06 December Sunday

കെന്നഡിയുടെ പൊയ്ഭാഷയും കേരളത്തിന്റെ സാധ്യതകളും - ജോൺ ബ്രിട്ടാസ്‌ എഴുതുന്നു

ജോൺ ബ്രിട്ടാസ്‌Updated: Wednesday Apr 29, 2020

ചൈനീസ് ഭാഷയിൽ ‘പ്രതിസന്ധി’ എന്ന വാക്ക് എഴുതുന്നത് രണ്ട് സമാന്തര വരകളിലൂടെയാണെന്നും അവ ‘അപകടം’ എന്നും ‘സാധ്യത’ എന്നും വായിച്ചെടുക്കാമെന്നു പറഞ്ഞത് മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ആണ്. കെന്നഡിക്ക് മറ്റ് ഒരുപാട് കാര്യത്തിൽ തെറ്റുപറ്റി എന്നതുപോലെ ചൈനീസ് ഭാഷയുടെ കാര്യത്തിലും നാവ് പിഴച്ചു. എങ്കിലും അശുഭമുഹൂർത്തങ്ങളിൽ കെന്നഡിയുടെ ‘വ്യാജവാർത്ത’ പലരും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും പ്രചോദനത്തിനുള്ള പ്രയോഗമായി ഉപയോഗിക്കുന്നു.

കോവിഡ്–-19 ലോകത്ത് വിതയ്ക്കുന്ന ദുരന്തങ്ങൾക്ക് ഒരു ചൈനീസ് നിദാനമുള്ളതുകൊണ്ടുതന്നെ കെന്നഡിയുടെ തെറ്റായ പരിഭാഷ പല അർഥത്തിലും പ്രസക്തമാകുന്നു. ലോക സമ്പദ്ഘടന തകരുന്നു, 15 ശതമാനം കമ്പനികളെങ്കിലും അപ്രത്യക്ഷമാകും, ദശലക്ഷങ്ങൾ തൊഴിൽരഹിതരാകും, കോടികൾ പട്ടിണിയിൽ ആകും എന്നിങ്ങനെ ഭീതിജനകമായ ഒട്ടേറെ പ്രചാരണങ്ങളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലുള്ള ദുരന്തങ്ങളെയൊക്കെ ആഴവും വ്യാപ്തിയുംകൊണ്ട് കോവിഡ്–- 19 മറികടക്കുമെന്നാണ് പ്രവചനങ്ങളെല്ലാം. ശാസ്ത്രസാങ്കേതിക രംഗത്തുള്ള പുരോഗതിയൊന്നും മനുഷ്യരാശിയുടെ തുണയ്ക്ക് വരാനുള്ള സാധ്യത വിദഗ്‌ധർ കാണുന്നില്ല. എന്നാൽ, ഈ കാർമേഘപടലങ്ങൾക്കിടയിൽ ശുഭപ്രതീക്ഷയുടെ നേർത്ത രജതരേഖകൾ നമ്മൾ കാണാതെ പോകരുത്.

മലയാളിയെയും കേരളത്തെയും അസാധാരണമായ കൗതുകത്തോടെയാണ് ഇന്ന് ലോകം കാണുന്നത്. സാമൂഹ്യമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കേരളത്തിന്റെ വികസനമാതൃക എല്ലാ ഘട്ടങ്ങളിലും സാമ്പത്തിക–-സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ വിശകലനത്തിന് വിധേയമായിട്ടുണ്ട്. നൊബേൽ സമ്മാന ജേതാവായ അമർത്യസെന്നിനെപ്പോലുള്ള പ്രഗത്ഭർ കേരളത്തിന്റെ അനന്യമായ സാമൂഹ്യ അകക്കാമ്പിനെ വിശദമായി അപഗ്രഥിച്ചിട്ടുണ്ട്. എന്നാൽ, ഒരിടക്കാലത്ത് ജഗദീഷ് ഭഗവതിനെപ്പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ കേരള മാതൃകയെ ആക്ഷേപിച്ച് ഗുജറാത്ത് വികസനപന്ഥാവുകളെ ആശ്ലേഷിക്കുന്നതും നമുക്ക് കാണേണ്ടിവന്നു. ജഗദീഷ് ഭഗവതുമാരുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടത്തിലാണ് കോവിഡ്–-19 മഹാമാരി നിരീക്ഷണങ്ങളുടെ അലകും പിടിയും മാറ്റിമറിച്ചത്.

