24 September Thursday

സജ്ജമാക്കാം ആരോഗ്യദൗത്യസേനയെ - ഡോ. എസ്‌ എസ്‌ സന്തോഷ്‌കുമാർ എഴുതുന്നു

ഡോ. എസ്‌ എസ്‌ സന്തോഷ്‌കുമാർUpdated: Monday Jul 27, 2020


കോവിഡ് പ്രതിരോധരംഗം ഒരു യുദ്ധഭൂമിയാണ്. രോഗത്തെ നേരിടാനും രോഗികളെ സംരക്ഷിക്കാനും ജാഗ്രതയോടെ കാവൽ നിൽക്കുകയാണ് ഓരോ ആരോഗ്യപ്രവർത്തകരും. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുമ്പോൾ ഇത്തരത്തിൽ ദൗത്യസേനയായി മാറാൻ കഴിയുന്ന ആരോഗ്യപ്രവർത്തകരുടെ വലിയൊരു സംഘത്തെ നമുക്ക് ആവശ്യമാണ്. അതാണ്, അതായിരിക്കണം കോവിഡ് ബ്രിഗേഡ്.

ജോലി തുടങ്ങിക്കഴിഞ്ഞാൽ ഇടയ്ക്ക് അവധിയെടുത്ത് വീട്ടിലേക്ക് വിശ്രമിക്കാൻ പോകാനാകില്ല. ജോലി തുടങ്ങി തീരുംവരെയും പിന്നെയൊരു പതിനാല് ദിവസത്തെ ക്വാറന്റൈൻ കാലവും മുന്നിൽക്കണ്ട്, അത്രയും ദിവസം എല്ലാ ബാധ്യതകളിൽനിന്നും വിട്ടുമാറി സേവനത്തിനായി പരിപൂർണമായി മാറ്റിവയ്ക്കാൻ സമയവും സാഹചര്യവും ഉള്ളവർ മാത്രമേ ഇതിനായി ഇറങ്ങാവൂ. യുദ്ധഭൂമിയിൽ നിൽക്കുന്ന പട്ടാളക്കാരന്റെ അതേ അവസ്ഥ. അതേ ജാഗ്രതയും ചുറുചുറുക്കും അർപ്പണബോധവും ആരോഗ്യവും ഇതിനാവശ്യമാണ്.

ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരെയെല്ലാം ആശുപത്രികളിലോ സിഎഫ്എൽ‌ടിസികളിലോ പ്രവേശിപ്പിക്കുകയാണ്. ഈ രീതിയിൽ രോഗബാധിതരുടെ എണ്ണം മുന്നോട്ടുപോയാൽ രണ്ടാഴ്ച കഴിയുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിയാകും. ഒരു പഞ്ചായത്തിൽ 100 ബെഡ്ഡുള്ള സിഎഫ്‌എൽടിസികൾ സജ്ജീകരിക്കുമ്പോൾ കേരളത്തിലെ ആകെ ബെഡ്ഡുകളുടെ എണ്ണം ഒരു ലക്ഷത്തിനു മേലേയാകും. വെറും ബെഡ്ഡുകൾ പോര, അവിടേക്ക് രോഗികളെത്തിയാൽ അവരെ പൂർണ ആരോഗ്യമുള്ളവരായി ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാൻ ആനുപാതികമായി ആരോഗ്യപ്രവർത്തകർ വേണം. 100 ബെഡ്ഡിന് കുറഞ്ഞത് പത്ത്‌ ഡോക്ടർമാർ, 25 നേഴ്സുമാർ, 50 ഹെൽപ്പർമാർ, നാല് ലാബ് ടെക്നീഷ്യന്മാർ, നാല് ഫാർമസിസ്റ്റ് എന്നരീതിയിലാണ് ആവശ്യമായി വരിക. ഓരോ പഞ്ചായത്തിലും വേണം ഇത്രയും പേർ. രോഗികളുടെ എണ്ണം വർധിച്ചാൽ ഐസിയു ആവശ്യമാകുന്നവരുടെ എണ്ണവും ആനുപാതികമായി വർധിക്കും. പരിശീലനം ലഭിച്ച ഐസിയു നേഴ്‌സുമാരുൾപ്പെടെ ഇതിലും കൂടുതൽ ആവശ്യമായി വന്നേക്കാം. ഇപ്പോഴത്തെ അവസ്ഥയിൽ ഈ ആവശ്യകതയെ നേരിടാനുള്ള ആൾശേഷി  സർക്കാർ സംവിധാനത്തിലില്ല. അത് നേരിടാനാണ് കോവിഡ് ബ്രിഗേഡ്.


