15 July Wednesday

സര്‍ക്കാര്‍ ശമ്പളവും കോവിഡും... അമേരിക്കയില്‍ നിന്ന് ഡോ. മീന ടി പിള്ള എഴുതുന്നു

ഡോ. മീന ടി പിള്ളUpdated: Tuesday May 5, 2020

ഡോ. മീന ടി പിള്ള

ഡോ. മീന ടി പിള്ള

ഇവിടെ സര്‍വ്വകലാശാലകള്‍ വരെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പിരിച്ചുവിടല്‍, ഫര്‍ലോ (ശമ്പളമില്ലാത്ത നിര്‍ബ്ബന്ധിത അവധി) എന്നീ സമ്പ്രദായങ്ങളിലേക്കു നീങ്ങുകയുമാണ്. ശമ്പളമില്ലാത്ത നിര്‍ബന്ധിതാവധിയായ ഫര്‍ലോ പോലുള്ള നടപടികളെടുക്കുമ്പോള്‍ പ്രതിഫലമില്ലാതെ ജോലിചെയ്യാനാണ് ജീവനക്കാര്‍ ഒരുവശത്ത് നിര്‍ബന്ധിതരാകുന്നത്.അതുകൊണ്ടുതന്നെ ഒരു അമേരിക്കന്‍ മെട്രോപൊളിസില്‍, വീട്ടിലിരുന്നുകൊണ്ട് ജോലിചെയ്യാമെന്ന താരതമ്യാനുകൂല്യം അനുഭവിച്ചുകൊണ്ടു നോക്കുമ്പോള്‍, കോവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കേരളസര്‍ക്കാരിന് ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസത്തേയ്ക്ക് നീട്ടിവയ്ക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നെന്ന വാര്‍ത്ത ആശ്ചര്യത്തോടെയാണ് ഞാന്‍ കേട്ടത്...ഡോ. മീന ടി പിള്ള എഴുതുന്നു.

പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാതെ, അവസാനശ്വാസത്തില്‍ അവരുടെ സ്‌നേഹത്തിന്റെ ഗന്ധമറിയാതെ, കണ്ണുകളിലെ കരുണ കാണാനാവാതെ, മൊബൈല്‍ ഫോണുകളില്‍ യാത്രചോദിച്ചു വിടവാങ്ങുന്ന പ്രാണനുകള്‍. ഇത്രമേല്‍ ഏകാന്തവും ഭയാനകവുമായ മരണം ഒരുപക്ഷേ, നമ്മളിലാരുംതന്നെ പേക്കിനാവുകളില്‍പ്പോലും കണ്ടിട്ടുണ്ടാവില്ല. പന്ത്രണ്ടുലക്ഷത്തിലേറെ  പേര്‍ കോവിഡ് ബാധിതരാകുകയും എഴുപതിനായിരത്തോളം പേര്‍ മരണമടയുകയുംചെയ്ത അമേരിക്കയിലാണ് ഞാനിപ്പോഴുള്ളത്, ഇവിടെ ഇപ്പോഴും ജീവിച്ചിരിക്കാന്‍ കഴിയുന്നുവെന്നത് ഒരു ഭാഗ്യമായി മാത്രമേ ആര്‍ക്കും കരുതാനാകൂ.

ഒരു അമേരിക്കന്‍ മെട്രോപൊളിസില്‍, വീട്ടിലിരുന്നുകൊണ്ട് ജോലിചെയ്യാമെന്ന താരതമ്യാനുകൂല്യം അനുഭവിച്ചുകൊണ്ടു നോക്കുമ്പോള്‍, കോവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കേരളസര്‍ക്കാരിന് ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസത്തേയ്ക്ക് നീട്ടിവയ്ക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നെന്ന വാര്‍ത്ത ആശ്ചര്യത്തോടെയാണ് ഞാന്‍ കേട്ടത്. ശമ്പളം പിടിച്ചുവെയ്ക്കാനുള്ള നിര്‍ദ്ദേശത്തിനെതിരേ ജീവനക്കാരുടെ എതിര്‍പ്പുണ്ടായത് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനങ്ങളിലൊന്നിലാണെന്നതും, അതിലുപരി സോഷ്യലിസ്റ്റ് മൂല്യങ്ങളിലൂന്നിയുള്ള കോവിഡ് പ്രതിരോധത്തിലൂടെ ലോകത്തിന്റെ എല്ലാ കോണില്‍നിന്നും പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലാണെന്നതും ഭയപ്പെടുത്തുന്ന ഒന്നാണ്.

