28 November Saturday

കൊറോണ: കേരളം ഏറ്റവും മികച്ച വിജയകഥ - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Saturday Nov 21, 2020

ദുരന്തനിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസ്സിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക. എവിടെയെങ്കിലും ദുരന്തമുണ്ടായാൽ ഉടൻ ഓടിയെത്തി ഇടപെടുക, അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുക, അനന്തര നടപടികൾ സ്വീകരിക്കുക, വീട് നഷ്ടപ്പെട്ടവർക്ക് താമസിക്കാൻ സൗകര്യവും ഭക്ഷണവും ഒരുക്കുക, പരിസ്ഥിതിനാശം കുറയ്‌ക്കാനുള്ള നടപടികൾ സ്വീകരിക്കുക. എല്ലാ ദുരന്തസ്ഥലത്തും മാധ്യമങ്ങൾ ഓടിയെത്തും. എന്നും ദുരന്തങ്ങൾക്ക് വലിയ വാർത്താമൂല്യമുണ്ട്.

ദുരന്തനിവാരണം ജോലിയായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് വെളിപാടുണ്ടായത്, അപകടം മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ, അതുണ്ടാകാതെ നോക്കിയാൽ ആളുകൾ രക്ഷപ്പെടുമല്ലോ. അങ്ങനെയാണ് ഞാൻ ദുരന്തനിവാരണരംഗത്തുനിന്ന്‌ ദുരന്ത ലഘൂകരണത്തിലേക്ക് എത്തിയത്. ഒരു ദുരന്തം ഒഴിവാക്കണമെങ്കിൽ അനേകം ബുദ്ധിമുട്ടുകളുണ്ട്. ലോകത്ത് എവിടെയൊക്കെ എന്തൊക്കെ ദുരന്തങ്ങൾക്ക് സാധ്യത ഉണ്ടെന്നറിയണം, അങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തണം, അത് ഒഴിവാക്കാൻ വേണ്ട നടപടികളെടുക്കാൻ ആ പ്രദേശങ്ങളിലെ സർക്കാരിനെയും ജനങ്ങളെയും പ്രേരിപ്പിക്കണം.  ഉണ്ടാകാത്ത ദുരന്തമാണ് ഞങ്ങളുടെ വിജയം, അതുപക്ഷേ വാർത്തയല്ല.  ദുരന്തനിവാരണത്തിൽ അല്ലാതെ ദുരന്തലഘൂകരണത്തിൽ നല്ല വാർത്തകളും കഥകളും വരാറില്ല.


 

ദുരന്തലഘൂകരണരംഗത്തെ ഏറ്റവും നല്ല വിജയകഥകളിൽ ഒന്നാണ് നമ്മുടെ തൊട്ടുമുന്നിൽ കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 2020 ജനുവരി മുപ്പതിനാണ്‌ കേരളത്തിൽ ആദ്യത്തെ കൊറോണ കേസ് എത്തുന്നത്. രണ്ടു മാസം കഴിഞ്ഞ് മാർച്ച് 31ന് കേസുകളുടെ എണ്ണം 240ൽനിന്നു, മരണം വെറും രണ്ടും. കൊറോണ എത്തിയ മറ്റു പല നാടുകളിലും ഏപ്രിൽ ആയപ്പോഴേക്കും കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു.  അക്കാലത്ത് ലോകത്തെ ശരാശരി മരണനിരക്ക്  മൂന്ന് ശതമാനമാണ് (ചില രാജ്യങ്ങളിൽ പത്തു ശതമാനംവരെയായി). അങ്ങനെ വന്നിരുന്നെങ്കിൽ മരണങ്ങളുടെ എണ്ണം മൂവായിരംമുതൽ പതിനായിരംവരെ ആകുമായിരുന്നു. പക്ഷേ, ശരിയായ നടപടികൾ ഉണ്ടായി, കേസുകളുടെ എണ്ണം അതിവേഗത്തിൽ കൂടിയില്ല, മരണങ്ങൾ സംഭവിച്ചില്ല.കേരളത്തിൽ ആദ്യത്തെ ആയിരം കേസ്‌ എത്താൻ  സമയം പിന്നെയുമെടുത്തു (മെയ് 27നാണ് ആയിരം കേസ് ആയത്, ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത് 126 ദിവസം കഴിഞ്ഞതിനുശേഷം).

കൊറോണക്കേസുകൾ കേരളത്തിൽ പതുക്കെപ്പതുക്കെ കൂടി, ആയിരം പതിനായിരവും ലക്ഷവും കടന്നു.  കഴിഞ്ഞ ദിവസംവരെയുള്ള പ്രതിദിന കേസുകളുടെ ഏഴു ദിവസത്തെ മൂവിങ് ആവറേജ് ആണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഇതിൽ ഒരു കാര്യം വ്യക്തമാണ്, കേരളത്തിൽ കൊറോണ ആദ്യത്തെ കുന്നുകയറി ഇറങ്ങിക്കഴിഞ്ഞു. ആകെ മരിച്ചവരുടെ എണ്ണം 1997 ആണ്, രോഗബാധിതർ ആയവരുടെ 0.36 ശതമാനം.

ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യസംവിധാനവും ഇതുവരെ രക്ഷിച്ചത് പതിനായിരത്തിന് മുകളിൽ ജീവനുകളാണ്. എന്നാൽ, ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആർക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷേ, അത് അറിയാത്തിടത്തോളം കാലം നമുക്കതിൽ വലിയ അഭിമാനമോ അതിശയമോ ഇല്ല. "ഇതൊക്കെ എന്ത്' എന്ന് ചിന്തിച്ചിരിക്കുന്നതിനാൽ നമുക്ക് ആർക്കും നന്ദി പറയാനുമില്ല. സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങൾ ഒഴിവാക്കിയതുതന്നെയാണ് നമ്മുടെ സർക്കാർ കൊറോണ കൈകാര്യം ചെയ്തതിലെ ഏറ്റവും വലിയ വിജയം.


 

കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നുകയറി ഇറങ്ങിയിരിക്കുന്നു. കേരളത്തിൽ ഇത്‌ കൊറോണയുടെ അന്ത്യമൊന്നുമല്ലെങ്കിലും അന്ത്യത്തിന്റെ തുടക്കം തന്നെയാണ്. സന്തോഷിക്കാനും ആശ്വസിക്കാനും അധികമില്ലാത്ത കാലത്ത് ഇത് അത്തരത്തിൽ ഒരു നിമിഷമാണ്. കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ കേരളത്തിന് ചൂണ്ടിക്കാട്ടാൻ വിജയത്തിന്റെ സൂചികകൾ പിന്നെയും ഏറെയുണ്ട്. നമ്മുടെ സർക്കാർചെയ്ത ഏറ്റവും നല്ല കാര്യം ഈ വിഷയത്തിൽ അറിവുള്ളവരുടെ ഉപദേശം തേടി എന്നതാണ്. ഈ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യരംഗത്തും പുറത്തുമുള്ളവരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ കൊറോണയെ കൈകാര്യം ചെയ്യുന്ന രീതി, അതിന്റെ ഗുണദോഷങ്ങൾ എന്നിവ വിലയിരുത്തിയതോടൊപ്പം കേന്ദ്രത്തിൽ നിന്നുള്ള നിർദേശങ്ങളും വേണ്ടവിധത്തിൽ സഹായിച്ചു.

അതേസമയംതന്നെ, ചിലപ്പോഴെങ്കിലും ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിന് എതിരായും പോകേണ്ടി വന്നു.  ആരോഗ്യവിദഗ്ധർ ആരോഗ്യകാര്യങ്ങളെപ്പറ്റിമാത്രം ചിന്തിക്കുമ്പോൾ ഒരു ഭരണാധികാരിക്ക് മറ്റുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിന്തിക്കേണ്ടതായി വരും. പരീക്ഷകൾ നടത്തിയാൽ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതുകൊണ്ട് അത് ഒഴിവാക്കുക എന്നതാകും ആരോഗ്യവിദഗ്ധരുടെ ഉപദേശം. എന്നാൽ, അവസാനവർഷ പരീക്ഷകളും എൻട്രൻസ് പരീക്ഷകളും നടത്തിയില്ലെങ്കിൽ കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടുമെന്ന് മാത്രമല്ല, കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. അപ്പോൾ ഇവ രണ്ടും കണക്കിലെടുത്തേ ഒരു ഭരണാധികാരിക്ക് തീരുമാനമെടുക്കാൻ സാധിക്കൂ. തിരിഞ്ഞു നോക്കുമ്പോൾ അന്ന് എതിർത്തവർക്കുപോലും ആ തീരുമാനങ്ങൾ ശരിയാണെന്ന് തോന്നി.

നമ്മൾ നേടിയ മേൽക്കൈ മുഖ്യമന്ത്രിയുടെയോ ആരോഗ്യമന്ത്രിയുടെയോ ആരോഗ്യ വകുപ്പിന്റെയോമാത്രം ശ്രമഫലമായി ഉണ്ടായതല്ല. എന്നാൽ, ഈ കൊറോണക്കാലത്ത് കേരളത്തിൽ തീർച്ചയായും നാം കണ്ടത് "ഓൾ ഓഫ്‌ ഗവൺമെന്റ്‌' രീതിയുടെ ഉത്തമ മാതൃകയാണ്. ആരോഗ്യം, പൊലീസ്, റവന്യൂ, ആരോഗ്യം, തൊഴിൽ, സിവിൽ സപ്ലൈസ് തുടങ്ങിയ എല്ലാ വകുപ്പുകളും ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ എല്ലാ തലങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ദീർഘകാലം പ്രവർത്തിച്ചതിന്റെ ഫലമാണ് നമുക്ക് ആയിരക്കണക്കിന് മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചത്.


