26 May Tuesday

ഇനിയും സമയം നഷ്ടമായിട്ടില്ല

ഡോ. ജയപ്രകാശ് ആര്‍Updated: Monday Apr 6, 2020

കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്ത് മൂന്ന്‌ ആഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ  12 ദിവസം പിന്നിട്ടിരിക്കുന്നു. ലോക്ക്‌ഡൗൺ പിന്നിടുകയെന്നത് അതീവ ദുഷ്കരമാണെന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അതിൽ ധനികനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ ഒരു വ്യത്യാസവും ഇല്ല. എന്നാൽ, ഈ കാലത്തെ ഫലവത്തായി ഉപയോഗപ്പെടുത്തിയവരും ഉണ്ട്. നമുക്ക് ഇനിയും കുറച്ചുദിവസം കുടുംബത്തിനുള്ളിൽ ഒതുങ്ങിക്കൂടി ഇതേപോലെതന്നെ കഴിച്ചുകൂട്ടേണ്ടതാണ്‌. അതുകൊണ്ട് എങ്ങനെ നമ്മൾ പിന്നിട്ടുവെന്നത് വ്യക്തികൾതൊട്ട് കുടുംബം ഒന്നാകെ കൂട്ടായി ഒരു സ്വയംപരിശോധന നടത്തുന്നത് നല്ലതായിരിക്കും.

അത് ഇനി നമ്മൾ പിന്നിടാനിരിക്കുന്ന ദിവസം കൂടുതൽ ഫലവത്തായി ഉപയോഗിക്കുന്നതിന്‌ സഹായകരമായിരിക്കും. ഇത്  മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്താനായി പാടില്ല . മറിച്ച് തികച്ചും ജനാധിപത്യപരമായ ഒരു പരിശോധന ആയിരിക്കണം. വിലയിരുത്തൽ ഒരിക്കലും ഏകപക്ഷീയമാകാൻ പാടില്ല. മുഖ്യമന്ത്രി പതിവ് സായാഹ്ന പത്രസമ്മേളനത്തിൽ പറയാറുള്ളതുപോലെ കുടുംബത്തിനുള്ളിൽ ജനാധിപത്യം പുലരുന്നതിന് അത് അത്യന്താപേക്ഷിതമാണ്. അത് കുടുംബമെന്ന സ്ഥാപനത്തിന്റെ ഗുണപരമായ മാറ്റത്തിനായിരിക്കണം.

ഇത്തരമൊരു സ്വയംപരിശോധന കുടുംബം ഒന്നടങ്കം നടത്തുമ്പോൾ പ്രധാനമായി ഉയർന്നുവരുന്ന ചോദ്യം കഴിഞ്ഞ ഒരാഴ്ചക്കാലം കുടുംബത്തെ വീണ്ടെടുക്കാൻ നമ്മൾ ഓരോരുത്തരും എന്ത് ചെയ്തുവെന്നതാണ്. വ്യക്തിപരമായി ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടമുള്ള പ്രവൃത്തിയിൽ ഏർപ്പെടുകയുണ്ടായോ? കുട്ടികൾക്ക് ശ്രദ്ധ നൽകിയോ? അവരുടെ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുന്നതിന് അവസരം നൽകിയോ? മുതിർന്നവരുമായി സമയം പങ്കിട്ടുവോ? എന്നിങ്ങനെ നിരവധിയായ ചോദ്യങ്ങൾ  ഉയർന്നുവരേണ്ടതുണ്ട്. ജനാധിപത്യപരമായി എല്ലാവരും അഭിപ്രായം പറയട്ടെ. ജനാധിപത്യപരമായ ചർച്ചയും പരിശോധനയും ഉണ്ടാകുന്നതിന് കുടുംബത്തിലെ ഗൃഹനാഥൻ മുൻകൈ എടുക്കേണ്ടതുണ്ട്. തനിക്കും അഭിപ്രായം പറയാം എന്ന്‌ എല്ലാവർക്കും തോന്നിപ്പിക്കുന്നതാകണം ഗൃഹനാഥന്റെ സമീപനം. പരമ്പരാഗതമായി പുരുഷാധിപത്യത്തിലധിഷ്ഠിതമായ നമ്മുടെ കുടുംബസങ്കൽപ്പത്തിൽ ഇത്തരമൊരു മാറ്റം അത്യാവശ്യമാണ്.

