29 January Sunday

കോണ്‍ഗ്രസ് പ്രകടനപത്രിക തൊഴിലാളികളെ വഞ്ചിച്ചു

എളമരം കരീംUpdated: Monday Apr 15, 2019


ദേശീയ ട്രേഡ് യൂണിയനുകൾ അംഗീകരിച്ച "അവകാശപത്രിക’യിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നുപോലും അംഗീകരിക്കാതെയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. രാജ്യത്തെ അമ്പതുകോടി തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയാണിത്. ബൂർഷ്വാ–- ഭൂപ്രഭു വർഗ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ അധ്വാനിക്കുന്ന വർഗത്തോടുള്ള ശത്രുതാനിലപാടാണ് ഒരിക്കൽക്കൂടി വെളിപ്പെട്ടത്.

2019 മാർച്ച് 5ന് ദേശീയ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കൺവൻഷൻ ഒരു അവകാശപത്രിക അംഗീകരിച്ചു. യുപിഎ ഭരണകാലത്തും മോഡി ഭരണകാലത്തും തൊഴിലാളികൾ നടത്തിയ ദേശീയ പണിമുടക്കിൽ ഉയർത്തിയ ആവശ്യങ്ങൾ അടങ്ങുന്നതാണ് അവകാശപത്രിക. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആദ്യമായി രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ഒന്നിച്ചുചേർന്ന് രൂപംനൽകിയതാണ് തൊഴിലാളികളുടെ അവകാശപത്രിക.

45 ആവശ്യം
15–-ാം ഇന്ത്യൻ ലേബർ കോൺഫറൻസ് നിർദേശിച്ച ‘റപ്റ്റക്കോസ് ആൻഡ‌് ബെറ്റ്’ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതും, പിന്നീട് 45 ഉം 46 ഉം ലേബർ കോൺഫറൻസുകൾ ആവർത്തിച്ച് ആവശ്യപ്പെട്ടതുമായ ദേശീയ മിനിമം വേതനം പ്രതിമാസം 18,000 രൂപ നടപ്പാക്കുക; സ്ഥിരസ്വഭാവമുള്ള ജോലികളിൽ കരാർ സമ്പ്രദായം അവസാനിപ്പിക്കുക; കർഷകരുടെ കടം എഴുതിത്തള്ളുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങി 45 ആവശ്യമാണ‌് തൊഴിലാളികൾ മുന്നോട്ടുവച്ചത‌്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് നിർത്തിവയ‌്ക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക, തൊഴിൽ നിയമങ്ങൾ ലേബർ കോഡുകളാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 300 ദിവസം ജോലി ഉറപ്പാക്കുക, വഴിയോരക്കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുക, 2017 ലെ മോട്ടോർ വാഹന ഭേദഗതി നിയമവും 2018 ലെ വൈദ്യുതി നിയമ ഭേദഗതിയും പിൻവലിക്കുക, അങ്കണവാടി തൊഴിലാളികൾ, ആശാ ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ തുടങ്ങിയ “സ്കീം’ തൊഴിലാളികളെ’ തൊഴിലാളികൾ’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസ പെൻഷൻ 6000 രൂപ നൽകുക, പിഎഫ് പെൻഷൻ സുപ്രീംകോടതിവിധി നടപ്പാക്കുക, വർക്കിങ‌് ജേർണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്ത് എല്ലാ മാധ്യമ സ്ഥാപനങ്ങളെയും (വിഷ്വൽ മീഡിയ ഉൾപ്പെടെ) നിയമത്തിൽ ഉൾക്കൊള്ളിക്കുകയും എല്ലാ വിഭാഗം ജീവനക്കാർക്കും തൊഴിൽ സ്ഥിരതയും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുക, സ്വകാര്യ ഫാക്ടറികളിൽ എസ‌്സി–-എസ്ടി വിഭാഗത്തിന് സംവരണം നൽകുക തുടങ്ങിയവയും 45 ഇന അവകാശപത്രികയിൽ ഉൾക്കൊള്ളിച്ചിരുന്നു.

സംഘടിത–- അസംഘടിത മേഖലാ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, വിരമിച്ച തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ 50 കോടി തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കുന്ന, ജീവത്തായ ആവശ്യങ്ങളാണ് ദേശീയ ട്രേഡ് യൂണിയനുകൾ ഉയർത്തിയിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തും മോഡി സർക്കാർ അധികാരത്തിൽ വന്നശേഷവും ഈ ആവശ്യങ്ങൾ ഉയർത്തിയാണ് തൊഴിലാളികൾ ദേശീയ പണിമുടക്കുകൾ സംഘടിപ്പിച്ചത്. 2019 ജനുവരി 8, 9 തീയതികളിലെ പണിമുടക്കിൽ 20 കോടി തൊഴിലാളികളാണ് പങ്കെടുത്തത്. 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തൊഴിലാളിവിരുദ്ധ–-ദേശവിരുദ്ധ നിലപാട് സ്വീകരിച്ച ബിജെപിയെ പരാജയപ്പെടുത്തണമെന്ന തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ജനങ്ങളോടഭ്യർഥിച്ചു.

ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രകടനപത്രികകൾ പരിശോധിച്ചാൽ നവ–- ഉദാരവൽക്കരണ നയങ്ങളിൽ അവർ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാകും. സ്വകാര്യവൽക്കരണനയം തുടരുകയും രാഷ്ട്രസമ്പത്ത് കോർപറേറ്റുകൾക്ക് കവർച്ചചെയ്യാൻ അവസരമൊരുക്കുകയും ചെയ്യുമെന്ന നിലപാടിൽ ഇരുകക്ഷികളും ഉറച്ചുനിൽക്കുന്നു

തൊഴിലാളികൾക്കൊപ്പം ഇടതുപക്ഷംമാത്രം
കോൺഗ്രസ്, ബിജെപി, സിപിഐ എം, സിപിഐ എന്നീ കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ ഇതിനകം പുറത്തിറങ്ങി. ബിജെപിയും കോൺഗ്രസും, തൊഴിലാളികളുടെ അവകാശപത്രികയിൽ ഉന്നയിച്ച മറ്റാവശ്യങ്ങളും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ചേർക്കാൻ ഇരുകക്ഷികളും സന്നദ്ധമായില്ല. അതേസമയം രാജ്യത്തെ രണ്ട് പ്രധാന ഇടതുപക്ഷ പാർടി–- സിപിഐ എം, സിപിഐ–- അവരുടെ മാനിഫെസ്റ്റോയിൽ തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പെടുത്തി.

ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രകടനപത്രികകൾ പരിശോധിച്ചാൽ നവ–- ഉദാരവൽക്കരണ നയങ്ങളിൽ അവർ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാകും. സ്വകാര്യവൽക്കരണനയം തുടരുകയും രാഷ്ട്രസമ്പത്ത് കോർപറേറ്റുകൾക്ക് കവർച്ചചെയ്യാൻ അവസരമൊരുക്കുകയും ചെയ്യുമെന്ന നിലപാടിൽ ഇരുകക്ഷികളും ഉറച്ചുനിൽക്കുന്നു. അവർക്ക് അധ്വാനിക്കുന്ന ജനതയുടെ താൽപ്പര്യങ്ങളേക്കാൾ പ്രധാനം കുത്തക മുതലാളിവർഗ താൽപ്പര്യങ്ങളാണ്.

വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന മുദ്രാവാക്യങ്ങളും ബിജെപിയുടെ മാനിഫെസ്റ്റോയിലുണ്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കൽ, ഏക സിവിൽ കോഡ്, കശ‌്മീരിന്റെ പ്രത്യേകപദവി എടുത്തുകളയൽ തുടങ്ങിയവ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചാണ്. 2014 ലെ വാഗ്ദാനങ്ങൾ വിസ്മരിച്ച ബിജെപിയുടെ പുതിയ വാഗ്ദാനങ്ങൾ ഒരാളും വിശ്വസിക്കില്ല.

കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാന പെരുമഴയാണ്. എന്നാൽ, അടിസ്ഥാന പ്രശ്നങ്ങളിൽ, പഴയതിൽനിന്ന് ഒരു മാറ്റവുമില്ല. പൊതുമേഖലാ സംരക്ഷണം, തൊഴിൽനിയമ സംരക്ഷണം, തൊഴിലാളികളുടെ മിനിമം വേതനം–-പെൻഷൻ തുടങ്ങിയ ഒരു കാര്യവും കോൺഗ്രസ് പ്രകടനപത്രികയിൽ സ്ഥാനം പിടിച്ചിട്ടില്ല. നവ–-ഉദാരവൽക്കരണ നയങ്ങൾ മുറുകെ പിടിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുന്നു.ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ഇതോടെ ഒരിക്കൽക്കൂടി വെളിവായി. ഈ സാഹചര്യത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല എന്ന് വ്യക്തം. 1991 ൽ സാമ്രാജ്യത്വ–- ആഗോളവൽക്കരണ നയങ്ങൾക്ക് തുടക്കംകുറിച്ച കോൺഗ്രസ് സർക്കാരിനുശേഷം 2019 വരെ പല സർക്കാരുകൾ മാറി വന്നു. സർക്കാർ മാറിയതല്ലാതെ, നയം മാറിയില്ല.

സാമ്പത്തികനയം മാറാതെ, ജനങ്ങൾ നേരിടുന്ന ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. നവ–- ഉദാരവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടതിന്റെ പ്രസക്തി അതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top