17 January Sunday

കോൺഗ്രസിൽ മാറ്റത്തിനായി മുറവിളി - പി വി തോമസ്‌ എഴുതുന്നു

പി വി തോമസ്‌Updated: Tuesday Dec 1, 2020


കോൺഗ്രസിൽ നേതൃമാറ്റത്തിനായിട്ടുള്ള മുറവിളി അതിശക്തമാണ്‌. ഇത്‌ ആശയപരമല്ല. വ്യക്തിപരവുമല്ല. ജനാധിപത്യപരമാണെന്ന്‌ വിമതർ വാദിക്കുന്നു. വിഷയം കുടുംബപരവുമാണ്‌. അതുപോലെ തന്നെ നിലനിൽപ്പിന്റെ പ്രശ്‌നവും. തീർച്ചയായും ഇത്‌ നിലനിൽപ്പിന്റെ പ്രശ്‌നം തന്നെയാണ്‌. 2014ലും 2019ലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിദയനീയമായി തോറ്റു. എന്നിട്ടും എല്ലാം സാധാരണയെന്ന രീതിയിൽ മുമ്പോട്ടുപോയി. ഇതിനിടെ, അമ്മയിൽനിന്ന് (സോണിയ ഗാന്ധി) മകനിലേക്ക്‌ (രാഹുൽ ഗാന്ധി) അധ്യക്ഷസ്ഥാനം കൈമാറിയെന്ന (2017) ഒരു പരിവർത്തനം മാത്രം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനവും ഉപേക്ഷിച്ചു. ഒന്നരവർഷമായി പാർടി ഒരു താൽക്കാലിക അധ്യക്ഷയുടെ ഭരണത്തിലാണ്‌.

മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം ബിജെപിയിൽനിന്നും തിരിച്ചുപിടിച്ചു. പക്ഷേ, മധ്യപ്രദേശിൽ ബിജെപി കോൺഗ്രസ്‌ ഭരണത്തെ അട്ടിമറിച്ചു. കേന്ദ്രനേതൃത്വം നിസഹായരായി നോക്കിനിന്നു. ജ്യോതിരാദിത്യസിന്ധ്യ എന്ന യുവനേതാവ്‌ ബിജെപിയിലേക്ക്‌ ചേക്കേറിയത്‌ ആയിരുന്നു തോൽവിയുടെ കാരണം. പാർടിയിൽ എന്താണ്‌ നടക്കുന്നതെന്ന്‌ അമ്മയ്‌ക്കും മകനും പിടിയില്ലായിരുന്നു. രാജസ്ഥാനിൽ യുവ വാഗ്‌ദാനമായ സച്ചിൻ പൈലറ്റ്‌ ബിജെപിയുടെ സഹായത്തോടെ  അട്ടിമറിക്ക്‌ ശ്രമിച്ചു. പക്ഷേ, മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ കൈകാര്യംമൂലം അത്‌ പരാജയപ്പെട്ടു.

വിമതരുടെ കത്തിനുശേഷം നടന്ന കാര്യനിർവഹണസമിതിയിൽ ഒരു തീരുമാനമുണ്ടായി. അടുത്തു നടക്കുന്ന അഖിലേന്ത്യാ കോൺഗ്രസ്‌ സമിതിയുടെ യോഗത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും

