06 December Sunday

ബ്രിട്ടണില്‍ കോവിഡ് വഴിതുറന്നത് 'സോഷ്യലിസ്റ്റ്' ചര്‍ച്ചകളിലേക്ക്

വിനയ രാഘവന്‍ Updated: Sunday Jun 21, 2020

വിനയ രാഘവന്‍

വിനയ രാഘവന്‍

ബ്രിട്ടനെ  അടിച്ചമർത്തലിന്റെയും ചൂഷണത്തിന്റെയും സ്ഫടികത്തിലൂടെ അല്ലാതെ  കാണാൻ കോമൺ വെൽത്ത് രാജ്യങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ മുതലാളിത്ത വരേണ്യ വർഗ്ഗവും ഒട്ടുമിക്ക രാജകുടുംബങ്ങളും, ബ്രിട്ടീഷുകാരുടെ കൂടെ തോളോടുതോൾ നിന്നാണ് ഇന്ത്യ എന്ന മഹാരാജ്യം  ഭരിച്ചത്. അന്നും ഇന്നും ലോകത്തെല്ലായിടത്തും, ബ്രിട്ടണിലായാലും ഇന്ത്യയിലായാലും, മൂലധനം സ്വരൂപിക്കുന്നത് ഇവരൊക്കെ തന്നെയാണെന്നത് വ്യക്തം. അധ്വാനിക്കുന്ന ജനവിഭാഗം എന്നും പ്രാന്തവല്‍ക്കരിച്ച ഒരുകൂട്ടർ മാത്രമാണ്. കോളനികളിൽ നിന്ന്‍  സമ്പത്ത് പിഴിഞ്ഞെടുത്തിട്ടും, ബ്രിട്ടനിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഇന്നും വളരെ  വലുതാണ്...

ഈ കോവിഡ് കാലത്ത് ബ്രിട്ടീഷ് ഭരണനയങ്ങള്‍ എങ്ങനെയെല്ലാം ജനങ്ങളെ ബാധിക്കുന്നു എന്ന് പരിശോധിക്കുകയാണ് ലണ്ടനില്‍ നിന്ന് വിനയ രാഘവന്‍

മനുഷ്യനാണ് ലാഭത്തെക്കാള്‍ പ്രധാനം  (people before profit)   എന്ന മനുഷ്യത്തപരമായ നയങ്ങളും മാറ്റങ്ങളും ബ്രിട്ടണിൽ ഉണ്ടാകുന്നത് ലേബർ പാർട്ടിയുടെ പരിശ്രമങ്ങളിൽ നിന്നാണ്. ബ്രിട്ടൻ  മഹത്തായ ഒരു സങ്കല്പം (concept) ആണെന്നും  ബ്രിട്ടീഷ് വ്യതിരിക്തത (exceptionalism) എന്നത് യാഥാര്‍ത്ഥ്യമാണെന്നും വിശ്വസിക്കുന്നവരാണ് ഇവിടുത്തെ  മധ്യവര്‍ഗം.  രാജഭക്തിയും കോളനികളെ ചൂഷണം ചെയ്തു ഉണ്ടാക്കിയ സമ്പത്തും എല്ലാം അവര്‍  അഭിമാനത്തോടെ കാണുന്നു. ബ്രിട്ടൻ  ലോകത്തോട് പൊരുതി ജയിച്ചവരാണെന്ന് വിശ്വസിയ്ക്കുന്നു.അവരെ അങ്ങനെ വിശ്വസിപ്പിക്കുന്നതില്‍  മുതലാളിത്ത വ്യവസ്ഥ വിജയിച്ചിരിക്കുന്നു. Boomer ജനറേഷൻ എന്ന് വിളിക്കുന്ന യുദ്ധാനന്തര തലമുറയാകട്ടെ  കൂടുതൽ വലതുപക്ഷം ആയി മാറുന്നു.എന്നാല്‍ ബ്രിട്ടനിലെ യുവാക്കള്‍  മുന്നോട്ടുവെക്കുന്നത് സമത്വത്തില്‍ അധിഷ്ടിതമായ (egalitarian) ഒരു സോഷ്യലിസ്റ്റ് സൊസൈറ്റി എന്ന സ്വപ്നം ആണെന്നത് പ്രതീക്ഷ തരുന്നു.

