18 January Monday

ഭരണഘടന: ചരിത്രവും സംസ്‌കാരവും - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Wednesday Jan 22, 2020

ഭരണഘടനാ അസംബ്ലിയുടെ സമ്മേളനത്തിന്റെ മൂന്നാംദിവസം പകൽ ഒരു മണി കഴിഞ്ഞ് മൂന്നു മിനിറ്റ്‌ 12 സെക്കൻഡ്‌  കഴിഞ്ഞപ്പോൾ അംഗങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ്, ജയ്ഹിന്ദ്. അസംബ്ലിയുടെ സ്ഥിരം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദിനെ ആചാര്യ കൃപലാനിയും മൗലാന അബ്‌ദുൾകലാം ആസാദും ചേർന്ന് അധ്യക്ഷവേദിയിലേക്ക് ആനയിക്കുമ്പോൾ അംഗങ്ങളാകെ കോറസ് പോലെ ഈ മുദ്രാവാക്യമാണ് വിളിച്ചത്. പൂർണ സ്വാതന്ത്ര്യത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന ദൗത്യത്തിന്റെ തുടക്കത്തിൽ ഹസ്രത്ത് മൊഹാനി എഴുതിയ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. മൊഹാനിയാണ് 1921ൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ആസാദി ഇ കാമിൽ (പൂർണ സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കുന്നത്. അദ്ദേഹവും സ്വാമി കുമാരാനന്ദയും ചേർന്നാണ് കമ്യൂണിസ്റ്റ് പാർടിയുടെ തീരുമാനപ്രകാരം പൂർണ സ്വരാജ് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. 1925ൽ കാൺപുരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ സമ്മേളനത്തിന്റെ മുഖ്യസംഘാടകനും അദ്ദേഹമായിരുന്നു. ജയ്ഹിന്ദ് ഐഎൻഎയുടെ മുദ്രാവാക്യമാണ്. സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെട്ടത് അനുസരിച്ച് സൈനുൾ അബ്ദീൻ ഹസ്സനാണ് ഇത് എഴുതിയതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. രണ്ടു പേരുകളുടെ സവിശേഷത ഇന്നത്തെ ഇന്ത്യയിൽ കൗതുകകരമാണ്.

1946 ഡിസംബർ ഒമ്പതിനാണ് ഭരണഘടനാ അസംബ്ലിയുടെ സമ്മേളനം ആരംഭിക്കുന്നത്. അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ സച്ചിദാനന്ദസിംഹയായിരുന്നു താൽക്കാലിക അധ്യക്ഷൻ. അന്നുമുതൽ 1949 നവംബർ 26നു ഭരണഘടനയ്‌ക്ക് അംഗീകാരം നൽകുന്നതുവരെയുള്ള 165 സമ്മേളന (ഭരണഘടനാഅസംബ്ലി) ദിവസം ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുള്ളവയാണ്. അതിൽ 101  ദിവസം ഭരണഘടനയുടെ കരടിനെ ആധാരമാക്കിയുള്ള ആഴത്തിലുള്ള ചർച്ചകളുടേതായിരുന്നു. 1948 നവംബറിലാണ് ഭരണഘടനയുടെ കരട് സഭയിൽ അവതരിപ്പിച്ചത്.


