31 May Sunday

നമുക്കൊന്നിച്ച് അതിജീവിക്കാം കൊറോണയെ

കെ കെ ശൈലജ ( ആരോഗ്യമന്ത്രി )Updated: Monday Feb 3, 2020


ചൈനയിലെ വുഹാനിൽനിന്ന്‌ പടർന്നുപിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. കഴിഞ്ഞ ഡിസംബർ അദ്യവാരം ചൈനയിൽ കാണപ്പെട്ട കൊറോണ വൈറസ് ഇരുപതിലധികം രാജ്യങ്ങളിലാണ് അതിവേഗം പടർന്നത്. ആയിരക്കണക്കിന് പേരെയാണ് കൊറോണ ബാധിച്ചത്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു. വൈറസ് ചൈനയിൽ വ്യാപിച്ച് തുടങ്ങിയതുമുതൽ സംസ്ഥാന ആരോഗ്യവകുപ്പ് കരുതൽ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ എടുത്തു. നിരവധി മലയാളികളാണ് ചൈനയിൽ പഠനത്തിനും ജോലിക്കും മറ്റുമായുള്ളത്. കൊറോണ ഉള്ള ആരെങ്കിലും ചൈനയിൽനിന്ന്‌ വന്നാൽ അത് ഇവിടെ വ്യാപിക്കാൻ സാധ്യത കണക്കിലെടുത്തായിരുന്നു മുന്നൊരുക്കങ്ങൾ. വരുന്ന ആളിന്റെയും അവരുടെ ബന്ധുക്കളുടെയും പൊതുജനങ്ങളുടെയും ജീവൻ രക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് മുന്നിൽക്കണ്ട മുന്നൊരുക്കമാണ് എടുത്തത്. നിപാ വൈറസിനെ അതിജീവിച്ച അനുഭവ പാഠവുമായാണ് കൊറോണ വൈറസിനെ നേരിടാൻ സജ്ജമായത്.

ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് അറിയുന്നത്. തൃശൂർ  ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ കഴിഞ്ഞ ഒരു വിദ്യാർഥിനിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതിനാൽ ആദ്യ കേസോടെതന്നെ തിരിച്ചറിയാൻ പറ്റി. ഇതിലൂടെ രോഗപ്പകർച്ച തടയുന്നതിനും ആരംഭത്തിൽത്തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ചതായുള്ള നിഗമനം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ വന്നത്. പ്രാഥമിക പരിശോധനയായതിനാൽ അന്തിമഫലം കിട്ടിയാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. വൈറസ് ബാധിച്ചതായി സംശയിക്കുന്ന വിദ്യാർഥി ചൈനയിൽനിന്ന്‌ വന്നശേഷം ജനുവരി 24മുതൽ ആലപ്പുഴയിൽ ഐസൊലേഷൻ ചികിത്സയിലാണ്. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കൊറോണയെന്ന അപകടകാരി
മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം. സാധാരണഗതിയിൽ ചെറുതായി വന്നുപോകുമെങ്കിലും കടുത്തുകഴിഞ്ഞാൽ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാൽ അതിന് പ്രതിരോധമരുന്നോ കൃത്യമായ മരുന്നുചികിത്സയോ ഇല്ല. എങ്കിലും വിദഗ്ധ ചികിത്സയിലൂടെയും വെന്റിലേറ്റർ ഉൾപ്പെടെയുള്ള അനുബന്ധ ചികിത്സയിലൂടെയും ഏറ്റവും നല്ല ചികിത്സ നൽകാനാണ് ശ്രമിക്കുന്നത്. ആശുപത്രികൾക്കുള്ളിൽ രോഗപ്പകർച്ച തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളും ശക്തമാക്കുന്നു. 

മുൻകരുതലാണ്‌ പ്രധാനം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ പ്രതിരോധം ശക്തമാക്കി. കൊറോണ വൈറസ് ചൈനയിൽ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. ചൈനയിൽ പോയി തിരിച്ചുവന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസിൽ ബന്ധപ്പെടണമെന്ന് നിർദേശം നൽകി. രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കാൻ തീരുമാനിച്ചു. കർശന പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മാർഗനിർദേശങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി.

