07 April Tuesday

കോവിഡ്‌ വ്യാധിയും സമ്പദ്ഘടനയുടെ താഴ്‌ചകളും

ഡോ. കെ എൻ ഹരിലാൽUpdated: Saturday Mar 21, 2020

ലോകമാകെ പടർന്നുപിടിക്കുന്ന കോവിഡ് മഹാവ്യാധി ഏറെ പേരുടെ ജീവനെടുക്കുമെന്നും അതിലേറെപ്പേരുടെ ആരോഗ്യം തകർക്കുമെന്നും തുടക്കം മുതലേ വ്യക്തമായിരുന്നു. എന്നാൽ, അപകടകാരിയായ ഈ വൈറസ് സാമൂഹ്യക്രമത്തെയും സാമ്പത്തികജീവിതത്തെയും ഇത്രമേൽ കീഴ്മേൽ മറിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. വളരെ ചെറിയ സമയത്തിനുള്ളിൽത്തന്നെ കോവിഡ് – 19ന്റെ സാമൂഹ്യ – സാമ്പത്തിക പ്രത്യാഘാതം മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുന്നതിനേക്കാളൊക്കെ രൂക്ഷമായിരിക്കും എന്ന്‌ വ്യക്തമായിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും ലഭ്യമാകുന്ന സൂചനകൾ ഒരു നിലയ്ക്കും ശുഭോദർക്കമല്ല. കേരളത്തിന്റെ സവിശേഷതകൾ സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾ ഒട്ടും ചെറുതാകില്ല എന്നാണ് സൂചിപ്പിക്കുന്നത്.

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. ആധുനികമനുഷ്യനാകട്ടെ സാമൂഹ്യജീവിതത്തിന്റെ അതിർത്തിവട്ടം നിരന്തരം വലുതാക്കി വരച്ചുകൊണ്ടിരിക്കുകയാണ്. കുടുംബം, അയൽപക്കം, ഗ്രാമം, പ്രവിശ്യ, രാഷ്ട്രം, എന്നിവയ്ക്കപ്പുറം ലോകമാകെ പടർന്ന സാമൂഹ്യജീവിതമാണ് ഇന്നുള്ളത്. തീർച്ചയായും വൈറസ് ബാധ സാമൂഹ്യജീവിതത്തിന്റെ താളക്രമം അടിമുടി  തെറ്റിച്ചിരിക്കുകയാണ്. ആരോഗ്യരംഗത്തെ മഹാവ്യാധിയേക്കാൾ വലിയ വ്യാധിയാണ് സാമ്പത്തിക രംഗത്ത് ആളിപ്പിടിക്കുന്നത്.  പക്ഷേ, കണക്കുകൾ ലഭ്യമാകാൻ സമയമെടുക്കും. ഉൽപ്പാദനവും വരുമാനവും  തൊഴിലവസരങ്ങളും മറ്റും കുറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.  ഭാവിവളർച്ചയെയും ലാഭത്തെയും സംബന്ധിക്കുന്ന പ്രതീക്ഷകൾ ചീട്ടുകൊട്ടാരംപോലെ തകർന്നടിയുകയാണ് എന്നതിന് തെളിവുണ്ട്. ഓഹരിവിപണികളിൽ കാണുന്ന തകർച്ച ഇത് വ്യക്തമാക്കുന്നുണ്ട്. എല്ലാവരും  ഓഹരികൾ വിറ്റഴിക്കാൻ നെട്ടോട്ടമോടുകയാണ്. അമേരിക്കയിലെ ഡൗ ജോൺസ്‌  ഓഹരി സൂചിക, പ്രസിഡന്റ് ട്രംപ് അധികാരമേറ്റ 2017 ഏപ്രിലിലെ നിലവാരത്തിലേക്ക്‌ പതിച്ചു. ഇന്ത്യൻ സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും കൂപ്പുകുത്തുകയാണ്. ഒരാഴ്‌ചയ്ക്കുള്ളിൽ നിക്ഷേപകർക്കുണ്ടായ മൂല്യനഷ്ടം പത്ത് ലക്ഷം കോടി രൂപയിലധികം വരും!


