15 July Wednesday

കേന്ദ്രം വിഭവസമാഹരണം നടത്തണം

കെ പി കണ്ണൻUpdated: Monday Apr 20, 2020

ലോകത്ത് ഒരു രാജ്യത്തിനും ഇത് സാധാരണകാലമല്ല. രാജ്യങ്ങളുടെയാകെ ആഗോളവൽക്കരണവും ഉദ്ഗ്രഥനവും എത്ര വേഗത്തിലാകുമെന്ന്- വിനാശകരമായ രീതിയിലാണെങ്കിലും കോവിഡ്–-19  തെളിയിച്ചുകാട്ടി.  ഉദാസീന സമീപനത്തിന് പാശ്ചാത്യരാഷ്ട്രങ്ങൾ വൻവിലയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും അതേ തോതിൽ രോഗവ്യാപനമുണ്ടായാൽ നാം നൽകേണ്ടിവരുന്ന വിലയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞെട്ടിപ്പോകും. പൊതുജനാരോഗ്യ സമ്പ്രദായത്തോട് ഇന്ത്യ പൊതുവേ കാണിക്കുന്നത്‌ അവഗണനയാണ്‌. - ജനതയിൽ മൂന്നിൽരണ്ടുഭാഗത്തിനും അന്നന്നത്തെ അഷ്ടിക്കുതന്നെ കഷ്ടപ്പെടേണ്ടിവരുന്ന കാലത്ത്, കോവിഡ്–-19 വഴിയുള്ള ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാവുന്ന പട്ടിണിപ്രതിസന്ധി വൻ ജനസാമാന്യത്തെയാകെ ബാധിക്കും. തൊഴിൽശക്തിയുടെ 90 ശതമാനത്തിനും പറയാൻ ഒരു തൊഴിലും സാമൂഹ്യസുരക്ഷയും ഇല്ലെന്നിരിക്കെ, ലോക്ക്ഡൗൺ അവരെ സംബന്ധിച്ചിടത്തോളം പണിയും കൂലിയും ഇല്ലെന്ന അവസ്ഥയാണ്. കുടുംബം പോറ്റാനുള്ള മാർഗവുമില്ലാത്തതുകൊണ്ട് സർക്കാർ പൂർണമായി അവരെ പിന്തുണയ്‌ക്കണം. വേലയും കൂലിയുമില്ലാത്ത തൊഴിൽശക്തിയുടെ ഒരേകദേശ കണക്ക് എന്താണെന്നോ? ഒരു മാസം മൂന്നരലക്ഷം കോടി രൂപയാണ് ഈ അരക്ഷിതരായ, അനൗപചാരികമേഖല എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിന് വരുന്ന വരുമാനനഷ്ടം.

ലോക്ക്‌ഡൗണിന്റെ സാമ്പത്തികഅർഥം, ഒരേ സമയത്തുള്ള ഡിമാന്റിന്റെയും സപ്ലൈയുടെയും (ചോദനവും വിതരണവും)സങ്കോചമെന്നാണ്. അതാകട്ടെ,  ഈ വലിയ സമ്പദ്‌വ്യവസ്ഥയെ നിശ്ചലമാക്കിയിരിക്കുന്നു. ദേശീയവരുമാനത്തിന്റെ ചെറിയൊരംശമെങ്കിലും നിലനിർത്തുന്നതിൽ ഗണ്യമായ സംഭാവനയർപ്പിക്കുന്നത് ആരോഗ്യസംവിധാനത്തെ അമിതമായി പണിയെടുപ്പിക്കുന്നതിനും, അതിനുവേണ്ട പിന്തുണസംവിധാനം ഒരുക്കുന്നതിനും ചുരുങ്ങിയ ഭക്ഷണവും മരുന്നും ഒരുക്കുന്നതിനുമുള്ള ചെലവാണ് എന്നതാണ് വിചിത്രം. ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ്–-19 വ്യാപനവും അതുവഴി ഉണ്ടായേക്കാവുന്ന  മരണങ്ങളും ഒഴിവാക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ചേക്കാവുന്ന കൂട്ടമരണങ്ങളും പട്ടിണിയും മരണവും ഭയന്നുണ്ടാകാവുന്ന സാമൂഹ്യാസ്വസ്ഥതകളും എങ്ങനെ ഒഴിവാക്കാം എന്നതാണ്‌.

അസാധാരണ സന്ദർഭങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടുന്നു. തറവാട്ട് കിണ്ണംപോലും വൻകിട മുതലാളിമാർക്ക് തൂക്കി വിറ്റ്, കേന്ദ്രഗവൺമെന്റ്‌ മിനിമം സർക്കാർ എന്ന നിയോലിബറൽ വാചാടോപം നടത്തിക്കൊണ്ടിരിക്കുമ്പോൾ സംസ്ഥാനങ്ങളാണ് ജനങ്ങളെയും അവരുടെ ജീവനോപാധികളെയും സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തെയും സംരക്ഷിക്കുന്നത്.


