19 September Sunday

കോവിഡ്‌കാലത്തെ മാനസികാരോഗ്യം

പി കെ ശ്രീമതിUpdated: Monday Jun 28, 2021

ദേശീയ മാനസിക ആരോഗ്യ സർവേ പ്രകാരം കേരളത്തിൽ ഏകദേശം 11 ശതമാനത്തിലധികം പേർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. ആത്മഹത്യാ പ്രവണത ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഉയർന്ന ആരോഗ്യനിലവാരമുള്ള നമ്മുടെ സംസ്ഥാനത്തും വലിയൊരു ശതമാനം ആളുകൾക്ക് ശാസ്ത്രീയമായ മനോരോഗ ചികിൽസ ലഭിക്കുന്നില്ല എന്നും ചികിൽസാവിടവ്  എൺപത്‌ ശതമാനത്തിനടുത്താണ് എന്നും മാനസികാരോഗ്യ സർവേ കണ്ടെത്തിയിട്ടുണ്ട്. നിംഹാൻസിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടത്തിയ ഈ സർവേ കേരളത്തിൽ കോഴിക്കോട് കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്‌ ന്യൂറോ സയൻസസ് (ഇംഹാൻസ്) എന്ന സ്ഥാപനമാണ് നടത്തിയത്‌.

കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളുടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. കോവിഡാനന്തര കാലഘട്ടത്തിൽ മാനസിക പ്രശ്നങ്ങൾ കൂടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.  കുട്ടികളിലും കൗമാര പ്രായക്കാരിലും മാനസിക വൈകാരിക പ്രശ്നങ്ങളും കൂടിവരികയാണ്. കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന സംവാദത്തിൽ പറഞ്ഞിരുന്നു. സ്കൂൾ അടച്ചിടൽ, ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൂട്ടുകാരുമായി സംവദിക്കാനും സാമൂഹ്യ ഇടപെടലുകൾക്കും അവസരമില്ലാത്ത അവസ്ഥ ഇവയൊക്കെ കുട്ടികളുടെ മാനസികപ്രശ്നങ്ങൾക്ക് കാരണമാണ്. സാമൂഹ്യ ഇടപെടലുകളില്ലാത്ത അവസ്ഥ പ്രായമായ ആളുകളിലും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മഹാമാരി ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ സാമ്പത്തിക ആഘാതങ്ങൾ കാരണം എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്കും മാനസികപ്രശ്നങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിലെ മാനസികാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് . മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിൽസാ സംവിധാനങ്ങൾ താലൂക്കാശുപത്രികളോടനുബന്ധിച്ചും ജില്ലാ ആശുപത്രികളോടനുബന്ധിച്ചും വികസിപ്പിക്കണം. തിരുവനന്തപുരം, കോഴിക്കാട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ഇവയെ റഫറൽ ആശുപത്രികളായി വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ജില്ലാ മാനസികാരോഗ്യ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നത് വളരെ പ്രയോജനം ചെയ്യും.

കുട്ടികളുടെ പ്രശ്നങ്ങൾ

കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും മാനസിക വൈകാരിക പ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ഇതിനായി സ്കൂൾതലത്തിലും സാമൂഹ്യതലത്തിലുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക വൈകാരിക പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. 2007ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ കാലത്താണ് കുട്ടികളുടെ വൈകാരിക മാനസിക പ്രശ്നങ്ങൾക്കും ബുദ്ധിവികാസ പ്രശ്നങ്ങൾക്കും സമഗ്ര ചികിൽസ നൽകുന്നതിനുള്ള കേന്ദ്രം എന്ന നിലയിൽ ചൈൽഡ് ഡെവലപ്മെന്റ് സർവീസ്  ഇംഹാൻസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചത്. അത് വടക്കൻ കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു. ഈ സ്ഥാപനത്തിൽ   ഏകദേശം അയ്യായിരത്തോളം കുട്ടികൾ ഓരോ വർഷവും ചികിത്സ തേടുന്നുണ്ട്. ചൈൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രി സോഷ്യൽ വർക്ക്, സ്പീച്ച് തെറാപ്പി, ഓക്യുപേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ വിവിധ മേഖലയിലുള്ള വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിവളർച്ചക്കുറവ് തുടങ്ങിയ ബുദ്ധിവികാസ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും ചികിത്സ നൽകാനുമുള്ള സൗകര്യമുണ്ട് . ഇത്തരം പ്രശ്നങ്ങളുടെ ജനിതക കാരണങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തുന്നതിനുള്ള സൗകര്യം ഉണ്ടാകണം. ഇംഹാൻസിലെ കുട്ടികളുടെ വിഭാഗത്തെ വിപുലപ്പെടുത്തുന്നത് കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്യും. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ ഇപ്പോൾത്തന്നെ ലഭ്യമാണെന്നിരിക്കെ, വലിയ സാമ്പത്തികബാധ്യത ഇല്ലാതെതന്നെ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും.