 

ഉൽപ്പാദനത്തെയും വരുമാനത്തെയും സംബന്ധിച്ച് അന്തർദേശീയ ഏജൻസികൾ നൽകുന്ന ആദ്യസൂചനകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. കോവിഡ് ബാധയ്‌ക്ക്‌ മുമ്പുതന്നെ ആഗോളമാന്ദ്യത്തിന്റെ പ്രഭാവം പ്രകടമായിരുന്നു. ഇന്ത്യയിലെ സാമ്പത്തികസൂചകങ്ങളിൽ അടുത്ത കാലത്തുണ്ടായ അഭൂതപൂർവമായ ഇടിവ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ. ലോകവ്യാപാര സംഘടനയുടെ വ്യാപാരവളർച്ച സംബന്ധിച്ച സൂചികകളിൽ 2019 അവസാനപാദത്തിലും 2020ലെ ആദ്യ പാദത്തിലും ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തുന്നത്. വ്യോമഗതാഗതം, ധനകാര്യസേവനങ്ങൾ തുടങ്ങിയവയുടെ വളർച്ച ഗണ്യമായി കുറഞ്ഞു. ഇത് സംഭവിച്ചത് കോവിഡ് ഭീഷണി വ്യാപകമാകുന്നതിനുമുമ്പാണ് എന്നോർക്കണം. അതിനുശേഷമാണ് അന്തർദേശീയ വ്യോമഗതാഗതവും വിനോദസഞ്ചാരവും മറ്റും സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്. സാധനങ്ങളുടെ കയറ്റുമതിയെയും ഇറക്കുമതിയെയും കപ്പൽഗതാഗതത്തെയും  ബാധിച്ചുതുടങ്ങിയിരിക്കുന്നു. അന്തർദേശീയ പ്രവൃത്തിവിഭജനംതന്നെ അഭൂതപൂർവമായ തരത്തിൽ നിശ്ചലമാകുകയാണ്. വിപണികളിലെയും വ്യാപാരത്തിലെയും മാന്ദ്യം അധികം വൈകാതെ ഉൽപ്പാദനത്തെയും തൊഴിലവസരങ്ങളെയും ബാധിക്കാതെ തരമില്ല. അന്തർദേശീയ തൊഴിൽസംഘടന വലിയ തൊഴിൽനഷ്ടം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് നൽകുന്നത്.

കോവിഡ് ബാധയും കേരള സമ്പദ്ഘടനയും
കോവിഡ് ഭീഷണി തുടർന്നാൽ കേരളത്തിലും മേൽസൂചിപ്പിച്ച തരത്തിലുള്ള സാമ്പത്തികത്തകർച്ച  ഉണ്ടാകും എന്ന്‌ മുൻകൂട്ടി കാണേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേകതകൾ അത്തരമൊരു സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിന്റേത് ഏറെ ആഗോളവൽക്കരിക്കപ്പെട്ട സമ്പദ്ഘടനയാണ്. ആഭ്യന്തര ഉൽപ്പാദനത്തിന്റെ 25–-30 ശതമാനംവരും പുറത്തുനിന്ന്‌ പ്രവാസികൾ അയയ്ക്കുന്ന പണം. പ്രവാസികളുടെ തൊഴിൽസുരക്ഷ, വരുമാനം, ആരോഗ്യം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കോവിഡ് ബാധ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ കുറച്ചുകാലത്തേക്ക് തുടരാനാണ് സാധ്യത. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടർച്ചയായി എത്തിയ പ്രതിസന്ധി പല ആതിഥേയരാജ്യങ്ങളിലും വരുന്ന ഒന്നുരണ്ടു വർഷത്തേക്കു തുടരും. പ്രവാസിസമൂഹം നേരിടുന്ന പ്രതിസന്ധിയുടെ വിവിധ വശങ്ങൾ മനസ്സിലാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ അധികാരപരിധിക്കും സാമ്പത്തിക പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ടുള്ള ഇടപെടൽ ഉണ്ടാകണം. കൊറോണ പ്രതിസന്ധി പ്രവാസികളുടെ മനുഷ്യാവകാശം സംബന്ധിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മാതൃരാജ്യത്തിന്‌ പുറത്തുവച്ച് അവർ നേരിടുന്ന പ്രശ്നങ്ങളിൽ ആതിഥേയരാജ്യത്തിനും മാതൃരാജ്യത്തിനും, സാർവദേശീയ ഏജൻസികൾക്കുമുള്ള ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകണം. ഇക്കാര്യത്തിൽ ലോകകേരളസഭയുടെ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ കാര്യക്ഷമമായ ഒരു കർമപരിപാടിയിലേക്ക് പുരോഗമിക്കും എന്നു കരുതാം. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ നല്ല  ഒരു പങ്ക് വിദേശവിപണിയെ ലക്ഷ്യമാക്കിയുള്ളതാണ്. മത്സ്യം, കശുവണ്ടി, തേയില, കാപ്പി, സുഗന്ധ വ്യഞ്‌ജനങ്ങൾ, കയർ തുടങ്ങിയവയുടെ കാര്യത്തിൽ അന്തർദേശീയ വിപണിയിലെ അനിശ്ചിതത്വം വലിയ തലവേദനയാണ്. ഇത്തരം ഉൽപ്പാദനമേഖലകളിൽ ഇന്ത്യൻ വിപണികളിലെ സ്തംഭനാവസ്ഥയും പ്രശ്നം സൃഷ്ടിക്കും.