ലോകം അന്വേഷിക്കുന്നു കേരളത്തെ
കേരളമെന്ന ഭൂമികയെക്കുറിച്ച് കേട്ടുകേൾവിപോലും ഇല്ലാത്ത ജനവിഭാഗങ്ങളുടെ ഇടയിൽ ഇന്ന് നമ്മുടെ സംസ്ഥാനം അർഥവത്തായ സംവാദങ്ങൾക്ക് പ്രചോദനമാകുന്നു. പോളിഷ്, സ്പാനിഷ് ടെലിവിഷനുകളിലും നൂറുകണക്കിനു വൈവിധ്യഭാഷാപ്രതലങ്ങളിലും കേരളം സചേതനമായ ചർച്ചയ്ക്ക് വഴിമരുന്ന് ഇട്ടിരിക്കുകയാണ്. ലോകജനസംഖ്യയിൽ 23.4 ശതമാനംപേരെ ഉൾക്കൊള്ളുന്ന പ്രദേശമാണ് ദക്ഷിണ ഏഷ്യ. എന്നാൽ, പാശ്ചാത്യരാജ്യങ്ങളുടെ പ്രതിശീർഷവരുമാനവുമായി തട്ടിച്ചുനോക്കിയാൽ ദക്ഷിണ ഏഷ്യയുടെ വിഹിതം കേവലം നാല്‌ ശതമാനമാണ്. കുറച്ചുകൂടി സൂക്ഷ്‌മതലങ്ങളിലേക്ക്‌ നമുക്ക് കടക്കാം. അമേരിക്കയുടെ പ്രതിശീർഷവരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ മലയാളിയുടെ വരുമാനം പത്തിലൊന്നുപോലും വരില്ല. എന്നാൽ, ഡോണൾഡ് ട്രംപും അമേരിക്കൻ ഭരണകൂടവും കോവിഡ്–-19ന് മുമ്പിൽ പകച്ചുനിൽക്കുമ്പോൾ കേരളം പ്രോജ്വലമായ ഒരു മാതൃകയാണ് ലോകത്തിനു മുമ്പിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പല തലങ്ങളിലായി വ്യാപരിച്ചു കിടക്കുന്ന ആരോഗ്യസംവിധാനവും അവയോട് ചേർത്തിണക്കിയിട്ടുള്ള മറ്റ് സാമൂഹ്യരാഷ്ട്രീയ പ്രതലങ്ങളുമൊക്കെ കേരളത്തെ സവിശേഷമാക്കുന്നുവെന്ന് നിതാന്തവിമർശകർപോലും ഇന്ന് തുറന്ന് സമ്മതിക്കുന്നു. ഏതൊരു രാജ്യത്തേക്കാൾ  കൂടുതൽ ഇന്ന് ലോകത്ത് ചർച്ച ചെയ്യുന്ന സ്ഥലനാമം കേരളമാണെന്ന് സാർവദേശീയ സാമ്പത്തിക ഏജൻസിയിൽ പ്രവർത്തിക്കുന്ന ഒരു വിദഗ്‌ധ കഴിഞ്ഞ ദിവസം ഈ ലേഖകനോട് പറഞ്ഞു.


