07 April Tuesday

കോവിഡ് പ്രതിസന്ധിയിലും തളരാത്ത ലാഭക്കൊതി...സന്തോഷ് ടി വർഗീസ് എഴുതുന്നു

സന്തോഷ് ടി വർഗീസ്Updated: Thursday Mar 26, 2020

 സന്തോഷ് ടി വർഗീസ്

സന്തോഷ് ടി വർഗീസ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പച്ചക്കറികളുടെയും അവശ്യം വേണ്ട പലവ്യഞ്ജനങ്ങളുടെയും വിലയിൽ അമിതമായ വർദ്ധനവ് കാണുന്നുവെന്നാണ് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്. സാധനങ്ങളുടെ ലഭ്യതക്കുറവാണ്  വിലവർദ്ധനവിന്റെ കാരണമായി വ്യാപാരികൾ പറയുന്നതെന്നും മാധ്യമങ്ങൾ അറിയിക്കുന്നു.

വ്യാപാരികൾ പറയുന്ന ന്യായങ്ങൾക്ക് സാമ്പത്തിക ശാസ്ത്രപരമായി യാതൊരു അടിസ്ഥാനവുമില്ല. ഉത്പാദനം മുതൽ  അവസാനത്തെ ചില്ലറവിൽപ്പന നടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വരെയുള്ള വിപണന ശ്രേണിയിൽ (സപ്ലൈ ചെയിൻ) നിരവധി കണ്ണികൾ ഉണ്ട്. ഇതിൽ ആദ്യത്തെയാൾ പച്ചക്കറികൾ ഉത്പാദിപ്പിച്ച കർഷകനാണ്. അയാൾക്ക് വിലയുമായി ബന്ധപ്പെട്ട് കാര്യമായ വിലപേശലൊന്നും നടത്താൻ മിക്കപ്പോഴും കഴിയാറില്ലെന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. കാര്യമായ ലാഭം ഒന്നുമില്ലാതെയാണ് മിക്കപ്പോഴും കർഷകന് സാധനങ്ങൾ  വിൽക്കേണ്ടി വരുന്നത്. കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിച്ചു കൂട്ടുന്ന  വ്യാപാരികൾ സാധാരണ ഗതിയിൽ അവയെല്ലാം  തുടർവിൽപ്പനയ്ക്കായി മൊത്തവ്യാപാര കേന്ദ്രങ്ങളിലാണ്
ആദ്യം എത്തിക്കുക.അവിടെയാണ് സൂക്ഷമ സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന രീതിയിലുള്ള ലേലവ്യവസ്ഥയിൽ  പ്രവർത്തിക്കുന്ന കമ്പോളം (ഓക്ഷൻ മാർക്കറ്റ്) കാണാൻ കഴിയുന്നത്. അവിടെയാണ് ഉൽപ്പന്നങ്ങളുടെ ലഭ്യതയും  ചോദനവും (ഡിമാന്റ്) കൂടുന്നതും കുറയുന്നതും അനുസരിച്ച്  വിലകൾ നിശ്ചയിക്കപ്പെടുന്നത്.

ആവശ്യം കൂടുതലുള്ളവർ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനുവേണ്ടി കൂടുതൽ വില നൽകാൻ തയ്യാറാകും. അതുപോലെ തന്നെ ലഭ്യത കുറവാണെന്ന് മനസ്സിലാക്കുമ്പോൾ വിൽപ്പനക്കാരും കൂടിയ വിൽപനവിലയ്ക്കായി ശ്രമമാരംഭിക്കും. ഇതാണ് ലേലവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കമ്പോളത്തിന്റെ പ്രവർത്തനരീതി.

ആദ്യ വ്യാപാരികൾ കർഷകരിൽ നിന്നു വാങ്ങിയ ഉൽപ്പന്നങ്ങളുമായി മൊത്തവ്യാപാര വിപണിയിൽ എത്തുമ്പോൾ  ഉൽപ്പന്നങ്ങൾക്കുള്ള ചോദനവും  അതത് ദിവസങ്ങളിൽ എത്തുന്ന വസ്തുക്കളുടെ ലഭ്യതയും കണക്കിലെടുത്ത് വില തീരുമാനിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്, തക്കാളിയുടെ ലഭ്യത ഒരു സീസണിൽ വളരെ കൂടുതൽ ആണെന്ന് കരുതുക. മൊത്തവ്യാപാര വിപണിയിൽ വലിയ അളവിൽ ആയിരിക്കും ഉൽപ്പന്നം എത്തിച്ചേരുക. ഉയർന്ന ലഭ്യതയനുസരിച്ച് ചോദനം വർധിക്കുകയില്ലല്ലോ. എന്നാൽ എത്തിച്ചേർന്ന തക്കാളി മുഴുവൻ വിറ്റഴിക്കേണ്ടതുണ്ട്. അങ്ങനെയാണ് കുറഞ്ഞ വിലയിട്ടുകൊണ്ടുള്ള  വിൽപ്പനക്ക് മൊത്തവ്യാപാരികൾ തയ്യാറാകുന്നത്.