ആഗോളതലത്തിലും ദേശീയതലത്തിലും പ്രതിസന്ധി വരുമ്പോൾ കേരളത്തിനകത്തെ വിപണികളും ആഭ്യന്തര ഉപയോഗവുമാണ് പലപ്പോഴും നമുക്ക് ആശ്വാസമാകുന്നത്. എന്നാൽ, കോവിഡ് ബാധയുടെ പ്രത്യേകത അത് ചുറ്റുവട്ടങ്ങളിലെ രക്ഷാമാർഗങ്ങളും അടയ്ക്കുന്നു എന്നതാണ്. കേരളം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നാടാണ്. അവ ഓരോന്നും ഏറെപ്പേരുടെ ജീവിതമാർഗമാണ്. ഉത്സവങ്ങൾ, ആഘോഷങ്ങൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, സിനിമാശാലകൾ, വിമാനങ്ങൾമുതൽ ഓട്ടോറിക്ഷവരെയുള്ള ഗതാഗത മാർഗങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തിൽ തൽക്കാലം മരവിപ്പിലാണ്. ജനങ്ങൾ കമ്പോളങ്ങളിലെത്തുന്നത് വൻതോതിൽ കുറഞ്ഞതോടുകൂടി കൃഷിക്കാരും പ്രതിസന്ധി നേരിടുകയാണ്. ഉൽപ്പാദനങ്ങൾ വിറ്റുപോകുക എളുപ്പമല്ല. കോറോണയെയും വളർത്തുമൃഗങ്ങളെയും ബന്ധിപ്പിച്ചുള്ള കഥകൾ വന്നതോടെ ഉൽപ്പന്നവിലകൾ ഇടിയുകയും കോഴിക്കൃഷിക്കാരും ക്ഷീരകർഷകരും പ്രതിസന്ധിയിലാകുകയുംചെയ്തു. കോവിഡ് ഭീഷണി നേരിടുന്നതിനായി കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരളം ജീവിതത്തിന്റെ വേഗത ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കേണ്ട ഈ ഘട്ടത്തിൽ ഇത്തരം പ്രതിരോധമാർഗങ്ങൾ അനിവാര്യമാണ്. നിയന്ത്രണങ്ങളുടെഭാഗമായി ജീവനോപാധികൾ മുടങ്ങുന്ന കുറഞ്ഞ വരുമാനമുള്ള വിവിധ വിഭാഗങ്ങൾക്കുള്ള ആശ്വാസമെത്തിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്തം നിവേറ്റുന്നതിന്റെ ആദ്യപടിയായാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിനെ കാണേണ്ടത്. വൈറസിനെ പ്രതിരോധിക്കുന്നതിൽ മാത്രമല്ല, അത് സൃഷ്ടിക്കുന്ന  സാമൂഹ്യ – സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനും അങ്ങനെ കേരളം മാതൃകയാകുകയാണ്.


 

