31 March Friday

പുകഞ്ഞുകത്തുന്ന കോൺഗ്രസും യുഡിഎഫും

കെ ശ്രീകണ്‌ഠൻUpdated: Monday Jan 23, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും യുഡിഎഫിൽ രൂപംകൊള്ളുന്ന ധ്രുവീകരണം കെപിസിസി നേതൃത്വത്തിന്റെ ഉറക്കംകെടുത്താൻ തുടങ്ങിയിട്ടുണ്ട്‌. ഒന്നാംകക്ഷിയായി മാറാനുള്ള തയ്യാറെടുപ്പ്‌ മുസ്ലിംലീഗ്‌ അണിയറയിൽ ശക്തിപ്പെടുത്തുമ്പോൾ നിൽക്കണോ പോണോ എന്ന മട്ടിലാണ്‌ ആർഎസ്‌പിയും മറ്റും. അഴിച്ചുപണിക്കായി കെപിസിസി നിയോഗിച്ച സമിതികളും അവയ്‌ക്കുമേൽ ഡിസിസികൾ വച്ച സമിതികളും ചേർന്ന്‌ പുനഃസംഘടന ഒരു പരുവത്തിലാക്കിയെന്നാണ്‌ സ്ഥാനമോഹികളുടെ പരിഭവം.

പുനഃസംഘടനയെന്ന്‌ കേൾക്കുന്നതുതന്നെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ വലിയ തമാശയാണ്‌. സമിതികൾ ഒന്നിനുപിറകെ ഒന്നായി വന്നെങ്കിലും പുനഃസംഘടന ഇപ്പോഴും കാണാപ്പുറത്താണ്‌. എഐസിസിക്ക്‌ പുതിയ അധ്യക്ഷൻ വന്നിട്ട്‌ മാസങ്ങളായെങ്കിലും ഇവിടെ ആശയക്കുഴപ്പം ദിനംതോറും മുറുകിവരികയാണ്‌. ഇതിനിടയിലാണ്‌ കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുസംബന്ധിച്ച്‌ കുടുംബം കെപിസിസി നേതൃത്വത്തിനെതിരെ രംഗത്തുവന്നതും. അധികാരവികേന്ദ്രീകരണത്തിന്റെ മാതൃകയിൽ കെപിസിസിയുടെ പരാതിപരിഹാര സംവിധാനം താഴെത്തട്ടിലേക്ക്‌ വികേന്ദ്രീകരിച്ചിരിക്കുകയാണ്‌. കെപിസിസി പ്രസിഡന്റിനു മുമ്പിൽ ഓരോ ദിവസവും പരാതികൾ കുന്നുകൂടുകയാണത്രേ. ഇത്രമാത്രം പരാതിയുണ്ടാകാനുള്ള കാരണം എന്തെന്ന്‌ ആരും ആശ്ചര്യപ്പെടരുത്‌. കോൺഗ്രസ്‌ അല്ലേ പരാതികൾ ഉണ്ടായില്ലെങ്കിലേ അതിശയിക്കേണ്ടൂ. ഈ പരാതികളെല്ലാം മുഖാമുഖം കേട്ടും പരിഹാരം നിർദേശിച്ചും  സ്വാസ്ഥ്യംകെട്ടാൽ വികേന്ദ്രീകരണംതന്നെ ശരണം. ഇനിമുതൽ ബൂത്തിലെ പരാതി അവിടെ തീർപ്പാക്കണം. അതിൽ തൃപ്‌തി പോരെങ്കിൽ മുകൾത്തട്ടിലേക്ക്‌ അപ്പീൽ നൽകാം. അവിടെയും തീർപ്പുവന്നില്ലെങ്കിൽ അതുക്കുംമേലെ പോകാം. ഈ കടമ്പകളെല്ലാം കടന്നുമാത്രമേ കെപിസിസി പ്രസിഡന്റിനു മുമ്പിൽ എത്താവൂ എന്നാണ്‌ പരാതി വികേന്ദ്രീകരണത്തിലെ മാർഗനിർദേശം. അപ്പോൾ കെപിസിസി ട്രഷററുടെ മരണവുമായി ബന്ധപ്പെട്ട പരാതി ആദ്യം എവിടെ നൽകണമെന്നതാണ്‌ പ്രസക്തമായ ചോദ്യം. വി പ്രതാപചന്ദ്രന്റെ മക്കളുടെ പരാതി കേട്ടപാടെ പോയി പണിനോക്കാനാണ്‌ കെ സുധാകരൻ പറഞ്ഞതത്രേ. അങ്ങനെയാണ്‌ അച്ഛന്റെ മരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയതും അത്‌ പൊലീസ്‌ അന്വേഷണത്തിനു വിട്ടതും.