കൂട്ടായി കുടുംബത്തെ വീണ്ടെടുക്കാം


കുട്ടികളുമായി വരുന്ന അച്ഛന്മാർ സ്ഥിരമായി പറയുന്ന ഒരു പല്ലവിയുണ്ട്. ""ഞാൻ രാവിലെ ഇറങ്ങിപ്പോകും.... വൈകിട്ടാണ് വരിക..... കുട്ടികളുമായും കുടുംബവുമായും സമയം ചെലവഴിക്കാൻ കിട്ടാറില്ല....'' മറ്റ് ചിലപ്പോൾ പറയുക ഇങ്ങനെയായിരിക്കും. ""കുട്ടി അങ്ങ് വലുതായി..... ഞാൻ അറിഞ്ഞതേയില്ല.... '' തികച്ചും സ്വാഭാവികമായ ഏറ്റുപറച്ചിലുകളാണിവ. ശരിയാണ്. എല്ലാ കുടുംബങ്ങളിലും എല്ലാ ജനവിഭാഗങ്ങളിലും മാതാപിതാക്കൾ തിരക്കിലാണ്. ഭൂരിപക്ഷം കുടുംബങ്ങളും അണുകുടുംബങ്ങളായി. മിക്ക കുടുംബങ്ങളിലും രണ്ടുപേരും ജോലിക്ക് പോകുന്നുണ്ട്. ഇത് ചെലവേറിയ കുടുംബ സാഹചര്യത്തിൽ അത്യാവശ്യവുമാണ്. സ്വാഭാവികമായും സന്തോഷകരമായി സമയം ചെലവഴിക്കുന്നത് വളരെ കുറവാണ്. ഇതാണ് മിക്ക കുടുംബപ്രശ്നങ്ങളുടെയും അടിസ്ഥാനം.  ഭാര്യക്കും ഭർത്താവിനും പരസ്പരം മനസ്സിലാക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സാവകാശം കിട്ടുന്നില്ല. ഇത് നിരവധിയായ തെറ്റിദ്ധാരണകൾക്കും വഴിവയ്‌ക്കുന്നു. ഇത്തരം സാഹചര്യം കുട്ടികളുടെ വളർച്ചയെയും വികാസത്തെയും സ്വഭാവരൂപീകരണത്തെയും ദോഷമായി ബാധിക്കും.ലോക്ക്‌ഡൗൺ കാലത്ത് വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുക എന്നത് നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ലോക്ക്‌ഡൗൺ എങ്ങനെ ഫലവത്താക്കാമെന്ന ചർച്ച അച്ചടി-ദൃശ്യമാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്. മുഖ്യമന്ത്രി ദിവസവും ഈ വിഷയത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നുണ്ട്. കുടുംബത്തെ വീണ്ടെടുക്കുന്നതിന് ചില നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കാം.

ഓരോരുത്തരും സ്വയം ചെയ്യേണ്ടവ


ഓരോരുത്തരും തങ്ങൾക്കിഷ്ടമുള്ള പ്രവൃത്തികളിൽ വ്യാപൃതരാകുകയാണ് വേണ്ടത്. തിരക്കുമൂലം ചെയ്യാൻ കഴിയാതെ മാറ്റിവച്ച ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുന്നതിന് പറ്റിയ അവസരമാണിത്. വായന, എഴുത്ത്, ചിത്രരചന, അഭിനയം, പാട്ട് പാടൽ, പാചകം പരീക്ഷിക്കൽ എന്നിങ്ങനെ എന്തുമാകാം. അനുഭവം കുടുംബത്തിലെ മറ്റുള്ളവരുമായി പങ്കിടുക. മറ്റുള്ളവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് അത് പ്രചോദനമാകട്ടെ. തങ്ങളുടെ സുഹൃത്തുക്കളുമായുള്ള ബന്ധം വീണ്ടെടുക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തുക. ബാല്യകാലസുഹൃത്തുക്കളെ വീണ്ടെടുക്കുന്നത് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായിത്തീരും.