ബ്രിട്ടീഷ് മുഖ്യധാരാ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും വലതുപക്ഷമാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് കോർബിന്റെ കീഴിൽ ചെറുപ്പക്കാർ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ  ഏറ്റെടുത്തപ്പോൾ മാധ്യമങ്ങള്‍  അതിശക്തമായി കോർബിനെയും പാർട്ടിയെയും കരിവാരി തേക്കുന്നത് നമ്മൾ കണ്ടതാണ്.  ചുറ്റും നടക്കുന്ന കാര്യങ്ങളും  ചരിത്രവും അറിയാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്ന  പുതിയ തലമുറ കുറച്ചു കൂടെ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരും (inclusive)  ചരിത്രബോധവും സാമൂഹ്യ നീതിബോധവും കൂടുതൽ ഉള്ളവരുമായി യി രൂപപ്പെടുമെന്നും പ്രതീക്ഷിയ്ക്കാം.

ബ്രിട്ടനിലെ രാജകുടുംബവും വരേണ്യവർഗവും ധനികരും ഭൂസ്വത്ത് ഉടമകളും ആയിക്കൊണ്ടിരുന്നപ്പോള്‍  സാധാരണ പൗരൻ ഏറെ പ്രയാസപ്പെട്ട്  അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു എന്ന്  ചരിത്രം നോക്കിയാല്‍ അറിയാം. രണ്ടാം ലോക മഹായുദ്ധത്തിലെ നാശനഷ്ടങ്ങളും,ജീവനാശവും  തുടർന്നുണ്ടായ ദാരിദ്ര്യവും അനിശ്ചിതത്വവും  ആണ് ആധുനിക  സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്  ഇവിടെ ശക്തി പകരുന്നത്. അതിനു മുമ്പ് പതിനേഴാം നൂറ്റാണ്ടിൽ  ഒമ്പതു വർഷത്തോളം നീണ്ടു നിന്ന ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തെ ലോകത്തിലെ ആദ്യത്തെ വിജയകരമായ ബൂർഷ്വാ വിപ്ലവമായി പല മാർക്സിസ്റ്റുകളും കാണുന്നു.പാര്‍ലമെണ്ടറി ജനാധിപത്യം വേണമെന്ന് വാദിയ്ക്കുന്നവരും  രാജഭരണം ആഗ്രഹിക്കുന്നവരും തമ്മിലായിരുന്നു ആ പോരാട്ടം. റോബർട്ട് അവനും, ഗിൽഡുകൾ  പരിണമിച്ചു ഉണ്ടായ തൊഴിലാളി സംഘടനകളും ക്രിസ്ത്യൻ സോഷ്യലിസവും മാർക്സിസവും ഫാബിൻ സൊസൈറ്റികളും എല്ലാം തുടര്‍ന്നുണ്ടായി. ആ വിവിധ ഇടതു വ്യവഹാരങ്ങളിൽ നിന്നാണ്  ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ബ്രിട്ടീഷ്  ലേബർ പാർട്ടി ഉണ്ടായത്.