 

ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് വ്യാജവാർത്തകൾ അധികം ഉണ്ടായില്ല എന്നതാണ്.  മുഖ്യമന്ത്രിതന്നെ എല്ലാ ദിവസവും ഒരു മണിക്കൂർ ജനങ്ങളോട് വിവരങ്ങൾ പറയുകയും ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുമ്പോൾ വ്യാജവാർത്തകൾക്ക് പരമാവധി ഒരു ദിവസമേ ആയുസ്സുള്ളൂ. ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിയിൽനിന്ന്‌ നേരിട്ട് അറിയാം എന്ന് വരുമ്പോൾ വ്യാജവാർത്തകൾ വൈറൽ ആകുകയുമില്ല. കൊറോണ തുടങ്ങിയ കാലത്ത്, മറ്റിടങ്ങളിൽനിന്ന്‌ ആളുകൾ വരാൻ മടിച്ച കാലത്ത്, കൂട്ടമായി വരാൻ തുടങ്ങിയ കാലത്ത്, കേസുകൾ ഏറെക്കൂടി അതിവേഗതയിൽ ആശുപത്രികൾ നിറഞ്ഞ സമയത്ത്, ഇപ്പോൾ കേസുകൾ കുറഞ്ഞുവരുന്ന സമയത്ത് എല്ലാം അദ്ദേഹത്തിന്റെ ശരീരഭാഷയിൽ ഒരു മാറ്റവുമില്ല. എപ്പോഴും ആത്മവിശ്വാസത്തിന്റെ ഭാഷയാണ്, അത് കാണുന്നവർക്ക് വിശ്വാസം ഉണ്ടാക്കുന്നതാണ്.

നമുക്ക് ആഹ്ളാദിക്കാറായിട്ടില്ല. കൊറോണയുടെ വാക്സിൻ തൊട്ടടുത്തെത്തിയ സൂചനകളുണ്ട്. അടുത്ത  മാർച്ച് ആകുമ്പോഴേക്കും ആരോഗ്യപ്രവർത്തകർക്കും കൂടുതൽ അപായസാധ്യതയുള്ളവർക്കും വാക്‌സിൻ ലഭ്യമാകും എന്ന് ചിന്തിക്കാനെങ്കിലും പറ്റുന്ന ഒരു സാഹചര്യം ഇപ്പോഴുണ്ട്.കൊറോണ ഒരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തൺ ആണെന്ന് പലകുറി പറഞ്ഞിരുന്നല്ലോ. അതുകൊണ്ടുതന്നെ എത്രയൊക്കെ ക്ഷീണിച്ചാലും മാരത്തണിന്റെ അവസാനത്തെ ലാപ്പും നന്നായി ഓടി എത്തേണ്ടത് അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ  രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ഒന്നാമത്തേക്കാൾ ഉയരത്തിലാണ്. അമേരിക്കയിലാകട്ടെ ചിന്തിച്ചതിനപ്പുറത്തേക്കുള്ള സംഖ്യയാണ് ഓരോ ദിവസവും വരുന്നത്. യൂറോപ്യൻ തണുപ്പുകാലം ആയതിനാൽ വൈറസിന് കൂടുതൽ സമയം അന്തരീക്ഷത്തിൽ നിലനിൽക്കുന്നതോടൊപ്പം ആളുകൾ കൂടുതൽ സമയം അടച്ചിട്ട മുറികളിൽ ചെലവാക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ കേരളത്തിലില്ല.


 

തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു പ്രവർത്തനം, ജനുവരിയിൽ എങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഉണ്ടാകുന്ന സമ്മർദം ഇവ രണ്ടും  രണ്ടാമത്തെ തരംഗം ഉണ്ടാക്കിയേക്കാം.  പൊതു സമൂഹം മൊത്തമായി ശ്രമിച്ചാൽ, വേണ്ട തരത്തിൽ ശ്രദ്ധിച്ചാൽ രണ്ടാമത്തെ തരംഗം ഒഴിവാക്കാനും മരണനിരക്ക്  പിടിച്ചുനിർത്താനും  നൂറുകണക്കിന്  ജീവനുകൾ രക്ഷിക്കാനും സാധിക്കും. ഇടക്കാലത്ത് "കൊറോണക്കാലത്തെ വിജയകഥയായിരുന്ന കേരളത്തിന് എന്തുപറ്റി?' എന്നുള്ള വാർത്തകൾ  മാറും, കേരളമാതൃക വീണ്ടും ലോകം ശ്രദ്ധിക്കും. അങ്ങനെ നമ്മുടെ പദ്ധതികളൊക്കെ തെറ്റിച്ച 2020 ഉം നമുക്ക് അഭിമാനിക്കാവുന്ന വർഷമാകും. 2021 ഈ നഷ്ടങ്ങളൊക്കെ നികത്തി  സമീപകാല ചരിത്രത്തിലെ ഏറ്റവും നല്ലൊരു വർഷമാകുമെന്നുറപ്പാണ്.

(ഐക്യരാഷ്ട്ര സംഘടന യുഎൻഇപിയിൽ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top