02 July Thursday

കേരള മാതൃകയുടെ ജനിതകം - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Wednesday May 27, 2020

കോവിഡ്–-19നെ പ്രതിരോധിക്കുന്നതിൽ കേരളം നേടിയ വലിയ വിജയം ‘കേരളമാതൃക'യെ വീണ്ടും വലിയതോതിൽ ചർച്ചകളിലെത്തിച്ചിട്ടുണ്ട്. മഹാമാരിയുടെ ആക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക–-സൈനിക പ്രതാപങ്ങളുടെ മറുപുറത്ത് പരിമിതമായ സാമ്പത്തിക വിഭവശേഷി മാത്രമുള്ളപ്പോഴും, അതിസമർഥമായ ഭരണനിർവഹണവും അതുല്യമായ സാമൂഹികതയുടെ പിൻബലവുംകൊണ്ട് കോവിഡ് പ്രതിരോധത്തിൽ കേരളം നേടിയ വിജയം ലോകത്തിന്റെ മുന്നിലെ അസാധാരണമായ കാഴ്ചകളിലൊന്നായി. ബിബിസി, വാഷിങ്‌ടൺ പോസ്റ്റ്, ഗാർഡിയൻ, ഇക്കണോമിസ്റ്റ് എന്നിങ്ങനെയുള്ള ലോകപ്രശസ്ത മാധ്യമങ്ങൾ ഈ ‘കേരളമാതൃക'യെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്തു. മുപ്പത്തഞ്ചോളം അന്താരാഷ്ട്ര മാധ്യമങ്ങളാണ് കേരളം നേടിയ വിജയത്തെ പ്രകീർത്തിച്ച് ഇതിനകം രംഗത്തുവന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെന്നപോലെ, ദേശീയ ദിനപത്രങ്ങളും ടെലിവിഷൻ ചാനലുകളും ‘കേരളമാതൃക'യെ പ്രശംസിച്ച് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്.

കേരളമാതൃകയെക്കുറിച്ച് ഹിന്ദു ദിനപത്രം എഴുതിയ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ഇതരസംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ പ്രതിരോധമാതൃകയെ അനുകരിക്കാമെങ്കിലും കേരളത്തിലെ അതേവിജയം അവർ പ്രതീക്ഷിക്കരുതെന്നാണ് ആ മുഖപ്രസംഗം പറഞ്ഞത്. കേരളം നേടിയ വിജയം ഇവിടെ അരങ്ങേറിയ സുദീർഘമായ സാമൂഹ്യവിപ്ലവത്തിന്റെകൂടി ഫലമാണെന്ന് ‘ഹിന്ദു’വിന്റെ മുഖപ്രസംഗം പറയുന്നു. അത്തരത്തിലുള്ള സാമൂഹികവിപ്ലവത്തിന്റെ അഭാവത്തിൽ, സാങ്കേതികവും ഭരണപരവുമായ ഇടപെടലുകൾകൊണ്ടു മാത്രം, കേരളത്തിന്റെ പ്രതിരോധവിജയം മറ്റിടങ്ങളിൽ ആവർത്തിക്കാനാകില്ല.

