26 May Tuesday

കൊറോണ മാറ്റിവരയ്ക്കുന്ന ലോകക്രമം

കെ എൻ ബാലഗോപാൽUpdated: Tuesday Apr 7, 2020

ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം.  അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും ബസുകളുമൊന്നും ചലിക്കുന്നില്ല. നിശ്ചലതയിലേക്ക് ലോകം വീണുപോയിരിക്കുന്നു. മനുഷ്യന്റെ എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ചരിത്രത്തിൽ ഇങ്ങനെയൊരു  അവസ്ഥ ഉണ്ടായിട്ടില്ല. പകർച്ചവ്യാധികളും മാരകരോഗങ്ങളും പിടികൂടിയിരുന്നെങ്കിലും,  ഒരു വൻകരയിൽനിന്ന് അടുത്ത വൻകരയിലേക്ക്  ഒരു വൈറസ് പടർന്ന്‌ ലോകത്തെയാകെ നശിപ്പിക്കുന്ന ഒരു നില മുമ്പുണ്ടായിട്ടില്ല. 

പ്ലേഗ് പോലെയും സ്പാനിഷ് ഫ്ലൂപോലെയുമുള്ള മഹാമാരികൾ പിടിച്ചുലച്ച കാലത്ത് ലോകം ഇത്ര ആധുനികമായിരുന്നില്ല. ഒരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ലാത്ത കോവിഡിനുമുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് വികസിത രാജ്യങ്ങൾപോലും. അമേരിക്കയും ഇറ്റലിയും ബ്രിട്ടനും ഫ്രാൻസുമെല്ലാം വൈറസിനുമുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുകയാണ്. ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് ബാധിതരായിരിക്കുന്നു. ആദ്യഘട്ടത്തിൽ രോഗത്തെ  നിസ്സാരമായി സമീപിച്ച അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ഇപ്പോൾ ചൈനയുടെ പിന്തുണ അഭ്യർഥിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുള്ളത് അമേരിക്കയിലാണ്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളതാകട്ടെ ഇറ്റലിയിലും.

സ്പെയിൻ ആകട്ടെ ആരോഗ്യമേഖല പൂർണമായി ദേശസാൽക്കരിച്ചു. സ്വകാര്യമേഖലയെക്കൊണ്ട് ഈ വിപത്തിനെ നേരിടാനാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. സമ്പൂർണമായ ലോക്ക്ഡൗൺ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി.  സാമൂഹ്യഅകലം പാലിച്ചും കൈകൾ വൃത്തിയാക്കിയും പൂർണസമയം വീട്ടിൽ അടച്ചിരുന്നും ലോകം  പ്രതിസന്ധികാലത്തെ നേരിടുകയാണ്.  അടച്ചിടലിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളാണ്  ചർച്ചാവിഷയം.

കേരള മോഡൽ പ്രതിരോധം
കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാരും മുഖ്യമന്ത്രിയും എടുക്കുന്ന തീരുമാനങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും മുഖ്യമന്ത്രി  ജനങ്ങളോട് നടത്തുന്ന അഭിസംബോധനയും ലോക്ക്ഡൗൺ  കാലത്തെ കേരളത്തിന്റെ  പ്രവർത്തനങ്ങളും വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർടികളും വിവിധ മത-സാമുദായിക - സാമൂഹ്യസംഘടനകളും സർക്കാരിന് പിന്തുണ നൽകി. കേരളം ഒറ്റക്കെട്ടായാണ് വിപത്തിനെ നേരിടുന്നത്. അന്തർദേശീയ മാധ്യമങ്ങൾപോലും കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങളെ ശ്ലാഘിക്കുന്നു. ദേശീയതലത്തിൽത്തന്നെ കേരള മോഡൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിക്കണം എന്ന ആവശ്യം ഉയർന്നു.