കോര്‍ബിനിസവും ബ്ലയറിസവും ഇപ്പോഴും ലേബര്‍  പാർട്ടിയെ വേട്ടയാടുന്നുണ്ട്. ടോണി ബ്ലയര്‍  സോഷ്യലിസം എന്ന ആശയത്തിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നപ്പോൾ ഒരു വലിയ രാഷ്ട്രീയ ശൂന്യത  തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട ബ്രിട്ടീഷ് പൗരന്മാർക്ക് അനുഭവപെട്ടു. സോഷ്യലിസ്റ്റ് ആയ കോര്‍ബിന്‍ ലേബർ പാർട്ടിയുടെ നേതാവായപ്പോള്‍ .പാര്‍ട്ടിയ്ക്ക് . പതിനായിരത്തോളം പുതിയ അംഗങ്ങള്‍ ഉണ്ടായി. വളരെ കാലങ്ങൾക്ക് ശേഷം പുതിയ തലമുറ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെട്ടു തുടങ്ങി.എന്നാൽ കോര്‍ബിന്‍  എന്ന സ്ഥാനാര്‍ഥി കോര്‍പറേറ്റുകൾക്കും അതിനോട് ഇഴുകി നില്‍ക്കുന്ന ടോറി പാർട്ടിക്കും വലിയ ശത്രുവായി മാറി. മാധ്യമങ്ങള്‍ കോർബിനെ വ്യക്തിഹത്യ നടത്തി. ടോറി പാർട്ടിയുടെ ബ്രെക്സിറ്റ്  എന്ന മുദ്രാവാക്യം  കൂടി വന്നതോടെ  ബ്രിട്ടീഷ് ജനത വല്ലാതെ വിഭജിക്കപ്പെട്ടു. യൂറോപ്പിൽ നിന്നുംവരുന്നു കുടിയേറ്റക്കാർ ആണ് ബ്രിട്ടനെ തളർത്തുന്നത് എന്നും അതിനു ഉത്തരവാദി യൂറോപ്യൻ യൂണിയന്റെ നയങ്ങള്‍  ആണെന്നുമുള്ള കള്ളം ജനങ്ങള്‍ക്കിടയില്‍ പറഞ്ഞു ഫലിപ്പിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തൊഴിലാളികള്‍ ധാരാളം ഉള്ള ലേബർ ലീവ് സീറ്റുകൾ ലേബർ പാർട്ടിക്ക് നഷ്ടമായി. ഉത്തര ബ്രിട്ടനിലെ തൊഴിലാളികളെ യഥാർത്ഥത്തിൽ തകര്‍ത്തത് ബ്ലയറും  താച്ചറും ആണ്.  താച്ചർ പൂട്ടിച്ച ഖനന വ്യവസായങ്ങളും അതുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയും  ഉത്തര ബ്രിട്ടണിനെ വല്ലാതെ ബാധിച്ചു. കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്ക്‌ നീങ്ങി. പക്ഷെ യൂറോപ്പ് ആണ് ശത്രു അതിനാൽ ബ്രെക്സിറ്റ്  അനിവാര്യം എന്നുള്ള  ശക്തമായ മാധ്യമ പ്രചാരണത്തിലൂടെ ബോറിസ് ജോൺസൺ 2019 ഡിസംബറില്‍ ൽ നടന്ന തെരഞ്ഞെടുപ്പ് വിജയിച്ചു.

എന്‍ എച്ച് എസിനെ തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകളില്‍ ഒന്ന്. (Photo: Morning Star)

എന്‍ എച്ച് എസിനെ തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകളില്‍ ഒന്ന്. (Photo: Morning Star)


എന്നാൽ കൊറോണ എന്ന മഹാമാരി  ബോറിസ് ജോൺസൻ നേരിട്ട ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയായി മാറുകയാണ്. ഇതോടെ ദേശീയ ആരോഗ്യ സര്‍വീസ് (എന്‍ എച്ച് എസ്) സംബന്ധിച്ച ലേബര്‍ പാര്‍ട്ടിയുടെയും ടോറികളുടെയും കാഴ്ചപ്പാട് കൂടുതല്‍ പൊതുചര്‍ച്ചയ്ക്ക് ഇടയാക്കുന്നു.എന്‍എച്ച്എസ്  എന്ന  നാഷണൽ ഹെൽത്ത്‌ സർവീസിനെ  രക്ഷിക്കണം (Save NHS ) എന്നതായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യം. സൌജന്യ ആരോഗ്യരക്ഷ എല്ലാ പൗരന്റെയും അവകാശം  ആണെന്നത് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ലേബർ പാർട്ടി മുന്നോട്ട് വച്ച  ആശയമായിരുന്നു.

