06 June Saturday

ഗുജറാത്തിൽ കോൺഗ്രസിനേറ്റ തിരിച്ചടി

മുരളീധരൻUpdated: Thursday Jun 13, 2019


ഗുജറാത്ത് ജനത പോളിങ‌് ബൂത്തിലേക്ക് നീങ്ങുന്നതിന് ദിവസങ്ങൾക്കുമുമ്പ്, ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ, ഇത്തവണ ചോറിന്റെയും വയറിന്റെയും കാര്യവും മറ്റ് പ്രാദേശിക പ്രശ്നങ്ങളും വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാം എന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, അതങ്ങനെ ആയിരുന്നില്ല. മറ്റൊട്ടനവധി ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും, വർഗീയ ദേശീയതയും ഗുജറാത്തി ആത്മാഭിമാനബോധവുമാണ് ശരിക്കും വിഷയമായത്. ബിജെപി  26 സീറ്റ‌് മുഴുവനും വിജയിച്ചുകൊണ്ട് 2014 ആവർത്തിക്കുകമാത്രമല്ല, അന്ന് 59.1 ശതമാനമുണ്ടായിരുന്ന പിന്തുണ ഇത്തവണ 62.2 ശതമാനമാക്കി വർധിപ്പിക്കുകയും ചെയ‌്തു. പോർബന്തർ, ദഹോദ് നിയോജക മണ്ഡലങ്ങളൊഴികെയുള്ള എല്ലാ സീറ്റിലും ഭൂരിപക്ഷം വർധിക്കുകയായിരുന്നു. ഈ നേട്ടത്തിന് ചുക്കാൻ പിടിച്ച അമിത് ഷായുടെ ഭൂരിപക്ഷം അഞ്ചര ലക്ഷമായിരുന്നു.
നേട്ടങ്ങളത്രയും ചോർന്നുപോയി

കോൺഗ്രസിന് ഒരു കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 2017ലെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളനുസരിച്ച്, പ്രധാനമായും സൗരാഷ്ട്ര കച്ച് മേഖലയിൽനിന്നായി കോൺഗ്രസ‌് ആറിനും എട്ടിനുമിടയ‌്ക്ക് പാർലമെന്റ് മണ്ഡലങ്ങളിൽ വിജയിക്കും എന്നായിരുന്നു പ്രതീക്ഷ. ദക്ഷിണ ഗുജറാത്തിലെ ആനന്ദും ഉത്തര ഗുജറാത്തിലെ പട്ടാനും സൗരാഷ്ട്രമേഖലയിലെ അമ്രേലി, സുരേന്ദ്രനഗർ, പോർബന്തർ, ജുനഗഡ‌് എന്നിവയും ജയിക്കും എന്നായിരുന്നു കണക്ക‌്.

സൗരാഷ്ട്ര കച്ച് മേഖലയിൽ, 2012ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 16 സീറ്റ് കിട്ടിയ കോൺഗ്രസിന് 2017ൽ 54ൽ 30ഉം ലഭിച്ചത്, കാർഷികമേഖലയിലെ ദുരിതവും പട്ടേൽ കലാപവും നോട്ട‌് റദ്ദാക്കലിന്റെ  പ്രത്യാഘാതങ്ങളും ജിഎസ്ടിയുടെ തെറ്റായ നടത്തിപ്പും എല്ലാം കാരണമാണ‌്. എന്നാൽ, ഒന്നരക്കൊല്ലത്തിനകം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഈ ഉണ്ടായ നേട്ടങ്ങളത്രയും ചോർന്നുപോവുകയായിരുന്നു. 2017ൽ ജയിച്ച 30 സീറ്റിൽ 29 എണ്ണത്തിലും അവർ പുറകിലാക്കപ്പെട്ടു. ഇതൊക്കെയും മുഖ്യമായും ഗ്രാമീണമണ്ഡലങ്ങളായിരുന്നു. 182 അസംബ്ലി മണ്ഡലങ്ങളിൽ വെറും ഒമ്പത‌് എണ്ണത്തിൽമാത്രമേ കോൺഗ്രസിന് ഭൂരിപക്ഷം നേടാനായുള്ളൂ എന്നത് പരാജയത്തിന്റെ തോത് വ്യക്തമാക്കും. ഇതിൽ എട്ടെണ്ണം കോൺഗ്രസിന് ലഭിച്ചപ്പോൾ ഒന്ന് അവർ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി ജിഗ്നേഷ് മേവാനിയുടെ സീറ്റാണ്.

