07 April Tuesday

മഹാമാരിയെ ലോകത്തിലേക്ക് വ്യാപിപ്പിച്ചത്

പി രാജീവ്‌Updated: Thursday Mar 26, 2020

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി  മനുഷ്യന്റെ എല്ലാ ചലനങ്ങളും തടയപ്പെട്ടിരിക്കുന്നു. ട്രെയിനുകൾ ഓടുന്നില്ല. വിമാനങ്ങളില്ല. കോവിഡിനെ നേരിടുന്നതിന് മൂന്നാഴ്ച രാജ്യം ലോക്കൗട്ടിലാണ്. മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോവിഡ് ബാധയെ നേരിടുന്നതിന് മറ്റ്‌ മാർഗങ്ങളില്ല. സാമൂഹ്യമായ അകലംകൊണ്ടുമാത്രമേ ഈ വിപത്തിനെ മറികടക്കാൻ കഴിയൂ. അത് സർക്കാരുകളിൽമാത്രം പരിമിതപ്പെടുന്ന ഉത്തരവാദിത്തമല്ല. മനുഷ്യകുലമാകെ ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്. അതിന്‌ ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളില്ല. കക്ഷിരാഷ്ട്രീയ ചേരിതിരിവുകളില്ല. മനുഷ്യനാദ്യം, എന്നിട്ടാകാം മതം...മനുഷ്യനാദ്യം, പിന്നീടാകാം കക്ഷി രാഷ്‌ട്രീയം. എന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിക്കുന്ന മാനവികദർശനം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യുന്നതാണ്. കേരള മുഖ്യമന്ത്രി മനുഷ്യജീവന്റെയും ജീവിതത്തിന്റെയും എല്ലാ തലങ്ങളെയും അഭിസംബോധന ചെയ്താണ് പ്രഖ്യാപനങ്ങൾ നടത്തിയത്. രോഗം പടരാതിരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കൊപ്പം വീട്ടിലിരിക്കുന്ന മനുഷ്യൻ ഭക്ഷണം കഴിച്ചു ജീവിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നു. കേന്ദ്രവും ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം തനിക്കും മറ്റുള്ളവർക്കും വരാതിരിക്കാൻ പട്ടിണികിടന്ന് മരിക്കാതിരിക്കുകയും വേണം.

ജോൺ ഡ്രീസ് ഓർമിപ്പിച്ചതുപോലെ 80 ലക്ഷം ആളുകൾ ഒരു വർഷം മരിക്കുന്ന രാജ്യമാണ് ഇന്ത്യ. ക്ഷയരോഗം ബാധിച്ച് വർഷത്തിൽ നാലുലക്ഷം പേർ മരിക്കുന്നു. 2018ൽ മരണപ്പെട്ടവരിൽ 30 ശതമാനവും ന്യുമോണിയ ബാധിച്ചവരായിരുന്നു. അതുകഴിഞ്ഞാൽ ഏറ്റവും ഉയർന്ന മരണകാരണം ശ്വാസകോശസംബന്ധമായ രോഗങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ശ്വാസകോശത്തെ കൂടുതലായി ബാധിക്കുന്ന വൈറസ് ഉയർത്തുന്ന ആശങ്ക കൂടുതൽ ഗൗരവമുള്ളതാണ്. എന്നാൽ, ഇവിടെ എത്രവേണമെങ്കിലും മരണസംഖ്യ ഉയർത്താവുന്ന സമൂഹവ്യാപനത്തിന്റെ വൈറസിനെയാണ് നാം നേരിടുന്നത്. അതുകൊണ്ടാണ് മറ്റൊരു സന്ദർഭത്തിലുമില്ലാത്ത ലോക്കൗട്ടിന് രാജ്യവും നിർബന്ധിതമായത്. ഒരാൾ വീട്ടിലിരിക്കുന്നത് സർക്കാരിനുവേണ്ടിയല്ല, അയാൾക്കുവേണ്ടിത്തന്നെയാണ്. എന്നാൽ, അയാൾക്കുവേണ്ടി മാത്രമല്ല, സമൂഹത്തിനുവേണ്ടിക്കൂടിയാണ്. അയാൾ/അവർ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അവരുടെ ജീവനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്.

കേരളത്തിലുള്ള മലയാളികളും അല്ലാത്തവരുമായ എല്ലാ മനുഷ്യർക്കും അവരുടെ സാധാരണ ജീവിതം ഉറപ്പുവരുത്താൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു. പണക്കാരനും പാവപ്പെട്ടവനും ഒരേപോലെ രോഗപരിശോധനയും ചികിത്സയും പ്രതിരോധവും ഉറപ്പുവരുത്തുന്നതും കേരളത്തിന്റെ സവിശേഷതയാണ്

ഇത്‌ ഉൾക്കൊണ്ടാണ് കേരള സർക്കാർ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കേരളത്തിലുള്ള മലയാളികളും അല്ലാത്തവരുമായ എല്ലാ മനുഷ്യർക്കും അവരുടെ സാധാരണ ജീവിതം ഉറപ്പുവരുത്താൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു. പണക്കാരനും പാവപ്പെട്ടവനും ഒരേപോലെ രോഗപരിശോധനയും ചികിത്സയും പ്രതിരോധവും ഉറപ്പുവരുത്തുന്നതും കേരളത്തിന്റെ സവിശേഷതയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷ ആരോഗ്യ വകയിരുത്തൽ നടത്തുന്ന രാജ്യമെന്ന് സ്വയം അഭിമാനിക്കുന്ന അമേരിക്കയിൽ പണം മുടക്കുന്നവനുമാത്രം പരിശോധന നടത്തുന്ന വാർത്തകളാണല്ലോ പുറത്തുവരുന്നത്.

