18 January Monday

പ്രതിരോധത്തിന്റെ രാഷ്ട്രീയവേരുകള്‍ - എം വി ഗോവിന്ദൻ എഴുതുന്നു

എം വി ഗോവിന്ദൻUpdated: Monday May 18, 2020

കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വൻവർധനയാണ് ഉണ്ടാകുന്നത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് ഇന്ത്യയിലെ വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ. ഈ ആഴ്ചമാത്രം രോഗികളുടെ എണ്ണത്തിൽ 18 ശതമാനത്തിന്റെ വർധനയുണ്ടായി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ മറികടന്നു. ചൈനയിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത് 2019 ഡിസംബർ 31നായിരുന്നു. ഒരുമാസം കഴിഞ്ഞ് ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതിനിടയിലുള്ള കാലയളവിൽ കേന്ദ്ര ഭരണകർത്താക്കൾ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. കൊറോണ വൈറസ് മഹാമാരിയാകാൻ സാധ്യതയുണ്ടെന്ന്  ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യ മുൻകരുതലുകളൊന്നും എടുക്കാതെയിരുന്നത് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

രാജ്യത്ത് ആദ്യത്തെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. വുഹാനിൽനിന്നും കേരളത്തിലേക്ക് വന്ന വിദ്യാർഥികൾക്കാണ് രോഗബാധയുണ്ടായത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറത്തുവന്നപ്പോൾ തന്നെ ഗവൺമെന്റ് മുൻകരുതലുകൾ എടുത്തതിനാൽ കേരളത്തിന് പകച്ചുനിൽക്കേണ്ടി വന്നില്ല.

കേരളത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധയജ്ഞത്തിൽ ആശാവർക്കർ മുതൽ മുഖ്യമന്ത്രി വരെ നേരിട്ട് പങ്കാളികളാകുകയാണ്. മുഖ്യമന്ത്രിയുടെ ദിനേനയുള്ള വാർത്താസമ്മേളനം പല തലങ്ങളിൽ അർഥസമ്പുഷ്ടമാണ്. സമസ്തമേഖലകളെയും സംബന്ധിച്ച് അവ്യക്തതകളൊന്നുമില്ലാതെ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ സാധിക്കുന്നത്, എല്ലാ വകുപ്പുകളെയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത് കൊണ്ടാണ്. പ്രതിസന്ധികളുടെ ഈ അസാധാരണ ഘട്ടത്തിൽ സംസ്ഥാന സർക്കാർ കൂടെയുണ്ടെന്നുള്ള ധൈര്യമാണ് പിണറായി വിജയൻ പകരുന്നത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അഞ്ഞൂറിലേറെ പാവപ്പെട്ട തൊഴിലാളികളാണ് നാടുകളിലേക്കുള്ള പലായനത്തിനിടെ മരണപ്പെട്ടത്. കേരളത്തിൽ അതിഥിത്തൊഴിലാളികളെ സംരക്ഷിക്കാനും അവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും അവലംബിച്ച രീതി രാജ്യമാകെ പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സാധിച്ചിരുന്നുവെങ്കിൽ കൂട്ടപ്പലായനങ്ങളും പട്ടിണിമരണങ്ങളും ഒഴിവാക്കാമായിരുന്നു.


 

