02 October Monday

തകരാത്ത വിശ്വാസ്യത

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

മനുഷ്യത്വം എന്ന കാരുണ്യത്തിന്റെ ഏറ്റവും വലിയ മുഖംതന്നെയാണ്‌ സഹകരണസ്ഥാപനങ്ങളുടെ പ്രധാന ആകർഷണീയത.  അത്യാവശ്യഘട്ടങ്ങളിൽ ഓടിച്ചെന്നാൽ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്ലാതെ പെട്ടന്ന്‌ സഹായം ലഭ്യമാകുമെന്ന്‌ സാധാരണക്കാർക്ക്‌ ഉറപ്പാണ്‌. അത്രമേൽ അവരോട്‌ ചേർന്നുനിൽക്കുന്ന ഈ സഹകരണമേഖലയെ തകർക്കാൻ ആരുശ്രമിച്ചാലും നടക്കില്ല. അതിന്‌ കേരളീയർ സമ്മതിക്കുകയുമില്ല

സ്വകാര്യ–- വാണിജ്യ ധനസ്ഥാപനങ്ങളുമായി താരതമ്യം ചെയ്‌താൽ സഹകരണമേഖലയിൽ ക്രമക്കേടും തട്ടിപ്പും തുലോം കുറവാണെന്ന്‌ കണക്കുകളിൽ വ്യക്തം. സംസ്ഥാനത്ത്‌ 17019 സഹകരണ സംഘമുള്ളതിൽ 164 സംഘത്തിൽ മാത്രമാണ്‌ തിരിച്ചടവ്‌ പ്രതിസന്ധിയുള്ളത്‌. അതിൽ 132ഉം പ്രവർത്തനം നിലച്ച ക്ഷേമസംഘങ്ങളാണ്‌. വായ്‌പാമേഖലയിൽ പ്രവർത്തിക്കുന്നവ കൈവിരലിൽ എണ്ണാവുന്നവമാത്രം. അതിൽ ബഹുഭൂരിപക്ഷവും കോൺഗ്രസ്‌ ഭരിച്ചിരുന്നവയും.  

എന്നാൽ, ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുശേഷം ഇന്നേവരെ 810 വാണിജ്യബാങ്ക്‌ തകർന്നു. കേരളത്തിലെ നെടുങ്ങാടി ബാങ്ക്, പറവൂർ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് കൊച്ചിൻ എന്നിവ ഏതാനും ഉദാഹരണങ്ങൾമാത്രം.  2010മുതൽ 2020വരെ രാജ്യത്തെ വാണിജ്യബാങ്കുകൾ 8,83,168 കോടി രൂപയുടെ വായ്‌പ  എഴുതി തള്ളി. ഇതിൽ 68,607 കോടി രൂപ, 50 വൻകിട കുത്തക മുതലാളിമാരുടേതാണ്‌. 34,000 കോടിയുടെ ദിവാൻ ഹൗസിങ് ഫിനാൻസ്, 13,000 കോടിയുടെ നീരവ് മോദി തട്ടിപ്പ് അടക്കമുള്ള നിരവധി ബാങ്ക് തട്ടിപ്പുകൾ രാജ്യത്ത് നടന്നിട്ടുണ്ട്. 2021-–-22ൽമാത്രം ഒരു ലക്ഷത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിൽ നടന്നത്. കേരളത്തിൽ അടുത്തിടെ പത്തനംതിട്ടയിലെ ബാങ്ക് ശാഖയിലെ ജീവനക്കാരൻ ഏഴുകോടി രൂപയാണ്‌ നിക്ഷേപ സംഖ്യയിൽ തട്ടിപ്പ് നടത്തിയത്. ഇതൊന്നും വാർത്തയാകാതെ വരുമ്പോൾ കരുവന്നൂർമാത്രം വാർത്തയിൽ നിറയുന്നതിന്റെ ലക്ഷ്യം മറ്റ്‌ ചിലതാണെന്ന്‌ വ്യക്തം.

വലിയ വടവൃക്ഷമായി മാറിയ കേരളത്തിലെ സഹകരണമേഖലയുടെ നിക്ഷേപം തന്നെയാണ്‌ മുഖ്യആകർഷണം. കേന്ദ്രം സഹകരണ നിയമം ഭേദഗതി ചെയ്തതും കേന്ദ്രത്തിൽ ഒരു പുതിയ മന്ത്രാലയമുണ്ടാക്കിയതും ആഭ്യന്തര മന്ത്രിക്കുതന്നെ ചുമതല നൽകിയതുമെല്ലാം ഇതേ ലക്ഷ്യത്തോടെയാണ്.

എന്നാൽ, ഇതുകൊണ്ടൊന്നും തകരുന്നതല്ല കേരളത്തിന്റെ സഹകരണപ്രസ്ഥാനം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്‌ അവ ഉയർന്നുവന്നത്‌. കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടിയായിരിക്കെ സഹകരണ സംഘങ്ങളിലെ അംഗസംഖ്യ 5.88കോടിയിൽ അധികമാണെന്നതുതന്നെ സഹകരണപ്രസ്ഥാനത്തിന്റെ അജയ്യത വ്യക്തമാക്കുന്നു. മാധ്യമങ്ങൾ ഈ വിവാദം ഉയർത്തിയ കാലത്തും സഹകരണ മേഖലയുടെ നിക്ഷേപസമാഹരണം (ലക്ഷ്യമിട്ടത്‌ 6080 കോടി, ലഭിച്ചത്‌ –- 9967.43 കോടി–- 3800 കോടി അധികം) വൻ വിജയമായതും അതിന്റെ വിശ്വാസ്യതയാണ്‌ തെളിയുന്നത്‌.