ലോകം മുഴുവൻ ഇപ്പോൾ ആദരവോടെ, ശ്രദ്ധാപൂർവം വീക്ഷിക്കുന്ന ഈ വിജയത്തിന്റെ അടിസ്ഥാനമെന്താണ്? ‘കേരളമാതൃക’യെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹിക–-രാഷ്ട്രീയ–-ഭരണനിർവഹണരീതിയുടെ ആധാരമായി നിലകൊള്ളുന്നത് ഏതു ഘടകമാണ്? ഇങ്ങനെയൊരു ചോദ്യത്തിലേക്ക് കടക്കുന്നതിനുമുമ്പ്‌ ‘കേരളമാതൃക' എന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു-മൂന്ന് പതിറ്റാണ്ടായി വലതുപക്ഷ പണ്ഡിതന്മാർമുതൽ തീവ്ര ഇടതുപക്ഷക്കാർവരെ പുച്ഛിക്കുകയും തള്ളിപ്പറയുകയും ചെയ്ത ഒരാശയമാണ് ‘കേരള മോഡൽ' എന്നത്. മലയാളിയുടെ മിഥ്യാഭിമാനങ്ങളിൽ ഒന്ന് എന്നതുമുതൽ ഗൾഫ്പണംകൊണ്ട് പണിതെടുത്ത കൃത്രിമാശയം എന്നതുവരെ പലനിലയിൽ അത് അപഹസിക്കപ്പെട്ടു. കേരളത്തിന്റെ യഥാർഥ പരിമിതികളെ മറച്ചുപിടിക്കുന്ന ഭൂതകാല അഭിരതിയായാണ് പല വിമർശകരും കേരളമാതൃക എന്ന സങ്കൽപ്പത്തെ കാണുന്നത്. നിയോ ലിബറലിസം പോറ്റിവളർത്തിയ ഉപഭോഗാസക്തവും മതവർഗീയവും ജാതിഭ്രാന്ത് നിറഞ്ഞതുമായ വലതുപക്ഷ മധ്യവർഗബോധത്തിൽ ഈ എതിർപ്പിന് നല്ല വേരോട്ടവും കിട്ടി.


 

‘കൊട്ടാരവിജയം ആട്ടക്കഥ'
എങ്കിലും കോവിഡ് പ്രതിരോധത്തിന്റെ സന്ദർഭം ‘കേരളമാതൃക'യെ വീണ്ടും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു. ഇത് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയനേതൃത്വത്തെ കാര്യമായി അസ്വസ്ഥമാക്കുന്നുമുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേരളം നേടിയ വിജയത്തിന്റെ ക്രെഡിറ്റ് തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ടല്ലോ! ‘കേരള മോഡൽ' എന്ന ആശയത്തെ സമ്പൂർണമായി നിരസിക്കാനുള്ള വലതുപക്ഷ ശ്രമങ്ങളുടെ സ്വാഭാവികമായ തുടർച്ച മാത്രമാണ് കോവിഡ് പ്രതിരോധത്തിലെ വിജയത്തെ ‘കൊട്ടാരവിജയം ആട്ടക്കഥ'യായി അവതരിപ്പിക്കാനുള്ള ശ്രമവും. (മൈസൂരിൽ പകർച്ചവ്യാധി നിരോധനത്തിന് നേതൃത്വം നൽകിയ ഡോ. പൽപ്പുവിനെ ജാതിഭ്രാന്തിന്റെ പേരിൽ ജോലിനൽകാതെ കേരളത്തിൽ നിന്നോടിച്ച കൊട്ടാരത്തെക്കുറിച്ചു തന്നെയാണ് ഇതു പറയുന്നത്!) എന്തായിരുന്നു കേരളമാതൃക എന്ന് വിവരിക്കപ്പെട്ട വികസനസമീക്ഷയുടെ അടിസ്ഥാനപ്രകൃതം? കുറഞ്ഞ സാമ്പത്തിക വളർച്ചയുള്ളപ്പോഴും ഉയർന്ന സാമൂഹികവളർച്ച കൈവരിക്കാൻ കഴിഞ്ഞ വികസനസമീപനത്തെയാണ് കേരള മോഡലിന്റെ അടിസ്ഥാനമായി കരുതിപ്പോരുന്നത്. അത്യന്തം പരിമിതമായ സാമ്പത്തിക വളർച്ചയുടെ സന്ദർഭത്തിലും ആയുർദൈർഘ്യം, ജനന നിരക്ക്, മരണനിരക്ക്, ശിശുമരണനിരക്ക്, സാക്ഷരത, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ കേരളത്തിനു കഴിഞ്ഞു.

