07 June Sunday

കോവിഡ്‌: കരുതലോടെ കൈകോർക്കാം

ഡോ. എ എസ്‌ അനൂപ്‌കുമാർUpdated: Thursday Mar 19, 2020

ചൈനയിലെ വുഹാനിൽനിന്ന്‌ തുടങ്ങി ഇന്ന്‌ രാജ്യമാകെ പടർന്നുപിടിക്കുകയാണ്‌ കോവിഡ്‌–-19. ഏകദേശം  ഒന്നരമാസം മുമ്പാണ്‌ രാജ്യത്തെ ആദ്യത്തെ കോവിഡ്‌–-19 കേരളത്തിൽ  സ്ഥിരീകരിച്ചത്‌. അന്നുമുതൽ അഹോരാത്രം കൈമെയ്‌ മറന്ന്‌ ഒറ്റക്കെട്ടായി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുകയാണ്‌ സർക്കാർ. പുതിയ രോഗമായതിനാൽ മാധ്യമങ്ങളിലെ വാർത്തകൾ ജനങ്ങളിലുണ്ടാക്കുന്ന ഭീതി കുറവല്ല. കൃത്യമായ അവബോധംകൊണ്ട്‌ ഈ പരിഭ്രാന്തി നമുക്ക്‌ കുറയ്‌ക്കാം. ഓരോ ദിവസവും വരുന്ന പോസിറ്റീവ്‌ ഫലങ്ങൾ കേട്ട്‌ വലിയതോതിൽ ഭയപ്പെടേണ്ടതില്ല. നേരെമറിച്ച്‌ ഒത്തൊരുമയോടെ വലിയ പ്രതിരോധത്തിന്‌ തയ്യാറാകുകയാണ്‌ വേണ്ടത്‌.

നിപാ, എബോള, സാർസ്‌ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ്‌ അത്ര അപകടകാരിയല്ല. നിപാ വൈറസിന്റെ മരണനിരക്ക്‌ 60 ശതമാനം വരെയാണെങ്കിൽ കോവിഡിന്റേത്‌ വെറും മൂന്ന്‌ ശതമാനത്തിനടുത്താണ്‌. ഒരാൾക്ക്‌ രോഗം വന്നു എന്നുകരുതി ആ പ്രദേശത്തെ എല്ലാവരും രോഗബാധിതരാകുമെന്നോ മരണപ്പെടുമെന്നോ  തെറ്റിദ്ധരിക്കരുത്. അതേസമയം, കോവിഡിന്റെ വ്യാപനം തടയൽ നിപായെ പ്രതിരോധിച്ചപോലെ അത്ര എളുപ്പമാകില്ല. ആരോഗ്യരംഗത്ത്‌ നമ്മളേക്കാൾ മുന്നിലുള്ള വികസിതരാജ്യങ്ങൾ ജനസാന്ദ്രത കുറവായിരുന്നിട്ടും രോഗത്തെ  പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നതായാണ്‌ കാണുന്നത്‌. അതുകൊണ്ട്‌ വൈറസിനെ  പൂർണമായി  തുടച്ചുനീക്കലല്ല, രോഗത്തിന്റെ വലിയ കടന്നുകയറ്റംതടയൽ ലക്ഷ്യമിട്ടാണ്‌ നമ്മുടെ പ്രവർത്തനങ്ങളെന്ന്‌ മനസ്സിലാക്കണം.  വീട്ടിലും  ആശുപത്രിയിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലെ വർധന പ്രതിരോധ പ്രവർത്തനങ്ങളുടെ സൂക്ഷ്‌മതയാണ്‌ സൂചിപ്പിക്കുന്നത്‌. ക്രമാതീതമായ രോഗവ്യാപനമായി ഇതിനെ കാണരുത്‌.


 

ഇന്ത്യയിൽ 30 ശതമാനത്തിനും പ്രാദേശികമായ രോഗപ്പകർച്ച വഴിയാണ്‌ കോവിഡുണ്ടായത്‌. അടുത്ത മൂന്ന്‌–-നാല്‌ ആഴ്‌ചയ്‌ക്കുള്ളിൽ നമ്മുടെ നാട്ടിലും രോഗവ്യാപനം നടന്നേക്കുമെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പൂർണ പങ്കാളിത്തം നൽകി രോഗവ്യാപനത്തെ ഏറ്റവും ചെറുതാക്കി നിർത്താനാണ്‌ നാം ശ്രമിക്കേണ്ടത്‌. 

