26 May Tuesday

പഠിക്കേണ്ടത്‌ ചൈനയിൽനിന്ന്‌

വിജയ്‌പ്രസാദ്‌, ഷു സിയാവോജിൻ, വിയാൻ ഷുUpdated: Monday Apr 6, 2020

ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർക്ക് കഴിഞ്ഞ മാർച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം അമേരിക്കയ്‌ക്കായിരുന്നു. അവർ തയ്യാറാക്കിയ പ്രസ്താവനയിൽ ‘വുഹാൻ വൈറസ്’ എന്ന പ്രയാേഗം ഉണ്ടായിരുന്നതാണ് പല രാജ്യങ്ങൾക്കും യോജിക്കാനാകാത്തത്. മഹാമാരിയെ നേരിടുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്‌ക്കുമേൽ കെട്ടിവയ്‌ക്കാനുള്ള നീക്കത്തോടായിരുന്നു വിയോജിപ്പ്. അമേരിക്കൻ പ്രസിഡന്റ്‌തന്നെ ചൈനീസ് വൈറസ് എന്ന പദപ്രയോഗം നടത്തുകയും പിന്നീട് ഇനിയങ്ങനെ ചെയ്യില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. തങ്ങളുടെ വംശീയത മുഴുവൻ പ്രകടമാക്കിക്കൊണ്ട്  ഫോക്സ് ന്യൂസ് "ചൈനക്കാർ കടവാതിലുകളെയും പാമ്പുകളെയും തിന്നുന്നതുകൊണ്ടാണിത്" എന്ന് പ്രഖ്യാപിച്ചിരുന്നു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗെബ്രേയേസസ്, ഫെബ്രുവരി 14ന് വൈറസ് യൂറോപ്പിനെയും അമേരിക്കയെയും ബാധിക്കുന്നതിനും മുമ്പേതന്നെ, ഒരു യോഗത്തിൽ "ഐക്യദാർഢ്യമാണ്, അപവാദപ്രചാരണമല്ല വേണ്ടത്' എന്ന ശരിയായ ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചിരുന്നു.
സാർസ് -കോവ് -2 എന്ന ഈ വൈറസും മറ്റുപല വൈറസുകളെയുംപോലെതന്നെയാണ് രൂപംകൊണ്ടത്. വൈറസ് എവിടെയാണ് പൊട്ടിപ്പുറപ്പെട്ടത് എന്ന കാര്യത്തിൽ അഭിപ്രായഐക്യമില്ല. ഒരു നിരീക്ഷണം, അത് ചൈനയിലെ ഹുബൈയ്‌ പ്രവിശ്യയിലെ  ഹുനാൻ മത്സ്യമൊത്തക്കച്ചവടശാലകളിൽനിന്നാണ് എന്നാണ്. അത്തരം വൈറസുകൾ മാത്രമല്ല എച്ച്1 എൻ1, എച്ച് 5 എൻ എക്സ്, എച്ച് 5 എൻ 2 തുടങ്ങിയ പക്ഷിപ്പനികൾ നാം കണ്ടിട്ടുണ്ട്. ഇതിൽ എച്ച് 5 എൻ 2 അമേരിക്കയിലാണ് ഉടലെടുത്തതെങ്കിലും, ആരും അതിനെ അമേരിക്കൻ വൈറസ് എന്ന് വിളിച്ചിട്ടില്ല. അതിന്റെ പേരിൽ ആ രാജ്യത്തിനുനേരെ അപവാദപ്രചാരണത്തിന് ആരും നിന്നിട്ടുമില്ല. അതിന്റെ ശാസ്ത്രീയനാമമാണ് ഉപയോഗിച്ചത്. അതിന്റെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു രാജ്യത്തിനുള്ളതാണെന്ന് ആരും കരുതിയതുമില്ല.
 