എന്നാൽ, ഈ ദിവസങ്ങൾക്കിടയിലുള്ള ഭരണഘടനാ അസംബ്ലിക്കകത്തു നടന്ന ചർച്ചകളിലൂടെ മാത്രമല്ല ഭരണഘടനയുടെ ഉള്ളടക്കത്തിനു രൂപം ലഭിക്കുന്നത്. അത് സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷ ഘട്ടത്തിന്റേതാണ്. ഒപ്പം സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്‌ത ധാരകളുടെ ഏറ്റുമുട്ടലിന്റെ ഉൽപ്പന്നംകൂടിയാണ്. 1934ൽ എം എൻ റോയിയാണ് ഭരണഘടനയ്‌ക്ക് രൂപംനൽകാൻ ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു എം എൻ റോയി. കാൺപുർ ഗൂഢാലോചനക്കേസിൽ ജയിലിലടയ്‌ക്കപ്പെട്ട ഘട്ടത്തിലാണ്‌ ഭരണഘടനാ അസംബ്ലിയുടെ കാഴ്ചപ്പാട് റോയി വികസിപ്പിക്കുന്നത്. ഒരു വർഷം കഴിഞ്ഞാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ആശയം അംഗീകരിക്കുന്നത്. 1940 ആഗസ്‌തിൽ ബ്രിട്ടൻ ഈ ആവശ്യം അംഗീകരിച്ചു. എന്നാൽ, പൂർണ സ്വാതന്ത്ര്യം നൽകാൻ അപ്പോഴും ബ്രിട്ടൻ തയ്യാറായിരുന്നില്ല. അതേസമയം തന്നെ ഭിന്നിപ്പിച്ചുഭരിക്കുകയെന്ന തന്ത്രം കുറെക്കൂടി ശക്തമായി. വർഗീയമായ ചേരിതിരിവുകളും പ്രത്യേക രാഷ്ട്രത്തിനായ സമ്മർദവുമെല്ലാം ഭരണഘടനാ അസംബ്ലിയുടെ രൂപീകരണം വൈകിപ്പിച്ചു. പിന്നീട് 1945ലാണ് ബ്രിട്ടന്റെ ഹൗസ് ഓഫ് കോൺഗ്രസ് ഭരണഘടനാ അസംബ്ലി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

ഭരണഘടനാ അസംബ്ലിയിലേക്കുള്ള 296 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് 1946 ജൂലൈയിലാണ്. മുസ്ലിം സംവരണ സീറ്റുകളിൽ ഏഴെണ്ണം ഒഴികെയുള്ള എല്ലാ സീറ്റിലും മുസ്ലിംലീഗ് ജയിച്ചു. ജനറൽ സീറ്റുകളിൽ കോൺഗ്രസിന് വലിയ മുൻകൈ ലഭിച്ചു. 296 സീറ്റിൽ 208 എണ്ണത്തിലും അവരാണ് വിജയിച്ചത്. കോൺഗ്രസിനോടും മുസ്ലിംലീഗിനോടും ഏറ്റുമുട്ടിയ രണ്ടു പാർടിക്ക് ഓരോ സീറ്റാണ് ലഭിച്ചത്. ഒന്ന് എസ്‌സി ഫെഡറേഷന്റെ സ്ഥാനാർഥിയായി അംബേദ്കർ വിജയിച്ചപ്പോൾ ബംഗാളിൽനിന്ന്‌ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായി സോമനാഥ് ലാഹിരി വിജയിച്ചു. അകാലിദളിനും പഞ്ചാബിലെ യൂണിയനിസ്റ്റ് പാർടിക്കും അഞ്ചു സീറ്റ്‌ വീതമാണ് ലഭിച്ചത്. വിഭജനവും പാകിസ്ഥാന്റെ രൂപീകരണവും ഘടനയിൽ സമാനമായ മാറ്റങ്ങളുണ്ടാക്കി.

സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്‌ത ധാരകളിൽ ഏറ്റവും അപകടകരമായ ഹിന്ദുത്വശക്തികൾക്ക് അവരുടെ ലേബലിൽ മത്സരിച്ചുവിജയിക്കാനായില്ല. എന്നാൽ, ശ്യാമപ്രസാദ് മുഖർജിയെയും പുരുഷോത്തമദാസിനെ പോലുള്ളവരെയും കോൺഗ്രസ് തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അംഗങ്ങളാക്കി. ഇതുകൂടാതെ കോൺഗ്രസിന്റെ പ്രതിനിധികളായവരിലും നാമനിർദേശം ചെയ്യപ്പെട്ടവരിലും ഹിന്ദുത്വ ആശയഗതിക്കാരുണ്ടായിരുന്നു എന്നത്‌ കാണാതിരുന്നുകൂടാ. ഭരണഘടനാ അസംബ്ലിക്കകത്തെ എല്ലാ ചർച്ചയിലും ഈ വ്യത്യസ്‌ത ധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണാൻ കഴിയും. അതോടൊപ്പം ബ്രിട്ടനിൽനിന്നു വിട്ടുപോകാതെ തന്നെ ഡൊമിനിയൻ പദവികൊണ്ട് തൃപ്തിപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. കമ്യൂണിസ്റ്റ് പാർടിയുടെ പ്രതിനിധിയായ സോമനാഥ് ലാഹിരി വിശാലമായ സ്വാതന്ത്ര്യത്തിനും ജനതയുടെ അവകാശങ്ങൾക്കുംവേണ്ടി തന്റെ പരിമിതിക്കകത്തുനിന്നും ശക്തമായി വാദിച്ചു. രാജേന്ദ്രപ്രസാദിനെ അനുമോദിക്കുന്ന പ്രസംഗത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാടുകൾ അദ്ദേഹം ശക്തമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. പൂർണ സ്വാതന്ത്ര്യത്തിനേക്കാൾ കുറഞ്ഞതൊന്നുകൊണ്ടും ഇന്ത്യക്ക് തൃപ്തിപ്പെടാനാകില്ലെന്ന് ലാഹിരി പറഞ്ഞു. അത്തരം ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.

പ്രധാന ഏറ്റുമുട്ടൽ തീർത്തും വ്യത്യസ്‌തമായ രണ്ടു സംസ്‌കാരങ്ങൾ തമ്മിലായിരുന്നു. മതനിരപേക്ഷവും ബഹുമുഖവുമായ സംസ്‌കാരമെന്നതായിരുന്നു ഒരു കാഴ്ചപ്പാട്. എന്നാൽ, മതാത്മകവും ഏകമുഖവുമായ സംസ്‌കാരമെന്ന നിലപാട് ഹിന്ദുത്വശക്തികൾ സ്വീകരിച്ചു. യഥാർഥത്തിൽ സംസ്‌കാരത്തെ മതമായിത്തന്നെ കാണുകയാണ് ഇക്കൂട്ടർ ചെയ്‌തത്. അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങളെ പുനർനിർവചിക്കുകയും ചെയ്യുന്നു. മതമായിരിക്കണം രാഷ്ട്രത്തിന്റെ അസ്‌തിത്വത്തെ നിർണയിക്കുന്നതെന്ന വാദം ഇവർ മുന്നോട്ടുവച്ചു. മതനിരപേക്ഷ ബഹുമുഖ സംസ്‌കാരമെന്നതിനെ സംബന്ധിച്ചും വ്യത്യസ്‌ത വീക്ഷണങ്ങളുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് രൂപംകൊണ്ട കാഴ്ചപ്പാട് മതമില്ലാത്ത ധാർമികതയാണ് മതനിരപേക്ഷതയെന്നാണ്. മതം ഭരണകൂടത്തിൽ ഇടപെടാൻ പാടില്ലെന്ന നിലപാടാണ് നെഹ്‌റുവും ഇടതുപക്ഷക്കാരും സ്വീകരിച്ചിരുന്നത്. എന്നാൽ, എല്ലാ മതങ്ങളോടും തുല്യമായ സമീപനമെന്ന നിലപാടാണ് എസ് രാധാകൃഷ്‌ണനെ പോലുള്ളവർ മുന്നോട്ടുവച്ചത്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകളും പല ആർട്ടിക്കിളുകളുടെ ചർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, പ്രധാനപ്പെട്ട തർക്കം മതാത്മകതയും മതനിരപേക്ഷതയും തമ്മിലായിരുന്നു.