ഈ ഒമ്പതിൽ അഞ്ച‌് എണ്ണം പട്ടികവർഗ സംവരണ സീറ്റുകളാണ്. മൂന്ന‌് എണ്ണം പട്ടികജാതിക്കുള്ള സംവരണ സീറ്റുകളും. ഒമ്പതാമത്തെ ജമാൽപുർ- ഖാദിയായിലാകട്ടെ, ജനങ്ങളിൽ ഗണ്യമായൊരു വിഭാഗം ന്യൂനപക്ഷങ്ങളാണ്. 2017ലെ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 77 അസംബ്ലി മണ്ഡലങ്ങളിൽ കോൺഗ്രസിന് ജയിക്കാനായ കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. എന്നാൽ, എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്ന് നടന്ന നാല‌് ഉപതെരഞ്ഞടുപ്പിലും  ഒരേപോലെ പരാജയപ്പെട്ട കോൺഗ്രസിന‌് മുറിവിൽ എരിവ് തേച്ച അനുഭവമാണുണ്ടായത്.  കൗതുകകരമായ കാര്യം, മാനവാദർ അസംബ്ലി നിയോജകമണ്ഡലത്തിൽ, അവിടത്തെ ലോക‌്സഭാ സ്ഥാനാർഥിക്ക് കിട്ടിയതിലും 10,167 വോട്ട‌് കൂടുതലായി കോൺഗ്രസിന് കിട്ടി എന്നതാണ്. ലോക‌്സഭാ സ്ഥാനാർഥിക്ക് അവിടെ 58,565 വോട്ട‌് കിട്ടിയിടത്ത‌്, അസംബ്ലി സ്ഥാനാർഥിക്ക് കിട്ടിയത് 68,732 വോട്ടാണ്.

ഗുജറാത്തിൽ കടുത്ത കുടിവെള്ള ക്ഷാമമാണ്. 2018 ഡിസംബറോടെ, വരൾച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടത് 50 താലൂക്കാണ്. സൗരാഷ്ട്രയിലുള്ള 138 വലുതും ചെറുതുമായ അണക്കെട്ടുകളിലാകട്ടെ, പത്തു ശതമാനം വെള്ളംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴ‌്ന്നുകൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മന്ത്രിമാരും ബിജെപി നേതാക്കളും പ്രക്ഷോഭകാരികളുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ജല പ്രതിസന്ധി, റാബിവിളകളുടെ വിലയിടിവ്, വിള ഇൻഷുറൻസ് ലഭിക്കായ്ക- ഇങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്ന സൗരാഷ്ട്ര കച്ച് മേഖലയിലും (അവിടെ 2017ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരിയല്ലോ) വടക്കൻ ഗുജറാത്തിലെ പട്ടാൻ, ബനസ‌്കന്ദ, സബർക്കന്ദ ജില്ലകളിലും കോൺഗ്രസ് മുന്നേറ്റം പ്രതീക്ഷിച്ചതാണ്. പക്ഷേ, ഈ പ്രശ്നങ്ങൾ ഒന്നുംതന്നെ, ജലലഭ്യതയായാലും കർഷക ദുരിതമായാലും തൊഴിൽ നഷ്ടമായാലും തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായില്ല. വരൾച്ച അതികഠിനമായി ബാധിച്ച സൗരാഷ്ട്ര കച്ച് മേഖലയിൽ, ബിജെപി വോട്ട് 2017ലെ 57.79ൽ നിന്ന് 59.8 ആയി ഉയരുകയായിരുന്നു.

ഗുജറാത്തി അസ‌്മിത
വർഗീയതയും ദേശീയതയും മാരകമാംവിധം മിശ്രണം ചെയ‌്തതിനൊപ്പം ഗുജറാത്തി അസ‌്മിത (ഒരിക്കൽകൂടെ ഒരു ഗുജറാത്തിയെ പ്രധാനമന്ത്രിയാക്കുക എന്ന അഭ്യർഥന) കൂടി കൂട്ടിച്ചേർത്തതോടെ, ജനമനസ്സുകളെ വൻതോതിൽ സ്വാധീനിക്കാനായി. തെരഞ്ഞെടുപ്പവസരത്തിൽ പട്ടാണിൽ നടന്ന റാലിയിൽ മോഡി ഗുജറാത്തികളെ വികാരപരമായി ഹൈജാക് ചെയ‌്തത‌്, സംസ്ഥാനത്തെ ഒരു ചെറിയ നഷ്ടംപോലും തന്റെ അന്തസ്സിനെ ബാധിക്കുമെന്നും അത് എതിരാളികളുടെ കുത്തുവാക്കുകൾക്ക് ഇടവരുത്തും എന്നും പറഞ്ഞുകൊണ്ടാണ്.

അമിത് ഷായും സ‌്മൃതി ഇറാനിയും ലോക‌്സഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടതോടെ, ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 2017ൽ നേടിയ 77 സീറ്റിൽനിന്ന് കൂറുമാറ്റംവഴി കോൺഗ്രസിന്റെ നില 71ലേക്ക് താഴ‌്ന്നിട്ടുണ്ടെങ്കിലും, അവർക്ക‌് ഒരു സീറ്റിൽ വിജയിക്കാനാവും.ബിജെപി നില മെച്ചപ്പെടുത്തി 103 സീറ്റ് പിടിച്ചിട്ടുണ്ട്. ബിജെപി ഇനിയും കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട‌് പിടിക്കുമോ, അതല്ല ബിടിപിയുടെ രണ്ട് എംഎൽഎമാരെയും എൻസിപിയുടെ ഒരാളെയും പാട്ടിലാക്കുമോ എന്ന കൗതുകകരമായ കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അസംതൃപ്തരായ ഒട്ടനവധി കോൺഗ്രസ് എംഎൽഎമാർ തങ്ങളുമായി ബന്ധം വയ‌്ക്കുന്നുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇതിൽ അൽപേഷ് ഠാക്കൂറും അദ്ദേഹത്തിന്റെ രണ്ട് അനുയായികളും പെടും.


പ്രധാന വാർത്തകൾ
 Top