പുതിയ വൈറസിന്റെ കടന്നുവരവാകട്ടെ, വനം കൈയേറ്റവും മനുഷ്യനാഗരികതയും (കൃഷിയും നഗരങ്ങളും) വിദൂരഭൂപ്രദേശങ്ങളും തമ്മിലുണ്ടാകേണ്ട സന്തുലനവുംപോലുള്ളകുറച്ചുകൂടി മൗലികമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വൈറസിന്റെ നാമകരണം  തർക്കവിഷയമാണ്. 1932ൽ ബ്രിട്ടീഷ് ഇന്ത്യയിൽനിന്ന് കോളറ യൂറോപ്പിലേക്ക് കടന്നപ്പോൾ അതിനിട്ട പേര്  ‘ഏഷ്യൻകോളറ ’ എന്നായിരുന്നു. ജ
നാധിപത്യവാദികളായ തങ്ങളെ ഏകാധിപതികളുടെ രോഗം ബാധിക്കില്ലെന്നായിരുന്നു ഫ്രഞ്ചുകാരുടെ ധാരണ. പക്ഷേ, രോഗം ഫ്രാൻസിനെ തരിപ്പണമാക്കി.
‘സ്പാനിഷ് ഫ്ലൂ’വിന് അങ്ങനെയൊരു പേര് വന്നതിനു കാരണം, മറ്റ്‌ രാജ്യങ്ങളിൽ സെൻസർഷിപ് കർശനമായപ്പോഴും, യുദ്ധത്തിൽ കക്ഷിയല്ലാത്ത സ്പെയിനിൽ വാർത്താതമസ്കരണം ഇല്ലാത്തതിനാൽ ഫ്ലൂവിനെക്കുറിച്ച് അവിടെനിന്ന്‌ വൻതോതിൽ വാർത്തകൾ വന്നതുകൊണ്ടാണ്.  ‘സ്പാനിഷ് ഫ്ലൂ’  പൊട്ടിപ്പുറപ്പെട്ടത് അമേരിക്കയിലെ കൻസാസിലായിരുന്നു. സൈനികത്താവളത്തിലെ കോഴികളിൽ നിന്നാണ് സൈനികർക്ക് പടർന്നത്. അതിനെ "അമേരിക്കൻ ഫ്ലൂ' എന്ന് ആരും വിളിച്ചില്ല.

ചൈനയും കൊറോണ വൈറസും

ദ ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിൽ പ്രൊഫ. ഷാവോലിൻഹു യാങ് എഴുതി: "സാർസ് കോവ് - 2 രോഗം  ആദ്യമായി കണ്ടെത്തിയത് 2019 ഡിസംബർ ഒന്നിനാണ്. വൈറസിന്റെ സ്വഭാവത്തെക്കുറിച്ചും അത് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരുമോ എന്നും ആശയക്കുഴപ്പവും ഉണ്ടായിരുന്നു. അപകടമണി മുഴക്കിയവരുടെ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഹുബൈയ് പ്രവിശ്യ ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡയറക്ടർ ഡോ. ഷാങ്  ജിഷ്യാൻ. ഡിസംബർ 26ന് കടുത്ത പനിയും ചുമയുമുള്ള വൃദ്ധദമ്പതികളെ ഫ്ലൂവിന്റെ ലക്ഷണങ്ങളോടെയാണ് ഡോക്ടർ കണ്ടത്. അവരുടെ മകന്റെ സിടി സ്കാനിൽ കണ്ടത്, ശ്വാസകോശത്തിന്റെ ഉൾഭാഗത്ത് ഭാഗികമായി എന്തോ നിറഞ്ഞിരിക്കുന്നതായാണ്. അതേദിവസം കടൽ മത്സ്യച്ചന്തയിലെ ഒരു വിൽപ്പനക്കാരനും അതേ ലക്ഷണങ്ങൾ കണ്ടു. ഡോക്ടർ ഷാങ് ഈ രോഗികളെ സെന്റർ ഫോർ ഡിസീസ് കൺട്രോളിനയച്ചു. രണ്ടുദിവസവും കൊണ്ട്‌ ഡോ. ഷാങ്ങും സഹപ്രവർത്തകരും ഇതേലക്ഷണങ്ങളുമായി മൂന്ന്‌ രോഗികളെ കണ്ടെത്തി.