യുഡിഎഫിൽ പാലം വലിക്കാനൊരുങ്ങുന്നത്‌ ആര്‌
യുഡിഎഫിന്റെ നട്ടെല്ല്‌ തങ്ങളാണെന്നാണ്‌ മുസ്ലിംലീഗ്‌ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഒന്നാംകക്ഷി ആകണമെന്ന ലീഗിന്റെ മോഹം കോൺഗ്രസിന്‌ ബോധ്യവുമാണ്‌. തരംകിട്ടിയാൽ ലീഗ്‌ തള്ളിപ്പറയുമെന്ന കാര്യത്തിലും അവർക്ക്‌ ലവലേശം സംശയമില്ല. പക്ഷേ, അടുത്തിടെയായി മുസ്ലിംലീഗിന്റെ നീക്കങ്ങളും നിലപാടുകളും കോൺഗ്രസിനെ ഭീതിപ്പെടുത്തുകയാണ്‌. ലീഗ്‌ പതുങ്ങിനിന്ന് തന്ത്രം മെനയുകയാണോ എന്നാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ സംശയം. അതിന്‌ അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളും പലതാണ്‌. ഒന്ന്‌ മുസ്ലിംലീഗ്‌ നേതാക്കളുമായി പഴയ ഇഴയടുപ്പമുള്ള നേതൃനിര കോൺഗ്രസിൽ സജീവമല്ല. ഉമ്മൻചാണ്ടിയെ മാറ്റിനിർത്തിയാൽ ലീഗ്‌ നേതൃത്വവുമായി അടുപ്പം അവകാശപ്പെടാൻ കഴിയുന്നവർ കോൺഗ്രസ്‌ തലപ്പത്തില്ലെന്നുതന്നെ പറയാം. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവരോട്‌ ലീഗ്‌ നേതൃത്വം പലപ്പോഴും അനിഷ്ടം പരസ്യമാക്കിയിട്ടുമുണ്ട്‌. ഈ പഴുത്‌ തനിക്ക്‌ അനുകൂലമാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്‌ ശശി തരൂർ മുന്നിട്ടിറങ്ങിയത്‌. മുസ്ലിംലീഗ്‌ വാരിപ്പുണർന്നെങ്കിലും കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം തുരത്തുകയാണ്‌ ചെയ്‌തത്‌.


 

കോൺഗ്രസിലെ ദൗർബല്യമാണ്‌ യുഡിഎഫിലെ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന വികാരമാണ്‌ മുസ്ലിംലീഗിനും ആർഎസ്‌പിക്കും ഉള്ളത്‌. പക്ഷേ, അവർ തുറന്നുപറയുന്നില്ലെന്നു മാത്രം. മുമ്പായിരുന്നെങ്കിൽ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നതടക്കമുള്ള കടുത്ത നിലപാടിലേക്ക്‌ ലീഗ്‌ വരുമായിരുന്നു. കെ കരുണാകരനെയും എ കെ ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ തെറിപ്പിച്ചത്‌ ലീഗിന്റെ ഇംഗിതപ്രകാരമായിരുന്നു. അന്ന്‌ യുഡിഎഫിലെ അവസാനവാക്ക്‌ ആയിരുന്നെങ്കിൽ ഇപ്പോൾ തങ്ങൾക്ക്‌ അതിനുള്ള ശേഷിയില്ലെന്ന്‌ അവരും തിരിച്ചറിയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ എടുത്തുചാടിയുള്ള നീക്കങ്ങളിലേക്ക്‌ ലീഗ്‌ കടക്കാനിടയില്ലെന്ന്‌ കോൺഗ്രസും വിശ്വസിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിൽനിന്ന്‌ വിഭിന്നമായിരിക്കും ഇത്തവണത്തെ കേരളത്തിലെ വിധിയെഴുത്ത്‌ എന്നത്‌ യുഡിഎഫ്‌ നേതൃത്വത്തിനും ബോധ്യമുള്ള കാര്യമാണ്‌. ലോക്‌സഭയിലേക്ക്‌ പോയ പല കോൺഗ്രസുകാരും ഇപ്പോൾ അക്കരപ്പച്ച തേടുന്നതും മറിച്ചൊന്നുംകൊണ്ടല്ല. ഒരുവർഷം കഴിഞ്ഞുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതിനേക്കാൾ മെച്ചം നിയമസഭയിലേക്ക്‌ അവകാശവാദം ഉന്നയിക്കുന്നതല്ലേ എന്ന ചിന്തയിലാണ്‌ എംപിമാരിൽ പലരും. 