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും രണ്ട് രീതികൾ അവലംബിക്കുന്നതിനാലാണ് ജനങ്ങൾക്ക് രണ്ട് രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനകീയ ബദലുകൾ മുന്നോട്ടുവച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ്. കേന്ദ്ര സർക്കാരാകട്ടെ തീവ്രവലതുപക്ഷ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാൽ കോർപറേറ്റുകളുടെ താൽപ്പര്യസംരക്ഷണത്തിനും സ്വകാര്യവൽക്കരണ നടപടികൾ അടിച്ചേൽപ്പിക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്. അതിനാൽ ജനതയുടെ വിഹ്വലതകളും ദൈന്യതയും മരണങ്ങളും അവരെ അലട്ടുന്നില്ല. ആ പാത പിന്തുടരുന്ന സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടുകളിലുറച്ച് മുന്നോട്ടുപോകുന്ന മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്നാട്ടിലും ജനങ്ങൾ കോവിഡ് മഹാമാരിയിൽ മരിച്ചുവീഴുകയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളാണ് ജനങ്ങൾക്ക് ഗുണപ്രദമെന്നത് എന്ന് ഇതിൽനിന്നും മനസ്സിലാക്കാം. വിവിധ വകുപ്പുകളുടെ ഏകോപനത്തിനൊപ്പം ജനകീയ പ്രതിരോധത്തിന്റെ സോഷ്യലിസ്റ്റ് രീതിശാസ്ത്രമാണ് കേരളം പ്രയോഗിച്ചത്.

തുടക്കമിട്ടത്‌ ആദ്യ ഗവൺമെന്റ്‌
ഇ എം എസിന്റെ നേതൃത്വത്തിൽ 1957ൽ അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്റെ ഇന്നത്തെ മികവുകളുടെ ഊടുംപാവും ഒരുക്കിയത്. അധികാരത്തിലേറി  ഒരാഴ്ച തികയുന്നതിനു മുമ്പ് കുടിയൊഴിപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നു. കർഷകരെ താമസിക്കുന്ന ഭൂമിയിൽനിന്നും കുടിയൊഴിപ്പിക്കുന്ന ജന്മിത്ത ഭൂപ്രഭുത്വത്തിന്റെ അതിക്രമം തടയുന്ന ആ ഓർഡിനൻസ് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. 1957ലെ ഭൂപരിഷ്കരണ ബിൽവഴി കേരളത്തിലെ ഭൂവുടമാ ബന്ധങ്ങളിൽ സമഗ്രവും, സമൂലവും ആയ മാറ്റങ്ങൾ വരുത്താനായി. ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തി. 1959 മാർച്ച് 15ന് കോഴിക്കോട് മെഡിക്കൽ കോളേജ് ജനങ്ങൾക്കായി  തുറന്നുകൊടുത്തു.  വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾ വരുത്താനും സാധിച്ചു. അധികാര വികേന്ദ്രീകരണത്തിലൂടെ സാധാരണ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വിപുലമാക്കുവാനായി ഗ്രാമതലത്തിലും, അതിനുമുകളിലും നിലവാരമുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ രൂപീകരിച്ച്, അധികാരം ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രക്രിയക്ക്‌ തുടക്കം കുറിച്ചതും ഇ എം എസ് സർക്കാരാണ്. ചുരുങ്ങിയ നിരക്കിൽ ഭക്ഷ്യപദാർഥങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാൻ തുടങ്ങിയതും 1957ലെ സർക്കാരാണ്. പിന്നീട് ഇന്ത്യ ഒട്ടാകെ ഈ രീതി നടപ്പിലാക്കാൻ കേന്ദ്രസർക്കാരുകൾ തീരുമാനിക്കുകയായിരുന്നു. ഭൂപരിഷ്കരണ ബില്ലിലൂടെ കാലാകാലങ്ങളായി നിലനിന്നിരുന്ന ജന്മിത്ത സമ്പ്രദായത്തെ ഇല്ലാതാക്കാൻ സാധിച്ചു എന്നതാണ് കേരളത്തിന്റെ സർവകുതിപ്പിന്റെയും അടിത്തറ. അതിന് മുകളിലാണ് ഇ എം എസ് ഭവന പദ്ധതിയടക്കമുള്ള വിവിധ പദ്ധതികളിലൂടെയും കേരളത്തിലെ മിക്കവാറും പേർക്ക് സ്വന്തമായി വീട് സാധ്യമായത്.