1945-ൽ ക്ലമന്റ് ആറ്റ്ലി  ലേബർ പ്രധാനമന്ത്രി  ആയപ്പോൾ ആരോഗ്യ മന്ത്രി ആയിരുന്ന അനൂറിന്‍ ബെവനാണ് പൊതുനികുതി വരുമാനം വഴി ധനസഹായം ലഭ്യമാക്കുന്ന NHS നു രൂപം നല്‍കിയത്.അന്ന് ബ്രിട്ടനിൽ സോഷ്യലിസ്റ്റ് പദ്ധതികൾ നടപ്പിലാക്കാൻ ഒരു  യുദ്ധാനന്തര അഭിപ്രായ ഐക്യം  ഉണ്ടായിരുന്നു. എല്ലാ പാർട്ടികളും ട്രേഡ് യൂണിയനുകളും ദേശസാല്‍ക്കരണത്തെയും ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തെയും പ്രോത്സാഹിപ്പിച്ചിരുന്ന ഒരു സുവർണ കാലമായിരുന്നു അത്. 1979 ൽ താച്ചർ വരുന്നതുവരെ ഈ  യുദ്ധാനന്തര അഭിപ്രായ ഐക്യം നിലനിന്നു.. താച്ചറിസം വന്നതോടെ വലതു നിയോ ലിബറൽ ബ്രിട്ടൻ ഉയർന്നു വന്നു.  പക്ഷെ അന്നും NHS സംരക്ഷിക്കപ്പെടും എന്നാണ് താച്ചർ ജനങ്ങളോട് പറഞ്ഞത്.  വലതു നിയോ ലിബറൽ പദ്ധതികൾ നടപ്പിലാക്കി താച്ചർ  യുദ്ധാനന്തര അഭിപ്രായ ഐക്യം അവസാനിപ്പിച്ചു.

ഇന്ന് നിലവിൽ ഉള്ള ബോറിസ് ജോൺസന്റെ പാർട്ടി ആശയപരമായി താച്ചറിന്റെ അനുയായികൾ ആണ്. NHS ഒരു സ്വകാര്യ സംരംഭം ആക്കണം എന്നത് ടോറി പാർട്ടിയുടെ വര്ഷങ്ങളായിട്ടുള്ള പദ്ധതിയാണ്. NHS ne പടിപടിയായി സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതികൾ (PFI- private finance initiative ) ജോൺ മേജർ മുതൽ തുടങ്ങി ടോണി ബ്ലയര്‍, കാമറൂൺ തുടങ്ങിയവര്‍ നടപ്പാക്കി പോന്നു. NHS നു ധനസഹായം കുറവുചെയ്ത്   അതൊരു തകർന്നു കൊണ്ടിരിക്കുന്ന സംരംഭം ആണെന്ന് വരുത്തി തീർക്കാൻ ടോറി പാർട്ടി ശ്രമിക്കുന്നു.  NHS ന്റെ ഇപ്പോഴത്തെ അവസ്ഥ കൊറോണ എന്ന മഹാമാരി വന്നപ്പോൾ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ടു. സിവിൽ സൊസൈറ്റി ചാരിറ്റികൾ വഴി വലിയ തുകകൾ NHS നു വേണ്ടി സമാഹരിക്കേണ്ടിയും വന്നു.