കേരളത്തിൽ പുതുതായി ജനിക്കുന്ന 1000 കുഞ്ഞുങ്ങളിൽ ഏഴുപേർ മാത്രമാണ് മരണപ്പെടുന്നതെന്ന കണക്ക് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. (ലോകാരോഗ്യ സംഘടന 2020ൽ കുറയ്‌ക്കാൻ ലക്ഷ്യമായി മുന്നോട്ടുവച്ചിരുന്നത് എട്ടുപേർ എന്നതാണ്). പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, പൊതുവിതരണം, പൊതുഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ചാൽ കേരളത്തിന്റെ മികവ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം പോലുമില്ലാത്തതും പല വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നതുമാണെന്ന് മനസ്സിലാകും. നിശ്ചയമായും ഈ മികവുകൾ ഒറ്റ ദിവസത്തിന്റെയോ ഒരു ഭരണകൂടത്തിന്റെയോ സൃഷ്ടിയല്ല. 19–-ാം ശതകത്തിന്റെ രണ്ടാം പകുതിമുതൽ ആരംഭിക്കുന്ന സാമൂഹ്യപരിണാമത്തിന്റെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും സുദീർഘചരിത്രം അതിനു പിന്നിലുണ്ട്. നവോത്ഥാനമെന്ന് നാം സാമാന്യമായി പറഞ്ഞുപോരുന്ന, കേരളത്തിന്റെ ആധുനികവൽക്കരണ പ്രക്രിയയുടെ സവിശേഷതകളാണ് ഇതിന്റെ അടിത്തറ. മധ്യവർഗത്തിന്റെ വികാസം, തോട്ടം കൃഷിയുടെയും മറ്റും വ്യാപനം, മതനവീകരണ സംരംഭങ്ങൾ, ജാതിവിരുദ്ധ പ്രക്ഷോഭങ്ങൾ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും ആധുനിക ആശയങ്ങളുടെയും വ്യാപനം, മിഷണറി പ്രവർത്തനങ്ങൾ, മതപരിവർത്തനം ഉളവാക്കിയ സമ്മർദങ്ങൾ, നാരായണഗുരു തുറന്നുവിട്ട ധാർമികവിപ്ലവം, മലയാള ഭാഷാവ്യാപനം, അച്ചടിയുടെയും പത്രമാസികകളുടെയും പ്രചാരം, കർഷകസമരങ്ങൾ, തൊഴിലാളി പ്രക്ഷോഭങ്ങൾ, ദേശീയപ്രസ്ഥാനം, ഇടതുപക്ഷ മുന്നേറ്റങ്ങൾ എന്നിങ്ങനെ എത്രയോ പടവുകളിലൂടെയാണ് ആധുനിക കേരളം അതിന്റെ അസ്തിവാരം പടുത്തത്. ചാന്നാർ ലഹളയും അരുവിപ്പുറം പ്രതിഷ്ഠയുംമുതൽ ഭൂപരിഷ്കരണംവരെയുള്ള അതിവിപുലമായ സാമൂഹിക പരിണാമ പ്രക്രിയകളുടെ ആകെത്തുകയാണ് ‘കേരളമാതൃക'യുടെ അടിപ്പടവ് എന്നർഥം. അല്ലാതെ രാജാവിന്റെയും രാജകുടുംബത്തിന്റെയും ഔദാര്യമോ സൗജന്യബുദ്ധിയോ അല്ല. ആ വാദം ജനങ്ങൾക്കും സാമൂഹികപ്രസ്ഥാനങ്ങൾക്കും മുമ്പിൽ വ്യക്തികളെയും ഭരണകൂടത്തെയും പ്രതിഷ്ഠിക്കുന്ന വലതുപക്ഷ യുക്തിയാണ്. ‘കൊട്ടാരവിജയം ആട്ടക്കഥ'യുടെ അടിസ്ഥാനവും മറ്റൊന്നല്ല.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു പിന്നിലെ അതിവിപുലമായ ഈ ജനകീയശക്തിയും സാമൂഹികതയുമാണ് കേരളമോഡൽ എന്ന വികസന സമീപനത്തിന്റെ അടിത്തറ. ഇ എം എസ് പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, സാമ്പത്തിക അടിസ്ഥാനമില്ലാത്ത സാമൂഹിക വളർച്ചയുടെ ദൗർബല്യങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, മുഴുവൻ മനുഷ്യരെയും പരിഗണിക്കുന്ന ഒരു ജീവിതക്രമം അതുവഴി ഇവിടെ വികസിച്ചുവന്നു. 1957ലെ ഒന്നാം കേരള മന്ത്രിസഭ തുടക്കംകുറിച്ച ഭരണനടപടികൾ ഈ അടിത്തറയ്ക്ക് മുകളിലാണ് ഉയർന്നുവന്നത്. മനുഷ്യാന്തസ്സിന് ഇടമുള്ളതും തൊഴിലവകാശങ്ങൾ നിലനിൽക്കുന്നതും ദരിദ്രരായവരുടെ സാമൂഹ്യാവകാശങ്ങളെ മാനിക്കുന്നതും സ്ത്രീകളെ പൊതുജീവിതത്തിലേക്കും ഭരണനിർവഹണത്തിലേക്കും ആനയിക്കുന്നതും  ജൻമിത്തത്തിന്റെ അടിവേരറുത്തതും പ്രത്യക്ഷ ജാതിമർദനത്തിന് അറുതിവന്നതുമായ ഒരു സമൂഹം ഉയർന്നുവന്നത് ഇങ്ങനെയാണ്. സാക്ഷരതാപ്രസ്ഥാനം, കുടുംബശ്രീ പോലുള്ള സ്ത്രീശാക്തീകരണ സംരംഭങ്ങൾ, തദ്ദേശസ്ഥാപനങ്ങളുടെ വിപുലീകരണവും ശാക്തീകരണവും, അധികാരവികേന്ദ്രീകരണം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ഇതിന്റെ തുടർച്ചയായി ഇവിടെ അരങ്ങേറി. ജനാധിപത്യം ഔപചാരികമായ തെരഞ്ഞെടുപ്പുകളും മറ്റുമായി അവസാനിക്കാതെ സാമൂഹ്യജീവിതത്തിന്റെ കീഴ്‌‌ത്തട്ടുവരെ വേരുപിടിക്കുന്നതിന് അത് വഴിയൊരുക്കി. കേരളീയസമൂഹത്തിന്റെ അനന്യതയുടെ ആധാരമായിത്തീർന്നത് ഇതാണ്.