 

ആരോഗ്യപ്രതിസന്ധിയും ജീവനോപാധി പ്രതിസന്ധിയും നേരിടാൻ സംസ്ഥാന സർക്കാരുകളാണ് പോരടിച്ചുകൊണ്ടിരിക്കുന്നത്. അവിടെ കേന്ദ്ര സർക്കാരിന്റെ മുൻകൈയുള്ള സന്ദർഭങ്ങൾ വളരെക്കുറവാണ്. ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തിൽ കുറവായ സാമ്പത്തികാശ്വാസ പാക്കേജ് യഥാർഥത്തിൽ വെറും അരശതമാനമോ അതിനടുത്തോ മാത്രമേ വരൂ.  സംസ്ഥാനങ്ങൾ ഓരോന്നായി ഏറ്റെടുക്കേണ്ടിവരുന്ന  ബാധ്യതയുടെ വ്യാപ്തി മനസ്സിലാക്കുമ്പോൾ കോവിഡ് പ്രതിരോധത്തിന് വെറും 15,000 കോടി രൂപയുടെ സാമ്പത്തിക നീക്കിയിരിപ്പ് നടത്തി എന്നത് ഒരു ക്രൂരമായ തമാശയായേ തോന്നൂ.

വൻകിട ബിസിനസ് താൽപ്പര്യങ്ങളോട് കടുത്ത പക്ഷപാതിത്വം കാട്ടുന്ന ഒരാൾ പ്രസിഡന്റായിരുന്നിട്ടുകൂടി അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തികാശ്വാസ പാക്കേജ് ദേശീയവരുമാനത്തിന്റെ 10 ശതമാനത്തിനടുത്തുവരും. 375 ദശലക്ഷം  ബ്രിട്ടീഷ് പൗണ്ട് വരും, അത്രതന്നെ യാഥാസ്ഥിതികമായ ഭരണനേതൃത്വമുള്ള ബ്രിട്ടനിലെ പാക്കേജ്. അവിടത്തെ ദേശീയ വരുമാനത്തിന്റെ 17 ശതമാനമാണത്.  ഇന്ത്യാ ഗവൺമെന്റിന്റെ  പ്രതികരണം ഒരു രാഷ്ട്രീയദുരന്തമല്ലാതെ മറ്റൊന്നുമല്ല. ഇതാകട്ടെ, ക്ഷമാശീലരും കാത്തുനിൽക്കാൻ എന്നും സന്നദ്ധരുമായ ഇന്ത്യൻജനത ഒട്ടും അർഹിക്കുന്നില്ല. അവശ്യവിഭവങ്ങൾ സമാഹരിക്കാൻ കേന്ദ്ര ഗവൺമെന്റിന് മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണോ.

ഒരു സ്വതന്ത്രപരമാധികാര ദേശീയ ഗവൺമെന്റിന്‌ വിഭവങ്ങൾ സമാഹരിക്കാനും അത് പണിയെടുക്കുന്ന മനുഷ്യരുടെ ഫലപ്രദമായ ചോദനം ഉറപ്പുവരുത്തുംവിധം ചെലവഴിക്കാനും ഏറെ മാർഗങ്ങളുണ്ട്. അത്തരം പണം  ചെലവാക്കുക വഴി തകർന്നുകൊണ്ടിരിക്കുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനുമാകും. സർക്കാരിനുമുമ്പിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുക എന്ന ഒരു മാർഗവുമുണ്ട്. ദേശീയ പ്രതിസന്ധിയുടെ കാലത്ത് ബജറ്റ് നീക്കിയിരുപ്പുകളുടെ പുനഃക്രമീകരണം ആവശ്യമായി വരും. സംസ്ഥാനങ്ങൾ സാമ്പത്തിക സമ്മർദംകൊണ്ട് ചാഞ്ചാടുകയാണ്. അവർക്ക് പണമെത്തിച്ചുകൊണ്ട് ഇതിന് പരിഹാരം കാണണം. ഒരു ചർച്ചയ്ക്ക് കളമൊരുക്കാൻ  ചില ഉദാഹരണങ്ങൾ മുന്നോട്ടുവയ്‌ക്കുകയാണ്. ദേശീയ വരുമാനത്തിന്റെ 10 ശതമാനത്തോടടുത്ത ഒരു സംഖ്യ കോവിഡ് പ്രതിസന്ധിക്കും ജീവനോപാധി പ്രതിസന്ധിക്കും എതിരായി പോരാടാനായി നീക്കിവയ്‌ക്കുക. അത് 20.1 ലക്ഷം കോടി വരും. ധനകമ്മി ഇരട്ടിയാക്കിയാൽ ഇതിനുപുറമെ 10.9 ലക്ഷം കിട്ടും. (ദേശീയ വരുമാനത്തിന്റെ  2.2 ശതമാനം കൂടുതലായി കേന്ദ്രസർക്കാരിനും 3 ശതമാനം സംസ്ഥാന ഗവൺമെന്റുകൾക്കും അധികമായി കിട്ടും) അത് പുതിയ പണമാണ്‌.