ഇതിനിടയിൽ ചില മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാർ സോണിയ ഗാന്ധിക്ക്‌ രണ്ടു കത്ത്‌ എഴുതി. മൂന്നാമത്തെ കത്ത്‌ ആഗസ്‌തിലാണ്‌ എഴുതിയത്‌. പാർടിയിൽ പരിവർത്തനം വേണമെന്നതായിരുന്നു ആവശ്യം, പ്രത്യേകിച്ചും നേതൃത്വത്തിൽ. 23 മുതിർന്ന നേതാക്കന്മാരാണ്‌ കത്തെഴുതിയത്‌. ഇതിൽ രാജ്യസഭയിലെ പ്രതിപക്ഷനേതാവ്‌ ഗുലാംനബി ആസാദും ശശി തരൂരും കപിൽസിബലും ഉൾപ്പെടുന്നു. ഇവർക്കുവേണ്ടത്‌ പാർടിയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. അതിനായി പാർടിയിൽ അടിമുതൽ മുടിവരെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ വേണം. ഇതിൽ കോൺഗ്രസ്‌ പ്രസിഡന്റും പരമോന്നത തീരുമാന നിർവാഹകസമിതിയും കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റിയും ഉൾപ്പെടുന്നു. ദൃശ്യവും ഫലവത്തും മുഴുവൻ സമയവും പ്രവർത്തനരംഗത്ത്‌ കോൺഗ്രസ്‌ അധ്യക്ഷനെ വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്‌ രാഹുൽ ഗാന്ധിയുടെ കൂടെക്കൂടെയുള്ള തിരോധാനത്തിനും ഉല്ലാസയാത്രകൾക്കും സോണിയ ഗാന്ധിയുടെ പ്രായാധിക്യത്തിനും ആരോഗ്യപരമായ കാരണങ്ങൾക്കുമുള്ള ഒരു സൂചനയായിരുന്നു. കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല, ഒരു കോൺഗ്രസ്‌ പ്രവർത്തകസമിതി ചേർന്ന്‌ സോണിയ ഗാന്ധിയിലും ഗാന്ധികുടുംബത്തിലുമുള്ള വിശ്വാസം ആണയിട്ട്‌ ഉറപ്പിച്ചത്‌ ഒഴിച്ചാൽ. പകരം കുടുംബഭക്തർ ഗ്രൂപ്പ്‌ –- 23 എന്നറിയപ്പെടുന്ന ഈ കുടുംബനിഷേധികളെ, അടച്ച്‌ ആക്ഷേപിച്ചു. വിമതരുടെ കത്തിനുശേഷം നടന്ന കാര്യനിർവഹണസമിതിയിൽ ഒരു തീരുമാനമുണ്ടായി. അടുത്തു നടക്കുന്ന അഖിലേന്ത്യാ കോൺഗ്രസ്‌ സമിതിയുടെ യോഗത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും. ഇത്‌ 2021 ആദ്യം ആയിരിക്കാം. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ അങ്ങനെയൊന്നും ശരിയായ രീതിയിൽ ഉണ്ടായിട്ടില്ല. ആകെ ഒരു മത്സരം നടന്നത്‌ രണ്ടായിരത്തിൽ സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്രപ്രസാദ്‌ എന്ന സാഹസികൻ നടത്തിയ ഒരു ശ്രമമാണ്‌.

വിമതരുടെ കത്തും അതിനോടുള്ള തണുപ്പൻ പ്രതികരണവും നിലനിൽക്കെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിലും ഒപ്പം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മൂക്കുകുത്തിയത്‌. വിമതർ അവരുടെ ആക്രമണം കൂടുതൽ ശക്തമാക്കി.എന്താണ്‌ കപിൽ സിബലിന്റെ ആരോപണങ്ങൾ, കണ്ടെത്തലുകൾ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കോൺഗ്രസ്‌ ദേശീയതലത്തിൽ ബിജെപിക്ക്‌ ബദൽ അല്ല. കോൺഗ്രസിന്‌ ശക്തിമത്തായ ഒരു നേതൃത്വമില്ല. കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന വ്യക്തി ശക്തനും മുഴുവൻസമയവും ജോലിചെയ്യുന്ന ആളുമായിരിക്കണം. പാർടി ഭരണഘടന അനുസരിച്ച്‌ എല്ലാ ഔദ്യോഗികസ്ഥാനത്തേക്കും –- അധ്യക്ഷൻ, നിർവാഹകസമിതി, ബ്ലോക്ക്‌, ജില്ല, പ്രദേശ്‌ കമ്മിറ്റി –- തെരഞ്ഞെടുപ്പ്‌ നടത്തണം.

സിബലിന്റെ അഭിപ്രായത്തിൽ ഒരു ആത്മപരിശോധനയുടെ കാലം കഴിഞ്ഞിരിക്കുന്നു. 2014ൽനിന്ന്‌ 2020 വരെയായി. ഇനി പ്രവർത്തിക്കാനുള്ള സമയമാണ്‌.