 

കേരളമാതൃകയുടെ അടിസ്ഥാനം
കോവിഡ് പ്രതിരോധത്തിലെ കേരളമാതൃകയുടെ അടിസ്ഥാനവും മേൽപ്പറഞ്ഞതു തന്നെയാണ്. അഞ്ച് ഘടകം ഇവിടെ പ്രത്യേകം എടുത്തുപറയണം. അതിൽ ഒന്നാമത്തേത് അതിവിപുലമായ പൊതുജനാരോഗ്യ സംവിധാനമാണ്. മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളുംമുതൽ പഞ്ചായത്ത് –- വാർഡ് തലങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവരെ വേരോട്ടമുള്ള പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലേത്. നിശ്ചയമായും ഇതിന്റെ രൂപീകരണത്തിൽ കൊളോണിയൽ ഭരണത്തിനും തിരുവിതാംകൂർ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾക്കുമെല്ലാം പങ്കുണ്ട്. ചരിത്രപരമായ ആ ഘടകങ്ങളെ അപ്പാടെ നിരസിക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം, കേരളത്തിലെ പൊതുജനാരോഗ്യ മികവിനെ കൊട്ടാരത്തിന്റെ ഉദാരമനസ്കതയായി അവതരിപ്പിക്കുന്നത് തികഞ്ഞ ചരിത്രവിരുദ്ധതയാണുതാനും. കേരള ജനസംഖ്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 1951ൽ 5.1 ശതമാനം (അഖിലേന്ത്യാ ശരാശരി 5.6) ആയിരുന്നെങ്കിൽ 2015ൽ അത് 13.1 (അഖിലേന്ത്യാ ശരാശരി 8.3) ആയി ഉയർന്നത് കൊട്ടാരത്തിന്റെ പിൻബലം കൊണ്ടല്ല. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ പടർന്നുപന്തലിച്ചത് കൊട്ടാരവിജയത്തിന്റെ അനുബന്ധ കഥയല്ല എന്നർഥം. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതുപോലെ 1957 മുതലുള്ള ഭരണാധികാരികൾ വച്ചുപുലർത്തിയ സാമൂഹ്യ–-രാഷ്ട്രീയ ജാഗ്രതയുടെ ഫലമാണത്. കോവിഡ് പ്രതിരോധവിജയത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. നവഉദാരവൽക്കരണ നയങ്ങളുടെ നടത്തിപ്പുകാർ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുസംവിധാനങ്ങളെയാകെ തകർത്തെറിഞ്ഞപ്പോഴും കേരളം അതിന്റെ സാമൂഹികതാബോധത്തിന്റെ ബലത്തിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ തകർന്നടിയാതെ നിലനിർത്തി. ഇടതുപക്ഷ സർക്കാരുകളാകട്ടെ, പൊതുജനാരോഗ്യ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തി അതിനെ അങ്ങേയറ്റം പരിപോഷിപ്പിക്കുകയും ദൃഢീകരിക്കുകയും ചെയ്തു. ആ സാമൂഹികതയുടെ ലാഭവിഹിതം കൂടിയാണ് ഇപ്പോഴത്തെ കോവിഡ് പ്രതിരോധവിജയം.

ഈ വിജയത്തിനു പിന്നിലെ രണ്ടാമത്തെ ഘടകം നമ്മുടെ തദ്ദേശഭരണ സംവിധാനങ്ങളുടെ ശക്തിയാണ്. അതിഥിത്തൊഴിലാളികളുടെ പരിപാലനംമുതൽ പൊതു അടുക്കളകളുടെ നടത്തിപ്പുവരെയുള്ള കാര്യങ്ങളിൽ നടത്തിയ ഇടപെടലുകൾ ഇതിലെ പ്രധാന ഘടകമാണ്. മൂന്നാമത്തേത് സാക്ഷരതയിലും വിദ്യാഭ്യാസ വ്യാപനത്തിലും  കൈവരിച്ച വിജയമാണ്. രോഗപ്രതിരോധത്തിന്റെ ആശയങ്ങളും പ്രയോഗങ്ങളും കേരളീയർ വലിയതോതിൽ ഏറ്റെടുത്തതും കാര്യക്ഷമമായി നിറവേറ്റിയതും അതിനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങൾ വ്യാപകമായതിന്റെ ബലത്തിലാണ്. പൊതുവിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ അത് സാധ്യമാകുമായിരുന്നില്ല. കുടുംബശ്രീ അടക്കമുള്ള കീഴ്‌ത്തട്ടിലെ ജനകീയ കൂട്ടായ്മകളാണ് നാലാമത്തെ ഘടകം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ജനകീയമായ അടിത്തറയായി പ്രവർത്തിച്ചതിൽ ഈ കൂട്ടായ്മകൾക്കുള്ള പങ്ക് വളരെ വലുതാണ്.

