29 January Saturday

നാടിന്റെ ജീവനാഡിയായി മുന്നോട്ട്‌ - സഹകരണമന്ത്രി വി എൻ വാസവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021

2021ലെ സഹകരണ വാരാഘോഷത്തിന് ഞായറാഴ്‌ച തുടക്കമാകുകയാണ്. സഹകരണ പ്രസ്ഥാനങ്ങൾക്ക് പ്രസക്തി വർധിക്കുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ വാരാഘോഷം. അതുകൊണ്ടുതന്നെ സഹകരണമേഖലയുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളാണ് നടക്കേണ്ടത്. സഹകരണപ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനും പരസ്പര സഹായത്തോടെ മുന്നേറുന്നതിനും കേരളത്തിൽ സജീവമായ ഇടപെടലുകളാണ് നടന്നിട്ടുള്ളത്‌. കാർഷികമേഖലയിൽ സഹകരണ സംഘങ്ങൾ വിത്തുസംഘങ്ങളും വളംസംഘങ്ങളുമായി വളരാൻ തുടങ്ങി. കർഷകപ്രസ്ഥാനങ്ങളുടെ ഭാഗമായും സഹകരണസംഘങ്ങൾ ശക്തിപ്പെട്ടു. കാർഷികമേഖലയിൽനിന്നും ചെറുകിട സംരംഭക മേഖലയിലേക്കും പരസ്പര സഹായസംഘങ്ങൾ വളർന്നുതുടങ്ങി. 

അക്കാലത്ത് ദേശസാൽക്കൃത ബാങ്കുകൾ ഗ്രാമപ്രദേശങ്ങളിൽ കാർഷിക വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തുടങ്ങി. ഷെഡ്യൂൾഡ് ബാങ്കുകളും ഇത്തരം മേഖലകളിലേക്ക്‌ കടന്നുവന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി കാർഷിക മേഖലയിൽ വായ്പകൾ നൽകുന്നതിനും ഇത്തരം ബാങ്കുകൾ തയ്യാറായിരുന്നു. എന്നാൽ, കാലക്രമേണ യഥാർഥ കർഷകർ ബാങ്കുകളുടെ വായ്പാപരിധിക്ക് പുറത്തായി.

കേരളം, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ സഹകരണപ്രസ്ഥാനങ്ങൾ അടിസ്ഥാനമേഖലയോടു ചേർന്ന് മികച്ച പ്രവർത്തനം കാഴ്ചവച്ചു മുന്നേറിക്കൊണ്ടേയിരുന്നു. ദേശസാൽക്കൃത ബാങ്കുകൾ പിന്മാറിയ ഇടങ്ങളിലൊക്കെ സാധാരണക്കാരന് കൈത്താങ്ങായി സഹകരണമേഖല ഉയർന്നുവന്നു. ത്രിതല സംവിധാനത്തിൽ സഹകരണമേഖല ശക്തിപ്രാപിച്ചു വളർന്നുപന്തലിക്കുന്ന ഘട്ടത്തിലാണ് കൂടുതൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനങ്ങളുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി വിദഗ്‌ധർ അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിച്ചു, പരിശോധനകൾ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ത്രിതല സംവിധാനത്തിൽനിന്നും ദ്വിതല സംവിധാനത്തിലേക്കുള്ള മാറ്റം ചർച്ച ചെയ്യപ്പെടുന്നത്. ഇതോടെ ഒരുതലത്തിലുള്ള കമീഷൻ, പലിശ ഇനങ്ങളിലുണ്ടാകുന്ന അധികച്ചെലവ് ഇല്ലാതാക്കാനും സഹകാരികൾക്ക് ലാഭകരമായ ഇടപാടുകൾ, പ്രത്യേകിച്ച് വായ്പകൾ ലഭ്യമാക്കാൻ കഴിയുമെന്നനിലയിൽ എത്താനും കഴിഞ്ഞു. ഇതാണ് സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്ക് എന്ന ബ്രാൻഡ് നെയിമിൽ പ്രധാന ബാങ്കാക്കി മാറ്റുകയും ജില്ലാ ബാങ്കുകൾ ലയിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷ്യംവച്ചത്.