കൊറോണ എന്ന മഹാമാരി ബ്രിട്ടനെ ഇത്രയും ബാധിച്ചത് ജനങ്ങളേക്കാള്‍ പ്രധാനം ലാഭം (profit before people) എന്ന അടിസ്ഥാനപരമായ നിയോ -ലിബറൽ ആശയഗതി മൂലമാണ്. കോർപറേറ്റുകളുമായി അടുത്ത് ഇടപെടുന്ന പാർട്ടിയാണ് ബോറിസ് ജോൺസന്റെ ടോറി പാർട്ടി. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സംരക്ഷിക്കാനാകണം  herd immunity എന്ന ആശയം ബോറിസ് ജോൺസൻ മാർച്ചിൽ ആദ്യം മുന്നോട്ട് വച്ചത്. കൊറോണ എന്ന മഹാമാരിയെ പറ്റി ലോകാരോഗ്യ സംഘടന ( WHO) ലോകത്തിനു മുന്നറിയിപ്പ് നല്‍കിയപ്പോഴും  ഇറ്റലിയിലും സ്പെയിനിലും രോഗബാധിതരുടെ എണ്ണം  കൂടിയപ്പോഴും  ലോക്ക് ഡൌൺ പ്രഖ്യാപിക്കാണോ  തിരിച്ചുവരുന്ന മനുഷ്യരെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ്‌ ചെയ്യാനോ ഐസൊലേറ്റ് ചെയ്യാനോ ബോറിസ് ജോൺസന്റെ സര്‍ക്കാര്‍ തയ്യാറായില്ല.
എന്‍ എച്ച് എസ് സംരക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് 2017 ല്‍ ലണ്ടനില്‍ നടന്ന റാലികളിലൊന്ന്‍

എന്‍ എച്ച് എസ് സംരക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് 2017 ല്‍ ലണ്ടനില്‍ നടന്ന റാലികളിലൊന്ന്‍


ലോക്ക് ഡൌൺ ചെയ്യാൻ വൈകിയില്ലായിരുന്നെങ്കിൽ മരണത്തിന്റെ കണക്ക് പകുതിയായി ചുരുക്കാൻ കഴിയുമായിരുന്നു  എന്ന് ഇമ്പീരിയൽ കോളേജ്‌ ഓഫ്‌ ലണ്ടനിലെ പ്രൊഫസര്‍ നീല  ഫെർഗുസൺ എന്ന എപ്പിഡെമിയോളജിസ്റ്റ്‌( epidemiologist) പറഞ്ഞിരിക്കുന്നു. ബ്രിട്ടന്റെ ഇക്കോണമി 1706 നു ശേഷമുള്ള  ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് എത്തി നിൽക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. ലോക്കൽ കൗണ്സിലുകള്‍ക്കും അവരുടെ പ്രവർത്തനങ്ങള്‍ക്കും  ആവശ്യത്തിന് ഫണ്ട് നൽകാതെ,  10 വർഷത്തെ ചെലവ് ചുരുക്കൽ നടപടികളിലൂടെ  തളർത്തിയ ടോറി പാർട്ടിക്ക് ജനങളുടെ പിന്തുണയോടെ  മഹാമാരിയെ നേരിടാൻ  കഴിയുന്നില്ല.  ഭരണ സംവിധാനത്തിൽ നിന്ന് ജനങ്ങൾ അത്രമാത്രം ഒറ്റപ്പെട്ടിരിക്കുകയാണ്.നമ്മുടെ പഞ്ചായത്തിന് സമാനമായ ലോക്കൽ കൗൺസിലുകൾ ബ്രിട്ടനിലുണ്ട് എന്നാൽ ഫണ്ട് ഇല്ലാതായതോടെ അവർ ആസ്തികൾ പലതും വിറ്റു.അവയുടെ  അധികാരവും വലിയ തോതിൽ കവർന്നെടുക്കപ്പെട്ടിരിക്കുന്നു.  NHS-ൽ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ബെഡ്ഡുകളുടെയും കുറവുണ്ട്. നിയോലിബറൽ ചെലവ് ചുരുക്കൽ നടപടികൾ കാരണം ആശുപത്രികളിൽ 17,000 ഓളം കിടക്കകൾ ഇല്ലാതായി. 40,000 നേഴ്സ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. മനുഷ്യനെ സംരക്ഷിക്കുക എന്ന അടിസ്ഥാന മൂല്യത്തെ ഉയർത്തി പിടിക്കാതെ അമേരിക്കയെപ്പോലെ സമ്പദ് വ്യവസ്ഥയെ  സംരക്ഷിക്കാൻ ശ്രമിച്ച  ബ്രിട്ടനും കുഴപ്പത്തിലായി.  ഒടുവിൽ അവർക്ക്  തീരുമാനങ്ങൾ മാറ്റേണ്ടി വന്നു. വൈകി ആണെങ്കിലും ബ്രിട്ടീഷ് സർക്കാരും സാമ്പത്തിക പാക്കേജ് അനുവദിയ്ക്കാനും ലോക്ക് ഡൗൺ പ്രഖ്യാപിയ്ക്കാനും നിർബ്ബന്ധിതമായി.