1949 സെപ്തംബർ 18നു നടന്ന ചർച്ച പ്രധാനമായും ഈ രാജ്യത്തിന്റെ പേരിനെ സംബന്ധിച്ചായിരുന്നു. പല തരത്തിലുള്ള വാദമുഖങ്ങൾ ഈ സന്ദർഭത്തിൽ ഉയരുന്നുണ്ട്. അതിലെല്ലാം നേരത്തെ പറഞ്ഞ വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടൽ കാണാം. ഭാരത്, ഹിന്ദുസ്ഥാൻ, ഹിന്ദ്, ഭാരതഭൂമി, ഭാരത് വർഷ് എന്നിങ്ങനെയുള്ള പേരുകൾ നിർദേശിക്കപ്പെട്ടു. ദുഷ്യന്തനും ശകുന്തളയും തുടങ്ങിയുള്ള പുരാണങ്ങളും വേദങ്ങളുമെല്ലാം ഉദ്ധരിച്ച് തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത് രേഖകളിൽ കാണാൻ കഴിയും. അംബേദ്കർ അവതരിപ്പിച്ചത് ഇന്ത്യ അഥവാ ഭാരത് എന്നായിരുന്നു. ഇതിനെതിരായി എം വി കമ്മത്ത് തുടർച്ചയായി വാദിക്കുകയും ഭേദഗതികൾ അവതരിപ്പിക്കുകയും ചെയ്‌തു. ഒരു ഘട്ടത്തിൽ ഇന്ത്യയെന്ന് ആദ്യം പ്രയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടേതാണ് ഈ രാജ്യമെന്നനിലയിൽ ഹിന്ദുസ്ഥാൻ എന്ന പേരു വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകൾ വൈരത്തെ കത്തിച്ചുനിർത്തിയ കാലത്തും ഭരണഘടനാ അസംബ്ലി വികാരത്തിന്റെ പിറകിൽ പോയില്ല. പകരം പക്വതയോടെ ഇന്ത്യ അഥവാ ഭാരത് എന്നതിന് അംഗീകാരം നൽകി.

ഓരോ ആർട്ടിക്കിളിനും രൂപംനൽകുമ്പോഴും ഈ വ്യത്യസ്‌ത കാഴ്ചപ്പാടുകൾ ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ, മതാത്മകവും ഏകമുഖവുമായ സംസ്‌കാരിക കാഴ്ചപ്പാടിന് അന്ന് ആധിപത്യം ലഭിച്ചിരുന്നില്ല. മതനിരപേക്ഷവും ബഹുമുഖവുമായ സംസ്‌കാരത്തിനു ലഭിച്ച മുൻതൂക്കം വാക്കുകളിലും ഘടനയിലും വായിച്ചെടുക്കാൻ കഴിയും. എന്നാൽ, ഓരോന്നിനെയും കുറെക്കൂടി വിശാലമായ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്, ഒത്തുതീർപ്പിന്റെ നിലപാട് പല ഘട്ടത്തിലും ഭൂരിപക്ഷം എടുക്കുന്നതുകൊണ്ട് കഴിഞ്ഞതുമില്ല. അതോടൊപ്പം വർഗീയ ചിന്തയുടെ സ്വാധീനം ഇല്ലാതായെന്നും തെറ്റിദ്ധരിക്കേണ്ടതില്ല. അത് പല പ്രചാര രൂപങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും സമൂഹത്ത വിഷലിപ്‌തമാക്കുന്നതിനു ശ്രമിച്ചുകൊണ്ടിരുന്നു. ഡോക്ടർ കെ എൻ പണിക്കർ സൂചിപ്പിച്ചതുപോലെ ‘വർഗീയ ബോധത്തിന്റെ നിർമാണ’ പ്രക്രിയ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഭരണഘടനയുടെ ആമുഖം, പൗരത്വം, മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഫെഡറൽ കാഴ്ചപ്പാട് എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ ഭരണഘടനാ അസംബ്ലി ചർച്ച ചെയ്യുന്ന ഘട്ടത്തിൽ രണ്ടു വീക്ഷണങ്ങളുടെ ഏറ്റുമുട്ടലുകൾ എങ്ങനെയെന്ന് പരിശോധിക്കാം.  (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top