപത്രി കോവിഡ് വാർഡുകളിൽ ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ള ജീവനക്കാർ നിരന്തര ഡ്യൂട്ടിയിലാണ്. ഓരോ ആരോഗ്യപ്രവർത്തകനും ഈ ഘട്ടത്തിൽ വാക്കുകൾക്കതീതമായ പ്രശംസ അർഹിക്കുന്നു.

ഐഎംഎയും ഇക്കാര്യത്തിൽ വലിയ സംഭാവനയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് സർക്കാർതലത്തിൽ വിവിധ ശ്രേണികളിൽ നടന്നുകൊണ്ടിരിക്കുന്ന വിദഗ്‌ധ സമിതികളുടെ പ്രവർത്തനങ്ങളും അവയുടെ കൂടിയാലോചനകളും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുൻകൈ എടുത്ത് ഡോക്ടർമാരുടെ വിവിധ ശ്രേണിയിലുള്ള വിദഗ്‌ധ സമിതികൾ കോവിഡ് മഹാമാരിയുടെ ഈ ഘട്ടത്തിൽ രൂപീകരിച്ച് മുന്നോട്ട് പോകുന്നു. ഡോക്ടർമാരുടെ വിദഗ്‌ധ സമിതികൾ നിരന്തരം വിളിച്ചുകൂട്ടി അഭിപ്രായരൂപീകരണം നടത്തിയാണ് സർക്കാർ ഓരോ ഘട്ടത്തിലും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ സമിതികളിൽ ഐഎംഎക്കാരും അല്ലാത്തവരുമായ നിരവധി ഡോക്ടർമാർ പങ്കാളികളാണ്. എല്ലാവരും ഒരേപോലെ ആത്മാർഥമായി ഈ ഉദ്യമത്തിൽ യത്നിച്ചുകൊണ്ടിരിക്കുന്നു. മുൻപരിചയവും അനുഭവവുമില്ലാത്ത ഒരു മഹാമാരിയെ നേരിടുമ്പോൾ വീഴ്ചകൾ സ്വാഭാവികമാണ്.

മഹാമാരിക്കെതിരെയുള്ള കൂട്ടായ യുദ്ധത്തിന്റെ നടുവിലെ ഈ ഘട്ടത്തിലാണ് ഒരു പൊതുജനാരോഗ്യ വിദഗ്‌ധൻ  "ആരോഗ്യവകുപ്പിനെ പുഴുവരിച്ചിരിക്കുന്നു’ -എന്ന ഏറ്റവും നിരാശാജനകമായ എഫ്‌ബി പോസ്റ്റുമായി രംഗത്ത് വരുന്നത്‌. ഇത് തികച്ചും അനാരോഗ്യകരമാണ്. ഈ പോസ്റ്റിൽ ഡോക്ടർ തുടർന്ന് ആരോപിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയമാണ്. തന്റെ രാഷ്ട്രീയലക്ഷ്യത്തിലേക്കുള്ള പോക്ക് സുഗമമാക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ ദുരാരോപണങ്ങൾ. അത് ചെയ്യുന്നതിന് ജനാധിപത്യ അവകാശങ്ങളെ ആരും എതിർക്കുന്നില്ല. രാഷ്ട്രീയം നിഷിദ്ധമാണെന്ന അഭിപ്രായവും ഇല്ല. എന്നാൽ, വിദഗ്‌ധന്റെ മേലങ്കിയണിഞ്ഞ്‌ രാഷ്ട്രീയ ആരോപണം നടത്തുന്നത് അഭംഗിയാണ്.

ഇത്തരം ദുരുപദിഷ്ടിതമായ പരസ്യ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനു പകരം വീഴ്ചകൾ ഉത്തരവാദിത്തപ്പെട്ടവരെ ചൂണ്ടിക്കാണിക്കുകയാണ് ഓരോ വിദഗ്‌ധനും ചെയ്യേണ്ടത്. അതിനുള്ള അവസരമാണ് വിദഗ്‌ധ സമിതി യോഗങ്ങളിൽ ഉള്ളത്. ഒരു മഹായുദ്ധത്തിൽ പങ്കാളികളായിനിന്നുകൊണ്ട് പിന്നിൽനിന്ന് കുത്തരുത്. 

ഇതിലും അതിശയകരമായ കാര്യം ഈ ഡോക്ടറുടെ പ്രസ്താവന ഐഎംഎ എടുത്ത് സ്വന്തം പ്രസ്താവന ആക്കി പുറപ്പെടുവിച്ചു എന്നതാണ്. ചുരുക്കം മറ്റ് ചിലരുടെ രാഷ്ട്രീയതാൽപ്പര്യം എന്തിന് മഹാഭൂരിപക്ഷത്തിന്റെ തലയിൽ കെട്ടിവയ്‌ക്കണം? . ഈ രാഷ്ട്രീയപ്രസ്താവന ഐഎംഎ ഏറ്റെടുക്കേണ്ടിയിരുന്നില്ല. യഥാർഥത്തിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ പുഴുവരിച്ചിരിക്കുന്നു എന്ന നിലപാട് ഐഎംഎ  നേതൃത്വത്തിനുണ്ടോ ഉണ്ടെങ്കിൽ അത് വസ്തുതാപരമായി പറയണം. ഈ ഡോക്ടറെ ന്യായീകരിക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ല. നേതൃത്വത്തിലുള്ള ചുരുക്കം ചിലരുടെ ഈ രാഷ്ട്രീയ പ്രസ്താവനയിൽ എല്ലാ അംഗങ്ങളും അഭിപ്രായം രേഖപ്പെടുത്തണം. പൊതുസമൂഹം ഒരു മഹായുദ്ധത്തിലാണ്. അതിൽ രാഷ്ട്രീയം കലർത്തരുത്.

(തിരുവനന്തപുരം  ഗവ. മെഡിക്കൽകോളേജ്   എസ്‌എടി ആശുപത്രിയിൽ ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റിൽ ചൈൽഡ് സൈക്യാട്രിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top