04 July Saturday

കോവിഡും തദ്ദേശഭരണവും

പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻUpdated: Wednesday Jun 3, 2020

കോവിഡ് രോഗബാധയും തുടർന്നുണ്ടായ പ്രതിസന്ധികളും ലോകസമ്പദ്ഘടനയിൽതന്നെ വ്യാപകമായ അഴിച്ചുപണിക്ക് വഴിയൊരുക്കിയിരിക്കുന്നു. സാമ്പത്തികരംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കാൻ  ലോകരാജ്യങ്ങളിൽ മിക്കതും സർക്കാരിന്റെ നേരിട്ടുള്ള ധനസഹായങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ദേശീയ വരുമാനത്തിന്റെ പത്തിലൊന്നുമുതൽ നാലിലൊന്നുവരെ പല രാജ്യങ്ങളും വകയിരുത്തിക്കഴിഞ്ഞു. പല രാജ്യങ്ങളും ആരോഗ്യമടക്കമുള്ള അവശ്യസേവനരംഗങ്ങൾ ദേശസാൽക്കരിക്കുന്നു. എന്തായാലും, കമ്പോളത്തിന്റെ മേൽക്കൈയിൽ ഊന്നിയ ആഗോളവൽക്കരണത്തിലേക്കുള്ള തിരിച്ചുപോക്ക് ഇനി അസാധ്യമാണ്. പകരം, തദ്ദേശീയവും പ്രാദേശികവുമായ ആസൂത്രിത ഇടപെടലുകൾ ഏറെ പ്രസക്തമാകുന്ന ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.
പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള “ഇറക്കുമതി ബദൽ’ സാമ്പത്തികനയമായിരുന്നു ഇന്ത്യയിൽ തുടർന്നുവന്നത്. 1991 മുതൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ആഗോളവൽക്കരണനയങ്ങളിൽ ഊന്നിയ നടപടികൾ അതൊക്കെ പാടെ ഇല്ലാതാക്കി. എന്നാൽ ഇവർ, 73, 74 ഭരണഘടനാ ഭേദഗതികൾ നടപ്പാക്കിയിരുന്നു. ബിജെപി അധികാരത്തിൽ വന്നതോടെ, ആസൂത്രണ കമീഷനും ആസൂത്രണപ്രക്രിയതന്നെയും ഇല്ലാതായി. ഇപ്പോഴത്തെ കേന്ദ്രസർക്കാരിന്റെ അജൻഡയിൽ തദ്ദേശഭരണമില്ല. കോവിഡ്പോലുള്ള വൻദുരന്തം രാജ്യത്തെ മൊത്തം ബാധിച്ചപ്പോൾ അതിനെ നേരിടാൻ സഹായിക്കുന്ന ഒരു ദേശീയ കർമപരിപാടി തയ്യാറാക്കാനും നടപ്പാക്കാനും കഴിയാതെ ഇന്ത്യ ഇന്ന് വിറങ്ങലിച്ച് നിൽക്കുകയാണ്. ലോക്ഡൗണിൽമാത്രം ഒതുങ്ങിയ ഇന്ത്യയുടെ രോഗപ്രതിരോധ നടപടികൾ ദരിദ്രജനങ്ങളുടെ ഉപജീവനത്തിലും ചികിത്സയ്ക്കായുള്ള പ്രാഥമിക ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാരിന്റെയും ഇവിടത്തെ തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നത്. സംസ്ഥാന സർക്കാരിന്റെ പൊതുലക്ഷ്യം, ഇവിടത്തെ ആരോഗ്യസംവിധാനത്തിനും സമൂഹത്തിനും കൈകാര്യം ചെയ്യാൻ കഴിയുന്ന തലത്തിലേക്ക് രോഗവ്യാപനത്തെ പരിമിതപ്പെടുത്തുക എന്നതായിരുന്നു. സർക്കാർ നടപടികൾക്ക് രണ്ട് തലമുണ്ടായിരുന്നു. ഒന്ന്, രോഗത്തെ ചികിത്സിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. രണ്ട്, രോഗികളും അല്ലാത്തവരുമായ എല്ലാ ജനങ്ങളെയും അവരുടെ ജീവിതത്തെയും സംരക്ഷിക്കുക. ഇതിനുവേണ്ടി സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെ കാര്യക്ഷമമാക്കി; വേണ്ട മാർഗനിർദേശങ്ങൾ നൽകി; സാമ്പത്തിക സഹായങ്ങൾ എത്തിച്ചു. തുടർന്നുനടന്ന പ്രവർത്തനങ്ങളെല്ലാം നിർവഹിച്ചത് തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്.