 

ഇതിനോടൊപ്പം നേരത്തേ സ്വകാര്യ കോർപറേറ്റ് മേഖലയ്‌ക്ക് കേന്ദ്ര സർക്കാർ ദാനം നൽകിയ 1.44 ലക്ഷം കോടി രൂപ തിരിച്ചെടുക്കുക. പ്രതിസന്ധിയുടെ ഈ നിർണായകഘട്ടത്തിൽ ദരിദ്ര തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ചെറുതായെങ്കിലും അംഗീകരിക്കുന്ന നടപടിയാകും അത്.

അതിനുപുറമെയാണ് എണ്ണ മേഖലയിൽനിന്ന് വീണുകിട്ടിയ സൗഭാഗ്യം. 2014 മുതൽ എണ്ണവിലയിലുണ്ടായ ഇടിവുകാരണം ഇന്ത്യാ ഗവൺമെന്റിന് ഉണ്ടായ ലാഭം 20 ലക്ഷം കോടി രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലത്തെ വിലത്തകർച്ചമാത്രം ഈവർഷം 3.5 ലക്ഷം കോടിയുടെ നേട്ടമാണുണ്ടാക്കുക. ഈ സംഖ്യയെങ്കിലും ഇന്നത്തെ പ്രതിസന്ധി നേരിടാൻ മാറ്റിവച്ചാലോ?

വലിയൊരു അർധസൈനികവിഭാഗമടക്കമുള്ള ചെലവിനായി കേന്ദ്ര ബജറ്റ്‌ നീക്കിയിരിപ്പിൽ രണ്ടാം സ്ഥാനം എന്ന കാര്യം നാം തിരിച്ചറിയുന്നുണ്ടോ? 2019–---20ൽ ഉണ്ടായിരുന്ന ബജറ്റ് നീക്കിയിരിപ്പ് 1.39 ലക്ഷം കോടിയായിരുന്നത്, 2020-–21 ൽ 41 ശതമാനം വർധിപ്പിച്ച് 1.67 ലക്ഷം കോടിയാക്കി ഉയർത്തി. ഈ വർധന റദ്ദാക്കി ആ തുക ആരോഗ്യമന്ത്രാലയത്തിന് നൽകണം. അതുപോലെ ഇന്ത്യൻ പാർലമെന്റ്‌ പുതുക്കിപ്പണിയാനുള്ള ആഡംബരച്ചെലവ് പിന്നെയാക്കാം. അതിനുള്ള നീക്കിയിരിപ്പ് 20,000 കോടിയുണ്ട്. അത് സാമ്പത്തിക പാക്കേജിന് നീക്കിവയ്‌ക്കണം. അതേപോലെതന്നെയാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിക്കടിയുള്ള യാത്രകൾ. ആരോഗ്യമന്ത്രാലയം ഒഴികെയുള്ള എല്ലാ മന്ത്രാലയങ്ങളുടെയും യാത്രാച്ചെലവ്  15 ശതമാനം വെട്ടിച്ചുരുക്കണം.

ഇങ്ങനെ സമാഹരിക്കാനാകുന്ന 20.34 ലക്ഷം കോടി രൂപ ദേശീയവരുമാനത്തിന്റെ 10 ശതമാനത്തോളം വരും. അതിൽ  2.1 ശതമാനം ബജറ്റ് റീ അലോക്കേഷൻ വഴി കിട്ടുന്നതായതുകൊണ്ട്, യഥാർഥത്തിൽ വേണ്ട സമാഹരണം ഏതാണ്ട് എട്ട്‌ ശതമാനം മാത്രമേ വരൂ. ഇത് വൻകിട സ്വകാര്യമേഖലയ്‌ക്ക് പണമായും ഉൽപ്പന്നങ്ങളായും സംഭാവന നൽകാനുള്ള അവസരമൊരുക്കും എന്ന് ന്യായമായും പ്രതീക്ഷിക്കാം. രാജ്യത്തുടനീളമുള്ള എണ്ണമറ്റ സന്നദ്ധസംഘടനകൾ ദുരിതമനുഭവിക്കുന്നവരോട് താദാത്മ്യപ്പെട്ടുകൊണ്ട് തങ്ങളാലാകുന്ന സഹായങ്ങൾ ചെയ്തുപോരുന്നുണ്ട്. അതിന് കൂടുതൽ പ്രോത്സാഹം വേണം, അംഗീകാരം വേണം. ഈ ദുരിതകാലത്ത് അവരെ മാനവികതയുടെ ഉയർന്ന രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തേണ്ടതുമുണ്ട്.

(ധനകാര്യ വിദഗ്‌ധനാണ്‌ ലേഖകൻ. നാഷണൽ കമീഷൻ ഫോർ എന്റർപ്രൈസസ്‌ ഇൻ ദ അൺഓർഗനൈസ്‌ഡ്‌ സെക്ടർ മുൻഅംഗമാണ്‌)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top