കുട്ടികൾക്ക് ശ്രദ്ധ നൽകാം

|കുട്ടികളുമായി സമയം ചെലവഴിക്കുന്നതിന് നമുക്ക് തിരക്കേറിയ ജീവിതത്തിൽ സാധിക്കാറില്ല. അതിന് നമുക്ക് ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. അവരുടെ ഇഷ്ടങ്ങൾ, താൽപ്പര്യങ്ങൾ, സ്വഭാവരീതി എന്നിവ മനസ്സിലാക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തുക. പാട്ട് പാട്ടുക, ഡാൻസ് ചെയ്യുക, ചിത്രം വരയ്‌ക്കുക, എഴുതുക..... എന്നിങ്ങനെ താൽപ്പര്യങ്ങൾ  പ്രോത്സാഹിപ്പിക്കുക. അവരുടെ രചനകൾ കണ്ട് അഭിപ്രായം പറയുന്നത് പ്രോത്സാഹനമായിത്തീരും. അവർ നിങ്ങളുടെ സാമീപ്യം ഇഷ്ടപ്പെടും.  കൗമാരക്കാരാണെങ്കിൽ ഇഷ്ടവിഷയത്തിൽ സംസാരിക്കുക. ജനാധിപത്യപരമായി അഭിപ്രായം പറയുന്നതിന് അവസരം നൽകുക. ഈ ചെറിയ വേളയിൽ അവരിലെ ദുർഗുണങ്ങൾ മാറ്റിയെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.

മുതിർന്നവരുമായി സമയം ചെലവഴിക്കുക

മാതാപിതാക്കളുടെ സുഖവിവരങ്ങൾ അന്വേഷിക്കുക. ഒപ്പമുണ്ടെങ്കിൽ അവരുമായി സമയം ചെലവഴിക്കുക. കുട്ടിക്കാലത്തെ അനുഭവങ്ങൾ അയവിറക്കുക. അത് വലിയ പ്രചോദനമായിത്തീരും. മക്കൾക്ക് തങ്ങളോട് സ്നേഹമുണ്ടെന്ന് അറിയട്ടെ. മറ്റ് വീടുകളിലാണെങ്കിൽ അവരെ ഫോണിൽ ബന്ധപ്പെടുക. ഇപ്പോൾ വീഡിയോ കോൾ അടക്കം നടത്താനുള്ള സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താം.

കുടുംബവേളകൾ സൃഷ്ടിക്കുക

കുടുംബം ഒന്നടങ്കമായി ഇഷ്ടപ്രവർത്തനങ്ങളിൽ മുഴുകുക. രാവിലെ ആണെങ്കിൽ അടുക്കളയിൽ സഹായിക്കലാകാം. ഇത്തരം ചില ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇനിയും തുടരട്ടെ. കുട്ടികൾക്കും അമ്മയ്‌ക്കും അച്ഛനും ഒന്നടങ്കം അടുക്കള പ്രവൃത്തിയിൽ വ്യാപൃതരാകാം. ഇത് കുട്ടികളിലും പ്രത്യേകിച്ച് ആൺകുട്ടികളിൽ സമാനമായ സ്വഭാവം സൃഷ്ടിക്കുന്നതിന് സഹായകരമാകും. ഭാവിയിൽ ഇത് പ്രയോജനകരമായിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. കുട്ടികളുടെ  പാട്ട്, ഡാൻസ്.... എന്നിങ്ങനെ അവരെ പ്രോത്സാഹിപ്പിക്കുക. മുതിർന്ന മാതാപിതാക്കളെയും ഇതിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ടെറസ് കൃഷി, ഗാർഡനിങ്.... എന്നിങ്ങനെയുള്ളതിലും ഒരുമിച്ച് പങ്കെടുക്കാം.

മദ്യാസക്തി

കുടുംബത്തിൽ മദ്യാസക്തി ഉള്ളവരുണ്ടെങ്കിൽ അതൊരു പ്രശ്നമാണ്. അവരിൽ ഇതിനകം വിത്ഡ്രാവൽ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടാകാം. അവരെ സമീപത്തുള്ള വിമുക്തിയിലോ ഡീ അഡിക്‌ഷൻ സൗകര്യമുള്ള ആശുപത്രികളിലോ കൊണ്ടുപോയി ചികിത്സിക്കുക. ഒട്ടും ഭയപ്പെടേണ്ടതില്ല. വിജയകരമായി ചികിത്സിച്ച് മദ്യവിമുക്തരാക്കാം.
ചുരുക്കത്തിൽ ലോക്ക്‌ഡൗൺ കാലത്തെ കഴിഞ്ഞകാലം ഫലപ്രദമായി ചെലവഴിക്കാൻ സാധിച്ചിട്ടില്ലെങ്കിലും സാരമില്ല. സമയം നഷ്ടപ്പെട്ടിട്ടില്ല. ഇനിയും ദിവസങ്ങളുണ്ട്. കൂട്ടായി യത്നിച്ച് കുടുംബത്തെ വീണ്ടെടുക്കാം.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ  പീഡിയാട്രിക്സ് ചൈൽഡ് സൈക്യാട്രിസ്റ്റ് വിഭാഗം അഡീഷണൽ പ്രൊഫസറാണ്‌ ലേഖകൻ)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top