07 April Tuesday

കോവിഡ്‌ പ്രതിരോധം പ്രാദേശികതലത്തിൽ

എസി മൊയ്തീന്‍Updated: Tuesday Mar 24, 2020

ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചതും കേന്ദ്രസർക്കാർ ദേശീയദുരന്തമായി പ്രഖ്യാപിച്ചതുമായ കോവിഡ്–- -19നെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാരിനോടും ആരോഗ്യവകുപ്പിനോടുമൊപ്പംചേർന്ന്‌ തദ്ദേശവകുപ്പിനും സ്ഥാപനങ്ങൾക്കും പ്രധാനപങ്ക് വഹിക്കാനുണ്ട്. ആരോഗ്യരംഗത്ത് നാം കാണിച്ച ജാഗ്രത തുടരേണ്ടതുണ്ട്. മാത്രമല്ല, വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കും കുടുംബത്തിനും സാമൂഹ്യപിന്തുണയും പരിചരണവും നൽകണം. കൂടുതൽ പരിഗണന ലഭിക്കേണ്ട ജനവിഭാഗങ്ങൾക്ക് ഈ പ്രത്യേക സാഹചര്യത്തിൽ  ശ്രദ്ധയും ബോധവൽക്കരണവും പരിചരണവും ഉറപ്പാക്കേണ്ടതുണ്ട്. ഭാവിപ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

ബോധവൽക്കരണം പ്രധാനം


ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ ബോധവൽക്കരണം സംഘടിപ്പിക്കേണ്ടതാണ്. രോഗവ്യാപനസാധ്യതകൾ, പ്രതിരോധമാർഗങ്ങൾ, രോഗം പടരാതെ നോക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വയോജനങ്ങൾ, സാന്ത്വനചികിത്സയിലുള്ളവർ, പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങൾ, തീരദേശവാസികൾ, ചേരികളിൽ താമസിക്കുന്നവർ, കെയർഹോം അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവർക്ക്‌ പ്രാമുഖ്യം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക്‌ ദി ചെയിൻ, സാമൂഹ്യഅകലം പാലിക്കൽ പരിപാടികളെക്കുറിച്ചുള്ള ബോധവൽക്കരണവും ആവശ്യമാണ്. സ്കൂളുകൾ, സിനിമാതിയറ്ററുകൾ, - മാളുകൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബ്രേക്ക്‌ ദി ചെയിൻ പ്രചരിപ്പിക്കുക. ആൾക്കൂട്ടം നിരുത്സാഹപ്പെടുത്തുക. ടാക്സി–-ഓട്ടോഡ്രൈവർമാർ, പാൽ–-പത്രം വിതരണക്കാർ എന്നിവർക്കിടയിൽ ബോധവൽക്കരണം നടത്തണം. എടിഎം, ലിഫ്റ്റുകൾ തുടങ്ങിയവയ്ക്ക് സമീപം സാനിറ്റൈസർ സജ്ജമാക്കുക. പ്രതിരോധസാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കണം. പൊതുസ്ഥലങ്ങൾ–-ഓഫീസുകൾ, ബസ് സ്റ്റാൻഡ്‌, മാർക്കറ്റ് മുതലായവ വൃത്തിയാക്കുക. ഉപയോഗിച്ച മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ അണുബാധ ഇല്ലാതാക്കി സംസ്കരിക്കാൻ നിർദേശം നൽകണം. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ നിർദേശമനുസരിച്ച്  കൃത്യമായി നിരീക്ഷിക്കുക.

