28 November Monday

കോൺഗ്രസിന്റെ രാഷ്‌ട്രീയ വിനോദസഞ്ചാരം

സാജൻ എവുജിൻUpdated: Monday Aug 29, 2022

അരനൂറ്റാണ്ടുനീണ്ട കോൺഗ്രസ്‌ ജീവിതം അവസാനിപ്പിച്ച ഗുലാംനബി ആസാദിന്റെ രാജിക്കത്തിൽ വസ്‌തുനിഷ്‌ഠമായ കുറെ കാര്യമുണ്ട്‌. കോൺഗ്രസിന്റെ സംഘടനാപരമായ തകർച്ചയ്‌ക്ക്‌ ഉത്തരവാദിയായി രാഹുൽ ഗാന്ധിയെയാണ്‌ ഗുലാംനബി പ്രതിക്കൂട്ടിൽ നിർത്തുന്നത്‌. തീരുമാനങ്ങൾ എടുക്കുന്നതിൽ മുതിർന്ന നേതാക്കൾക്ക്‌ പങ്കില്ലെന്നും രാഹുലിന്റെ സ്‌തുതിപാഠകരും അനുചരന്മാരുമാണ്‌ പലപ്പോഴും സംഘടനാ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും ഗുലാംനബി പരിതപിക്കുന്നു. കോൺഗ്രസ്‌ അതിന്റെ രാഷ്‌ട്രീയം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച്‌ ഗുലാംനബി നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്‌. തന്നെ  കോൺഗ്രസുകാർ  ‘മുസ്ലിം നേതാവ്‌’ എന്ന നിലയിലാണ്‌ ഇപ്പോൾ കാണുന്നതെന്ന്‌ 2018ൽ അലിഗഢ്‌ സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഗുലാംനബി പറഞ്ഞു. ‘ഹിന്ദുക്കളായ’ കോൺഗ്രസ്‌ സ്ഥാനാർഥികൾ തന്നെ തെരഞ്ഞെടുപ്പുപ്രചാരണയോഗങ്ങളിലേക്ക്‌ ക്ഷണിക്കുന്നില്ല. മുമ്പ്‌ രാജ്യമെമ്പാടും താൻ പ്രചാരണം നടത്തിയിട്ടുണ്ട്‌. ഇപ്പോൾ തന്നെ വിളിക്കാൻ അവർക്ക്‌ ഭയമാണെന്നും ഗുലാംനബി പറഞ്ഞു.

മൂന്ന്‌ പതിറ്റാണ്ടിലേറെ കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗമായിരുന്ന നേതാവിനാണ്‌ ഈ സ്ഥിതി നേരിടേണ്ടിവന്നത്‌. 1977ൽ  യൂത്ത്‌  കോൺഗ്രസ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയമിച്ച്‌  സഞ്‌ജയ്‌ ഗാന്ധിയാണ്‌ ഗുലാംനബിയെ ഡൽഹിയിലേക്കും ദേശീയ രാഷ്‌ട്രീയത്തിലേക്കും കൊണ്ടുവന്നത്‌. അന്നുമുതൽ അദ്ദേഹം എക്കാലത്തും കോൺഗ്രസിൽ ഔദ്യോഗികപക്ഷത്തോടൊപ്പമായിരുന്നു. സീതാറാം കേസരി എഐസിസി  പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്‌ ശക്തമായ പിന്തുണ നൽകിയ ഗുലാംനബി പക്ഷേ, സോണിയ ഗാന്ധി പാർടി നേതൃത്വം ഏറ്റെടുക്കാൻ രംഗത്തുവന്നപ്പോൾ കേസരിയെ കൈവിട്ട്‌ സോണിയക്കൊപ്പം ചേർന്നു. 1980ലെ ഇന്ദിര ഗാന്ധി സർക്കാർ മുതൽ എല്ലാ കോൺഗ്രസ്‌ മന്ത്രിസഭകളിലും അംഗമായി. എഐസിസിയിൽ നിർണായക സംഘടനാ ചുമതലകൾ നിർവഹിച്ചു. 37 വർഷം കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗമായിരുന്നു.

രാഹുൽ ഗാന്ധി പല മുതിർന്ന നേതാക്കളോടും അനാദരം കാട്ടിയിട്ടുണ്ടെന്ന്‌ പരക്കെ പരാതിയുണ്ട്‌. അസമിലെ കോൺഗ്രസ്‌ നേതാവായിരുന്ന  ഹിമാന്ത ബിസ്വ സർമയുടെ പരിഭവം പരസ്യമായ കാര്യമാണ്‌. തന്നോട്‌ സംസാരിക്കുമ്പോഴും വളർത്തുനായയെ കളിപ്പിക്കുന്നതിലാണ്‌ രാഹുൽ ഗാന്ധി കൂടുതൽ താൽപ്പര്യം കാണിച്ചതെന്ന്‌ ഹിമാന്ത തുറന്നുപറഞ്ഞു. അസമിലെ കോൺഗ്രസ്‌ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ എത്തിയതായിരുന്നു ഹിമാന്ത. ഏതായാലും അദ്ദേഹം ഇപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രിയാണ്‌. കുറച്ചുദിവസം മുൻപ്‌ ഗുലാം നബിക്കുണ്ടായ അനുഭവം ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസാരത്തിനിടെ  ‘ഗുലാംനബിക്ക്‌ ചായ നൽകൂ’ എന്ന്‌ രാഹുൽ ഗാന്ധി  സഹായിയോട്‌ പറഞ്ഞുവെന്നാണ്‌ വിവരം. ‘‘സോണിയ ഗാന്ധി പോലും എന്നെ  ആസാദ്‌ സാബ്‌ എന്നേ വിളിക്കൂ, ഇന്ന്‌ അവരുടെ മകൻ എന്നെ അപമാനിച്ചു’’ എന്ന്‌ ഗുലാംനബി സഹപ്രവർത്തകരോട്‌ ഹൃദയവേദന പങ്കിട്ടു.