ഒരു ദേശീയ പാർടിക്ക്‌ ഒരു അധ്യക്ഷൻ ഇല്ലാതെ എങ്ങനെ മുമ്പോട്ടുപോകാൻ സാധിക്കും, അദ്ദേഹം ചോദിച്ചു. പാർടിക്ക്‌ ആദർശ–-ആശയപരമായ വ്യതിയാനം സംഭവിക്കുന്നു. ഇതൊന്നും ചർച്ചചെയ്യാൻ വേദിയില്ല. നേതൃത്വം കീഴെക്കിടയിലുള്ളവരുമായിട്ടുള്ള ബന്ധം പുലർത്തുന്നില്ല. ഇതിന്റെ ഉദാഹരണങ്ങൾ ആയിരിക്കാം ഹിമന്തബിശ്വശർമയും ജഗ്‌മോഹൻ റെഡ്ഡിയും റീത്ത, വിജയ്‌ ബഹുഗുണമാരും ജ്യോതിരാദിത്യസിന്ധ്യയും എന്ന്‌ സിബൽ ഉദ്ദേശിച്ചിരിക്കാം.
സിബലിന്റെ അഭിപ്രായത്തിൽ ഒരു ആത്മപരിശോധനയുടെ കാലം കഴിഞ്ഞിരിക്കുന്നു. 2014ൽനിന്ന്‌ 2020 വരെയായി. ഇനി പ്രവർത്തിക്കാനുള്ള സമയമാണ്‌. ഇത്‌ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം വകവയ്‌ക്കുമോ? ഇതുവരെയുള്ള നീക്കങ്ങളനുസരിച്ച്‌ തെല്ലുമില്ല. ഒന്നാം കുടുംബത്തിന്റെ സന്തതസഹചാരിയായ അശോക്‌ ഗെലോട്ടും സൽമാൻ ഖുർഷിദും മറ്റും നേതൃത്വത്തെ പരസ്യമായി വിമർശിച്ച സിബലിനും ഗുലാംനബി ആസാദിനും നേരെ തിരിഞ്ഞിരിക്കുകയാണ്‌. രാഹുൽ ഗാന്ധി ബിഹാർ തെരഞ്ഞെടുപ്പിന്റെ മൂർധന്യാവസ്ഥയിൽ ഷിംലയിൽ സഹോദരി പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ വിശ്രമാർഥം ദിനങ്ങൾ ചെലവഴിച്ചതിനെക്കുറിച്ച്‌ നേതാവ്‌ പറഞ്ഞത്‌ രസകരമാണ്‌. രാഹുൽ ഗാന്ധി ഒരു ദേശീയ നേതാവാണ്‌. പ്രാദേശിക നേതാക്കന്മാരെപ്പോലെ അദ്ദേഹത്തിന്‌ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. അപ്പോൾ നരേന്ദ്ര മോഡിയും അമിത്‌ ഷായും ആരാണ്‌? അവർ എത്ര റാലികളിലാണ്‌ പങ്കെടുക്കുന്നത്‌? ഇതാണ്‌ സ്‌തുതിപാഠക ഗണത്തിന്റെ നിലപാട്‌.

ഈ അവസ്ഥയിലുള്ള കോൺഗ്രസും നേതൃത്വവും ആരെയാണ്‌ നേരിടുന്നത്‌? നരേന്ദ്ര മോഡിയെയും അമിത്‌ ഷായെയും ബംഗാൾ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ ഓരോ മാസവും ഈ സംസ്ഥാനം സന്ദർശിക്കാനാണ്‌ ഷായുടെയും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെയും തീരുമാനം. ബിജെപി അടുത്തവർഷംതന്നെ നടക്കുന്ന തമിഴ്‌നാട്‌, അസം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള തീവ്ര ആസൂത്രണരംഗത്താണ്‌. മാത്രവുമല്ല, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂക്ഷ്‌മ ആസൂത്രണവും തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ മതരാഷ്‌ട്രീയം അംഗീകരിക്കാത്തവർക്കും അതിന്റെ സംഘടനാ വിഭവശേഷിയും –- അത്‌ ചങ്ങാത്ത മുതലാളിത്തത്തിന്റെ ശക്തിയായിരിക്കാം –- ദീർഘകാല തെരഞ്ഞെടുപ്പ്‌ ആസൂത്രണവും –- അത്‌ ഭൂരിപക്ഷ മതധ്രുവീകരണത്തിൽ ഊന്നിയതായിരിക്കാം –- അവഗണിക്കാൻ വയ്യ.