 

കോവിഡാനന്തര കാലത്തെ കുറിച്ച്‌ ചിന്തിക്കണം
കെന്നഡി ഉപയോഗിച്ച പൊയ്ഭാഷയുടെ പ്രാധാന്യം ഈ വേളയിലാണ് കേരളവും മലയാളിയും തിരിച്ചറിയേണ്ടത്. കോവിഡാനന്തര കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങേണ്ട ഉത്തരവാദിത്തം നമുക്ക് ഉണ്ടെന്ന് അർഥം. മഹാമാരി ക്രൂരതയാണ് വിതച്ചതെങ്കിലും അതിന്റെ ബാക്കിപത്രം തുറന്നിട്ടു തരുന്ന അനന്തമായ സാധ്യതകൾ വിവാദങ്ങളിൽ കലക്കിക്കളയാൻ പാടില്ല. പ്രതിസന്ധിഘട്ടങ്ങളിൽ ഐക്യത്തിന്റെയും ഒരുമയുടെയും ഊർജപ്രവാഹത്തിന് കേരളം എന്നും വേദിയാകാറുണ്ട്. എന്നാൽ, പ്രതിസന്ധി പടിഞ്ഞാറേക്ക്‌ ചരിയുന്നതിനുമുമ്പ് വിവാദചർച്ചകളുമായി നമ്മൾ ഉണർന്നെഴുന്നേൽക്കും. സ്പ്രിങ്ക്ളർതന്നെ അതിനുള്ള ഉദാഹരണമാണ്. ക്ലൗഡും ബിഗ് ഡാറ്റയും എന്താണെന്നുപോലും അറിയാത്ത ‘വിദഗ്‌ധർ’ ഉറഞ്ഞുതുള്ളുന്ന പൊറാട്ടുനാടകം കണ്ട് ഇതിനെക്കുറിച്ച് അല്പം വിവരം ഉള്ളവർപോലും അമ്പരന്ന് നിൽക്കുകയാണ്. നമ്മൾ പണ്ടും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. തന്റെമേൽ പതിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയായി ചില ദൃഷ്ടാന്തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ എടുത്തുകാട്ടിയിരുന്നു. ഒന്നര പതിറ്റാണ്ടുമുമ്പ് കേരളം മാസങ്ങളോളം ചർച്ചചെയ്ത വിഷയമായിരുന്നു വിഭവഭൂപട മോഷണം. കേരളത്തിന്റെ വിഭവങ്ങളുടെ വിവരം സാമ്രാജ്യത്വ ശക്തികളിലേക്ക്‌ ചോരുന്നു എന്നതായിരുന്നു ആക്ഷേപം. എവിടെയാണ് നമ്മുടെ കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ,  പഞ്ചായത്ത് ഓഫീസുകൾ... ഇവയൊക്കെ അമേരിക്കക്കാരന്റെ പക്കൽ എത്തുമ്പോൾ നമ്മുടെ സ്ഥിതി എന്താകുമെന്ന് മുൻനിര മാധ്യമങ്ങൾ  മുഖപ്രസംഗംപോലും എഴുതി ചോദിച്ചു. കുറെ നിഷ്കളങ്കർ അന്ന് ഇതിലൊക്കെ പകച്ചുപോയിട്ടുണ്ടാകാം. വിഭവഭൂപട വിവാദത്തിലെ ഏതെങ്കിലും ഒരു ശകലം ഇന്ന് പുറത്തുവിട്ടാൽ മലയാളി തലതല്ലി ചിരിക്കും. അന്ന് ഡാറ്റ മോഷണത്തെക്കുറിച്ച് ലേഖനം എഴുതിയ ഒരു പ്രധാന മാധ്യമപ്രവർത്തകന് സ്വന്തം വീട്ടിൽ എത്താൻ ഗൂഗിൾ മാപ്പിൽ വിലാസം അടിക്കേണ്ടി വരുന്നു എന്നുള്ളത് വിധി വൈപരീത്യം.