കേരള ബാങ്കിൽനിന്ന്‌ സഹകാരികൾക്ക് ലഭിക്കുന്ന ആധുനിക ബാങ്കിങ്‌ സൗകര്യങ്ങളിൽനിന്നും മലപ്പുറം ജില്ലയിലെ സഹകാരികളെ മാത്രം ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കാൻ സർക്കാർ തയ്യാറായത്. കാർഷികമേഖലയെ ഒഴിവാക്കി നിർത്തി സഹകരണമേഖലയ്ക്ക് മുന്നോട്ടുപോകാനാകില്ല. കാർഷികമേഖലയും സഹകരണ മേഖലയുമായി നാഭീനാള ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നയങ്ങളും നിലപാടുകളും നിശ്ചയിക്കുമ്പോൾ കാർഷികമേഖലയ്ക്ക് പ്രഥമ പരിഗണന നൽകാറുണ്ട്. പാലക്കാട് ജില്ലയിൽ സഹകരണമേഖലയിൽ സ്ഥാപിച്ച നെല്ലുൽപ്പാദന സംഭരണ സംസ്‌കരണ സഹകരണസംഘം മാതൃകയിൽ കേരളത്തിലെ മറ്റു ജില്ലകൾ പ്രവർത്തനമേഖലയാക്കി നിശ്ചയിച്ച് സഹകരണസംഘം ആരംഭിച്ചതും ഇതുകൊണ്ടായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പ്രാവർത്തികമാക്കിയ ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന മില്ലുകൾ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും പൂർണ സജ്ജമാകുന്നതോടെ സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽനിന്നും കർഷകർ രക്ഷ നേടും. സംഭരിക്കുന്ന വിളയ്ക്ക് ന്യായമായ വില കിട്ടും. സംസ്‌കരിച്ചെടുക്കുന്ന അരി സർക്കാർ സ്ഥാപനങ്ങളിലൂടെ ന്യായമായ വിലയ്ക്ക് വിൽക്കാനും കഴിയും. ഇതോടെ മായംകലരാത്ത, വിഷമയമല്ലാത്ത അരി സാധാരണക്കാർക്ക് ലഭിക്കും.

മറ്റൊരു ആശയമായിരുന്നു യുവജന സഹകരണ സംഘങ്ങൾ. പ്രളയവും കോവിഡുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കർമനിരതരായി സമൂഹത്തിലേക്ക്‌ ഇറങ്ങിയ യുവജനങ്ങളെ നമ്മൾ കണ്ടതാണ്. ഏതെങ്കിലുമൊരു പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയ പാർടികളുടെയോ ആഹ്വാനങ്ങളൊന്നും തന്നെയില്ലാതെ പ്രവർത്തനസജ്ജരായി രംഗത്തിറങ്ങിയ യുവാക്കളുടെ കർമശേഷി ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ വൻമാറ്റങ്ങൾ സൃഷ്ടിക്കാനാകും. വിവിധ മേഖലയിൽനിന്ന്‌ 29 സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്‌തു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്‌ ഇത്‌.


 

ക്ഷീരമേഖലയിലെ സ്ത്രീകളെ സഹകരണസംഘങ്ങളുടെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിച്ചു. ഭരണസമിതിയുടെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്ത്രീ ആയിരിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥ കൊണ്ടുവന്നു. ഇതിനു പുറമെയാണ് ഭാരവാഹികളുടെ തവണ നിശ്ചയിച്ചതും. കാലാകാലങ്ങളായി ഭാരവാഹിത്വത്തിൽ ചിലർ മാത്രം തുടരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായിരുന്നു ഇത്. സംഘങ്ങളിൽ ഭാരവാഹിയായിരിക്കാൻ കറവമാട് വേണമെന്നും സൊസൈറ്റിയിലേക്ക്‌ പാലളക്കണമെന്നും വ്യവസ്ഥ ഉൾപ്പെടുത്തിയതോടെ കടലാസ് സംഘങ്ങളും കർഷകരല്ലാത്ത ഭാരവാഹികളും ഒഴിവാക്കപ്പെടും. സഹകരണസംഘം യഥാർഥ സഹകാരികൾക്കെന്ന ലക്ഷ്യം നടപ്പാകും. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാതെ സഹകരണ സംഘങ്ങൾക്ക് നിലനിൽപ്പില്ല. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ അവകാശവും സംരക്ഷിച്ച് മുന്നോട്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധത പുലർത്തുന്നത്.