പുനഃസംഘടനാക്കുരുക്ക്
താഴെത്തട്ടുവരെ അഴിച്ചുപണിയാനുള്ള പുനഃസംഘടനാ കുരുക്ക്‌ മുറുകിയത്‌ കെപിസിസി നേതൃത്വത്തിന്‌ പുലിവാലായിരിക്കുകയാണ്‌. പുനഃസംഘടനയിൽ ജംബോ സമിതികളെ ഒഴിവാക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും പല ജില്ലയിലും കെപിസിസി സമിതികളും അവയ്‌ക്കുമേൽ ഡിസിസി സമിതികളും ചേർന്ന്‌ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്‌. പുനഃസംഘടന നടന്നാൽ വലിയ അത്ഭുതം ആയിരിക്കുമെന്നാണ്‌ ഇപ്പോൾ പല കോൺഗ്രസ്‌ നേതാക്കളും നിരീക്ഷിക്കുന്നത്‌. 14 ജില്ലയിലായി ഇപ്പോൾ 138 പേരാണ്‌ പുനഃസംഘടനാ സമിതിയിൽ ഉള്ളത്‌. ഇത്‌ ഇനിയും കൂടുമെന്നാണ്‌ സൂചന. പണ്ട്‌ ഗ്രൂപ്പുകളുടെ പട്ടികപ്രകാരം വീതംവയ്‌‌പായിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടമട്ടിലാണ്‌ ഇപ്പോഴത്തെ സ്ഥിതി. ആരു പറയുന്നത്‌ കേൾക്കണം ആരുടെ തീരുമാനം നടപ്പാക്കണം എന്നതിലൊന്നും ഒരു വ്യക്തതയുമില്ല എന്നാണ്‌ ഡിസിസി നേതാക്കളുടെ അഭിപ്രായം. കെപിസിസി നിയോഗിച്ച സമിതിക്കു കീഴിൽ ഡിസിസികളുടെ സമിതികളും പല ജില്ലയിലും നിരന്നുകഴിഞ്ഞു. ആകെ മൊത്തം കൺഫ്യൂഷനായല്ലോ എന്ന സിനിമാ ഡയലോഗിനെ ഓർമിപ്പിക്കുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ്‌ പുനഃസംഘടന.

അഴിച്ചുപണി നടന്നാലും ഇല്ലെങ്കിലും തനിക്ക്‌ ഒന്നുമില്ലെന്ന ഭാവമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌. എഐസിസി അധ്യക്ഷസ്ഥാനത്ത്‌ സോണിയ ഗാന്ധിക്കു പകരം ഖാർഗെ വന്നിട്ട്‌ മാസങ്ങളായെങ്കിലും തനിക്ക്‌ ഇളക്കംതട്ടില്ലെന്ന്‌ സുധാകരന്‌ അറിയാം. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്‌ പദവി വഹിച്ചപ്പോൾ സുധാകരനടക്കമുള്ള ഭാരവാഹികളോട്‌ ടെലിഫോണിൽപ്പോലും ആശയവിനിമയം നടത്താറില്ലെന്ന പരാതിയുണ്ടായിരുന്നു. മുല്ലപ്പള്ളിയുടെ അതേ പാതയിലാണ്‌ സുധാകരനും നീങ്ങുന്നതത്രേ. പ്രതിപക്ഷനേതാവ്‌ വി ഡി സതീശനുമായി കൂടിയാലോചിച്ച്‌ മുന്നോട്ടുപോകണമെന്ന്‌ ഹൈക്കമാൻഡിന്‌ നിർദേശിക്കേണ്ടിവന്നത്‌ കെപിസിസി നേതൃത്വത്തിലെ അകൽച്ചയും വിശ്വാസരാഹിത്യവും സാക്ഷ്യപ്പെടുത്തുന്നു.


