15 January Friday

മഹാമാരിക്കാലത്തെ മഹേന്ദ്രജാലങ്ങൾ...എസ് എസ് അനിൽ എഴുതുന്നു

എസ് എസ് അനിൽUpdated: Saturday Jul 4, 2020
ലോകമാകെ വലിയൊരു മഹാമാരിയുടെ പിടിയിലാണ്. ഈ കൊറോണ മഹാദുരന്തത്തിൽ നിന്നൊരു മടങ്ങിപ്പോക്ക് എന്ന്? ഒരു നിശ്ചയവുമില്ല. ഇന്നല്ലെങ്കിൽ നാളെ, മഹാമാരിയെ തടഞ്ഞു നിറുത്താൻ ഒരു മഹാമരുന്ന്, ഈ ഒരു പ്രതീക്ഷയിലാണ് ജനങ്ങൾ. അതിനിടക്ക് പല അദ്ഭുതങ്ങളും ലോകമാകെ കാണുന്നുണ്ട്. ആരോഗ്യരംഗത്ത് ലോകത്തിനാകെ മാതൃകയായി ഉയർന്നു നിന്നിരുന്ന പല രാജ്യങ്ങളും മാന്യമായ ഒരു അന്ത്യയാത്രക്കായി ശവക്കല്ലറകൾ ഒരുക്കുന്നതിന് പോലുമാകാതെ നെട്ടോട്ടമോടുന്ന ദയനീയ കാഴ്ചകൾക്ക് ലോകം സാക്ഷിയായി. അത്തരം രാജ്യങ്ങളിലേക്ക് ഒരു ചെറു രാജ്യത്ത് നിന്നും, അതും ഏറെ നാളുകളായി വൻ രാജ്യങ്ങൾ ഒറ്റപ്പെടുത്തിയിരുന്ന ഒരു ചെറു രാജ്യത്ത് നിന്നും, സാക്ഷാൽ ഫിദൽ കാസ്ട്രോയുടെ സ്വന്തം ക്യൂബയിൽ നിന്നും, ഒരു പറ്റം ഭിഷഗ്വരൻമാർ സഹായഹസ്തവുമായി ഓടി എത്തുന്ന കാഴ്ചക്കും ലോകം സാക്ഷ്യം വഹിച്ചു. ലോകമാകെ ഇത്തരം അത്യപൂർവ്വ കാഴ്ചകളാൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ, ഈ കൊച്ചു ഭാരത നാട്ടിൽ അനവധി മഹേന്ദ്രജാലങ്ങളരങ്ങേറുന്നത്.
 

ഗിന്നസ് ഏറേണ്ട ഇന്ദ്രജാലം

ഇന്ത്യയിൽ ഇടിത്തീ പോലെയൊരു പ്രഖ്യാപനമായിരുന്നു മാർച്ച് 24 മുതലുള്ള സമ്പൂർണ ലോക്ഡൗൺ. പിന്നീട് പൂട്ട് തുറന്ന് തുടങ്ങിയത് ജൂൺ 1 മുതൽക്ക്. കുറ്റം പറയരുതല്ലോ, പൂട്ടിയിട്ട വേളയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില, അത് കൂട്ടാൻ പൂർണാധികാരം കൈവന്ന കമ്പനികൾ തുനിഞ്ഞില്ല. എണ്ണ വില അന്താരാഷ്ട്ര വിപണിയിൽ കൂപ്പുകുത്തിയപ്പോൾ അത് പൊതുവിപണിയിൽ പ്രതിഫലിക്കാതിരിക്കാൻ എക്സൈസ് തീരുവയുടെ കൃത്യമായ നിയന്ത്രണത്തിലൂടെ കേന്ദ്രൻ ശ്രദ്ധിച്ചു. പൂട്ടു തുറന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ എണ്ണക്കമ്പനി മുതലാളിമാർ കൂട്ടലുതുടങ്ങി. മോശം പറയരുതല്ലോ, പൈസക്കണക്കിന് മാത്രമേ കൂട്ടിയുള്ളൂ. തുടർച്ചയായ 22 ദിവസം, അതിന് ശേഷമാണ് ഒരു ചെറിയ ബ്രേക്കിട്ടത്. പഴയ പല ചരിത്രവും ചരിത്രമായി തീർന്ന ചരിത്രം സൃഷ്ടിച്ച കൂട്ടൽ. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി രാജ്യ തലസ്ഥാനത്ത് ഡീസൽ പെട്രോളിനെ ഓവർടേക്കു ചെയ്തു. മൻമോഹൻ ജി പലകുറി ശ്രമിച്ചതാണ്, അതാണ് മോദി ജി തിരുത്തിയത്. മാത്രമോ? ലോകത്ത് ഒരിടത്തും ഒരു ഉൽപന്നത്തിന്, അതും ഒരു രാജ്യത്തെ മൊത്തം വിലനിലവാരത്തെ മാറ്റിമറിക്കാവുന്ന ഒരു ഉൽപന്നത്തിന്, തുടർച്ചയായ 22 ദിവസം ഒരു മുടക്കവും കൂടാതെ ഒരു കയറ്റമുണ്ടായിക്കാണാനിടയില്ല. പ്രസാധകരെ സമീപിച്ചാൽ തീർച്ചയായും ഈ അത്യത്ഭുത ഇന്ദ്രജാലം ഗിന്നസ് പുസ്തകത്തിൽ തങ്ക താളുകളിൽ കുറിക്കപ്പെടും. ഭക്തർക്ക് മോദിജിയുടെ തലപ്പാവിൽ ഒരു പൊൻ തൂവൽ കൂടി രേഖപ്പെടുത്താനാവുന്ന സുവർണാവസരം.
 

