18 October Friday

യഥാർഥ കളി വട്ടിയൂർക്കാവിൽ

പി എം മനോജ്‌Updated: Thursday Mar 21, 2019

വടകര ലോക്‌സഭാ  മണ്ഡലത്തിൽ കെ മുരളീധരനെ  യുഡിഎഫ് സ്ഥാനാർഥിയാക്കിയത് കോൺഗ്രസ്–- -ബിജെപി രഹസ്യ ധാരണയുടെ ഭാഗമാണ് എന്ന‌്  മലയാള മനോരമയുടെ ഇംഗ്ലീഷ് ഓൺലൈൻ എഡിഷനിൽ വാർത്തവന്നു.   മനോരമയിൽനിന്ന് അത്തരമൊരു വാർത്ത അപ്രതീക്ഷിതമാണ്. വടകരയിൽ കെ മുരളീധരനെ ജയിപ്പിച്ചാൽ പകരം ഒഴിവുവരുന്ന വട്ടിയൂർക്കാവ്   ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ നിയമസഭയിൽ എത്തിക്കാൻ  രഹസ്യധാരണ എന്നാണ്  മനോരമ പറയുന്നത്.  അതിൽ ചില പ്രശ്നങ്ങളുണ്ട്. വടകര ലോക‌്സഭാ മണ്ഡലത്തിന്റെ ഇന്നത്തെ അവസ്ഥയിൽ കെ മുരളീധരൻ എന്നല്ല ഏത് സ്ഥാനാർഥി ചെന്നാലും എൽഡിഎഫിനു മേൽ വിജയം നേടുക അസാധ്യമാണ്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകരയിൽ. അതിൽ ആറിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എംഎൽഎമാരാണ്. കുറ്റ്യാടി   മണ്ഡലത്തിൽമാത്രമാണ് യുഡിഎഫ് ജയിച്ചത്. ആ കണക്ക് വച്ച് എൽഡിഎഫിന് വടകരയിൽ 78148 വോട്ടിന്റെ മുൻതൂക്കമുണ്ട്.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ  ആർഎംപി നേടിയത് 17000 വോട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന ലോക് താന്ത്രിക്ദൾ  ഇന്ന് ഇടതുപക്ഷത്താണ്. അതുംകൂടി പരിഗണിച്ചാൽ എതിരാളികൾ എല്ലാം ഒന്നിച്ചു നിന്നാലും വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കും. അതാണ് 1991ലെ കോലീബി സഖ്യം ഉണ്ടായപ്പോഴത്തെ അനുഭവം. അതുകൊണ്ട് വടകരയിൽ ഏതെങ്കിലും തരത്തിൽ ബിജെപി യുഡിഎഫിനെ സഹായിച്ചാലും യുഡിഎഫ്‐ബിജെപി‐-ആർഎംപി മുന്നണി പരസ്യമായി രൂപപ്പെട്ടാലും തെരഞ്ഞെടുപ്പ് വിജയം നേടാൻ അവർക്ക് കഴിയില്ല. അത് മുരളീധരൻ ആയാലും കോൺഗ്രസിലെ മറ്റേതു സ്ഥാനാർഥി ആയാലും സംഭവിക്കുന്ന കാര്യമാണ്. അത് തിരിച്ചറിഞ്ഞാണ് രണ്ടുതവണ വടകരയിൽ നിന്ന് ജയിച്ച  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അവിടെ  മത്സരിക്കുന്നില്ല എന്ന് ശാഠ്യം പിടിച്ചത്. മുല്ലപ്പള്ളിക്ക് കഴിയാത്ത എന്താണ് മുരളിക്ക് വടകരയിൽ സാധ്യമാവുക?

എന്താണ് മുരളീധരന്റെ  സ്ഥാനാർഥിത്വത്തിന് പിന്നിലെ രഹസ്യ ധാരണ എന്ന് അന്വേഷിക്കുമ്പോൾ മറ്റൊരു ചിത്രമാണ് വ്യക്തമാവുക. യഥാർഥ അഡ‌്ജസ്റ്റ്മെന്റ‌് നടക്കുന്നത് തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലാണ്.  ബുധനാഴ‌്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ മാധ്യമങ്ങളോട് പറഞ്ഞത് സംസ്ഥാനത്തെ അഞ്ച് ലോക‌്സഭാ മണ്ഡലത്തിൽ ദുർബല സ്ഥാനാർഥികളെ നിർത്തി യുഡിഎഫിനെ സഹായിക്കാൻ ആർഎസ്എസ് പദ്ധതി തയ്യാറാക്കി എന്നാണ്. അങ്ങനെ ലഭിക്കുന്ന സഹായത്തിന് പ്രത്യുപകാരം തിരുവനന്തപുരം മണ്ഡലത്തിലാണ് ആർഎസ്എസിന് വേണ്ടത്.  മിസോറം ഗവർണർ സ്ഥാനം രാജിവച്ച്‌  മത്സരത്തിനെത്തിയ കുമ്മനം രാജശേഖരനെ വിജയിപ്പിക്കാൻ കോൺഗ്രസിൽനിന്ന് സഹായം കിട്ടുക, അതിനു പ്രത്യുപകാരമായി അഞ്ചിടത്ത് വോട്ട് മറിക്കുക എന്ന പദ്ധതിയാണ് തയ്യാറാകുന്നത്. അക്കൂട്ടത്തിൽ വടകരയും ഉണ്ട‌് എന്ന‌ു മാത്രം.