വിദേശത്തുനിന്ന് വന്നവരെ സംബന്ധിച്ച വിവരങ്ങൾ വകുപ്പിനെ അറിയിക്കണം. മാർഗനിർദേശങ്ങളെക്കുറിച്ച് വ്യക്തമാക്കണം. കമ്യൂണിറ്റി കൗൺസലിങ്‌ ഏർപ്പാടാക്കുക. ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കൽ. പല ആവശ്യങ്ങൾക്കായി രൂപീകരിച്ച വിവിധതരം കമ്മിറ്റികൾ ഈ സാഹചര്യത്തിൽ പ്രവർത്തനക്ഷമമാവുക. നിലവിലെ സാഹചര്യം തുടർന്നാൽ ഭക്ഷ്യക്ഷാമം ഉൾപ്പെടെ ഉണ്ടാകുന്ന അവസ്ഥ വരും. ഭക്ഷ്യ–- സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യധാന്യങ്ങളുടെയും - മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുക. കൃത്രിമക്ഷാമം ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ച് കലക്ടർക്ക് റിപ്പോർട്ട്‌- നൽകുക.
പ്രദേശത്ത് ലഭ്യമാക്കാവുന്ന പ്രതിരോധസംവിധാനങ്ങളെക്കുറിച്ച് കൃത്യമായ വിവരം ശേഖരിച്ച് പട്ടികപ്പെടുത്തണം. കലക്ടർമാർക്ക് അവ സമയബന്ധിതമായി എത്തിക്കുക. ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് പരാമെഡിക്കൽ സ്റ്റാഫംഗങ്ങൾ, മെഡിക്കൽ വിദ്യാർഥികൾ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ, യുവജന ക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പിക്കണം.

പ്രദേശത്തെ പ്രതിരോധസൗകര്യങ്ങൾ , ആശുപത്രികളുടെ പട്ടികയും കിടക്കകളുടെ എണ്ണവും, ഐസിയു, വെന്റിലേറ്റർ,  ഓക്സിജൻ സിലിണ്ടർ, എക്സ്‌റേ–-സ്കാനിങ്‌–- ഇസിജി സൗകര്യങ്ങൾ, ആംബുലൻസ് എന്നിവയുടെ എണ്ണം ശേഖരിക്കണം. അടിയന്തരസാഹചര്യങ്ങളിൽ ഐസൊലേഷനോ താമസത്തിനോ ഉപയോഗിക്കാവുന്ന ഒഴിഞ്ഞുകിടക്കുന്ന ആശുപത്രികൾ , ഹോസ്റ്റലുകൾ, കോളേജുകളും സ്കൂളുകളും, ലോഡ്‌ജ്‌,  ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ കണക്ക്‌ സജ്ജമാക്കുക.

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, അങ്കണവാടി വർക്കർ, കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ, ആരോഗ്യസേനാപ്രവർത്തകർ, എസ്‌‌സി –-എസ്‌ടി പ്രൊമോട്ടർമാർ, സന്നദ്ധരായ സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെയുള്ള കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം. ഇവർ കിടപ്പുരോഗികളും മറ്റ് രോഗങ്ങൾ ഉള്ളവരുമായ വയോജനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും പെട്ടെന്ന് വൈദ്യസഹായം ആവശ്യമായിവന്നാൽ  സഹായം ഉറപ്പാക്കൽ.
വിഭിന്നശേഷിയുള്ളവർ , ഗർഭിണികൾ , പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങി നേരത്തേ സൂചിപ്പിച്ചവരുടെ വിവരങ്ങളും ശേഖരിക്കണം. ഈ വിവരങ്ങൾ  ഒരാഴ്ചയ്‌ക്കുള്ളിൽ ജില്ല, റീജ്യണൽ ഓഫീസ് വഴി പഞ്ചായത്ത് ഡയറക്ടർക്ക്‌ കൈമാറുന്നതാണ്‌.