തദ്ദേശഭരണതലത്തിൽ രണ്ട് കൈവഴിയായാണ് പ്രവർത്തനങ്ങൾ നടന്നത്. ഒന്ന്, അവർക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ വഴിയുള്ള ഏതാണ്ടൊരു ഔപചാരിക രീതി. രണ്ട്, ആവശ്യങ്ങൾക്കനുസരിച്ച് പ്രാദേശികമായി രൂപപ്പെടുകയും സന്നദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ജനകീയ കൂട്ടായ്മകൾ വഴി. കുടുംബശ്രീ, ആശാപ്രവർത്തകർ, പെയിൻ പാലിയേറ്റീവ് സംവിധാനം, സന്നദ്ധസേന, പ്രാദേശിക ക്ലബ്ബുകൾ, വായനശാലകൾ, യുവജനസംഘടനകൾ, സർവോപരി രാഷ്ട്രീയപാർടികൾ എന്നിവയെല്ലാം പരസ്പരം ഇഴുകിച്ചേർന്ന ഒരു സംവിധാനമാണ് ഇതിനായി പ്രവർത്തിച്ചത്. ഭക്ഷണക്കിറ്റുകൾ തയ്യാറാക്കുന്നതിനും സന്നദ്ധപ്രവർത്തകർ സ്തുത്യർഹമായി പ്രവർത്തിച്ചു.  മാസ്ക് നിർമാണം, വിതരണം, സാമൂഹ്യ അകലം പാലിക്കൽ, ഇതിനായുള്ള മൈക്ക് പ്രചാരണം, മരുന്ന്, ഭക്ഷണം, പെൻഷൻ വിതരണ കേന്ദ്രങ്ങളിലെ പ്രത്യേക സംവിധാനങ്ങൾ, സോപ്പ് കൂട്ടി കൈകഴുകാനുള്ള സൗകര്യങ്ങളുടെ വർധിച്ച ലഭ്യത, സാനിറ്റൈസർ നിർമാണം, ഉപയോഗം എന്നിവയെല്ലാം ഒരു ഭാഗത്ത് സംഘടിപ്പിക്കപ്പെട്ടു.

മറ്റൊരു മാതൃകാ പ്രവർത്തനമാണ് ‘സമൂഹ അടുക്കള’. ഇതിലേക്കുള്ള ഉൽപ്പന്ന പിരിവ്, പണം സംഭാവന, ശാരീരിക അധ്വാനം, വൈവിധ്യമാർന്ന ഭക്ഷണം തയ്യാറാക്കൽ, വിതരണം ചെയ്യൽ എന്നിവയെല്ലാമുള്ള കാര്യങ്ങൾ സൂക്ഷ്മമായിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, തദ്ദേശസ്ഥാപനങ്ങളുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ, ഇനിയും മറികടക്കേണ്ട ചിലപരിമിതികളുണ്ട്. അതിൽ പ്രധാനം, തദ്ദേശസ്ഥാപനങ്ങൾ മൂന്നാമത്തെ തലത്തിലുള്ള സർക്കാരുകളായി ഇനിയും മാറിയിട്ടില്ലെന്നതാണ്; അങ്ങനെയായി മാറേണ്ടതുണ്ട്; ലഭ്യമായ അധികാരം പ്രയോഗിക്കേണ്ടതുണ്ട്. ഇനിയും കൂടുതൽ അധികാരങ്ങൾക്കായി ശബ്ദമുയർത്തേണ്ടതുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴെങ്കിലും ഈ തലത്തിലേക്ക് ഉയർന്നുവരാൻ കഴിയണം.
കോവിഡും ലോക്ഡൗണുമെല്ലാം ഏതാനും ആഴ്ചകൾക്കകം ശമിക്കുമെന്ന് പ്രത്യാശിക്കാം. തുടർന്ന്, കേരളം പ്രവേശിക്കുന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ആയിരിക്കും. ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ടുകാലത്തെ അനുഭവങ്ങളും പ്രളയകാലത്തെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കൊറോണക്കാലത്തെ സാമൂഹ്യകൂട്ടായ്മയും വരച്ചുകാണിക്കുന്ന വ്യക്തമായ ചില ചിത്രങ്ങളുണ്ട്. അവ തെരഞ്ഞെടുപ്പുവേളയിൽ വിപുലമായി ചർച്ചചെയ്യേണ്ടതുണ്ട്. അതിൽനിന്ന് ഉരുത്തിരിയുന്ന പ്രവർത്തന പരിപാടികളുമായിവേണം പുതിയ ഭരണസമിതികൾ തങ്ങളുടെ പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. അതിന്റെ പൊതുലക്ഷ്യം ദുരന്താനന്തര കേരളത്തിന്റെ കേവലമായ അറ്റകുറ്റപ്പണിയാകരുത്; തികച്ചും വ്യത്യസ്തമായ പുതിയൊരു കേരളംതന്നെ സൃഷ്ടിക്കുക എന്നതാകണം.  ഓരോ രംഗത്തും പ്രയാസമനുഭവിച്ച ജനങ്ങളുമായുള്ള ചർച്ചകളിലൂടെ അഭിപ്രായരൂപീകരണം നടക്കണം. അതുവഴി പുതിയ നയസമീപനവും പ്രവർത്തന പരിപാടികളും ഉണ്ടായിവരണം.