2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ ഗവൺമെന്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഇംഹാൻസ് പ്രവർത്തനം മെച്ചപ്പെടുത്താൻ തീരുമാനിച്ചത്. കേന്ദ്ര ഗവൺമെന്റ് മാനസികാരോഗ്യ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന ഗവൺമെന്റിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായി ഒന്ന് കേരളത്തിന് ലഭിക്കാനും കോഴിക്കോട് ഇംഹാൻസിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനും കഴിഞ്ഞു. മനോഹരമായ ഒരു ക്യാമ്പസും  കെട്ടിടങ്ങളും കോഴിക്കോട് മെഡി ക്കൽ കോളേജ് ക്യാമ്പസിനോടനുബന്ധിച്ച് ഇംഹാൻസിനായി നിർമിച്ചിട്ടുണ്ട്. ലൈബ്രറിയും ജനിതക ഗവേഷണങ്ങൾക്ക് സൗകര്യമുള്ള റിസർച്ച് ലബോറട്ടറിയും സ്ഥാപിച്ചിട്ടുണ്ട്. മാനസികാരോഗ്യ മേഖലയിൽ വിവിധ  കോഴ്സുകൾ  നടത്തുന്നു. കേരളത്തിൽ ആദ്യമായി തുടങ്ങിയ ഈ കോഴ്സുകൾ സർക്കാർ മേഖലയിൽ ഇപ്പോഴും ഇംഹാൻസിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മാനസികാരോഗ്യ രംഗത്തെ വിദഗ്ധരുടെ ക്ഷാമം വളരെ കൂടുതൽ ആണെന്നിരിക്കെ ഈ ക്ഷാമം പരിഹരിക്കുന്നതിന് വലിയ അളവിൽ കോഴ്സുകൾ സഹായിക്കുന്നുണ്ട്. ദേശീയ പ്രാധാന്യമുള്ള നിരവധി ഗവേഷണ പ്രവർത്തനങ്ങളിൽ ഇംഹാൻസിന് സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ചികിത്സ, പഠനം, ഗവേഷണം എന്നീ മേഖലകളിൽ ദേശീയ നിലവാരത്തിൽ വളരുന്നതിനുള്ള സാധ്യത ഈ സ്ഥാപനത്തിനുണ്ട്. 

മാനസികാരോഗ്യരംഗത്ത് ഗവേഷണം

മാനസികാരോഗ്യരംഗത്ത് ഗവേഷണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ ഉയർന്ന തോതിലുള്ള ആത്മഹത്യാ നിരക്ക്, ലഹരി ഉപയോഗം, മറ്റ് സാമൂഹ്യതിൻമകൾ എന്നിവയുടെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങളും ആവശ്യമാണ്. സാമൂഹ്യശാസ്ത്രത്തിന്റെ തലത്തിൽനിന്നുകൊണ്ട് ഇത്തരം പഠനങ്ങൾ നടത്തുന്ന സ്ഥാപനമായി ഇംഹാൻസിനെ വളർത്തിയെടുക്കാൻ കഴിയും. അതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ജനിതക പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ഇപ്പോൾ ജനിതക പഠനത്തിനുള്ള പശ്ചാത്തല സൗകര്യം ഇംഹാൻസിൽ ലഭ്യമാണ്. ഇവയെ വിപുലപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും വലിയ പ്രയോജനം ചെയ്യും.

മനോരോഗ ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും പ്രാധാന്യമുണ്ട്. സംസ്ഥാന ഗവൺമെന്റ് കണ്ണൂരിൽ ആയുർവേദ മേഖലയിൽ ഗവേഷണങ്ങൾ നടത്തുന്നതിനുള്ള ഒരു കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും അഭിനന്ദനാർഹമാണ്. മനോരോഗ ചികിൽസാരംഗത്ത് ആയുർവേദ ചികിൽസയുടെ മരുന്നുകൾ ഉപയോഗപ്പെടുത്താൻ പറ്റുമോ എന്ന് പരിശോധിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്യുന്നത് പ്രയോജനം ചെയ്യും. ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് ഈ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇംഹാൻസിന് കഴിയും. മനോരോഗ ചികിൽസാരംഗത്ത് പുതുവഴികൾ കണ്ടെത്തുന്നതിനും അത് പ്രയോജനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top