 

ലോകം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്ന നമ്മുടെ വ്യത്യസ്തത വിവാദത്തിൽ കലക്കിക്കളയാനുള്ളതല്ല. ഇന്ത്യയുടെ പൊതുസമീപനത്തിൽനിന്ന്  എത്രയോ വ്യത്യസ്തമാണ് നമ്മുടെ നാടെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ദശലക്ഷം മരണങ്ങൾ സ്ഥിതിവിവര കണക്കുകളും ഒരു മരണം ദുരന്തവുമാണെന്ന് പലപ്പോഴും പറയാറുണ്ട്.  ഒരുപാട് കൂട്ടമരണങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില മരണങ്ങളും അനിഷ്ടസംഭവങ്ങളും സമൂഹം ഇന്നും ശ്രദ്ധിക്കും. തെലങ്കാനയിലെ മുളക് പാടത്ത് ജോലി ചെയ്യാൻ പോയ 12 വയസ്സുകാരി പെൺകുട്ടി ജാംലോ മഡ് കംതന്നെ ഉദാഹരണം. മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈ പെൺകുട്ടി ഛത്തീസ്ഗഢിലെ ബിജാപുരിലുള്ള തന്റെ വീട്ടിലെത്താൻ നിബിഡവനങ്ങളിലൂടെ നൂറ് കിലോമീറ്ററിലേറെയാണ് നടന്നത്. വീടെത്തുന്നതിന് 11 കിലോമീറ്റർ മാത്രമുള്ളപ്പോൾ കുഴഞ്ഞുവീണ് പെൺകുട്ടി മരിച്ചു. ഇതാണ് ഇന്ത്യയുടെ നഖചിത്രം. ഈ നഖക്ഷതങ്ങൾ പതിയാത്ത ഒരു ഭൂമികയാണ് നമ്മുടെ കേരളം.

മഹാമാരി കെട്ടടങ്ങുമ്പോൾ
ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ബയോടെക്നോളജി, ഇൻഫോർമേഷൻ ടെക്നോളജി എന്നിങ്ങനെ കേരളത്തിന് ഇണങ്ങുന്ന മേഖലകളുടെ വികസനമായിരിക്കണം നമ്മുടെ ലക്ഷ്യം. ലോകത്തിന്റെ ഒരു ഡെസ്റ്റിനേഷൻ ആകാനുള്ള കരുത്ത് നമ്മൾ ആർജിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി ആഗ്രഹിക്കുന്നപോലെ ഒരു മലയാളിക്ക് ഒരു വിനോദസഞ്ചാരി എന്ന സ്വപ്നം യാഥാർഥ്യമായാൽത്തന്നെ നമുക്ക് കോവിഡുകൊണ്ട് ഉണ്ടായ ഭൗതികനഷ്ടം നികത്താൻ കഴിയും. കേരളത്തെ അറിയാനും അനുഭവിക്കാനും താൽപ്പര്യമുള്ള ലക്ഷക്കണക്കിനു വ്യക്തികൾ ഇന്ന് ലോകത്തിന്റെ പല കോണിലും ഉണ്ട്. ഇവരൊക്കെ പ്രതിനിധാനം ചെയ്യുന്ന ആയിരക്കണക്കിനു സ്ഥാപനങ്ങളുമുണ്ട്. മഹാമാരി കെട്ടടങ്ങുമ്പോൾ ഇവരുടെയൊക്കെ ആകർഷണത്തിന്റെ കേന്ദ്രബിന്ദുവായി തുടരാൻ കഴിഞ്ഞാൽ കേരളത്തിന്റെ ചിത്രം മറ്റൊന്നാകും. അപായത്തോടൊപ്പം തുറന്നിരിക്കുന്ന സാധ്യതകളുടെ വാതായനങ്ങളെ വിവാദങ്ങൾ സൃഷ്ടിച്ച് കൊട്ടിയടച്ചാൽ വരുംതലമുറ നമുക്ക് മാപ്പ് തരില്ല. സ്പ്രിങ്ക്ളറിൽ മലയാളിയുടെ നാവും ഒപ്പം ഭാവിയും കുരുക്കിയിടാൻ ആഗ്രഹിക്കുന്നവർ ഈ സത്യം മനസ്സിലാക്കുന്നത് ഉത്തമമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top