 

ഇന്ത്യയുടെ തലസ്ഥാനത്തുനിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മനുഷ്യർ പലായനം ചെയ്യുന്ന കാഴ്ച അങ്ങേയറ്റം സങ്കടകരമാണ്. തൊഴിൽ നഷ്ടപ്പെട്ട മനുഷ്യർ അഞ്ഞൂറും അറുന്നൂറും കിലോമീറ്റർ കാൽനടയായി താണ്ടി ഗ്രാമങ്ങളിലേക്ക് പോകുകയാണ്.  എന്നാൽ കേരളത്തിലാകട്ടെ,  അതിഥിത്തൊഴിലാളികളെ ഏറ്റവും മികച്ച രീതിയിലാണ് സംരക്ഷിക്കുന്നത്. കോട്ടയം പായിപ്പാട്ട് നടന്ന അതിഥിത്തൊഴിലാളികളുടെ തെരുവിലിറങ്ങിയുള്ള സമരം അനാവശ്യമായിരുന്നു.  ഭക്ഷണമോ സൗകര്യമോ അല്ല, മറിച്ച് തങ്ങൾക്ക് നാട്ടിലേക്ക് പോകണം എന്നായിരുന്നു  അവരുടെ ആവശ്യം. അത് അംഗീകരിക്കാൻ കഴിയുന്നതല്ല. പ്രധാനമന്ത്രി പറഞ്ഞതുപോലെ ആളുകൾ  എവിടെയാണോ അവിടെത്തന്നെ തുടരുക എന്നത് മാത്രമാണ് ഈ ഘട്ടത്തിൽ കരണീയം. 

സമ്പദ്‌വ്യവസ്ഥയ്‌ക്കേൽക്കുന്ന ആഘാതം
കോവിഡിനുശേഷം ലോകത്തിന്റെ സാമ്പത്തിക- തൊഴിൽമേഖലയുടെ അടിസ്ഥാനംതന്നെ കീഴ്‌മേൽ മറിയാൻ പോകുകയാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തികമേഖലയൊക്കെ കനത്ത പ്രതിസന്ധിയിലേക്ക് വീണുകഴിഞ്ഞു. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ നഷ്ടമാണ് കാർഷികമേഖലയിൽ മാത്രമുണ്ടായിരിക്കുന്നത്. ഭക്ഷ്യസുരക്ഷ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് സാമ്പത്തിക - കാർഷികമേഖലകളെ പൂർവസ്ഥിതിയിലേക്ക് എത്തിക്കുക എന്നത്. കോവിഡിനുശേഷമുള്ള ലോകവും രാജ്യവും സംസ്ഥാനവും പഴയതുപോലെ ആയിരിക്കില്ല എന്നുറപ്പാണ്. 

ലോക സാമ്പത്തികരംഗം  ചുരുങ്ങിയത് പത്തുവർഷമെങ്കിലും പിന്നിലേക്ക് പോകും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോക്ക്ഡൗൺ എത്ര കാലം തുടരും എന്ന് പറയാൻ പറ്റില്ല. കോറോണയെ വിജയകരമായി പ്രതിരോധിച്ച ചൈനയിൽ മൂന്നുമാസത്തോളം ലോക്ക്ഡൗണിന്‌ തുല്യമായ സാഹചര്യം നിലനിന്നു.  ചൈനയിലെ സ്ഥിതി ഇതാണെങ്കിൽ ഇന്ത്യയുടെ കാര്യം പറയേണ്ടതില്ലല്ലോ. കേരളംപോലെ ഒരു  ഉപഭോക്‌തൃ സംസ്ഥാനത്തിന്റെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വിവിധ മേഖലകളിലെ പ്രതിസന്ധി
കാർഷികമേഖലയിലെ സ്ഥിതി അതീവഗുരുതരമാണ്. വിളകൾ നടേണ്ട സമയങ്ങളിൽ അതിന് കഴിയാതെ വന്നാൽ കാർഷികമേഖലയുടെ താളം പൂർണമായും തെറ്റും. റാബി ഇനത്തിൽപ്പെട്ട വിളകളുടെ വിളവെടുപ്പ് കാലമാണ് ഏപ്രിൽ–-മെയ് മാസങ്ങൾ. നെല്ല് ഉൾപ്പെടെയുള്ള ഖാരീഫ് വിളകളുടെ വിത്തിറക്കേണ്ടത്‌ ജൂണിലാണ്. ഈ സമയക്രമം തെറ്റിയാൽ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാകും. വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കാത്ത നിലയുണ്ടാകും. പ്രാഥമിക–-ദ്വിതീയ മേഖലകൾ നിശ്ചലമാകുന്നതോടെ തൃതീയ മേഖലയായ സേവനമേഖല നിശ്ചലമാകും.  സാമ്പത്തിക–-തൊഴിൽ അസ്തിത്വത്തെയും സാമൂഹ്യ - സാമ്പത്തിക ക്രമത്തെയും കീഴ്‌മേൽ മറിക്കും. വരുമാനമാർഗങ്ങളും ഇല്ലാതാകും.