അതുപോലെ തന്നെയാണ്  ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയുമ്പോഴും സംഭവിക്കുന്നത്. നിലവിലുള്ള ചോദനം എത്രയാണെന്ന ഒരു ഏകദേശ കണക്ക്  മൊത്ത വ്യാപാരിക്ക്  അറിയാം. അതിൽ കുറവൊന്നും വന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ കർഷകരിൽ നിന്നും  എത്തിച്ചേരേണ്ട ഉൽപ്പന്നങ്ങൾ വളരെ കുറവാണെന്നുവന്നാൽ വില വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ ലാഭം നേടാനുള്ള സാദ്ധ്യത മൊത്തവ്യാപാരിക്ക് തുറന്നു കിട്ടും.  ആവശ്യത്തിന് മാറ്റമൊന്നും വന്നിട്ടില്ലാത്തതിനാലാണ് ഇങ്ങനെ വില വർദ്ധിപ്പിക്കാൻ കഴിയുന്നത്.

മൊത്തവ്യാപാരി കൂടുതൽ വിൽപ്പനവില  ലഭിക്കുന്നതിനായി ശ്രമമാരംഭിക്കും. വലിയ വിലപേശലും ലേല രൂപത്തിലുള്ള വിൽപ്പന-വാങ്ങൽ ശ്രമങ്ങളും തുടർന്ന് നടക്കും. വിൽപ്പനക്കാരും ആവശ്യക്കാരും അല്ലെങ്കിൽ ലഭ്യതയും  ചോദനവും തമ്മിലുള്ള ലേലരീതിക്കുള്ള പ്രതിപ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമമായി വിലകൾ നിശ്ചയിക്കപ്പെടുന്നത്.

എന്നാൽ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നും ഈ രീതിക്ക് വില  നിശ്ചയിച്ച് സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷം പിന്നീട് ലേല രീതിക്കുള്ള വില നിശ്ചയിക്കൽ സാധാരണഗതിയിൽ  സംഭവിക്കാറില്ല. ഏതു വിലയ്ക്കാണോ വാങ്ങിയത് അതിന്റെ മുകളിൽ വിപണനത്തിനായി വരുന്ന അനുബന്ധ ചെലവുകൾ  കൂട്ടിച്ചേർക്കുകയും അതിന്റെ മുകളിൽ വീണ്ടും ഒരു നിശ്ചിത ലാഭം ചേർത്തു വയ്ക്കുകയും ചെയ്യേണ്ട കാര്യം മാത്രമേ പിന്നീടുള്ള വിൽപ്പനക്കാർക്കുള്ളൂ. ചില്ലറ വ്യാപാരിക്ക് താൻ മുമ്പ് ചുമത്തിക്കൊണ്ടിരുന്ന മാർക്‌-അപ്  (ലാഭം) എത്രയായിരുന്നോ അതുതന്നെ തുടരേണ്ട ആവശ്യമേയുള്ളൂ. ഇങ്ങിനെ വില നിശ്ചയിക്കുന്നതിനെയാണ് സൂഷ്മ സാമ്പത്തിക ശാസ്ത്രത്തിൽ മാർക്-അപ് പ്രൈസിംഗ് എന്ന് വിളിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, അവസാന ഘട്ടത്തിലുള്ള ചില്ലറ വിപണികളിൽ ഇങ്ങനെ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ സ്റ്റോക്ക് വിൽക്കുമ്പോൾ ലഭ്യത കുറവാണെന്ന്പറഞ്ഞ്  വില വർദ്ധിപ്പിക്കേണ്ട  യാതൊരു കാര്യവുമില്ല.  ലഭ്യതയും ചോദനവും കണക്കിലെടുത്തല്ലല്ലോ ചില്ലറവിപണികളിൽ വില നിശ്ചയിക്കുന്നത്.  പകരം അവിടെയുള്ളത്  മാർക്-അപ് രീതിക്കുള്ള വില നിശ്ചയിക്കലാണെന്ന് വിശദീകരിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ചില്ലറവിപണികളിൽ  ആരു വന്നു ചോദിച്ചാലും ഒരേ വിലയ്ക്ക് സാധനങ്ങൾ വിൽക്കാൻ കഴിയുന്നത്.

മേൽപ്പറഞ്ഞ രീതിയിലല്ലാതെ, ചില്ലറ വ്യാപാരികൾക്ക് പ്രാദേശികമായി വാങ്ങി വിൽക്കാൻ കഴിയുന്ന നിരവധി പച്ചക്കറികളുണ്ട്. ഉദാഹരണത്തിന് വാഴയ്ക്ക, ചേന തുടങ്ങിയവ. എന്നാൽ അവയുടെ വില നിശ്ചയിക്കുന്ന കാര്യത്തിലും "ലഭ്യത" എന്ന ഘടകത്തിന് യാതൊരു സ്വാധീനവുമില്ല.  ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്.

അതുകൊണ്ട്തന്നെ ലഭ്യത കുറവായതുകൊണ്ടാണ് വില കൂട്ടേണ്ടിവരുന്നതെന്ന ന്യായത്തിന് യാതൊരു സാമ്പത്തികശാസ്ത്ര അടിസ്ഥാനവുമില്ല. വസ്തുത ഇതായിരിക്കെ,ലഭ്യതക്കുറവിന്റെ പേരുപറഞ്ഞ് പച്ചക്കറികൾക്കും മറ്റ് പലവ്യഞ്ജനങ്ങൾക്കും അമിതവില ഈടാക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിൽ നിലനിൽക്കുന്ന കോവിഡ്  പ്രതിസന്ധി മുതലെടുത്തുകൊണ്ട് അമിതലാഭം നേടാൻ നടത്തുന്ന ശ്രമങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കേണ്ടി വരും.

(ലേഖകൻ എറണാകുളം മഹാരാജാസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ്)


പ്രധാന വാർത്തകൾ
 Top