അടച്ചിരുന്നില്ല, കാരുണ്യത്തിന്റെ വാതിൽ
മഹാമാരി വിതച്ച ഭീതിയിൽ നാടാകെ വീട്ടിലിരുന്ന അടച്ചിരിപ്പുകാലത്ത്‌ അന്നവും രോഗികൾക്ക്‌ സൗജന്യമരുന്നും വാഹനവും ചികിത്സാ സൗകര്യങ്ങളുമുൾപ്പെടെ നൽകാൻ പാമ്പാടി സർവീസ്‌ സഹകരണബാങ്ക്‌ രണ്ടാമതൊന്ന്‌ ആലോചിച്ചു നിന്നിട്ടില്ല. പഞ്ചായത്ത് സമൂഹ അടുക്കള തുടങ്ങാൻ മടിച്ചപ്പോഴാണ്‌ സമൃദ്ധമായ അടുക്കള തുടങ്ങി പാമ്പാടി ബാങ്ക്‌ കരുതലായത്‌. 

ഇതുകൂടാതെ സേവന കേന്ദ്രം, രോഗികൾക്കും സമ്പർക്ക വിലക്കിൽ കഴിഞ്ഞവർക്കും വാഹന സൗകര്യം,  എല്ലാ വാർഡിലും പൾസ് ഓക്സിമീറ്റർ, രോഗികൾക്ക്‌ സൗജന്യ പച്ചക്കറി കിറ്റ്, ഓൺലൈൻ പഠനത്തിന്‌ 50 മൊബൈൽ ഫോൺ, പലിശരഹിതമായി 10000 രൂപ വായ്പ അങ്ങനെ നീളുന്നതായിരുന്നു  സേവനങ്ങൾ. ജില്ലയിൽ സഹകരണ വകുപ്പിന്റെ 2022ലെ മികച്ച പ്രാഥമിക കാർഷിക സംഘത്തിനുള്ള അവാർഡും  നേടി.
150 കോടി നിക്ഷേപം, 100 കോടി വായ്പയുമുണ്ട്‌.  മുറ്റത്തെ മുല്ല വായ്പ പദ്ധതി ആദ്യം നടപ്പിലാക്കി. നബാർഡ് ജെ എൽ ജി ഗ്രൂപ്പ് പദ്ധതിപ്രകാരം പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 600 പേർക്ക് വായ്പനൽകും. കാർഷിക വിപണനകേന്ദ്രം, മൂന്ന്‌ നീതി സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ, റബ്കോ കിടക്കകൾ വിൽപ്പന നടത്തുന്ന ഷോറൂം തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

പോത്തിനുമുണ്ട്‌ 
സഹകരണത്തിൽ കാര്യം
സഹകരണ മേഖലയിൽ പോത്തിനെന്ത്‌ കാര്യമെന്ന്‌ ചിന്തിച്ചുപോയോ... പോത്ത്‌, ജൈവ വളം, കൃഷി ഇനി ഒന്ന്‌ ആലോചിച്ചു നോക്കൂ.. ; കത്തിയില്ലേ... അതാണ്‌ കാസർകോട്‌ പനത്തടി സർവീസ്‌ സഹകരണ ബാങ്കിന്റെ മിടുക്ക്‌.  കർഷകർക്ക്‌ കാലിവളം ചുരുങ്ങിയ ചെലവിൽ നൽകാൻ സ്വന്തം ചെലവിൽ പോത്തു ഫാം തന്നെയാരംഭിച്ചിരിക്കുകയാണിവർ.


 

ആദ്യഘട്ടത്തിൽ 15 പോത്തുണ്ട്‌. 75 വർഷത്തെ ചരിത്രമുള്ള ബാങ്കിൽ കഴിഞ്ഞ വർഷമാണ്‌ കർഷകർക്ക്‌ നേരിട്ട്‌ ജൈവ വളമിറക്കി നൽകാൻ ആലോചന തുടങ്ങിയത്‌. പൂടംകല്ല് ഹെഡ് ഓഫീസിനോട് ചേർന്ന സ്ഥലത്താണ്‌ ഫാം. എൻഡോസൾഫാൻ പ്രശ്‌നമടക്കം നിലനിൽക്കുന്ന ജില്ലയിൽ കീടനാശിനിയും രാസവളവും ഉപയോഗിക്കുന്നതിലെ നിയന്ത്രണമാണ്‌ ജൈവകൃഷി വളം എന്നിവയിലേക്കുള്ള വഴി  ബാങ്ക്‌ തേടിയത്‌. സ്വന്തം നഴ്‌സറിയിലെ ചെടിക്ക്‌ വളവുമായി. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക്‌ സ്ഥിരം തൊഴിലുമായി. രണ്ടുവർഷംകൂടുമ്പോൾ പോത്തിനെ വിറ്റ്‌ പുതിയതിനെ  ഇറക്കും. ബാങ്കിന്റെ സ്ഥലത്ത് വിവിധ കാർഷിക വിളകളും പച്ചക്കറിയും കൃഷി ചെയ്യുന്നു. മികച്ച  ബാങ്കിനുള്ള സംസ്ഥാന അവാർഡ്‌ നിരവധി തവണ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top