കുറെയധികം മാസങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനസർവിസുകൾ പഴയനിലയിൽ  ഉണ്ടാകാനിടയില്ല. ടൂറിസംമേഖലയിൽ നിന്നുള്ള വരുമാനം പൂർണമായി നിലയ്ക്കപ്പെടും. ലോക സാമ്പത്തികപ്രതിസന്ധി പ്രവാസികളുടെ നില പരുങ്ങലിലാക്കും. അവരുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് വന്നുചേരുന്ന കേരള സമ്പദ്‌രംഗത്തിന്റെ ആരോഗ്യം ആ നിലയിലും ദുർബലമാകും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂപ്പുകുത്തി. അത് ഗൾഫ്മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞു.


 

സർക്കാർ ജീവനക്കാരുടെ ശമ്പളം
കാർഷിക -വ്യാവസായിക മേഖലയിലെ വൻ തകർച്ചകളെ രാജ്യം അഭിമുഖീകരിച്ച ഘട്ടങ്ങളിലും ആ പ്രതിസന്ധി ബാധിക്കാത്ത വിഭാഗമായിരുന്നു സർക്കാർ ജീവനക്കാർ. ജീവനക്കാരുടെ വേതനവും പെൻഷനും നൽകുന്ന കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും ഏത്‌ വലിയ പ്രതിസന്ധിക്കിടയിലും കേരള ഗവൺമെന്റ് തയ്യാറായിട്ടില്ല.

സർക്കാർ അർധസർക്കാർ പൊതു മേഖലകളിലെ ജീവനക്കാരുടെ ശമ്പളവിതരണം ഈ പ്രതിസന്ധികാലത്ത് എങ്ങനെയാകും എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. സംസ്ഥാന സർക്കാരിന്റെ വരുമാന സ്രോതസ്സുകളെല്ലാം അടഞ്ഞിരിക്കുന്നു. പെട്രോളിയം കച്ചവടം അഞ്ചുശതമാനത്തിൽ താഴെ ആയതോടെ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള  നികുതിവരുമാനം പൂർണമായും നിലച്ചു. ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും  പൂട്ടിയതോടെ എക്സൈസ് നികുതിവരവില്ലാതായി. ലോട്ടറി ഇല്ലാതായതോടെ ആ വരുമാനവും നിന്നു. സ്റ്റാമ്പ് നികുതി, മറ്റ്‌ സേവന നികുതികൾ, പിഴകൾ എല്ലാം നിർത്തിവച്ചിരിക്കുന്നു. കച്ചവടസ്ഥാപനങ്ങൾ അടച്ചതോടെ ചരക്കുസേവന നികുതിയിൽനിന്ന് ഒന്നും കിട്ടാനില്ല.  ഇത്രയും രൂക്ഷമാണ് നാടിന്റെ സാമ്പത്തികസ്ഥിതി. മാത്രവുമല്ല, സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി കുടിശ്ശിക കേന്ദ്രം പൂർണമായും  തന്നിട്ടില്ല. കടമെടുക്കുന്ന  പരിധി വർധിപ്പിക്കണമെന്ന ആവശ്യത്തോടും മുഖംതിരിഞ്ഞ്‌ നിൽക്കുകയാണ് കേന്ദ്രം. തൊണ്ണൂറ് ശതമാനം വരവുനിലയ്‌ക്കുന്നതോടെ എങ്ങനെ ശമ്പളവും പെൻഷനും കൊടുക്കും എന്ന പ്രശ്നം സർക്കാരിനെ കുഴയ്‌ക്കും എന്നുറപ്പ്.