മുടിവെട്ടാ സ്വാമിയുടെ കോവിഡ് മറുമരുന്ന്

അതിനിടക്കാണ് രാജ്യത്തെയാകെ പ്രതീക്ഷയുടെ മുൻമുനയിൽ നിറുത്തിയ ചില കണ്ടുപിടുത്തങ്ങൾ നടന്നത്.ഗോ മൂത്രവും ഗോ ചാണകവും കൊറോണ വൈറസിനെ കൊഞ്ഞനം കുത്തി നാണിച്ച കാഴ്ച നവ മാധ്യമങ്ങളിൽ നിത്യേന നമ്മൾ ദർശിക്കാറുണ്ട്. വെൻ്റിലേറ്ററിൻ്റെ കുറവ് പോലും നികത്താൻ കഴിവുള്ള ഗോക്കളുള്ള നാട്ടിൽ അതിൽ പ്രത്യേക ജാലവിദ്യകളൊന്നുമില്ല തന്നെ. ഇതതല്ല. കൊറോണയെ തടഞ്ഞു നിറുത്താൻ ഒരു മഹാമരുന്ന്, അതും സാക്ഷാൽ മുടി വെട്ടാ സ്വാമിയുടെ പതാഞ്ജലേന്ദ്രീയ ലാബിൽ നിന്ന്. മരുന്നിൻ്റെ പേര് കേട്ടാൽ തന്നെ കൊറോണ വൈറസ് പമ്പ കടക്കും. കൊറോണിൽ! സാക്ഷാൽ സ്വാമിജി ചെറു കണ്ണുകളോടെ ചമ്രം പടിഞ്ഞിരിക്കുന്ന ചിത്ര സഹിതമാണ് കൊറോണാലിൻ്റെ കടന്നു വരവ്. ഡോ.ടെഡ്രോസ് അഥാനം ഡബ്ല്യു.എച്ച്.ഓ ആസ്ഥാനത്ത് നിന്നും ദില്ലിയിലേക്കുള്ള വിമാന ടിക്കറ്റ് ഉടൻ കിട്ടുമോ എന്നന്വേഷിച്ചുവെന്നാണ് വാർത്ത. സ്വാമിജിയെ ദർശിച്ച് ലോക ജനതക്കായി മാന്ത്രിക മരുന്ന് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. അതിനെയാണ് നമ്മുടെ ഐ.സി.എം.ആറും ആയുഷ് മന്ത്രാലയവും മറ്റ് കൂട്ടരും എല്ലാവരും ചേർന്ന് തടഞ്ഞത്. തത്ക്കാലം സ്വാമിജി മരുന്നിൻ്റെ ഗുണനിലവാര പ്രഖ്യാപനങ്ങളിൽ നിന്നും പിൻമാറിയിരിക്കുകയാണ്.
 

അംബാനി മുതലാളിയും സ്വാമിജിയും

ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ മഹേന്ദ്രജാലങ്ങൾ നമ്മുടെ നാട്ടിൽ നടമാടി. കുറച്ച് നാളുകൾക്ക് മുൻപ് നിങ്ങളോർക്കുന്നില്ലെ? അലോക് ഇൻഡസ്ട്രീസ് എന്ന ഒരു വലിയ മുതലാളിയുടെ ഒരു ചെറിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ കഥ. അവര് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പ കിട്ടാക്കടമായതും, തുടർന്ന് രാജ്യത്ത് കിട്ടാക്കടക്കാരായ വൻകിട മുതലാളിമാരെ വരച്ചവരയിൽ നിറുത്താൻ നമ്മുടെ പ്രധാനമന്ത്രി ജിയും കൂട്ടരും ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പാപ്പർനിയമപ്രകാരം (IBC) ദേശീയ കമ്പനി ലോ ട്രിബ്യൂണൽ (NCLT) 30000 കോടിയുടെ പ്രസ്തുത കിട്ടാക്കടം പിടിച്ചെടുത്ത് ലേലത്തിന് വച്ചതും അംബാനി മുതലാളി അത് 5050 കോടിക്ക് വാങ്ങിച്ചെടുന്നതും ഓർക്കുന്നില്ലെ? 83% ആയിരുന്നു മുടിവെട്ട് (Hair Cut). അന്ന് അംബാനി മുതലാളിക്ക് ഈ 'പിടിച്ചെടുക്കൽ' പൂർത്തീകരിക്കാൻ പൊതുമേഖലാ ബാങ്കുകൾ കനിഞ്ഞു നൽകിയ വായ്പ 4550 കോടി. മുതലാളിയുടെ ചിലവ് 500 കോടി; അഥവാ 30000 കോടിയുടെ മുതല് 500 കോടിക്ക് സ്വന്തമാക്കിയെന്ന് ചുരുക്കം.
 