ജനുവരി 29നു ബ്രിട്ടണിൽ  ആദ്യത്തെ രണ്ടു കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ  കൊറോണ ഒരു മഹാമാരി ആണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന (WHO) ലോകത്തിന് നൽകി. ഒരു മഹാമാരിയെ നേരിടാൻ ബ്രിട്ടൻ ഒരുങ്ങണം എന്ന്‌  ലോകോത്തര ശാസ്ത്ര  ജേര്‍ണലായ ലാൻസറ്റി(Lancet)ന്റെ എഡിറ്റര്‍ റിച്ചാർഡ് ഹോർട്ടൻ ജനുവരിയിൽ തന്നെ പറഞ്ഞിരുന്നു.എന്നാൽ ഫെബ്രുവരിയിലും മാർച്ചിലും ബ്രിട്ടണിൽ മനുഷ്യർ പബ്ബുകളിലും, ഫുട്ബോൾ സ്‌റ്റേഡിയങ്ങളിലും തിങ്ങിക്കൂടിക്കൊണ്ടിരുന്നു. ഇറ്റലിയിലും സ്പെയിനിലും വിനോദ സഞ്ചാരത്തിനും പലരും  പോയിക്കൊണ്ടേ ഇരുന്നു. കൊറോണ വൈറസ് കാരണം മാർക്കറ്റൊ എക്കണോമിയോ അലോസരപ്പെടാതെ  നോക്കണം എന്നാണ് ഫെബ്രുവരിയിൽ ബോറിസ് ജോൺസൺ പറഞ്ഞത്. താൻ കോവിഡ്‌ രോഗികളെ കണ്ടെന്നും  എല്ലാരുടെയും കൈ പിടിച്ചു കുലുക്കി എന്നും അങ്ങനെ തന്നെ തുടരും എന്നുമാണ്‌ മാർച്ചിൽ പറഞ്ഞത്‌. കുറച്ചു ദിവസങ്ങൾക്കു ശേഷം ഹെർഡ്‌ ഇമ്മ്യൂണിറ്റി ആണ് നയം എന്ന് പറഞ്ഞു.  ഇങ്ങനെ മഹാമാരിയെ നിസ്സാരവത്കരിച്ച ബോറിസ് ജോൺസൺ തന്നെ പിന്നീട് കോവിഡ് ബാധിച്ചു ഐസിയുവിൽ കിടക്കുന്ന സ്ഥിതിയായി. ആരോഗ്യമന്ത്രി നദീൻ ഡോറിസിനും  കോവിഡ്‌ ബാധിച്ചു. ഇറ്റലിയിൽ നിന്നുവന്ന ഭീദിതമായ  മരണക്കണക്ക്‌ ബ്രിട്ടീഷ് ജനതയെ ഭയപ്പെടുത്തി.

എൻഎച്ച്‌എസിലെ തൊഴിലാളികൾക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാകവചങ്ങളും പിപിഇ കിറ്റുകൾ എത്തിയ്‌ക്കാന്‍ പ്രയോജനപ്പെടുത്താമായിരുന്ന ഈ സമയം അങ്ങനെ പാഴാക്കി.കണ്ടെത്തി മാറ്റിനിർത്തി ചികിത്സിയ്‌ക്കുക  (trace isolate test ആൻഡ് treat) എന്ന സംരംഭത്തിനു വേണ്ടി തയ്യാറെടുക്കാനും ഫെബ്രുവരിയും മാർച്ചും ഉണ്ടായിരുന്നു എന്നാൽ മാർച്ച്‌ 23നു മരണങ്ങൾ കൂടുന്നു എന്ന് സോഫ്റ്റ്‌വെയർ മോഡലിംഗ് വഴി ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാത്രമാണ് യു കെ ലോക്ക് ഡൌണിലേക്ക് കാലെടുത്തു വെച്ചത്.