ഏകോപനത്തിന്‌ കൺട്രോൾ റൂമുകൾ
സ്റ്റേറ്റ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ദിവസവും യോഗം ചേർന്നാണ് ഓരോ ദിവസത്തെയും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പ്രധാനയോഗങ്ങളിൽ ആരോഗ്യമന്ത്രിയും പങ്കെടുത്തു. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്.

ആശുപത്രികൾ സജ്ജം
മെഡിക്കൽ കോളേജുകളിലും പ്രധാന ജനറൽ, ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി. എല്ലാ ആശുപത്രികളിലും അണുനശീകരണം ഊർജിതമാക്കി. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെഎംഎസ്‌സിഎല്ലിനെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ പുണെയിലെ ദേശീയ വൈറോളജി ലാബിലേക്ക് അയക്കാനും നിർദേശിച്ചു.

നിരീക്ഷണം ശക്തം
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവൽക്കരണം നൽകി വീടുകളിൽത്തന്നെ നിരീക്ഷിക്കും. 28 ദിവസംവരെ നിരീക്ഷിക്കണം.


 

റാപ്പിഡ് റെസ്‌പോൺസ് ടീം
കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ നിർദേശങ്ങളനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം വിളിച്ചു. കൃഷിമന്ത്രി വി എസ് സുനിൽകുമാറും പങ്കെടുത്തു. വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതാണ്‌  പ്രധാനമായും ചർച്ച ചെയ്തത്. രോഗം ബാധിച്ച വിദ്യാർഥിനിയുടെ അവസ്ഥ ഗുരുതരമല്ലെങ്കിലും അവരുമായി നേരിട്ട്‌ സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കേണ്ടതാണ്. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും അവരെയും നിരീക്ഷണത്തിൽ വയ്ക്കും. ഇതോടൊപ്പം തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌  മാറ്റാനും തീരുമാനിച്ചു.

തൃശൂരിലും ആലപ്പുഴയിലും പ്രതിരോധം
കൊറോണ സ്ഥിരീകരിച്ച അന്ന് രാത്രിതന്നെ തൃശൂർ മെഡിക്കൽ കോളേജിലെത്തി ഉന്നതതലയോഗം ചേർന്നു. തുടർന്ന്‌ ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, തദ്ദേശഭരണം തുടങ്ങി എല്ലാ വകുപ്പുകളുടെയും യോഗങ്ങൾ വിളിച്ചു.  ഇതുകൂടാതെ, സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. രണ്ടാമത്തെ കേസ് ആലപ്പുഴയിലാണെന്ന നിഗമനത്തെത്തുടർന്ന് ഒട്ടും സമയം കളയാതെ ആലപ്പുഴയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ചൈനയിൽനിന്ന്‌ വരുന്നവർ മറ്റ് സ്ഥലങ്ങളിൽ യാത്രചെയ്യാതെ വീടുകളിലെത്തണം. ആരുമായി സമ്പർക്കമില്ലാതെ ഒരു മുറിയിൽത്തന്നെ 28 ദിവസം കഴിയേണ്ടതാണ്. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുൻനിർത്തി ഇത് കർശനമായി പാലിക്കേണ്ടതാണ്‌. വിശദ വിവരങ്ങളും ദിശയുടെ 0471 255 2056 എന്ന നമ്പരിൽ ലഭ്യമാകും. വീട്ടിൽ നിരീക്ഷണത്തിലുള്ളവർ മറ്റ്‌ കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കേണ്ടതാണ്. കല്യാണംപോലുള്ള പൊതുപരിപാടികൾ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്‌. ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്. എല്ലാവരും വളരെയേറെ മുൻകരുതലുകൾ എടുക്കണം. നിപായെയും പ്രളയത്തെയും നമ്മൾ അതിജീവിച്ചത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. അതേ ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങളിൽ ഫലം കാണുകതന്നെ ചെയ്യും.


പ്രധാന വാർത്തകൾ
 Top