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലാണ് നാമിപ്പോള്‍ ജീവിക്കുന്നതെന്ന വസ്തുത ഇതിനകം തന്നെ പറഞ്ഞുപഴകിയ ഒന്നായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും സമ്പല്‍സമൃദ്ധിയുള്ള, 'വികസിതരാജ്യങ്ങള്‍' എന്നു വിളിക്കപ്പെട്ട രാജ്യങ്ങളെ മുട്ടുകുത്തിച്ചുകൊണ്ടാണ് ഈ മഹാമാരി ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ലോക്ക്‌ഡൌണ്‍ നടപ്പിലാക്കേണ്ടി വന്നത് ഇന്ത്യയിലാണ്. ലോകജനസംഖ്യയുടെ 17.7 ശതമാനം-130 കോടിയോളം ജനങ്ങള്‍-ഒരു ചതുരശ്രകിലോമീറ്ററില്‍ 460 പേര്‍ എന്ന ഉയര്‍ന്ന ജനസാന്ദ്രതയില്‍ തിങ്ങിപ്പാര്‍ക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍, ശാരീരിക അകലത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. ലോകത്തിലേറ്റവും വേഗത്തില്‍ "വളരുന്ന' സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ എന്നിരിക്കുമ്പോള്‍പ്പോലും ഇതിന്റെ മറുവശത്തു കാണാനാകുന്നത് പ്രതിശീര്‍ഷവരുമാനത്തിലെ പൈശാചികമായ അസമത്വമാണ്.

ഓക്‌സ്‌ഫാം റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയുടെ സമ്പത്തിന്റെ 73 ശതമാനവും കൈവശം വച്ചിരിക്കുന്നത് ഒരു ശതമാനം ജനതയാണ്. ഈ കണക്കുകളനുസരിച്ച് ഒരു ഇന്ത്യന്‍ ഗ്രാമത്തില്‍ കുറഞ്ഞവേതനത്തില്‍ ജോലിചെയ്യുന്ന ഒരു തൊഴിലാളിക്ക്, ഒരു മുന്‍നിര വസ്ത്രക്കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നതിന് തുല്യമായ വാര്‍ഷികശമ്പളം ലഭിക്കാന്‍ 941 വര്‍ഷങ്ങളെങ്കിലുമെടുക്കും. ശമ്പളം പിടിച്ചുവെയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരേ ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പ് വായിക്കേണ്ടത് ഈ പശ്ചാത്തലങ്ങള്‍ക്കു നേരേനിര്‍ത്തിയാണ്.

യുഎസ് തൊഴില്‍വകുപ്പിന്റെ പ്രസ്താവനയനുസരിച്ച് മാര്‍ച്ച് 14ന് ശേഷം മാത്രം പ്രാഥമിക തൊഴില്‍രഹിത പദവിക്കായി അപേക്ഷ സമര്‍പ്പിച്ച അമേരിക്കക്കാരുടെ എണ്ണം 22 ദശലക്ഷമാണ്. ജോലിചെയ്തു ജീവിക്കുന്ന മൊത്തം അമേരിക്കന്‍ ജനതയുടെ 13.5 ശതമാനത്തോളം വരുമിത് (സിഎന്‍എന്‍). വിമാനക്കമ്പനികളിലെ ജീവനക്കാരും ഹോട്ടല്‍, ടൂറിസം തൊഴിലാളികളുംമുതല്‍ മാധ്യമപ്രവര്‍ത്തകരും ടാക്‌സി ഡ്രൈവര്‍മാരും ചെറുകിടത്തൊഴിലാളികളുംവരെ തൊഴില്‍ നഷ്ടപ്പെട്ട്, മരണത്തിന്റെയും അനിശ്ചിതത്വങ്ങളുടെയും നിഴലില്‍ ജീവിക്കുന്ന നിലയിലാണിവിടെ. സര്‍വ്വകലാശാലകള്‍ വരെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പിരിച്ചുവിടല്‍, ഫര്‍ലോ (ശമ്പളമില്ലാത്ത നിര്‍ബ്ബന്ധിത അവധി) എന്നീ സമ്പ്രദായങ്ങളിലേക്കു നീങ്ങുകയുമാണ്. ശമ്പളമില്ലാത്ത നിര്‍ബന്ധിതാവധിയായ ഫര്‍ലോ പോലുള്ള നടപടികളെടുക്കുമ്പോള്‍ പ്രതിഫലമില്ലാതെ ജോലിചെയ്യാനാണ് ജീവനക്കാര്‍ ഒരുവശത്ത് നിര്‍ബന്ധിതരാകുന്നത്. പക്ഷേ, ചുരുങ്ങിയത് ജോലി നിലനിര്‍ത്താനെങ്കിലും അവര്‍ക്ക് ഇതുവഴി കഴിയുമെന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതു വഴി ജോലികള്‍ സംരക്ഷിക്കാനെങ്കിലും കമ്പനികള്‍ക്കാകുമെന്നതും ഇതിന്റെ മറുവശമാണ്.

കൊറോണാവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെയുള്ള സര്‍വ്വകലാശാലകള്‍ മാര്‍ച്ചില്‍ത്തന്നെ വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്കയയ്ക്കുകയും ഓണ്‍ലൈന്‍ അദ്ധ്യയനരീതികളിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതിനുപുറമെ പുതിയ അദ്ധ്യയനവര്‍ഷത്തില്‍ ഉപരിപഠനത്തിനു ചേരേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ഈ വര്‍ഷവും അടുത്തവര്‍ഷവും നേരിടേണ്ടി വരുന്നത് ഭീമമായ വരുമാനനഷ്ടവും അധികരിച്ച ചെലവുമാണ്. അരിസോണ സര്‍വ്വകലാശാലാ പ്രസിഡന്റ് റോബര്‍ട്ട് സി. റോബിന്‍സ് 2021 ജൂണ്‍ 30 വരെ നീണ്ടു നില്ക്കുന്ന സുദീര്‍ഘമായ നടപടികള്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചത് ഉന്നതവിദ്യാഭ്യാസമേഖലയെത്തന്നെ പിടിച്ചുലച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തില്‍ 66 ദശലക്ഷത്തിന്റെ നഷ്ടവും മൊത്തം 250 ദശലക്ഷത്തിന്റെ കുറവും നേരിടേണ്ടി വന്നതിനാല്‍ 39 ദിവസമെങ്കിലും നീണ്ടുനില്‍ക്കുന്ന ഫര്‍ലോ മുതല്‍ മൊത്തശമ്പളത്തില്‍ 20 ശതമാനം കുറയ്ക്കുന്നതു വരെയുള്ള നടപടികളാണ് റോബിന്‍സ് മുന്നോട്ടുവെച്ചത്.


അമേരിക്കയിലെ പല സര്‍വ്വകലാശാലകളും ഇതേ പാതയിലാണ് നീങ്ങുന്നത്. കഴിഞ്ഞയാഴ്ച്ച വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാല സ്വന്തം ക്യാമ്പസ്സുകളില്‍ ഫര്‍ലോ നയം ഏര്‍പ്പെടുത്തി. ഒറെഗണ്‍ സര്‍വ്വകലാശാല 282 ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി. മൊണ്‍ടാന സര്‍വ്വകലാശാല 63 ജീവനക്കാരെ ഫര്‍ലോയില്‍ ഉള്‍പ്പെടുത്തി. താത്കാലിക ഫര്‍ലോ സ്ഥിരമായ പിരിച്ചുവിടലിലേയ്ക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചില സര്‍വ്വകലാശാലകള്‍ കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലകളില്‍ 90 ദിവസം വരെ ഫര്‍ലോ നീട്ടിവെയ്ക്കപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്. പല പൊതുസര്‍വ്വകലാശാലകളും ഈ നടപടികളിലേക്ക് നീങ്ങുകയാണ് വരാനിരിക്കുന്ന വിപത്തിന്റെ ചെറിയ സൂചനകള്‍ മാത്രമാണിത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരെയും, ലോകമൊട്ടാകെ ഇരുന്നൂറു ദശലക്ഷത്തോളം ജനങ്ങളെയും ഫര്‍ലോ, പിരിച്ചുവിടല്‍ നയങ്ങള്‍ ബാധിക്കുമെന്നാണ് സൂചനകള്‍. സ്ഥിരമായ പിരിച്ചുവിടലിനെക്കാള്‍ ഫര്‍ലോ നയമാണ് ഭേദം എന്ന ചിന്തയിലാണ് അമേരിക്കയില്‍ പലരും എത്തിനില്ക്കുന്നത്.

ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളമുള്ളവരല്ലെങ്കില്‍പ്പോലും ഒരുപക്ഷേ ലോകത്തില്‍ മറ്റെവിടത്തെക്കാളും തൊഴില്‍ഭദ്രതയും സുരക്ഷയുമുള്ളവരാണ്. അവര്‍ക്കു ചുറ്റുമുള്ള ദശലക്ഷക്കണക്കിന് അതിഥിതൊഴിലാളികള്‍ യാതൊരു ജീവിതസുരക്ഷയുമില്ലാത്ത, തുച്ഛമായ കൂലി മാത്രം കൈപ്പറ്റുന്ന, ഭാവിയെപ്പറ്റി അനിശ്ചിതത്വത്തോടെ മാത്രം ചിന്തിക്കാനാവുന്ന, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നാളെ രണ്ടുനേരം ഭക്ഷണം നല്കാനാകുമോ എന്നുപോലും ഉറപ്പില്ലാത്ത ജനതയാണ്. ലോക്ക്‌ഡൌണ്‍ ഒരു ഇടിത്തീയായി അവര്‍ക്കുമേല്‍ പതിച്ചപ്പോള്‍ വല്ലാതെ ഒതുങ്ങി, മെരുങ്ങി, ഒന്നും മിണ്ടാതെ തങ്ങളുടെ തുച്ഛവസ്തുക്കള്‍ തോളിലേറ്റി മൈലുകള്‍ കാല്‍നടയായി താണ്ടി സ്വദേശഗ്രാമങ്ങളിലേക്ക് നടന്നുതുടങ്ങിയവരാണവര്‍. വിശപ്പും ദാഹവുമകറ്റാനാകുമെന്നു പോലും ഉറപ്പില്ലാതെ ദൂരഗ്രാമമെന്ന മരീചിക നോക്കി നടക്കാനൊരുമ്പെട്ടവര്‍. തെലങ്കാനയിലെ മുളകുപാടങ്ങളില്‍ പണിയെടുത്തിരുന്ന പന്ത്രണ്ടുവയസ്സുകാരി നൂറ്റമ്പതു കിലോമീറ്റര്‍ അകലെയുള്ള സ്വദേശമായ ബിജാപ്പൂരിലേയ്ക്കു നടന്നതും ലക്ഷ്യത്തിനു കിലോമീറ്ററുകള്‍ക്കകലെ മരിച്ചുവീണതും നാം കണ്ടതാണ്. വിശക്കുന്ന വയറും ആശയറ്റ കണ്ണുകളുമായി വീട്ടിലേക്കുള്ള വഴി തേടിയ അവളുടെ ജീവന്‍ പൊലിഞ്ഞത് കൊറോണാവൈറസ് മൂലമല്ല, ജീവിതത്തെ ചൂഴ്ന്നുനില്ക്കുന്ന ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും വ്യാധികള്‍ മൂലമാണ്. ദിവസത്തില്‍ പന്ത്രണ്ടുമണിക്കൂറോളം പണിയെടുക്കുന്ന, മുപ്പത്തൊന്നുകിലോയോളം ഭാരംചുമക്കുന്ന മൂന്നാറിലെ കൊളുന്തുനുള്ളുന്ന സ്ത്രീകള്‍ സമരംചെയ്തത് വെറും 250 രൂപ വേതനം കൂടുതല്‍ ലഭിക്കാനായാണ്. നമ്മുടെ വീക്ഷണത്തിന്റെ അഗാധമായ വികാരശൂന്യത മനസ്സിലാക്കണമെങ്കില്‍ ഇതുകൂടി ഓര്‍മ്മയില്‍ വേണം.

ഇന്ത്യയിലെ മദ്ധ്യ-ഉപരിവര്‍ഗ്ഗങ്ങളുടെ ജീവിതത്തിലെ സാമ്പത്തികഭദ്രതയും ആപേക്ഷികമായ തൊഴില്‍സുരക്ഷയും എങ്ങനെയൊക്കെ നമ്മെ അന്ധരാക്കുന്നുവെന്നും, തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും വിശപ്പിനെയും കൊറോണയെക്കാള്‍ ഭീതിദമായ മഹാമാരികളാക്കിമാറ്റുന്ന സാമൂഹികാസമത്വത്തിനു നേരേ കണ്ണടയ്ക്കാന്‍ എങ്ങനെയൊക്കെ ആ അന്ധത വഴിവെയ്ക്കുന്നുവെന്നും തിരിച്ചറിയാന്‍ കോവിഡ്-19 കാരണമാകട്ടെ. ആധുനികജീവിതത്തിന്റെ മടുപ്പിക്കുന്ന തിരക്കുകള്‍ക്കും വിഭജിതലക്ഷ്യങ്ങള്‍ക്കുമിടയ്ക്ക് പണ്ടെവിടെയോ നഷ്ടപ്പെട്ടുപോയ സഹാനുഭൂതി വീണ്ടെടുക്കാനും അല്പം കൂടി മനുഷ്യത്വമുള്ളവരായിത്തീരാനും ഈ മഹാമാരി നമ്മളെ പഠിപ്പിക്കുന്നില്ലെങ്കില്‍ ഇനിയൊരിക്കലും, മറ്റൊന്നിനും അതിനു കഴിയുമെന്നു തോന്നുന്നില്ല.

(കേരള സര്‍വ്വകലാശാലയില്‍ പ്രൊഫസ്സറായ ലേഖിക ഇപ്പോള്‍ ഫുള്‍ബ്രൈറ്റ് വിസിറ്റിംഗ് പ്രൊഫസ്സറായി ലോസ് ആഞ്ജലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലാണ്)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top