സമൂഹം എന്ന ഒന്നില്ലെന്നും, മനുഷ്യൻ അവനവനെ മാത്രം നോക്കിയാൽ മതിയെന്നും പറഞ്ഞ മാര്‍ഗരറ്റ് താച്ചർ എന്ന സ്വന്തം നേതാവിന്റെ ആശയത്തിനെതിരായി അങ്ങനെ ബോറിസ് ജോൺസണ്  കൊറോണയുടെ മുന്നിൽ മുട്ടുകുത്തേണ്ടി വന്നു. ''അതെ സമൂഹം എന്നൊരു സംഗതി ഉണ്ട് ''( There really is such a thing as society) എന്ന്'' ജനങ്ങളോട് അദ്ദേഹത്തിനു പറയേണ്ടിയും വന്നു.ഐസിയുവിൽ നിന്നും തിരിച്ചുവന്ന ബോറിസ് ജോൺസൻ സ്വന്തം നിയോലിബറല്‍  നയങ്ങളുടെ പൂർണ ഇരയായി മാറി  എന്നുതന്നെ പറയേണ്ടിവരും.

എൻഎച്ച്‌എസിന് ആവശ്യത്തിനു പണം അനുവദിക്കാത്തതിനെപ്പറ്റിയും ഭവനരഹിതര്‍ നേരിടുന്ന പ്രതിസന്ധിയെപ്പറ്റിയും സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനു ഫീസ് കൂടുന്നതിനെപ്പറ്റിയും പൊതുസേവനങ്ങളായ ജല വിതരണവും വൈദ്യുതി വിതരണവും എല്ലാം ദേശസാല്‍ക്കരിക്കെണ്ടതിനെ പറ്റിയും എല്ലാവര്‍ക്കും അടിസ്ഥാനവേതനം (Universal Basic Income) ഉറപ്പാക്കേണ്ടതിനെപ്പറ്റിയും ഒക്കെ  ബ്രിട്ടന്‍ ഇന്ന്  ചര്‍ച്ച ചെയ്യുകയാണ്. യുദ്ധാനന്തരകാലത്തെ ബ്രിട്ടനെ ഓര്‍മ്മിപ്പിക്കും വിധമാണ് ഈ 'സോഷ്യലിസ്'റ്റ്' ചര്‍ച്ചകള്‍.  പൊതുസ്വീകാര്യതയുള്ള നയങ്ങളെപ്പറ്റി വിശാലമായ ചര്‍ച്ചയ്ക്ക് അങ്ങനെ ബ്രിട്ടണില്‍ കൊറോണ വഴിതുറന്നിരിക്കുന്നു.

അരുന്ധതി റോയ് പറഞ്ഞതു  പോലെ ''ഭൂതകാലത്തില്‍ നിന്ന് കുതറി മാറാനും സ്വന്തം  ലോകത്തെപ്പറ്റി പുതുതായി ചിന്തിക്കാനും പകര്‍ച്ചവ്യാധികള്‍ മനുഷ്യരെ എക്കാലത്തും നിര്ബ്ബന്ധിതരാക്കിയിട്ടുണ്ടെന്നതാണ് ചരിത്രം.ഇപ്പോഴും കാര്യങ്ങള്‍  വ്യത്യസ്തമല്ല. ഇന്നത്തെ ലോകത്തിനും വരാനിരിക്കുന്ന  ലോകത്തിനും  ഇടയിലെ  പ്രവേശന കവാടമായി മാറുകയാണ് കോവിഡ് ബാധ.''

(ലണ്ടനില്‍ ഐ ടി പ്രൊജക്റ്റ്‌ മാനേജരായ ലേഖിക കണ്ണൂര്‍ പിണറായി സ്വദേശിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top