രോഗം പടത്തിയത്‌ ആഗോളവൽക്കരണനയം
മഹാമാരിയെ ലോകത്തിലേക്ക് വ്യാപിപ്പിച്ചത് ആഗോളവൽക്കരണമാണ്. എന്നാൽ, സാമൂഹ്യ ക്ഷേമമേഖലയിൽനിന്ന്‌ പിൻവലിയുകയും എല്ലാം കമ്പോളം തീരുമാനിക്കുകയും ചെയ്യട്ടെയെന്ന ആഗോളവൽക്കരണ ദർശനംകൊണ്ട് ഇതിനെ നേരിടാൻ കഴിയില്ലെന്ന് മാത്രമല്ല, അത് ലോകത്തെത്തന്നെ നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന പാഠം കോവിഡ് നൽകുന്നു. ലാഭത്തെയും കമ്പോളത്തെയുംമാത്രം ലക്ഷ്യംവയ്ക്കുന്ന ആരോഗ്യമേഖലയ്‌ക്ക് ഈ പ്രശ്നം വഷളാക്കാൻ മാത്രമേ കഴിയൂയെന്ന് മനസ്സിലാക്കിയാണ് സ്പെയിൻ ആ മേഖലയെ താൽക്കാലികമായി ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്. ലോകത്തിലെ ശക്തമായ പൊതുഗതാഗത സംവിധാനമായിരുന്ന ബ്രിട്ടനിലെ റെയിൽവേ ഉദാരവൽക്കരണകാലത്ത് സ്വകാര്യവൽക്കരിച്ചു. എന്നാൽ, ഈ മഹാമാരിയുടെ കാലത്ത് ലാഭം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനത്തിന് ശരിയായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി അവരും താൽക്കാലികമായി റെയിൽവേ ദേശസാൽക്കരിക്കുന്നു.


 

കേരളമാതൃക ശക്‌തിപ്പെടുത്തുക
ആരോഗ്യമേഖലയ്‌ക്കുള്ള വകയിരുത്തലുകൾ അടിയന്തരമായി വർധിപ്പിച്ചുമാത്രമേ ഇതുപോലുള്ള സാഹചര്യങ്ങൾ നേരിടാൻ കഴിയൂ. മൂന്നരക്കോടിയോളം ജനങ്ങളുള്ള കേരളത്തിൽ 500 കോടിയാണ് ആരോഗ്യമേഖലയ്‌ക്കായി പാക്കേജിൽ ഉൾപ്പെടുത്തിയതെങ്കിൽ 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് കേന്ദ്രം പ്രഖ്യാപിച്ചത് 15000 കോടിയും. സ്വന്തമായി വിഭവസമാഹരണത്തിന് പരിമിതിയുള്ള സംസ്ഥാനം 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്രം 15000 കോടിയുടെ സഹായം പ്രഖ്യാപിച്ചത്! കേരളം പരിമിതിക്കകത്തുനിന്ന് ശരാശരി ഒരു പൗരന് 5747 രൂപയും ആരോഗ്യമേഖലയ്‌ക്ക് 143.67രൂപയും നൽകുമ്പോൾ കേന്ദ്രം പ്രഖ്യാപിച്ചത് ഒരാൾക്ക് കേവലം 112 രൂപ മാത്രമാണ്. ജിഡിപിയുടെ കേവലം 1.28 ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യമേഖലയിലേക്ക് മാറ്റിവയ്ക്കുന്നതെന്ന കാര്യംകൂടി ഓർക്കേണ്ടതാണ്. ഇത്‌ ദരിദ്ര രാജ്യങ്ങളുടെ വകയിരുത്തലിനേക്കാൾ കുറവാണ്‌.

ലോക്കൗട്ട് പൂർണതയിലേക്ക് എത്തണമെങ്കിൽ സാമ്പത്തികപ്രശ്നങ്ങളെക്കൂടി കേന്ദ്രസർക്കാർ അഭിസംബോധന ചെയ്യണം. സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തികപിന്തുണ നൽകണം. തൊഴിലുറപ്പ് കുടിശ്ശിക നൽകണം. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകണം. ഭക്ഷണം കിട്ടാത്ത ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഇത്‌ മുന്നുപാധിയാണ്. മഹാമാരിയുടെ സന്ദർഭത്തിൽ ലോകം പ്രകീർത്തിക്കുന്ന കേരളമാതൃക കൂടുതൽ ശക്തിപ്പെടുത്തി രാജ്യവ്യാപകമാക്കാൻ കേന്ദ്രം തയ്യാറാകേണ്ടതുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്കൗട്ട് പൂർണതയിലേക്കെത്തിച്ച് രാജ്യത്തെയും ജനതയെയും രക്ഷപ്പെടുത്താൻ ഒന്നിച്ച് ശ്രമിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top