 

പൊളിറ്റിക്കൽ ടൂറിസം അഥവാ രാഷ്‌ട്രീയ വിനോദസഞ്ചാരത്തിന്റെ പ്രയോക്താവായ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെ പേരെടുത്ത്‌ വിളിക്കുന്നത്‌ മനഃപൂർവമല്ലായിരിക്കാം. എന്നാൽ, ഇന്ത്യൻ രാഷ്‌ട്രീയത്തെയും രാജ്യത്തെ സാമൂഹ്യ യാഥാർഥ്യങ്ങളെയും മനസ്സിലാക്കുന്നതിൽ രാഹുൽ ഗാന്ധി ദയനീയ പരാജയമാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നു. പാശ്ചാത്യ ലിബറൽ രാഷ്‌ട്രീയ നേതാക്കളെ അനുകരിക്കാനാണ്‌ രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന്‌ അദ്ദേഹത്തിനു ചുറ്റുമുള്ള സംഘം പ്രചരിപ്പിക്കുന്നുണ്ട്‌. രാഷ്‌ട്രീയത്തെ അതിന്റേതായ ഗൗരവത്തിലും സമഗ്രതയിലും കാണാതെ ഇടവേളകളിലെ യാത്രകളും സന്ദർശനങ്ങളും ചർച്ചകളും മാത്രമായി പരിമിതപ്പെടുത്താനാണ്‌ രാഹുലും സംഘവും ശ്രമിക്കുന്നത്‌. കടലിൽ ചാടലും ചായക്കടയിൽ കയറലും  ഉദാഹരണം.  ഇപ്പോൾ ആവിഷ്‌കരിച്ച  ‘ഭാരത്‌ ജോഡോ’ യാത്രയും  ഇതിന്റെ ഭാഗമാണ്‌. യാത്രയിൽ കോൺഗ്രസ്‌ പതാക ഉപയോഗിക്കില്ല; പകരം ദേശീയപതാക. രാഹുൽ ഗാന്ധി യാത്രയിൽ പങ്കെടുക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും ആരാണ്‌ നയിക്കുന്നതെന്ന്‌ വ്യക്തമാക്കുന്നില്ല.

ഏതാനും മാസംമുമ്പ്‌ തെരഞ്ഞെടുപ്പുതന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോറുമായി സഹകരിച്ച്‌ കോൺഗ്രസ്‌ സംഘടനയെ പരിഷ്‌കരിക്കാൻ പദ്ധതിയിട്ടു. കോൺഗ്രസ്‌ അടിമുടി മാറാൻ പോകുകയാണെന്ന്‌ പ്രചാരണമുണ്ടായി. പ്രശാന്ത്‌ കിഷോർ കോൺഗ്രസിൽ ചേരുമെന്നും  നേതാക്കൾ പറഞ്ഞു. ഈ  ക്ഷണം പ്രശാന്ത്‌ കിഷോർ തള്ളി. തന്നെക്കാളുപരി കോൺഗ്രസിനു വേണ്ടത്‌ ആഴത്തിലുള്ള ഘടനാപരമായ പ്രശ്‌നങ്ങൾ സമൂലമാറ്റത്തിലൂടെ പരിഹരിക്കാൻ കഴിവുള്ള നേതൃത്വവും ഇച്ഛാശക്തിയുമാണെന്ന്‌ പ്രശാന്ത്‌ കിഷോർ പ്രതികരിച്ചു.  കോൺഗ്രസിന്റെ ഉന്നതാധികാരസമിതിയിൽ പ്രശാന്ത്‌ കിഷോറിനെ അംഗമാക്കാമെന്ന്‌ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. അതേസമയം,  പ്രശാന്ത്‌ കിഷോറിന്റെ പങ്കിനെച്ചൊല്ലി  കോൺഗ്രസിനുള്ളിൽ സംശയങ്ങളും അസ്വസ്ഥതകളും ഉയർന്നു. വീണ്ടുവിചാരമില്ലാതെ തുടങ്ങിവച്ച  പദ്ധതിയും ചർച്ചകളും കോൺഗ്രസിനെ ഇവിടെയും പരിഹാസ്യമാക്കി.

രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി കോൺഗ്രസിനെ നശിപ്പിക്കുകയാണെന്ന പരാതിക്ക്‌ ബലമേകുന്ന സംഭവങ്ങളാണ്‌ ഇവ. ‘നിലവിൽ നിശ്ചയിച്ച തീയതി  ജ്യോതിഷപ്രകാരം ശുഭകരമല്ല’ എന്ന വിചിത്രമായ ന്യായത്തിൽ എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുപോലും മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ ഗുലാംനബിയെ പ്രശംസിച്ചുവെന്നും രാജി മുമ്പേ തീരുമാനിച്ചിരുന്നതിന്റെ തെളിവാണ്‌ ഇതെന്നും കോൺഗ്രസ്‌ പ്രചരിപ്പിക്കുന്നു. 50 വർഷം കോൺഗ്രസിൽ നിലകൊണ്ട ഒരാളെ വിട്ടുകളയുന്നതിൽ തെല്ലും ദുഃഖമോ നഷ്ടബോധമോ ഇല്ലാതെയാണ്‌ ഇത്തരം പരിഹാസ്യമായ വാദങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top