19 September Sunday

ജനങ്ങളുടെ ദുരിതം കാണാതെ ‘ആത്മനിർഭർ’

സാജൻ എവുജിൻUpdated: Tuesday Aug 3, 2021

കോവിഡ്‌ മഹാമാരിയും അടച്ചുപൂട്ടലും രാജ്യത്ത്‌ വരുത്തിയ സാമ്പത്തികത്തകർച്ച നേരിടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ കോർപറേറ്റുകളെ പരിപാലിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌. ആത്മനിർഭർ പാക്കേജുകൾ സർവമേഖലയിലും സ്വകാര്യവൽക്കരണത്തിന്‌ ഊന്നൽ നൽകുന്നു. കോവിഡിന്റെ കെടുതികൾ ഏറ്റുവാങ്ങുന്നത്‌ ഇടത്തരക്കാരും പാവപ്പെട്ടവരുമാണെന്ന്‌ പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമ്പത്തിന്റെ വിതരണത്തിലും വരുമാനത്തിലും രാജ്യത്ത്‌ നിലനിൽക്കുന്ന അസമത്വം രൂക്ഷമാക്കുകയാണ്‌ കോവിഡ്‌ മഹാമാരിയും ഇതിനെ നേരിടാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളും. 2020ൽ രാജ്യത്തെ സമ്പത്തിന്റെ 42.50 ശതമാനം കൈയാളിയിരുന്നത്‌ ഒരു ശതമാനം വരുന്ന ഉപരിവർഗമായിരുന്നു. ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനം പേർ രാജ്യത്തെ സ്വത്തിന്റെ 2.5 ശതമാനത്തിന്റെമാത്രം ഉടമകളായിരുന്നു. കോവിഡ്‌കാലത്ത്‌ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയായി. ഇടത്തരക്കാരിൽ മൂന്നിലൊന്നുപേർ താഴോട്ടുപോയി.

കോവിഡിന്റെ ഒന്നാം തരംഗകാലത്ത്‌ രാജ്യത്തെ വ്യക്തിഗത വരുമാന ശരാശരിയിൽ 40 ശതമാനം ഇടിവുണ്ടായി. മൊത്തം ദേശീയ വരുമാനത്തിൽ(ജിഡിപി) ഉണ്ടായതിനേക്കാൾ കനത്ത ഇടിവാണ്‌ പ്രതിശീർഷ ഉപഭോഗത്തിലുണ്ടായതെന്ന്‌ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി(സിഎംഐഇ) സർവേയിൽ തെളിഞ്ഞു. 2020–-21ൽ ജിഡിപിയിൽ ഉണ്ടായ ഇടിവ്‌ 7.3 ശതമാനമാണ്‌. സ്വതന്ത്രഇന്ത്യയിൽ ഇതിനുമുമ്പ്‌ നാല്‌ വർഷം മാത്രമാണ്‌ ജിഡിപി ഇടിഞ്ഞത്‌; മാത്രമല്ല, അന്നത്തെ തകർച്ചകളേക്കാൾ വർധിച്ച നിരക്കിലാണ്‌ 2020–-21ലെ ഇടിവ്‌. കെട്ടിടനിർമാണം, ഹോട്ടൽ–-ടൂറിസം–-അനുബന്ധ രംഗങ്ങൾ, നിർമിതോൽപ്പന്നവ്യവസായങ്ങൾ, ഖനികൾ എന്നീ മേഖലകളിൽ മാന്ദ്യം തുടരുന്നത്‌ സമ്പദ്‌ഘടനയുടെ വീണ്ടെടുപ്പ്‌ വൈകിപ്പിക്കുന്നു.

രാജ്യത്തെ ദരിദ്രരുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക നിഗമനങ്ങൾ ലഭ്യമല്ല. സിഎംഐഇ നടത്തിയ സർവേയിൽനിന്ന്‌ വ്യക്തമാകുന്നത്‌ 2020 ഡിസംബറായപ്പോൾ 2019 ഡിസംബറിനെ അപേക്ഷിച്ച്‌ ഗ്രാമങ്ങളിലെ ദരിദ്രരുടെ എണ്ണം 9.3 ശതമാനവും നഗരങ്ങളിലെ ദരിദ്രരുടെ എണ്ണം 11.7 ശതമാനവും വർധിച്ചുവെന്നാണ്‌. ഗ്രാമങ്ങളിൽ 1600 രൂപയിൽ താഴെയും നഗരങ്ങളിൽ 2400 രൂപയിൽ താഴെയും പ്രതിമാസവരുമാനമുള്ളവരെയാണ്‌ ഈ സർവേയിൽ ദരിദ്രരായി പരിഗണിച്ചത്‌. നഗരങ്ങളിൽ ഇടത്തരക്കാരുടെ ജീവിതസൗകര്യങ്ങൾ ലഭിച്ചിരുന്നവർ അതിവേഗം ദാരിദ്ര്യത്തിലേക്ക്‌ പതിച്ചു. ഒന്നാം ലോക്‌ഡൗണിനുശേഷമുള്ള എല്ലാ സർവേയിലും ദരിദ്രരുടെ എണ്ണം വർധിച്ചുവരികയാണെന്ന്‌ കാണുന്നു. നഗരങ്ങളിൽ പണിയെടുക്കുന്നവരുടെ കടബാധ്യത ഇക്കൊല്ലം 38 ശതമാനമായി ഉയർന്നു. 2018ൽ ഇത്‌ 35 ശതമാനമായിരുന്നു. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപയെങ്കിലും ബാങ്ക്‌ അക്കൗണ്ടിൽ സർക്കാർ എത്തിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം ഇതാണ്‌.


 

രാജ്യത്ത്‌ ജോലിചെയ്‌ത്‌ ജീവിക്കുന്നവരിൽ 80 ശതമാനത്തിലേറെ അസംഘടിത മേഖലയിലാണ്‌. അഞ്ചിൽ ഒരാൾക്ക്‌ മാത്രമാണ്‌ മാസശമ്പളം. അധ്വാനിക്കുന്നവരിൽ പകുതിയിലേറെ സ്വയംതൊഴിൽ കണ്ടെത്തിയവരാണ്‌. ചെറുകിട വ്യാപാരികൾ, വഴിയോരക്കച്ചവടക്കാർ, സലൂണുകൾ നടത്തുന്നവർ, വർക്ക്‌ഷോപ്പുകാർ എന്നിവരെയാണ്‌ കോവിഡ്‌ പ്രതിസന്ധി ഏറ്റവും കഠിനമായി ബാധിച്ചത്‌. 8.7 കോടി മാസശമ്പളക്കാരിൽ 2.1 കോടി പേർക്ക്‌ ലോക്‌ഡൗൺകാലത്ത്‌ ജോലി നഷ്ടപ്പെട്ടു. ഇവരിൽ 60 ലക്ഷത്തോളം പേർ വൈറ്റ്‌കോളർ എന്ന്‌ പറയപ്പെടുന്ന ജോലികൾ ചെയ്‌തിരുന്നവരാണ്‌. ജോലി നഷ്ടപ്പെട്ടവരിൽ 26 ശതമാനം വ്യവസായത്തൊഴിലാളികളാണ്‌. ചെറുകിട വ്യവസായ മേഖലയിലാണ്‌ ഏറ്റവും കടുത്ത നഷ്ടമുണ്ടായത്‌.