ആധുനിക കേരളത്തിലെ സാമൂഹ്യ–-സാംസ്കാരിക–-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജന്മം നൽകിയതും കീഴ്‌ത്തട്ടുവരെ വേരുപിടിച്ചതുമായ ജനാധിപത്യബോധമാണ് അഞ്ചാമത്തെ ഘടകം. പൊതു അടുക്കളകൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിവസം ആയിരത്തിലധികം പൊതു അടുക്കളകൾ  ഉണ്ടായത് അങ്ങനെയാണ്. സന്നദ്ധപ്രവർത്തകരായി മൂന്നു ലക്ഷത്തിലധികം ചെറുപ്പക്കാർ രംഗത്തെത്തിയതും ഇതുകൊണ്ടാണ്. ഭരണപരമായ ഉത്തരവുകൾ കൊണ്ടല്ല, ആഴത്തിൽ വേരോടിയ ജനാധിപത്യ–-സാമൂഹ്യബോധം കൊണ്ടാണ് ഇത് സാധ്യമാക്കിയത്.


 

മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം ഒറ്റച്ചരടിൽ കോർത്തിണക്കി, വിപുലവും ജനകീയവുമായ അടിത്തറയിൽ കോവിഡ് പ്രതിരോധം കെട്ടിപ്പടുത്ത നമ്മുടെ ഭരണനിർവഹണത്തിന്റെ അതുല്യമായ മികവാണ് അന്തിമമായി ഈ വിജയത്തിന്റെ ആധാരഹേതുവായി മാറിയത്. മുഴുവൻ രോഗികളെയും രോഗവാഹകരെയും കണ്ടെത്തി, അവരെ ഏറ്റവും കാര്യക്ഷമമായി പരിപാലിച്ച്, ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവുമുയർന്ന രോഗമുക്തി നിരക്കും കൈവരിച്ച ആരോഗ്യവകുപ്പിന്റെ അതുല്യമായ പ്രവർത്തനമികവ് ഒരുഭാഗത്ത്. ക്ഷേമ പെൻഷനുകളുടെ വിതരണവും സൗജന്യ റേഷനുംമുതൽ വയോജനപരിപാലനവും അങ്കണവാടിയിലെ കുട്ടികൾക്കുള്ള ഭക്ഷണവസ്തുക്കൾ അവരുടെ വീടുകളിലെത്തിച്ചു നൽകുന്നതുവരെയുള്ള ഭരണനടപടികൾ മറുഭാഗത്ത്. ഇങ്ങനെ, സർവതലസ്പർശിയായ ഭരണനിർവഹണവും കാര്യക്ഷമതയും ഒത്തുചേർന്നതോടെ കേരളീയ സമൂഹത്തിന്റെ ചരിത്രപരമായ നേട്ടങ്ങൾക്ക് അനന്യമായ പ്രയോഗക്ഷമത കൈവന്നു. അത് കോവിഡ് പ്രതിരോധത്തിലെ ‘കേരളമാതൃക'യായി ഉയരുകയും ചെയ്തു.

സ്വാഭാവികമായും കേരളത്തിലെ വലതുപക്ഷശക്തികൾ ഇതിൽ തൃപ്തരല്ല. ആശയതലത്തിൽ ഈ വിജയത്തെ ചെറുതാക്കി കാണിക്കുന്നതുമുതൽ പ്രായോഗികമായി ഇതിനെ തകർക്കുന്നതുവരെയുള്ള നാനാതരം കലാപരിപാടികൾ ഇപ്പോൾ അരങ്ങേറുന്നത് അതുകൊണ്ടാണ്. എങ്കിലും, നവോത്ഥാനം ഉൾപ്പെടെയുള്ള സാമൂഹ്യവിപ്ലവങ്ങളെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ഈ വലതുപക്ഷം ലോകം മുഴുവൻ പടർന്ന ഈ രോഗാതുരതയുടെ കാലത്ത്, സ്വന്തം സുരക്ഷയ്ക്ക് അതിനോട് കടപ്പെട്ടവരായി തീർന്നിട്ടുണ്ട്. ആ നിലയിൽ കേരളീയസാമൂഹികത ഇവിടുത്തെ വലതുപക്ഷ അഹന്തയോട് പകരം ചോദിക്കുന്ന കാലംകൂടിയാണ്‌ ഇത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top