 

മുംബൈ മിഷനിലേക്ക് ആരോഗ്യരംഗത്ത്‌ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്നു പറഞ്ഞ് അറിയിപ്പു കൊടുത്തപ്പോൾ ആവേശത്തോടെ രംഗത്തെത്തിയതൊക്കെ ചെറുപ്പക്കാരായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം കാത്തിരിക്കുന്നവർമുതൽ തൊഴിലന്വേഷിക്കുന്നവരും സ്വകാര്യമേഖലയിൽ ജോലിയിലേർപ്പെട്ടിരിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ഉള്ളിൽ ഒരു തീയുണ്ട്. വെല്ലുവിളികളെ ഏറ്റെടുക്കാനും അതിജീവിക്കാനുമുള്ള ആവേശവും കരുത്തും. അതിലേക്ക് എണ്ണ പകർന്നാൽ മതി, ഒരു സമൂഹത്തെ മുഴുവൻ അവർ കൈപിടിച്ചുകയറ്റും. ആദ്യം തയ്യാറായി വന്ന ചിലർക്ക്‌ പക്ഷേ, പിന്മാറേണ്ടിവന്നു. അതൊക്കെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പുമൂലമാണ്. പ്രായമായ മാതാപിതാക്കൾ മക്കളെ വിലക്കി. ചിലർക്ക്‌  ഭാര്യ അല്ലെങ്കിൽ ഭർത്താവ്‌, മക്കൾ ഒക്കെ തടസ്സമായി. അത്തരം തടസ്സങ്ങളെ അതിജീവിച്ച് ഇറങ്ങിത്തിരിച്ചവരായിരുന്നു മുംബൈ മിഷനിലെ പലരും. പോകുന്നത് കോവിഡ് മഹാമാരി പടർന്നുപിടിക്കുന്ന, കൺമുന്നിൽ ആളുകൾ മരിച്ചുവീണേക്കാവുന്ന മുംബൈയിലേക്കാണ്.

ശാസ്ത്രീയമായി കാര്യങ്ങൾ ചെയ്താൽ ഒരാൾക്കും രോഗം പകർന്നുകിട്ടില്ലെന്നുമുള്ളതിന്റെ തെളിവ് കാസർകോട് മിഷനിലും മുംബൈ മിഷനിലും പങ്കെടുത്ത ഓരോരുത്തരുമാണ്. അവരുടെയെല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ദൗത്യം പൂർത്തിയാക്കി, അപകടം കൂടാതെ ഓരോരുത്തരും തിരിച്ചെത്തുമ്പോൾ ആരോഗ്യരംഗത്തെ ഏതു വെല്ലുവിളിയെയും മഹാമാരിയെയും നേരിടാനും അതിനെതിരെ സമൂഹത്തിനുവേണ്ടി പോരാടാനുമുള്ള കരുത്തും ആത്മവിശ്വാസവും അവർ നേടിക്കഴിഞ്ഞു. മുംബൈ മിഷനിൽ പങ്കാളികളായ 40 ഡോക്ടർമാരുടെയും 35 നേഴ്സുമാരുടെയും ജീവിതത്തിൽ അവരെടുത്ത ഏറ്റവും സുപ്രധാന തീരുമാനമായിരുന്നു അത്.


 

കേരളത്തിലെ ചരിത്രവും അതിജീവനവുമൊക്കെ വെല്ലുവിളികളെ നേരിടാനുള്ള ചെറുപ്പക്കാരുടെ ധൈര്യമാണ്. പ്രളയംപോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അവരുടെ ഐക്യവും ആത്മാർഥതയും അർപ്പണബോധവും നാം കണ്ടതാണ്. കോവിഡിനെ നേരിടാനും അത് അത്യാവശ്യമാണ്. ഇതൊരു വലിയ നൈപുണ്യവികസന പരിശീലനം കൂടിയാണ്. ഇത്തരമൊരു മഹാമാരിയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു പഠിക്കാനുള്ള അവസരം. എംബിബിഎസും നേഴ്സിങ്ങും പാരാമെഡിക്കൽ കോഴ്സുകളുമൊക്കെ കഴിഞ്ഞിറങ്ങിയവർക്ക്‌  തങ്ങളുടെ കാര്യശേഷിയെ പരുവപ്പെടുത്താനും നൈപുണ്യം മെച്ചപ്പെടുത്താനും കൂടുതൽ അറിവും പരിചയവും സമ്പാദിക്കാനുമുള്ള അവസരം. അതിനുള്ള പ്രോൽസാഹനംകൂടി അവർക്ക്‌ നൽകണമെന്നുമാത്രം.