എല്ലാ രംഗങ്ങളിലും സ്വയം പര്യാപ്തത എന്നത് ഇക്കാലത്ത് അസാധ്യമാണ്; അപ്രായോഗികവുമാണ്. എന്നാൽ, ലഭ്യമായ വിഭവങ്ങളെ ആസൂത്രിതമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഭക്ഷ്യവസ്തുക്കളിലും മറ്റ് നിത്യോപയോഗ സാധനങ്ങളിലും അനുയോജ്യമായ ചേരുവകൾ നിർണയിച്ചെടുക്കാൻ കഴിയും. പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, വാഴ, കിഴങ്ങുകൾ എന്നിവയും കൃഷിചെയ്യാം. മണ്ണിനെയും വെള്ളത്തെയും ഒന്നിച്ച് പരിഗണിക്കുന്ന ഭൂജലപരിപാലനം പ്രാദേശിക ആസൂത്രണത്തിന്റെ അവശ്യ ഉപാധിയാണ്. ഇതിന്റെ ലക്ഷ്യം മണ്ണിനെയും വെള്ളത്തെയും മെച്ചപ്പെടുത്തുക, സംരക്ഷിക്കുക, ആസൂത്രിതമായി ഉപയോഗിക്കുക എന്നിങ്ങനെയാകണം. കേരളത്തിലെ സംഘടിതമായ അധ്വാനശേഷിയെ പ്രതിസന്ധി ഘട്ടത്തിലല്ലാത്തപ്പോഴും ഉപയോഗിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനപരിപാടി ഒരു തരം
“തൊഴിൽ ബാങ്ക് ‘ പദ്ധതിയെപ്പറ്റിയും ഗൗരവമായി ആലോചിക്കണം.

ഈ ഒരു സംഘടനാരീതിയിൽ പരമാവധി പരിഗണന നൽകേണ്ടത് കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമാണ്. ഉപയോഗ്യമായ തരിശ് പൂർണമായും കൃഷി ചെയ്യാൻ കഴിയണം. തെങ്ങിൻതോപ്പുകളിൽ അഥവാ പറമ്പുകളിൽ ധാരാളം ഇടവിള സാധ്യതകളുണ്ട്. ഇവിടെ കരനെല്ല്, കിഴങ്ങുകൾ, പച്ചക്കറി, ഫലവൃക്ഷം, വാഴ എന്നിവയുടെ കൃഷി വ്യാപിപ്പിക്കണം. ഏത് കൃഷി ആയാലും അതിന്റെ സംഘാടനം ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനെ ലക്ഷ്യമിട്ടായിരിക്കണം. അനുയോജ്യമായ ആധുനികവൽക്കരണം നിർബന്ധമാക്കണം. പണിയായുധങ്ങൾ പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് നിർമിക്കുന്നതിനുള്ള ചെറിയ ഉൽപ്പാദനശാലകളെപ്പറ്റിയും ആലോചിക്കേണ്ടതാണ്. മണ്ണ്, വെള്ളം, മനുഷ്യാധ്വാനം എന്നിവയെ സമഗ്രമായി കണ്ടുകൊണ്ടുള്ള ആസൂത്രണം സ്വാഭാവികമായും പുതിയതരം തൊഴിലവസരങ്ങൾക്കിടയാക്കും.

പ്രാദേശിക ഉത്സവങ്ങൾ, ആഘോഷങ്ങൾ, ചരിത്രം, പ്രകൃതിഭംഗി, പഴയ കൊട്ടാരങ്ങൾ, ചുവർ ചിത്രങ്ങൾ എന്നിവയൊക്കെയായി ബന്ധപ്പെടുത്തിയുള്ള പ്രാദേശിക ടൂറിസ്റ്റ് സംരംഭങ്ങൾ നന്നായി സംഘടിപ്പിക്കാൻ കഴിയും. കേന്ദ്രീകൃത ആസൂത്രണത്തിൽപ്പോലും വില കൽപ്പിക്കാത്ത രീതിയിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് കോവിഡ് കാലത്ത് ബോധ്യപ്പെട്ടതാണ്. ആസൂത്രണകമീഷൻ നിലവിലുണ്ടായിരുന്നെങ്കിൽ ഈ മഹാമാരിയെ നേരിടാൻ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് ഒരു ദേശീയ കർമപരിപാടിയും വിഭവസമാഹരണവും നടക്കുമായിരുന്നു. “നിതി ആയോഗ്’ എന്നത് ഒരു രാഷ്ട്രീയ ചർച്ചപോലും നടത്താൻ കെൽപ്പില്ലാത്ത ഏതാനും ഉദ്യോഗസ്ഥരുടെ ഒരു കൂടാരം മാത്രമാണ്. അതുകൊണ്ടുതന്നെ ഭാവി, പ്രാദേശിക ആസൂത്രണത്തിന്റേതാണെന്നതിൽ സംശയമില്ല.


പ്രധാന വാർത്തകൾ
 Top