സാമ്പത്തികപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും സാമൂഹ്യ അകലം വർധിപ്പിക്കുകയുംചെയ്യുന്ന ഈ തന്ത്രം പക്ഷേ, അധികകാലം തുടരാനാകില്ല. അത് ജനങ്ങളെ കടുത്ത സാമ്പത്തികദുരിതത്തിലേക്കും  കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുംമറ്റും തള്ളിവിടും. സാമൂഹ്യജീവിതത്തിന്റെയും സാമ്പത്തികപ്രവർത്തനങ്ങളുടെയും താളക്രമം തിരിച്ചുപിടിച്ചേ മതിയാകൂ. കൊറോണയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി നടത്തുന്ന യുദ്ധം സാമൂഹ്യവ്യാപനത്തിനുമുമ്പും വിജയം കാണുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. മൂന്നോ നാലോ മാസത്തിനുള്ളിൽ സാമ്പത്തികപ്രവർത്തനങ്ങളെ പൂർവസ്ഥിതിയിലെത്തിക്കാൻ കഴിയും. പക്ഷേ, കോവിഡ് ബാധയുടെ ഭീഷണി നീളുകയാണെങ്കിൽ വൈറസിനെതിരായ പ്രതിരോധം തുടരുന്നതിനോടൊപ്പം സാമൂഹ്യജീവിതവും സാമ്പത്തികപ്രവർത്തനങ്ങളും ആശാസ്യമായ വേഗത്തിൽ പുരോഗമിക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ കഴിയുന്ന ഒരു ബദൽ മോഡൽ വികസിപ്പിക്കേണ്ടിവരും. അതിനുകഴിയുന്ന രാഷ്ട്രീയനേതൃത്വം ഇന്ന്‌ കേരളത്തിനുണ്ട്. പൊതുജനാരോഗ്യരംഗത്തെ വൈദഗ്‌ധ്യവും അർപ്പണബോധവുമുള്ള ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യവും ഇക്കാര്യത്തിൽ വലിയ മുതൽക്കൂട്ടാണ്. എന്നാൽ, വികസനത്തെയും ആരോഗ്യരക്ഷയെയും അനുപൂരകമാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഈ ബദൽ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും അവരവരുടെ വീട്ടിൽ അതല്ലെങ്കിൽ അവരുടെ പ്രദേശത്തോ പുറത്തോ പ്രവർത്തിക്കുന്ന പൊതു കേന്ദ്രങ്ങളിൽ ആവശ്യമായ സംരക്ഷണവും ചികിത്സയും ഉറപ്പാക്കേണ്ടിവരും. ഒപ്പം പ്രത്യേക ശ്രദ്ധയും ശുശ്രൂഷയും വേണ്ടിവരുന്നവർക്ക്‌ അതിന്‌ ആവശ്യമായ ചികിത്സാസൗകര്യമുള്ള ആശുപത്രികളും മറ്റു സംവിധാനങ്ങളും ഉറപ്പാക്കണം. കോവിഡ് ബാധിച്ചവർക്കുമാത്രമല്ല രോഗാവസ്ഥയുള്ള എല്ലാവർക്കും മതിയായ ശുശ്രൂഷ നല്കുന്നതിനുള്ള ക്രമീകരണംവേണം. ഒപ്പം ആരോഗ്യപ്രവർത്തകരുടെ വിശ്രമവും രക്ഷയും ഉറപ്പാക്കണം.

വിഭവസമാഹരണം വെല്ലുവിളി
ഇത്തരമൊരു ബദൽ മോഡലിന്‌ വിഭവസമാഹരണം വലിയ വെല്ലുവിളിയാകും. സാമ്പത്തികമാന്ദ്യത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വരുമാനം വർധിക്കും എന്നു കരുതാനാകില്ല. കേന്ദ്ര ധനകമീഷന്റെ തീർപ്പനുസരിച്ചുള്ള വിഹിതം വർഷാരംഭത്തിൽത്തന്നെ ലഭ്യമാക്കുക, റവന്യൂ കമ്മി നികത്തുന്നതിന് അനുവദിച്ചിട്ടുള്ള സഹായം വൈകിപ്പിക്കാതിരിക്കുക, വൈറസ് വ്യാധിയെ ദുരന്തമായിക്കണ്ട് ഉപാധികൾ ഉദാരമാക്കിക്കൊണ്ട് കൂടുതൽ ദുരന്തനിവാരണ ഫണ്ട് അനുവദിക്കുക, സംസ്ഥാനത്തെ കൂടുതൽ വായ്പ എടുക്കാൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. വായ്പ തിരിച്ചടവിന് മോറൊട്ടോറിയം പ്രഖ്യാപിക്കുക, കൂടുതൽ വായ്പ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക്‌ ബാങ്കുകളെ പ്രേരിപ്പിക്കാൻ കഴിയുന്നതും കേന്ദ്രസർക്കാരിനാണ്.

സംസ്ഥാനതലത്തിൽ ചെയ്യാൻ കഴിയുന്ന ഒരു പ്രധാന കാര്യം 2020–-21 ലേക്കുള്ള വാർഷികപദ്ധതിയിൽ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുന്നതിനാവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുക എന്നതാണ്. ഇത്തരം മാറ്റം സംസ്ഥാനപദ്ധതിയിലും പ്രാദേശികപദ്ധതിയിലും വരുത്താവുന്നതാണ്. ആരോഗ്യരംഗത്തെ അടിയന്തരാവസ്ഥ നേരിടുന്നതിന്‌ ഓരോ തലത്തിലും എന്തുവേണം എന്ന കാര്യം വ്യക്തമായാൽ പദ്ധതികളിലെ മുൻഗണനകൾ പുനഃക്രമീകരിച്ചുകൊണ്ട് ബദൽ മോഡലിന്‌ വിഭവങ്ങൾ കണ്ടെത്താൻ കഴിയും. പ്രളയകാലത്തെന്നപോലെ കേരളീയരുടെ പ്രബുദ്ധതയും കൂട്ടായ്മയും ജനങ്ങൾക്ക്‌  രക്ഷാകവചം ഒരുക്കും എന്ന കാര്യം തീർച്ചയാണ്‌.

(സംസ്ഥാന ആസൂത്രണബോർഡ്‌ അംഗമാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top