പഠിക്കുന്ന സമയത്തും അതിനുശേഷവും നാട്ടിലോ പരിസരങ്ങളിലോ അധികമൊന്നും അറിയപ്പെടാത്തവരായിരുന്നു മുംബൈ, കാസർകോട് മിഷനുകളിൽ പങ്കാളികളായവർ. വളരെ പെട്ടെന്നാണ് അവർ ഹീറോകളും സൂപ്പർസ്റ്റാറുകളുമായി മാറിയത്. അവരെ വിളിക്കുകയും സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തവരുടെ പട്ടിക വളരെ വലുതാണ്. ഈയൊരു അംഗീകാരം എല്ലാവർക്കും കരുത്താണ്. പിപിഇ കിറ്റ് ധരിച്ച് ചെല്ലുന്ന ആൾ ആരാണെന്ന് തിരിച്ചറിയാൻ രോഗിക്കുപോലും സാധിക്കില്ല. അവിടെ ആരോഗ്യ സൈനികനേയുള്ളു, വ്യക്തികളില്ല. ഡോക്ടറെന്നോ നേഴ്സെന്നോ പാരാമെഡിക്കൽ സ്റ്റാഫെന്നോ വിവേചനമില്ല. എല്ലാവർക്കും ഒരേ ഭക്ഷണം, ഒരേ സൗകര്യങ്ങൾ. കേരളത്തിന്റെ കോവിഡ് ബ്രിഗേഡ്  എന്ന ആശയത്തിന്റെ അടിസ്ഥാനവും ഇതാണ്.


 

ഒരു വർഷം കേരളത്തിലെ മെഡിക്കൽ കോളേജുകളിൽനിന്ന് 4000 മുതൽ 5000വരെ വിദ്യാർഥികൾ എംബിബിഎസ് കഴിഞ്ഞ് ഇറങ്ങുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽപ്പോലും 20,000ത്തിൽ കുറയാത്ത ഡോക്ടർമാർ നമുക്കുണ്ട്. ബിഎസ്‌സി നേഴ്സിങ്‌മാത്രം പഠിപ്പിക്കുന്ന ഇരുനൂറിനടുത്ത് നേഴ്സിങ്‌ കോളേജുകൾ നമുക്കുണ്ട്. അവിടെ നിന്നിറങ്ങിയ വിദ്യാർഥികളിൽ നല്ലൊരു പങ്കും ഇന്ന് നമുക്കിടയിലുണ്ട്. ഇവരയെല്ലാം ഒരവസരം നൽകി കൊണ്ടുവരണം. വെല്ലുവിളികൾ സ്വീകരിച്ച് രംഗത്തിറങ്ങാൻ തയ്യാറുള്ള അവർക്കും ആവശ്യമായ പരിശീലനം നൽകണം.

ഇത്തരത്തിൽ തെരഞ്ഞെടുക്കുന്നവരെ ഓരോ സിഎഫ്എൽടിസിക്കും ആവശ്യമായത്ര പേരുടെ നിശ്ചിത സംഘങ്ങളായി തിരിക്കണം. തിരുവനന്തപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌  അവിടെത്തന്നെ പരിശീലനം നൽകി സംഘമാക്കി രണ്ടുമാസത്തേക്കുള്ള ദൗത്യം ഏൽപ്പിച്ച് വടക്കൻ ജില്ലകളിലേക്ക് വിടണം. അതുപോലെ തിരിച്ചും. പട്ടാളത്തിലെ റെജിമെന്റുകൾപോലെ. നിലവിൽ ആരോഗ്യസേവനരംഗത്തുള്ള മാനേജ്മെന്റ് വിദഗ്ധരെ ഇവരുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏൽപ്പിക്കാം. തങ്ങളുടെ ദൗത്യം ഉത്തരവാദിത്തത്തോടെ പൂർത്തീകരിക്കാനും രോഗം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഇവർക്ക്‌  സാധിക്കുമെന്ന കാര്യത്തിൽ സംശയംവേണ്ട. ആത്മവിശ്വാസവും അർപ്പണബോധവും കാര്യക്ഷമതയുമുള്ള ഏതു വെല്ലുവിളിയെയും നേരിടാൻ കരുത്തുള്ള വലിയൊരു ആരോഗ്യസേനയെയാണ് ഇതിലൂടെ കേരളത്തിന് ലഭിക്കുക. ഭാവിയിലെ ഇവരുടെ ജോലി സാധ്യതകൾക്കും മറ്റും ഈ സേവനം ഒരു അധികയോഗ്യതയായി പരിഗണിക്കുകയും ചെയ്യാം.

(തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ഡെപ്യൂട്ടി സൂപ്രണ്ടായ ലേഖകൻ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന രാജ്യാന്തര സന്നദ്ധസംഘടനയുടെ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റുമാണ്‌ )


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top