അവരും മൽസ്യ മാർക്കറ്റ്‌ സന്ദർശിച്ചിരുന്നു. വിദഗ്ധസംഘം ഈ ഏഴ്‌ രോഗികളെയും പരിശോധിക്കാനായി നിയോഗിക്കപ്പെട്ടു. ഡോക്ടർ ഷാങ്ങും സംഘവും നടത്തിയ വൈറസിനെ കണ്ടെത്താനുള്ള സേവനം വിലപ്പെട്ടതാണ് എന്ന് ഹുബൈയ് പ്രവിശ്യ അംഗീകരിച്ചു. അവരുടെ പ്രവർത്തനത്തെ ആരും വിലകുറച്ചുകണ്ടില്ല; ആരും അത് മൂടിവച്ചതുമില്ല. പുതിയ വൈറസിനെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിൽ ഡോ. ലീ മെൻ ലിയാങ്ങും അയ്ഫെന്നും സുപ്രധാനപങ്കാണ് വഹിച്ചത്. പക്ഷേ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പേരിൽ അധികൃതർ അവരെ ശാസിച്ചു. ഫെബ്രുവരി ഏഴിന് ഡോ. ലീ കൊറോണ ബാധയേറ്റ് മരിച്ചു. സർക്കാർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തെ ആശ്വസിപ്പിച്ചു. ലീയെ താക്കീത്‌ ചെയ്യുകയും സഹപ്രവർത്തകരെ ശിക്ഷിക്കുകയും ചെയ്തത് തെറ്റിപ്പോയെന്ന് വുഹാൻ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഏറ്റുപറഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന നിർദേശം നൽകപ്പെട്ട ഡോ. അയ് ഫെന്നിനോട്‌ ക്ഷമാപണം നടത്തി. പിന്നീട് വുഹാൻ ബ്രോഡ് കാസ്റ്റിങ് ആൻഡ്‌  ടെലിവിഷൻ സ്റ്റേഷൻ അവരെ അനുമോദിച്ചു.

 ചൈനീസ്‌ അധികൃതർക്ക് വൈറസിനെക്കുറിച്ച് വിവരം കിട്ടുന്നത് ഡിസംബർ 29നാണ്. പിറ്റേന്നുതന്നെ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ വിവരമറിയിച്ചു. 31ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിച്ചു. ജനുവരി മൂന്നിനാണ് വൈറസിനെ കണ്ടെത്തിയത്. ഒരാഴ്ചയ്‌ക്കകം, അതിന്റെ ജനിതകഘടന ചൈന ലോകാരോഗ്യസംഘടനയ്‌ക്ക് കൈമാറി. ഡിഎൻഎ ഉടൻ പുറത്തുവിട്ടതുകൊണ്ട് പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാൻ ലോക ശാസ്ത്രജ്ഞർക്ക് അവസരമൊരുങ്ങി. 43 വാക്സിനുകൾക്കുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. നാലെണ്ണം പരീക്ഷണത്തിലാണ്.
ചൈനീസ് വിദഗ്ധർ പരീക്ഷണപരമ്പരതന്നെ നടത്തിയശേഷം പുതിയ കൊറോണാ വൈറസാണ് രോഗത്തിനുപിന്നിലെന്ന്  ജനുവരി എട്ടിന്  ഉറപ്പിച്ചു. ആദ്യമരണം ജനുവരി പതിനൊന്നിനാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. 14ന് വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമീഷൻ പറഞ്ഞത്, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകർന്നതിന് തെളിവുകളില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നാണ്. 20ന് ഡോ. ഷോങ് നാൻഷൻ പറഞ്ഞത് ഈ വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരാം എന്നാണ്. ഉടൻ ചൈനീസ് പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും പ്രധാനമന്ത്രി ലീ കെ ഖിയാങ്ങും  അടിയന്തര ശ്രദ്ധപതിപ്പിക്കാൻ നിർദേശിച്ചു.