 

പ്രതാപചന്ദ്രന്റെ മരണവും കെപിസിസിയുടെ പങ്കും
കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട്‌ മക്കൾ നൽകിയ പരാതിയിൽ പൊലീസ്‌ അന്വേഷണത്തിലേക്ക്‌ വഴിയൊരുങ്ങിയത്‌ അപ്രതീക്ഷിതമായാണ്‌. അച്ഛന്റെ മരണത്തെക്കുറിച്ച്‌ മക്കൾ ആദ്യം പരാതി നൽകിയത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌. അതിനുമുമ്പ്‌ ഡിജിപിയെ സമീപിച്ചെങ്കിലും സുധാകരൻ ഇടപെട്ട്‌ അതിൽനിന്ന്‌ പിന്തിരിപ്പിച്ചു. സുധാകരന്റെ ഉറ്റ അനുയായികളും ഇന്ദിരാഭവനിലെ ചുമതലക്കാരുമായ രണ്ടു പേർക്കെതിരെയാണ്‌ മക്കൾ പരാതി ഉന്നയിച്ചത്‌. കെപിസിസിയുടെ ഫണ്ട്‌ പ്രതാപചന്ദ്രൻ കട്ടുമുടിച്ചു എന്നമട്ടിൽ സമൂഹ മാധ്യമങ്ങളിൽ വന്ന പ്രചാരണത്തിനു പിന്നിൽ ഇവരാണെന്നും ഇരുവരും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു മക്കളുടെ ആരോപണം. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കെ സുധാകരൻ തയ്യാറായില്ല. തന്റെ അന്വേഷണത്തിൽ ഇരുവർക്കുമെതിരെ തെളിവില്ലെന്നും അതിനാൽ  രണ്ടുപേരെയും സംരക്ഷിക്കുമെന്നും കെപിസിസി പ്രസിഡന്റ്‌ വിധിപ്രസ്‌താവിച്ചു. വാദി പ്രതിയാകുമെന്ന്‌ വന്നതോടെയാണ്‌ മക്കൾ മുഖ്യമന്ത്രിയെ കണ്ട്‌ പരാതി നൽകിയത്‌. പ്രതാപചന്ദ്രന്റെ മരണത്തിൽ കെപിസിസിക്ക്‌ എന്തെങ്കിലും പങ്കുള്ളതായി ആരോപണം നിലവിലില്ല. പക്ഷേ, കോൺഗ്രസ്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ ഇന്ദിരാഭവനിലെ ചുമതലക്കാരായ രണ്ടുപേരാണ്‌ സംശയനിഴലിലുള്ളത്‌. അവർക്ക്‌ സംരക്ഷണകവചം തീർത്തിരിക്കുന്നത്‌ കെ സുധാകരനും. ഇതെല്ലാം കൂട്ടിവായിച്ചാൽ ചിലതൊക്കെ ചുരുളഴിയാനുണ്ടെന്ന്‌ കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. പരാതി തീർപ്പാക്കുന്നതിന്‌ പുതിയ സംവിധാനമായ സ്ഥിതിക്ക്‌ ഭാവിയിൽ അച്ഛന്റെ മരണത്തെക്കുറിച്ചുള്ള മക്കളുടെ പരാതി കേട്ട്‌ കെപിസിസി പ്രസിഡന്റിന്‌ ക്ലേശിക്കേണ്ടിവരില്ലെന്ന്‌ കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top