കെ മുരളീധരൻ   പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് നിയമസഭാമണ്ഡലത്തിലെ കോൺഗ്രസ‌് വോട്ട‌് മൊത്തമായി വേണം എന്നതാണ‌്  ആർഎസ്എസിന്റെ ആവശ്യം.  നിയമസഭാ തെരഞ്ഞെടുപ്പിൽ മുരളീധരനും കുമ്മനം രാജശേഖരനും തമ്മിലായിരുന്നു മത്സരം. 7622  വോട്ടിന് മുരളീധരൻ ജയിച്ചു. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി നേടിയത് 13424 വോട്ട് ആണെങ്കിൽ 2016 ൽ അത്  43700 ആയാണ് വർധിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി വോട്ടുകളും കോൺഗ്രസ് വോട്ടുകളും കൂട്ടിച്ചേർത്ത് കുമ്മനത്തിന്റെ പെട്ടിയിൽ എത്തിച്ചാൽ തിരുവനന്തപുരം മണ്ഡലത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ആർഎസ്എസ് കണക്കുകൂട്ടുന്നത്. അങ്ങനെ സംഭവിക്കണമെങ്കിൽ  മുരളീധരന്റെ പരിപൂർണ സഹായം വേണം.   വടകര മണ്ഡലത്തിൽ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതിരുന്ന മുരളീധരന്റെ പേര് അവസാന നിമിഷം സ്ഥാനാർഥി ലിസ്റ്റിൽ നാടകീയമായി ഉൾപ്പെടുത്തിയതിന്റെ യഥാർഥ രഹസ്യം അതാണ്. വടകരയിൽ കിട്ടുന്നതിന‌ു പകരം വട്ടിയൂർക്കാവിൽ മുരളീധരൻ ആർഎസ‌്എസിന‌് കൊടുക്കും.

സംസ്ഥാനത്തെ അഞ്ച് ലോക‌്സഭാ മണ്ഡലത്തിൽ ദുർബല സ്ഥാനാർഥികളെ നിർത്തി യുഡിഎഫിനെ സഹായിക്കാൻ ആർഎസ്എസ് പദ്ധതി തയ്യാറാക്കി എന്നാണ്. അങ്ങനെ ലഭിക്കുന്ന സഹായത്തിന് പ്രത്യുപകാരം തിരുവനന്തപുരം മണ്ഡലത്തിലാണ് ആർഎസ്എസിന് വേണ്ടത്.  മിസോറം ഗവർണർ സ്ഥാനം രാജിവച്ച്‌  മത്സരത്തിനെത്തിയ കുമ്മനം രാജശേഖരനെ വിജയിപ്പിക്കാൻ  കോൺഗ്രസിൽനിന്ന് സഹായം കിട്ടുക, അതിനു പ്രത്യുപകാരമായി അഞ്ചിടത്ത് വോട്ട് മറിക്കുക എന്ന പദ്ധതിയാണ് തയ്യാറാകുന്നത്. അക്കൂട്ടത്തിൽ വടകരയും ഉണ്ട‌് എന്ന‌ു മാത്രം

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ   ശശി തരൂർ തെരഞ്ഞെടുക്കപ്പെട്ടത് 15470 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ്.  എന്നാൽ രണ്ടു വർഷം കഴിഞ്ഞു  നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സെഗ‌്മെന്റുകളിലായി 60467 വോട്ടിന്റെ ഭൂരിപക്ഷം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു  ലഭിച്ചു.  ഒരു സീറ്റു മാത്രമാണ് ബിജെപിക്ക‌്  ഉള്ളത്. ഒ രാജഗോപാൽ എന്ന  മുതിർന്ന നേതാവിന്റെ  വ്യക്തിപ്രഭാവം കൊണ്ടും സ്ഥിരമായി തോൽവി ഏറ്റുവാങ്ങാറുള്ള അദ്ദേഹത്തോട് ജനങ്ങൾക്കുള്ള സഹതാപംകൊണ്ടും  മാത്രമല്ല അവിടെ വിജയം ഉണ്ടായത്.  കോൺഗ്രസിന്റെ വോട്ടുകൾ വലിയതോതിൽ ചോർത്തിയതു കൊണ്ടാണ്. അങ്ങനെ ഒരു ചോർച്ച വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടക്കുകയും അതോടൊപ്പം മറ്റ് അഞ്ച് മണ്ഡലങ്ങളിലും പരിമിതമായ തോതിലെങ്കിലും അട്ടിമറി നടപ്പാക്കുകയും ചെയ‌്താൽ കുമ്മനം രാജശേഖരൻ മുന്നിലെത്തും എന്ന കണക്കുകൂട്ടലിലാണ് ആർഎസ്എസ്.