  മൂന്നാം ദിവസം വുഹാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം  ലെവൽ 1 ജാഗ്രതാനിർദേശം നൽകി.  പ്രധാനമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം വുഹാൻ സന്ദർശിച്ചു. ചൈന സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ ടീം വൈറസ് വ്യാപനം തടഞ്ഞുനിർത്തിയതിന്‌  സർക്കാരിനെയും ജനതയെയും പ്രശംസിച്ചു. ആയിരക്കണക്കിന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വുഹാനിൽ എത്തി. രണ്ട് പുതിയ ആശുപത്രി പണിതു. സമ്പർക്കവിലക്കും ഏർപ്പെടുത്തി. രോഗശൃംഖല കണ്ടെത്താനും അതുവഴി ചങ്ങല പൊട്ടിക്കാനും സാധ്യമായി.

ലോകവും ചൈനയും

കേരളം വുഹാനിലെ രോഗവ്യാപനം ശ്രദ്ധിക്കുകയും മൂന്നരക്കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് അടിയന്തരനടപടികൾ സ്വീകരിക്കുകയും ചെയ്തു. കേരളം കാത്തുനിന്നില്ല. ചൈനയിൽനിന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും സംഘവും പാഠമുൾക്കൊണ്ടു. വൈറസിനെ നിയന്ത്രിച്ചുനിർത്താനായി. സ്ഥിതിയുടെ ഗൗരവം അമേരിക്കയെ നേരത്തേതന്നെ അറിയിച്ചതാണ്. ട്രംപ്‌ കൈക്കൊണ്ട നിലപാട് ഒട്ടും മര്യാദയില്ലാത്ത ഒന്നായിരുന്നു. ‘‘ ഞങ്ങൾ കരുതുന്നത്, കാര്യങ്ങൾ ശുഭകരമായിത്തീരും എന്നാണ്. തനിക്ക് അത് ഉറപ്പിച്ചുപറയാനാകും’’ എന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 13 വരെ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ല. അതിനകം വൈറസ് വ്യാപിച്ചിരുന്നു. മറ്റുചില നേതാക്കളും  ട്രംപിനെപ്പോലെ  മര്യാദകേട് കാണിച്ചു. 1832ൽ ഏഷ്യൻ കോളറ തങ്ങളെ ബാധിക്കില്ല എന്ന്‌ കരുതിപ്പോന്ന  ഫ്രഞ്ച് ഭരണാധികാരികളെപ്പോലെതന്നെയാണ് അവർ.

ഏഷ്യൻ കോളറ എന്നൊന്നുണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് വെറും കോളറ മാത്രമാണ്. അതേപോലെ സാർസ്‌ -കോവ് 2 മാത്രമേയുള്ളൂ, ചൈനീസ് വൈറസ് എന്ന ഒന്നില്ല. ചൈനീസ് ജനത ഈ വൈറസിനെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നമുക്ക് കാണിച്ചുതന്നു. ആ പാഠം നാം ഇപ്പോൾ ഉൾക്കൊള്ളേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന പറഞ്ഞതുപോലെ "പരിശോധിക്കുക, പരിശോധിക്കുക, പരിശോധിക്കുക'. പിന്നെ ക്ഷമാപൂർവം ലോക്ക്ഡൗണും മാറ്റിപ്പാർപ്പിക്കലും ക്വാറന്റൈനും.  ചൈനയിലേക്ക് ലോകാരോഗ്യ സംഘടനയുടെ ടീമിനെ നയിച്ച ഡോ. ബ്രൂസ് അയൽവാർഡ്‌ ന്യൂയോർക്ക്‌ ടൈംസിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഒരു യുദ്ധത്തിലേതെന്നപോലെ, അവർ (ചൈനക്കാർ) സുസംഘടിതരാണ്. ചൈനയുടെ ബാക്കിഭാഗങ്ങളെ രക്ഷിക്കുന്നതിനുള്ള മുന്നണിപ്പോരാളികളായാണ് അവർ തങ്ങളെക്കണ്ടത്, -ലോകത്തെത്തന്നെയും ’’.

(ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസർച്ച് ഡയറക്ടറാണ് വിജയ് പ്രസാദ്. ഷാങ്ഹായിയിലെ ഗവേഷകനാണ് ഷു സിയാവോ.ജിൻ ബീജിങ്ങിലെ അഭിഭാഷകനാണ് വിയാൻ ഷു)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top