അംസംഘടിതമേഖലയിലെ സഹായങ്ങളെയും  ക്ഷേമപെൻഷനുകളെയും മറ്റ്‌ ജനകീയപ്രവർത്തനങ്ങളെയുമെല്ലാം ഈ പ്രതിസന്ധി ബാധിക്കും. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്ന ഹെസ് സംസ്ഥാനത്തെ ധനമന്ത്രി ടോമസ് ഷെഫർ  ആത്മഹത്യ ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സമ്മർദംമൂലമാണ് അദ്ദേഹം ജീവനൊടുക്കിയത്.  തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. പകുതി ശമ്പളമേ ഇനി സർക്കാർ ജീവനക്കാർക്കുള്ളൂ. ജനപ്രതിനിധികളുടെ  ശമ്പളം എഴുപത്തഞ്ചു ശതമാനം വെട്ടിക്കുറച്ചു. പാർലമെന്റ്‌ അംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. എന്നാൽ, എന്നും സർക്കാർ സർവീസ് മേഖലയെ ചേർത്തുപിടിച്ചിട്ടുള്ള ഇടതുപക്ഷ ഗവൺമെന്റ് ഈ പ്രതിസന്ധിയെ വലിയ  പരിക്കില്ലാതെ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുകയാണ്.


 

ലോകം കോവിഡിന് മുമ്പും ശേഷവും
കോവിഡിനുശേഷം ലോകം രണ്ടായി വിഭജിക്കപ്പെടും എന്നുറപ്പാണ്. ലോകത്തിന്റെ സാമൂഹ്യക്രമംതന്നെ മാറാൻ പോകുന്നു. സ്വതന്ത്ര സഞ്ചാരം,  തൊഴിൽ,  പ്രവാസം, അന്തർദേശീയബന്ധങ്ങൾ,  ആരോഗ്യപരിപാലനം, അന്താരാഷ്ട്ര ഗതാഗതം,  കയറ്റുമതി, - ഇറക്കുമതി തുടങ്ങിയ മേഖലകളിലെല്ലാം  മാറ്റവും നിയന്ത്രണവും വലിയൊരു കാലത്തേക്ക് ഉണ്ടാകാൻ പോകുകയാണ്.  പൊതുഉടമസ്ഥത, സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ആശയങ്ങൾ കൂടുതൽ  സ്വീകാര്യമാകും. മുതലാളിത്തം സൃഷ്ടിക്കുന്ന പൊള്ളത്തരം ലോകത്തെ വലിയ അളവിൽ ബോധ്യപ്പെടുത്തും. പരസ്പരാശ്രയത്വത്തെക്കുറിച്ചുള്ള ചിന്തകളുടെ ആവേഗം വർധിപ്പിക്കും. ഈ പ്രതിസന്ധിയും  ലോകം തരണംചെയ്യും എന്നതിൽ സംശയം വേണ്ട. ലോകം അതിന്റെ വേഗതയും കരുത്തും വീണ്ടെടുക്കുകതന്നെ ചെയ്യും.  പുതിയ ലോകസൃഷ്ടി, ബഹുവിധത്തിൽ നിർവഹിക്കാനുള്ള ഊർജം സംഭരിക്കുന്ന കാലമായി മനുഷ്യൻ ഈ കോവിഡ് കാലത്തെ അടയാളപ്പെടുത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top