 

കേരളത്തിന്റെ മാത്രം പ്രത്യേകത
പിണറായി വിജയൻ സർക്കാർ ആവിഷ്കരിച്ച ലൈഫ്മിഷൻ പദ്ധതിയിലൂടെ ഭവനരഹിതരായി ബാക്കിയുള്ള കുറച്ചുപേർക്കുകൂടി വീടുകൾ നൽകാനുള്ള ശ്രമവും പുരോഗമിക്കുന്നു. ഇത് യാഥാർഥ്യമാകുമ്പോൾ എല്ലാവർക്കും വീടുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും. മറ്റ് സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോൾ മുപ്പത് കോടി ഇന്ത്യക്കാർക്ക് സ്വന്തമായി വീടോ, ഭൂമിയോ ഇല്ല. ഇത്തരം വസ്തുതകൾ മനസ്സിലാക്കി വേണം കേരളത്തിലെ കോവിഡ് പ്രതിരോധത്തെ ആവിഷ്കരിക്കേണ്ടത്. കേന്ദ്രസർക്കാർ കേരളത്തിൽ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ മികവുകൾ മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഭവനരഹിതരുടെ ബാഹുല്യംകൊണ്ട് ഹോം ക്വാറന്റൈൻ നടപ്പിലാക്കാൻ പറ്റില്ലായിരിക്കും. എന്നാൽ, കേരള സർക്കാർ ചിന്തിക്കുന്നത് ഓരോ വീട്ടിലും ഓരോ കോവിഡ് നിരീക്ഷണകേന്ദ്രം എന്ന ആരോഗ്യസുരക്ഷയെ കുറിച്ചാണ്. കോവിഡ്‐ 19ന് പ്രതിരോധമരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ അത്തരം ഒരു ചിന്ത ലോകമാകെ ഉയർന്നുവരുമെന്നതിൽ സംശയമില്ല.

ഹോം ക്വാറന്റൈൻ എന്നത് റൂം ക്വാറന്റൈനാക്കി പുനഃക്രമീകരിച്ച് വീട്ടിൽ തന്നെ നിരീക്ഷണവും ആരോഗ്യ ജാഗ്രതയും ഉറപ്പുവരുത്തുന്ന ജനകീയ സംവിധാനമാണ് സർക്കാർ ഉറപ്പുവരുത്തുന്നത്. പുറത്തുനിന്നും നാട്ടിലേക്ക് വരുന്ന എല്ലാവരുടെയും വീടുകളിൽ ബാത്ത് അറ്റാച്ച്‌ഡ്‌ റൂം ഉണ്ടാകണമെന്നില്ല. കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കുന്ന  കുളിമുറിയും കക്കൂസും ഉള്ള വീട്ടിൽ ക്വാറന്റൈൻ പാടില്ല. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് വരാൻ നോർക്ക, കോവിഡ് ജാഗ്രത പോർട്ടൽ എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്ട്രേഷൻ നടക്കുമ്പോൾ അവിടെ പങ്കുവയ്‌ക്കുന്ന വിശദാംശങ്ങൾ അതത് വ്യക്തികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ജാഗ്രതാ സമിതികൾക്ക് വരെ ലഭ്യമാകും. സമിതി പ്രസ്തുത വ്യക്തിയുടെ വീട് റൂം ക്വാറന്റൈന് പര്യാപ്തമാണോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ സൗകര്യമൊരുക്കും. രജിസ്റ്റർ ചെയ്യുന്ന വ്യക്തി കേരളത്തിലേക്കെത്തുമ്പോൾ അയാളുടെ ആരോഗ്യ പരിരക്ഷ എങ്ങനെയാകണം എന്ന കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമാണ് കേരളത്തിലേക്കുള്ള പാസ് അവർക്ക് ലഭ്യമാക്കുന്നത്. അവർ നാട്ടിലേക്കെത്തുമ്പോൾ വാർഡ്തല ജാഗ്രതാ സമിതികൾ അവരെ നിരീക്ഷിക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.