രാജ്യത്തെ യുവജനങ്ങളിൽ ഭൂരിപക്ഷത്തിനും അസംഘടിത മേഖലയിലാണ്‌ തൊഴിൽ കണ്ടെത്താൻ കഴിയുന്നത്‌. സംഘടിതമേഖലയും പൊതുമേഖലയും ചുരുങ്ങിവരികയാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും തസ്‌തികകൾ വെട്ടിക്കുറയ്‌ക്കുന്നു. തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യവൽക്കരിക്കുന്നു. ഈ സാഹചര്യത്തിൽ ജീവിതം മുന്നോട്ടുനീക്കാൻ അസംഘടിതമേഖലകളിൽ തൊഴിൽ കണ്ടെത്തിയ യുവജനങ്ങളെ കോവിഡും അനുബന്ധപ്രതിസന്ധികളും തകർത്തു. ജീവിതസമ്പാദ്യം ശോഷിച്ചുവെന്നത്‌ മാത്രമല്ല, പലരും തൊഴിൽരഹിതരാകുകയും ചെയ്‌തു. ഉത്തർപ്രദേശ്‌, ബിഹാർ, ജാർഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്‌മ രൂക്ഷമായെന്നും ഇതു ദീർഘകാലം തുടരാനാണ്‌ സാധ്യതയെന്നും ലണ്ടൻ സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സ്‌ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഒന്നാം ലോക്‌ഡൗൺമുതൽ പത്ത്‌ മാസം പിന്നിട്ടശേഷവും 18–-40 പ്രായപരിധിയിലുള്ളവരിൽ 40 ശതമാനംപേർക്കും മുമ്പുണ്ടായിരുന്ന ജോലികൾ തിരിച്ചുകിട്ടിയിട്ടില്ല. 18–-25 പ്രായപരിധിയിൽ തൊഴിലില്ലായ്‌മ 47 ശതമാനമാണ്‌.

കഴിഞ്ഞ ജൂലൈ 26ലെ കണക്കുപ്രകാരം, ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവരുടെ എണ്ണം കോവിഡ്‌ പൂർവകാലത്തെ അപേക്ഷിച്ച്‌ 20 ശതമാനം കുറവാണെന്ന്‌ ഗൂഗിൾ മൊബിലിറ്റി സൂചിക വ്യക്തമാക്കുന്നു. ജനങ്ങൾ കൈയിലുള്ള പണം ചെലവഴിക്കാൻപോലും തയ്യാറാകുന്നില്ല. വിപണിയിലെ മാന്ദ്യം കാരണം പുതിയ നിക്ഷേപങ്ങളും വരുന്നില്ല. മൊത്തം മൂലധന സമാഹരണത്തിലും ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ബാങ്കുകളിൽ വായ്‌പാ തിരിച്ചടവ്‌ മുടക്കവും അക്കൗണ്ടിൽ പണമില്ലാതെ ചെക്ക്‌ മടങ്ങലും പെരുകിയെന്ന്‌ റിസർവ്‌ ബാങ്ക്‌ കണക്കുകൾ വെളിപ്പെടുത്തുന്നു. വായ്‌പാ തിരിച്ചടവിലെ മുടക്കം 20 ശതമാനമാണ്‌ വർധിച്ചത്‌. വരുംമാസങ്ങളിൽ ഈ പ്രവണത വർധിക്കാനാണ്‌ സാധ്യതയെന്ന്‌ ബാങ്കിങ്‌ വിദഗ്‌ധർ പറയുന്നു.

കോവിഡിനെ ചെറുക്കാൻ ശാരീരികഅകലം പാലിക്കണമെന്ന നിർദേശം രാജ്യത്തെ നഗരജീവിതത്തിൽ അസംബന്ധമായി മാറുന്നു. നഗരങ്ങളിൽ 40 ശതമാനത്തോളം പേർ അസൗകര്യങ്ങൾ മാത്രമുള്ള ചേരികളിലാണ്‌ കഴിയുന്നത്‌. 40 ശതമാനത്തിനും ഒറ്റ മുറിവീടാണ്‌. കാർഷികപ്രതിസന്ധികാരണം നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നത്‌ സ്ഥിതി വഷളാക്കുന്നു. കുടിയേറ്റത്തൊഴിലാളികളെ പൂർണമായും വിസ്‌മരിച്ചാണ്‌ ഒന്നാം ലോക്‌ഡൗൺ കേന്ദ്രം നടപ്പാക്കിയത്‌. ഇതിന്റെ കെടുതികളും യാതനകളും ഇന്നും കൺമുന്നിലുണ്ട്‌. കേന്ദ്രം ആവർത്തിച്ച്‌ പ്രഖ്യാപിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ ആത്മനിർഭർ പാക്കേജുകൾ കോർപറേറ്റുകൾക്കുള്ള ഇളവുകളാണ്‌. സാധാരണക്കാർക്ക്‌ ആശ്വാസം പകരാനുള്ള പദ്ധതിയൊന്നും നടപ്പാക്കുന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top