അടിസ്ഥാനസൗകര്യ വികസനവും സഹകാരികളുടെ സാമ്പത്തിക സ്രോതസ്സും മാത്രമെന്ന നിലയിൽ അല്ല കേരളത്തിലെ സഹകരണപ്രസ്ഥാനം പ്രവർത്തിക്കുന്നത്. ഏതവസരത്തിലും സമൂഹത്തിനൊപ്പം നിൽക്കുകയെന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ല. പ്രളയവും കോവിഡും സമൂഹത്തെ പിടിച്ചുലച്ചപ്പോൾ കൈത്താങ്ങായി നിൽക്കാൻ സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭവാന നൽകാനുള്ള അഭ്യർഥന വന്നപ്പോൾ രണ്ടു ഘട്ടത്തിലായി 226 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ഇതിനുപുറമെ പ്രളയത്തിലും അതിവർഷത്തിലും ഭവനരഹിതരായവർക്ക് വീടുകൾ വച്ചുനൽകാൻ തീരുമാനിച്ചപ്പോൾ 143.44 കോടി രൂപ കെയർ ഹോം പദ്ധതിക്ക് സംഭാവനയായി വിവിധ സഹകരണസംഘങ്ങൾ നൽകി. 2074 കുടുംബത്തിനാണ് ഒന്നാം ഘട്ടത്തിൽ സുരക്ഷിതമായ ഭവനങ്ങൾ നിർമിച്ചുനൽകിയത്. രണ്ടാംഘട്ട ഭവന നിർമാണം തൃശൂർ ജില്ലയിൽ പഴയന്നൂരിൽ പൂർത്തിയായി കഴിഞ്ഞു. 40 ഫ്‌ളാറ്റ്‌ അടങ്ങുന്ന സമുച്ചയം കൈമാറ്റ ഘട്ടത്തിലാണ്. രണ്ടാംഘട്ടം വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി 62.41 കോടി രൂപ സംഭാവന നൽകി.

കോവിഡ് പ്രതിസന്ധി സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സഹകരണസംഘങ്ങൾ കൈത്താങ്ങായി മാറി. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നതിന്‌ വിദ്യാതരംഗിണി എന്നപേരിൽ പലിശരഹിത വായ്പാപദ്ധതിയും സഹകരണസംഘങ്ങൾ നടപ്പാക്കി.

സഹകരണമേഖലയുടെ ഉന്നമനത്തിനായുള്ള ചർച്ചകൾക്കൊപ്പം പുതിയ പ്രതിസന്ധികളും ആശങ്കകളുംകൂടി ചർച്ചയാകണം. നിതാന്ത ജാഗ്രതയോടെ പ്രതിരോധം തീർക്കേണ്ട കാലമാണ്. പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തെ തുടർന്നുണ്ടായ കടുത്ത ആശങ്ക സുപ്രീംകോടതിയുടെ ഇടപെടലോടെ നീങ്ങിയെങ്കിലും പൂർണമായി ആശ്വസിക്കാറായിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ രാഷ്ട്രീയമായ ഇടപെടൽ ഏതു സമയത്തും പ്രതീക്ഷിക്കാവുന്നതാണ്. ബദൽ സാമ്പത്തിക ശക്തിയായി സംസ്ഥാനത്തിന് പിന്തുണ നൽകുന്ന സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ ഇടപെടലുണ്ടായാൽ ശക്തമായ പ്രതിരോധം രാഷ്ട്രീയാതീതമായി ഉയർന്നുവരേണ്ടതാണ്. കേരളത്തിൽ പൊതുവിഷയങ്ങളിൽ ഇത്തരം മാതൃകാപരമായ ഐക്യപ്പെടലുകൾ പതിവാണ്. ഇത്തവണ സഹകരണ വാരാഘോഷം ഇത്തരമൊരു കൂട്ടായ്മയ്ക്കുകൂടി ശക്തിപകരുന്ന തരത്തിലായിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top