 

അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി പ്രാദേശിക ഭരണസംവിധാനത്തെ ശക്തിപ്പെടുത്താൻ കഴിയാത്തതിനാലും സന്നദ്ധ പ്രവർത്തകരെ കണ്ടെത്താൻ കഴിയാത്തതിനാലും സൗകര്യമുള്ള വീടുകൾ ഇല്ലാത്തതിനാലുമാണ് കേരള മോഡൽ കോവിഡ് സുരക്ഷ മറ്റ് സംസ്ഥാനങ്ങൾക്ക് യാഥാർഥ്യമാക്കാനാകാത്തത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും കൂടെ സന്നദ്ധ പ്രവർത്തകരെ നിർത്തിയാണ് വാർഡ്തല ജാഗ്രതാ സമിതി സജ്ജമാക്കുന്നത്. കോവിഡ് ബാധയുടെ രണ്ടാംഘട്ടം പിന്നിടുമ്പോൾ ഏറ്റവും ഗുണപരമായ രീതി ഹൗസ് ക്വാറന്റൈനായിരുന്നു എന്ന്  ഡോ. ഇക്ബാൽ കമ്മിറ്റി, അനുഭവങ്ങളിൽനിന്നും വിലയിരുത്തിയത് ഇടതുപക്ഷ രാഷ്ട്രീയ സംഘടനാ ശേഷിക്ക്‌ ലഭിച്ച അംഗീകാരം തന്നെയാണ്. എന്നാൽ, ചിട്ടയോടെ ക്രമപ്പെടുത്തിയ ഈ കരുത്തുറ്റ സംവിധാനത്തെ തകർത്താൽ കൊറോണ വൈറസിന്റെ വ്യാപനം സാധ്യമാകുമെന്നത് കൊണ്ടാണ് പലരീതിയിലുള്ള ഗൂഢശ്രമങ്ങളും വലതുപക്ഷം നടത്തുന്നത്.

കോവിഡ്‐ 19 സമൂഹ വ്യാപനത്തിലേക്ക് കടക്കാത്തത് കേരളം ആവിഷ്കരിച്ച സംവിധാനങ്ങൾ പിഴവില്ലാതെ മുന്നോട്ടുപോകുന്നത് കൊണ്ടാണ്. ക്വാറന്റൈൻ ഉറപ്പുവരുത്താനുള്ള സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ കേരളത്തിന്റെ പാസ് ലഭിക്കാത്ത ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നുള്ള മലയാളികളെവരെ വാഹനങ്ങൾ ഏർപ്പാടാക്കി കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറാകുന്നതും അവരെ തോന്നും പോലെ ഇറക്കി വിടുന്നതും സംശയാസ്‌പദമാണ്. ഇത്തരത്തിൽ ഏതെങ്കിലും രീതിയിൽ എവിടെയും അടയാളപ്പെടുത്താതെ സംസ്ഥാനത്തേക്ക് എത്തുന്ന ഏതൊരാളെയും അവരുടെ വാർഡുകളിലോ, വാസസ്ഥലങ്ങളിലോ തിരിച്ചറിയുവാനും അവർക്ക് കൂടി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തി രോഗവ്യാപനത്തെ പ്രതിരോധിക്കുവാനും ജാഗ്രതാ സമിതികൾക്ക് സാധിക്കണം. രോഗികളെ ആശുപത്രിയിലും മറ്റുള്ളവരെ റൂം, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുകളിലുമാക്കി വാർഡ്തല ജാഗ്രതാസമിതികൾ നിരീക്ഷിക്കണം. ഇതിൽ ചോർച്ച വന്നാൽ സമൂഹ വ്യാപനത്തിന് വഴിവയ്‌ക്കുമെന്ന് വലതുപക്ഷത്തിനറിയാം. അതിനാലാവാം പ്രതിരോധത്തിന്റെ രാഷ്ട്രീയ വേരിനെ ദുർബലപ്പെടുത്താനുള്ള യത്നത്തിൽ അവർ നിരന്തരം ഏർപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top