മുൻ മന്ത്രിയും ജനങ്ങൾക്ക്  വലിയതോതിൽ സ്വീകാര്യനുമായ സി ദിവാകരനാണ് ഇടതുപക്ഷത്തിന്റെ  സ്ഥാനാർഥി  എന്നത് ആ കണക്കുകൂട്ടലുകൾക്ക് വലിയ ആഘാതമായി. അതിന്റെപരിഭ്രമം കൊണ്ടാണ്, തെക്കേയറ്റത്തെ ജില്ലയിലെ എംഎൽഎയായ മുരളീധരനെ വടക്കൻ കേരളത്തിലെ വടകരയിലേക്ക്, അതും കെപിസിസി അധ്യക്ഷൻ ഒളിച്ചോടിയ മണ്ഡലത്തിലേക്ക് അയക്കാൻ കാരണമായത്.  ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തിലൊന്നിച്ചു. അത് മറച്ചുവയ‌്ക്കാനോ  മനസ്സിലാക്കാതെയോ ആണ്   വടകര പിടിക്കാനാണ് മുരളീധരനെ അയച്ചത് എന്ന് പ്രചരിപ്പിക്കുന്നത്.

മനോരമ ഓൺലൈനിൽ  കൊടുക്കുകയും പ്രിന്റ‌് എഡിഷനിൽ കൊടുക്കാതിരിക്കുകയും ചെയ‌്ത വാർത്ത ഭാഗികമായി ശരിയാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യധാരണ ആയിരിക്കുന്നു. അത് പ്രാവർത്തികമാക്കുന്ന രീതിയിൽ മാത്രമേ വ്യത്യാസമുള്ളൂ. ഏത് മണ്ഡലത്തിൽ ആയാലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ജനങ്ങൾ അംഗീകരിക്കാറില്ല എന്നതിന് തെളിവാണ് 1991ൽ വടകരയിലും ബേപ്പൂരിൽ ഉണ്ടായ അനുഭവം. വടകരയിൽ 2014 ൽ   ആർഎംപി രഹസ്യമായി   മുല്ലപ്പള്ളി രാമചന്ദ്രനെ സഹായിക്കുകയും പരസ്യമായി   ഡമ്മി സ്ഥാനാർഥിയെ നിർത്തുകയുമാണ് ചെയ‌്തത‌്. അന്ന് ആർഎംപിക്ക് തിരിച്ചു വിടാൻ പറ്റുന്ന എല്ലാ വോട്ടും  മുല്ലപ്പള്ളിക്ക് കിട്ടി. ആർഎംപി പറയുന്ന രാഷ്ട്രീയം ശരിയാണ് എന്ന് തെറ്റിദ്ധരിച്ച് കുറെ ശുദ്ധാത്മാക്കൾ കുമാരൻ കുട്ടിക്ക് വോട്ട് ചെയ്‌തു. ഇനി ആ ശുദ്ധാത്മാക്കളുടെ പിന്തുണ ആർ എം പിക്ക് ഇല്ല.   രാഷ്ട്രീയ തട്ടിപ്പ് തിരിച്ചറിഞ്ഞ  അണികളുടെ ശക്തമായ എതിർപ്പും ആർഎംപിയുടെ നേതൃത്വം നേരിടുന്നുണ്ട്. അതുകൊണ്ട് ആർഎംപി  നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു എന്ന് വരുന്നത് യുഡിഎഫിന്  അനുകൂലമായല്ല പ്രതികൂലമായാണ് സംഭവിക്കുക. വ്യാഴാഴ്ച ബിജെപിയുടെ സ്ഥാനാർഥി ലിസ്റ്റ് വരും. അത് പരിശോധിക്കുമ്പോൾ ഉറപ്പിക്കാവുന്നതേ  ഉള്ളൂ മുരളീധരൻ നേർച്ചകോഴിയെപ്പോലെ വടകരയിൽ എത്തിയതിന്റെ യഥാർഥ രഹസ്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top