കോൺഗ്രസിന്റെ പ്രശ്‌നം കപിൽ സിബലും ഗുലാംനബി ആസാദും കൂട്ടരുമല്ല. അവർ സഹായകരും പരിഷ്‌കർത്താക്കളുമാണ്‌. മുൻ അമേരിക്കൻ പ്രസിഡന്റ്‌ രാഹുൽ ഗാന്ധിയെക്കുറിച്ച്‌ അപക്വമതിയെന്നും അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത നേതാവാണെന്നും വിശേഷിപ്പിച്ചത്‌ എന്തുമാകട്ടെ. അല്ലെങ്കിൽ 2014ൽ സോണിയ ഗാന്ധി മൻമോഹൻസിങ്ങിനെ പ്രധാനമന്ത്രിയാക്കിയത്‌ രാഹുലിനുവേണ്ടി കസേര ചൂടാക്കിവയ്‌ക്കുകയായിരുന്നുവെന്ന ഒബാമയുടെ പരാമർശവും മറക്കാം. പക്ഷേ, ഇന്ത്യക്കാരെന്ന നിലയിൽ ഈ പ്രസ്‌താവനകളിലെ യാഥാർഥ്യം ഒന്ന്‌ പരിശോധിക്കേണ്ടതല്ലേ? ചുരുങ്ങിയപക്ഷം കോൺഗ്രസുകാരെങ്കിലും. പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ പരസ്യമായി അധിക്ഷേപിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ഒരു നിയമനിർദേശത്തെ, അതിന്റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിച്ചുകൊണ്ടുതന്നെ, എന്ത്‌ അസംബന്ധമാണ്‌ ഇതെന്ന്‌ പറഞ്ഞാക്രോശിച്ച രാഹുലിന്റെ രാഷ്‌ട്രീയപക്വത എന്താണ്‌? 2004ൽ മൻമോഹൻസിങ്ങിനു പകരം പ്രണബ്‌ മുഖർജിയെ പ്രധാനമന്ത്രിയാക്കാതിരുന്നതിന്റെ പൊരുൾ എന്തായിരുന്നു?

പ്രധാന പ്രശ്‌നം നെഹ്‌റു–-ഗാന്ധി കുടുംബവാഴ്‌ച മാത്രമല്ല, അതിന്‌ ദേശീയതലത്തിൽ ഈ കുടുംബത്തിനപ്പുറം നേതാക്കന്മാർ ഇല്ല –- സോണിയ, രാഹുൽ, പ്രിയങ്ക ഗാന്ധിമാർ–- ഇവർക്കാകട്ടെ തെരഞ്ഞെടുപ്പ്‌ വിജയിക്കാനുള്ള വ്യക്തിപ്രഭാവവുമില്ല. ആദർശപരമായ പാപ്പരത്വവും ദിശാബോധമില്ലായ്‌മയും പ്രാദേശിക പാർടികളുടെ ആവിർഭാവവും ബിജെപിയുടെ ഹിന്ദുത്വരാഷ്‌ട്രീയത്തെ പ്രതിരോധിക്കാനുള്ള കഴിവുകേടും അതിന്റെ ഫലമായി പിന്തുടരുന്ന മൃദുഹിന്ദുത്വവുമെല്ലാം ഇതിനു കാരണങ്ങളാണ്‌.

നെഹ്‌റു–-ഗാന്ധി കുടുംബമാണോ കോൺഗ്രസിനെ നിലനിർത്തുന്നത്‌? അതോ മറിച്ചാണോ? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നെഹ്‌റു–-ഗാന്ധി കുടുംബത്തിന്റെ നാശവും അതിലൂടെ കോൺഗ്രസിന്റെ ഇല്ലായ്‌മയും രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെയും ഇപ്പോൾ ഭാരതീയ ജനതാ പാർടിയുടെയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്‌. കുടുംബഭരണം അവസാനിപ്പിച്ചാൽ ഒരു സുപ്രഭാതത്തിൽ ഭരണം തിരിച്ചുപിടിക്കുമെന്നൊന്നും വ്യാമോഹിക്കരുത്‌. ജനസമ്മതിയുള്ള എത്ര നേതാക്കന്മാരാണ്‌ ഇന്ന്‌ ദേശീയതലത്തിൽ ഉള്ളത്‌? തുലോം തുച്ഛമെന്നു മാത്രം പറയാം. കുടുംബനിഷേധികളുടെ പാർടി ഉദ്ധാരകരുടെ മാറ്റത്തിനുള്ള മുറവിളിയെ ഇങ്ങനെ കണ്ടാൽ കോൺഗ്രസിന്‌ ഒരുപക്ഷേ നല്ലതായിരിക്കും. കാരണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന്‌ ആവർത്തിച്ചാവർത്തിച്ച്‌ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്ക്‌ ഒരു ദേശീയ പ്രതിപക്ഷകക്ഷി ആവശ്യമാണ്‌. ഒരു ദേശീയ ജനാധിപത്യ മതേതരസഖ്യം ഉണ്ടായാൽ ഇതിലെ ഒരു ദുർബല കണ്ണിയായി കോൺഗ്രസ്‌ ശീഘ്രഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്‌. സ്വാതന്ത്ര്യാനന്തരം ഏറിയകാലവും ഇന്ത്യ ഭരിച്ച ഒരു കക്ഷിയാണ്‌ കോൺഗ്രസ്‌ എന്ന വസ്‌തുത പരിഗണിച്ചാൽ ഏറെ പരിതാപകരമാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top