പനിയാണ്‌ പ്രധാനലക്ഷണം. ചുമ, ശ്വാസതടസ്സം, ശരീരവേദന,  ചെറിയ രീതിയിൽ വയറിളക്കം, ഛർദി എന്നിവയും ഉണ്ടായേക്കും. ഈ  ലക്ഷണങ്ങൾ ഉണ്ട്‌ എന്നതുകൊണ്ടുമാത്രം ഭയപ്പെടേണ്ടതില്ല. കോവിഡ്‌–-19 ബാധിത രാജ്യങ്ങളിൽനിന്ന്‌ 14 ദിവസത്തിനുള്ളിൽ മടങ്ങിവന്നവരിലോ അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരിലോ രോഗനിർണയം നടത്തിയവരിലോ അടുത്ത്‌ ബന്ധപ്പെട്ടവരിലോ  ലക്ഷണം കാണുമ്പോഴാണ്‌ ശ്രദ്ധിക്കേണ്ടത്‌. എയർപോർട്ട്‌ സ്‌ക്രീനിങ്‌ രോഗനിർണയത്തിനുള്ള കുറ്റമറ്റ രീതിയല്ല. യാത്ര പുറപ്പെടുന്നതിന്‌ മുമ്പും മധ്യവും ശേഷവും എയർപോർട്ടിൽ പരിശോധന നടത്തിയാലും  പ്രകടരോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 53 ശതമാനംപേരെ മാത്രമേ ഇങ്ങനെ കണ്ടുപിടിക്കാനാകൂ എന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌.

ഫ്ലാറ്റനിങ്‌ ദ കർവ്‌ അഥവാ വളവ്‌ നിവർത്തൽ
ശക്തമായ  പ്രവർത്തനത്തിലൂടെ മൂന്നുമുതൽ നാല്‌ ആഴ്‌ചവരെയുള്ള  സമയത്തിൽ ഒറ്റയടിക്ക്‌ വലിയ അളവിൽ രോഗം വരുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ പ്രധാന പ്രതിരോധമാർഗം. ഈ ഘട്ടത്തിൽ ആശുപത്രിയിൽ ഏറ്റവും നല്ല ചികിത്സ നൽകി  കുറഞ്ഞ എണ്ണം രോഗികളിലേക്ക്‌ വ്യാപനം ഒതുക്കാനാകണം.  വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിൽ വ്യാകുലപ്പെടാതെ പ്രതിരോധം ശക്തമാക്കണം.

ലോകരാജ്യങ്ങളിലാകെ രോഗവ്യാപനം കൂടിവരികയാണ്‌.  പല രാജ്യങ്ങളിലെയും റിപ്പോർട്ടിങ്ങിലെ സുതാര്യത ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പുറത്തുവരുന്ന എണ്ണം കൃത്യമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ലോ റിസ്‌ക്‌ രാജ്യങ്ങളിൽനിന്ന്‌ വന്നവർ 14 ദിവസം പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ ഇരിക്കണം. ഹൈ റിസ്‌ക്‌ രാജ്യങ്ങളിൽനിന്നുള്ളവർ 28 ദിവസമാണ്‌  നിരീക്ഷണത്തിലിരിക്കേണ്ടത്‌.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടാൽ 14 ദിവസം ആശുപത്രിയിലാക്കി ഐസൊലേറ്റ്‌ ചെയ്യുമോ എന്നാണ്‌ പലരുടെയും ഭയം.  ഇത്‌ തെറ്റാണ്‌. രോഗലക്ഷണം ഉള്ളവരെ മാത്രമാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്‌.  ലക്ഷണം ഇല്ലാത്തവരെ വീട്ടിൽത്തന്നെ മാറ്റിനിർത്തി ചികിത്സിക്കുന്ന രീതിയാണ്‌ പിന്തുടരുന്നത്‌.  രോഗബാധിതരുമായി ഇടപഴകിയ നിലവിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ പൊതുഇടങ്ങളിൽനിന്ന്‌  മാറ്റിനിർത്താനാണ്‌ 14 ദിവസം വീട്ടിലാക്കുന്നത്‌. ഇവരാരും രോഗികളല്ല. അഥവാ രോഗാണുക്കൾ ഉണ്ടെങ്കിൽ അത്‌ പടർത്താതെ സമൂഹത്തിന്റെ നന്മയ്‌ക്കായി മാറിനിൽക്കുന്നവരാണ്‌. അവർ വലിയ ത്യാഗമാണ്‌ സഹിക്കുന്നതെന്ന്‌ മനസ്സിലാക്കി നല്ല പിന്തുണ നൽകേണ്ടതുണ്ട്‌.

മാറ്റിനിർത്തി സംരക്ഷിക്കൽ
70 വയസ്സിന്‌ മുകളിലുള്ളവരും മറ്റ്‌ ഗുരുതര രോഗമുള്ളവരിലും മരണസാധ്യത കൂടുതലാണ്‌. ഇവരെ പൊതുസമൂഹവുമായി ഇടപഴകാതെ മാറ്റിനിർത്തുക എന്നത്‌ മരണനിരക്ക്‌ കുറയ്‌ക്കാനുള്ള പ്രധാന മാർഗമാണ്‌. പ്രതിരോധപ്രവർത്തനത്തിൽ പങ്കാളികളാകുന്നവർ ഈ വിഭാഗത്തെ മാറ്റിനിർത്തി സംരക്ഷിക്കാൻ ശ്രദ്ധ നൽകണം. 60 വയസ്സിന്‌ താഴെയുള്ള ആരോഗ്യമുള്ളവരിലും ചെറിയ കുട്ടികളിലും ഈ രോഗം ഡെങ്കിപ്പനിയേക്കാൾ കുറഞ്ഞ അപകടകാരിയാണെങ്കിലും ജാഗ്രത പുലർത്തണം.

വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കൽ
സോപ്പുപയോഗിച്ച്‌ കൈകൾ ഇരുപത്‌ സെക്കൻഡ്‌ കഴുകി രോഗാണു വാഹകരാകാതിരിക്കാൻ ശ്രദ്ധിക്കണം. തുമ്മലോ ചുമയോ ഉണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക. തുമ്മുന്നതും ചുമയ്‌ക്കുന്നതും കൈകൊണ്ടോ തൂവാലകൊണ്ടോ മറച്ച്‌ ചെയ്യുക. പൊതുസ്ഥലങ്ങളിൽ ഒരു കാരണവശാലും തുപ്പരുത്‌. അനാവശ്യമായി മുഖത്തേക്കും വായിലേക്കും കണ്ണിലേക്കും കൈ കൊണ്ടുപോകരുത്‌. സാമൂഹ്യ അകലം പാലിക്കുക. ജനസാന്ദ്രത കൂടിയ നമ്മുടെ നാട്ടിൽ സ്‌കൂൾ അടയ്ക്കാനും പൊതുചടങ്ങുകൾ ഒഴിവാക്കാനുമുള്ള സർക്കാർ നിർദേശം ഒരു രീതിയിലും വിമർശിക്കപ്പെടാതെ പിന്തുടരേണ്ടതുണ്ട്‌.


 

ഇൻക്യുബേഷൻ പിരീഡ്‌
രോഗബാധ ഉണ്ടായാൽ ലക്ഷണങ്ങൾ കാണിക്കുംവരെയുള്ള സമയമാണ്‌ ഇൻക്യുബേഷൻ പിരീഡ്‌. കോവിഡിന്‌ രണ്ടുമുതൽ 12 വരെയാണ്‌ ഇൻക്യുബേഷൻ പിരീഡ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ക്വാറന്റൈൻ സമയം 14 ദിവസത്തിലേക്ക്‌ നിജപ്പെടുത്തിയത്‌. ഈ ദിവസത്തിനുള്ളിൽ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം സാധാരണജീവിതം നയിക്കാം. അവർക്ക്‌ മറ്റ്‌ ടെസ്‌റ്റ്‌ നടത്തി രോഗമില്ലെന്ന്‌ സ്ഥിരീകരിക്കേണ്ടതുമില്ല. മറിച്ച്‌ ഇക്കാലയളവിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട്‌ ചികിത്സ തേടണം. ഒരു കാരണവശാലും മുൻകൂട്ടി അറിയിക്കാതെ ഏതെങ്കിലും ആശുപത്രി  ഒപിയിലോ എമർജൻസി വിഭാഗത്തിലോ ചികിത്സ തേടരുത്‌. അങ്ങനെ ഉണ്ടായാൽ പലരുമായി സമ്പർക്കമുണ്ടായി രോഗവ്യാപനമുണ്ടാകും.

തൊണ്ടയിലെ സ്രവങ്ങൾ പിസിആർ ടെസ്‌റ്റ്‌ വഴി പരിശോധിച്ചാണ്‌ രോഗനിർണയം  നടത്തുന്നത്‌. പരിശോധന സൗകര്യമുള്ള  52 ലാബിൽ മൂന്നെണ്ണവും കേരളത്തിൽ ആണെന്നത്‌ ആശ്വാസവും അഭിമാനവുമാണ്‌. തിരുവനന്തപുരം, കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജുകൾ, ആലപ്പുഴ വൈറോളജി സെന്റർ എന്നിവിടങ്ങളിൽ പരിശോധന നടന്നുവരുന്നു.  ശാസ്‌ത്രീയവശങ്ങൾ  മനസ്സിലാക്കി കേരളമോഡൽ കോവിഡ്‌ പ്രതിരോധത്തിന്‌ നാം ഓരോരുത്തരും തയ്യാറാകണം. വൈറസിന്‌ ഇരകളായേക്കാവുന്ന ഒരു ജനതയെ കരുതലോടെ മാറ്റിനിർത്തി സംരക്ഷിക്കലും ഈ ആരോഗ്യയുദ്ധത്തിലെ ഒരു പ്രധാനമുറയാണ്‌. ഭയപ്പെടാതെ സ്വയം കരുതിയും മറ്റുള്ളവരെ കരുതിയും ഏകസ്വരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം നിന്നാൽ വൈറസിനെ തുരത്താനാകുമെന്നുറപ്പ്‌.

( കോഴിക്കോട്‌  ബേബി മെമ്മോറിയൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ തലവനാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top