മുടിവെട്ടാ സ്വാമി അന്ന് മറ്റൊരു പിടിച്ചെടുക്കൽ നടത്തിയിരുന്നു. രുചി സോയ. കിട്ടാക്കടം 12146 കോടി പിടിച്ചെടുത്തത് 4300 കോടിക്ക്. മുടിവെട്ടാ സ്വാമിക്ക് അന്ന് നൽകിയ മുടിവെട്ട് 66%.സ്വാമിക്ക് 'മുടി വെട്ടാൻ' അന്ന് ബാങ്കുകൾ കനിഞ്ഞു നൽകിയത് 4000 കോടി. സ്വാമിയുടെ ചിലവ് 300 കോടി മാത്രം.
 
പഴങ്കഥകൾ ഇപ്പോൾ ഓർമ്മിപ്പിച്ചത് എന്തിനെന്നല്ലെ? കൊറോണക്കാലത്ത് രാജ്യത്ത് കൈയിൽ കിട്ടിയത് എടുത്ത്, ലക്ഷങ്ങൾ, സകുടുംബം, എത്രയും വേഗം സ്വന്തം നാടണയാൻ തെരുവീധിയിലൂടെ പ്രയാണം ചെയ്തു കൊണ്ടിരുന്നപ്പോൾ ഈ 'ആസാമിമാർ' അവരുടെ ആസ്തികൂട്ടിയ മാന്ത്രിക വിദ്യ, അതൊന്ന് പറയാനാണ്. 2020 ഫെബ്രുവരി 27 ന്, അംബാനി മുതലാളിയുടെ അലോക് ഇൻഡസ്ട്രീസിന്, ഒരു ഓഹരിയുടെ വില 13.99 രൂപ. കൊറോണ താണ്ഡവമാടി തുടങ്ങിയ ഏപ്രിലിൽ ഓഹരി വില 175.70 ആയി കുതിച്ചത്രെ. ശതമാന കണക്കിലാക്കിയാൽ 1256 %! 2020 ജൂലായിൽ 2 ന് ഓഹരി വിപണി ക്ലോസു ചെയ്തപ്പോൾ അല്പം ഇടിവോടെ 58.50 രൂപ.അതായത് അപ്പോഴും ഫെബ്രുവരി വിലയിൽ നിന്നും 418% വർദ്ധന!
 
ഇത് അംബാനി മുതലാളിയുടെ ഓഹരിവില. കൊറോണയെപ്പോലും മരുന്ന് കണ്ടെത്തി കണ്ണുരുട്ടിയ സ്വാമിജിയുടെ സ്വന്തം രുചി സോയയുടെ ഒരു പോക്ക് കണ്ടാൽ. മാന്ത്രിക വിദ്യയിൽ അഗ്രഗണ്യനായ ഗോപിനാഥ് മുതുകാട് പോലും മൂക്കത്ത് വിരൽ വച്ചു പോകും. 2020 ജനുവരി 27ന് സോയുടെ ഓഹരി രുചി 16.90 രൂപ. അത് ഒരു വേള ഒരു ഓഹരിക്ക് 1535 രൂപരേഖപ്പെടുത്തി പോലും. അതായത് 9083%. 2020 ജൂലായ് 2ന് 1227 രൂപക്കാണ് ഓഹരി ക്ലോസു ചെയ്തത്.7260%! ഓഹരി വിപണിയിലെ എല്ലാ മഹേന്ദ്രജാലവും അറിയുന്ന സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പോലും അത്ഭുതപ്പെട്ടു പോയെന്നാണ് വാർത്ത. അല്ല, നമുക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം. കൂടിയ രൂപക്ക് പമ്പിൽ ചെന്ന് പെട്രോൾ അടിക്കുമ്പോൾ ഇന്ത്യയിലെ ഒരു സാധാരണക്കാരൻ്റെ മുഖം മനസ്സിലോർക്കണമെന്നല്ലെ ഭരണക്കാരുടെ ഭാഷ്യം. നമുക്ക് പെട്രോളടിക്കുമ്പോൾ മേൽ വസ്ത്രമില്ലാത്ത ചെറു കണ്ണുകളുള്ള ചമ്രം പടണിരിക്കുന്ന മേൽത്തരം സ്വാമിമാരെ മനസ്സിൽ സ്മരിക്കാം, അല്പം ദേശസ്നേഹത്തോടെ.
 
(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top