ചിട്ടയായ പ്രവർത്തനം അനിവാര്യം

കോവിഡ്–- -19 പ്രതിരോധപ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധാപൂർവമായ ഇടപെടൽ നടത്തേണ്ടതുണ്ട്. - അസാധാരണ സാഹചര്യത്തെ അസാധാരണമായ ജനകീയ കൂട്ടായ്മയിലൂടെയും ബോധവൽക്കരണപ്രവർത്തനങ്ങളിലൂടെയും വ്യക്തമായ മോണിട്ടറിങ്ങിലൂടെയുംമാത്രമേ തരണംചെയ്യാൻ സാധിക്കൂ. ഭീതി പരത്തുകയല്ല, പകരം ജാഗ്രതയാണ് വേണ്ടത്. സമൂഹവ്യാപനത്തിലേക്ക് കടക്കാതെ ദപ്രതിരോധിക്കേണ്ടത് പ്രധാനമാണ്. കാരണം സാമൂഹ്യവ്യാപനത്തിലേക്ക് കടന്നാൽ രോഗാണുവാഹി ആരാണെന്ന് അറിയാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വിവാഹം, മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, യോഗങ്ങൾ എന്നിങ്ങനെ ആളുകൾ കൂട്ടംചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിക്കണം.

ഭരണസമിതിക്ക്‌ ഇക്കാര്യത്തിൽ നിരവധി ഉത്തരവാദിത്തം നിർവഹിക്കാനുണ്ട്‌. തദ്ദേശസ്ഥാപനതലത്തിലും വാർഡ് തലത്തിലും ചുമതല  ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി വിഭജിച്ച് നൽകണം, ബോധവൽക്കരണം, ബ്രേക്ക്‌ ദി ചെയിൻ ഉറപ്പാക്കൽ, പരിസരശുചിത്വം,  ഭക്ഷ്യ ലഭ്യത ഉറപ്പാക്കൽ , അങ്കണവാടികളിൽനിന്നുള്ള ഭക്ഷണവിതരണം, മരുന്ന് ലഭ്യത, തൊഴിലുറപ്പ് പദ്ധതി സ്ഥലങ്ങളിലെ തയ്യാറെടുപ്പ്, കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരണം, കോവിഡ്–-19 മോണിട്ടറിങ്‌, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വൈകിട്ട്‌ ആറുവരെ ഒപി തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം. ഐസൊലേഷനിൽ കഴിയേണ്ടിവരുന്നവരോടും  വിദേശസഞ്ചാരികളോടും അനുകമ്പയോടെ പെരുമാറുന്നതിനും മാനസിക പിന്തുണ നൽകുന്നതിനാവശ്യമായ ബോധവൽക്കരണം സംഘടിപ്പിക്കുക. സന്ദേശങ്ങൾക്കും ആശയ വിനിമയത്തിനുമായി വാട്‌സാപ്‌ ഗ്രൂപ്പുകളും ഉണ്ടാക്കണം.

ചുമതലകൾ വീതിച്ചെടുക്കുക

തദ്ദേശസ്ഥാപന അധ്യക്ഷന്മാർ എല്ലാ പ്രതിരോധപ്രവർത്തനങ്ങളുടെയും ദൈനംദിന പരിശോധന, പുരോഗതി വിലയിരുത്തൽ, വിവരലഭ്യത കൃത്യമാക്കൽ, പരാതിപരിഹാര സംവിധാനം, വിവരങ്ങൾ അധികൃതരെ അറിയിക്കൽ തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കണം. 
ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ ഹോം ഐസൊലേഷൻ സംബന്ധിച്ച ദൈനംദിനപ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കണം . മെമ്പർമാർ വാർഡ് തല ഏകോപനം നടത്തണം.  ഉത്തരവാദിത്തങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നിറവേറ്റുന്നു എന്ന്‌ സെക്രട്ടറിമാർ ഉറപ്പാക്കുക,  പ്രസിഡന്റിന്റെ അനുമതിയോടെ ദൈനംദിനപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണം.

അടിയന്തരശ്രദ്ധ പതിയേണ്ട പുതിയ വിവരങ്ങളും പ്രശ്നങ്ങളും സെക്രട്ടറി സർക്കാരിന് കൈമാറണം.
കോവിഡ്–- -19 പ്രതിരോധപ്രവർത്തനങ്ങളിൽ  നാടിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും ഒപ്പംചേർന്ന് ജനകീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയും.


പ്രധാന വാർത്തകൾ
 Top