17 November Sunday

അധ്വാനിക്കുന്നവർക്കായി ജീവിച്ച പോരാളി

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jun 14, 2019


സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും  കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന സഖാവ‌് പി കെ കുഞ്ഞച്ചൻ  28 വർഷംമുമ്പാണ‌് നമ്മെ വിട്ടുപിരിഞ്ഞത‌്. സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച സഖാവ‌് ദാരിദ്ര്യവും ഇല്ലായ‌്മയും അവഗണനയും നിറഞ്ഞ ജീവിതചുറ്റുപാടുകളോട‌് പടവെട്ടിയാണ‌് ജനനായകനായി മാറിയത‌്. സ്വന്തം ജീവിത സാഹചര്യങ്ങളോടും സമൂഹത്തിലെ പൊതു അവസ്ഥയിലെ അനീതികളോടും സന്ധിയില്ലാസമരം ചെയ‌്താണ‌് വിപ്ലവകാരിയായി വളർന്നത‌്. ജന്മി‐ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ‌് വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക‌് നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.

തിരുവല്ല താലൂക്കിലെ എഴുമറ്റൂരിൽ 1925-ൽ ജനിച്ചു. 1947-ൽ കമ്യൂണിസ്റ്റ‌് പാർടി അംഗമായി. 1973-ൽ കോഴിക്കോട്ട‌് നടന്ന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത‌് തുടർന്നു. പിന്നീട‌് സംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി മരണംവരെ പ്രവർത്തിച്ചു.

ആദ്യകാലത്ത‌് ട്രേഡ‌്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. തിരുവിതാംകൂർ ട്രാൻസ‌്പോർട്ട‌് തൊഴിലാളികളുടെ നേതാവായി. ഐതിഹാസിക ട്രാൻസ‌്പോർട്ട‌് പണിമുടക്ക‌് വേളയിൽ പൊലീസിന്റെ ഭീകരമർദനത്തിന‌് ഇരയായി. വിമോചനസമരകാലത്ത‌് കുട്ടനാട്ടിലെ ജന്മിമാർ ഇ എം എസ‌് സർക്കാരിനെ പാഠം പഠിപ്പിക്കാൻ കൃഷിചെയ്യാതെ നിസ്സഹകരണവുമായി ഇറങ്ങി. അന്ന‌് കർഷകത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ കുഞ്ഞച്ചൻ വഹിച്ച നേതൃപരമായ പങ്ക‌് സ‌്മരിക്കപ്പെടുന്നതാണ‌്. ഇതേത്തുടർന്ന‌് 1960ൽ നടന്ന വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുട്ടനാടൻമേഖലയിൽ ജന്മി ഗുണ്ടകളുടെ കിരാതവാഴ‌്ചയ‌്ക്ക‌് അറുതിവരുത്താൻ കർഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടം സംഘടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക‌് സഖാവ‌് വഹിച്ചു.

കേരളത്തിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിൽ കുഞ്ഞച്ചന്റെ പങ്ക‌് വലുതാണ‌്. കർഷകത്തൊഴിലാളികൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും അവ പരിഹരിക്കാൻവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിലും അതീവശ്രദ്ധ പുലർത്തി. പട്ടികജാതി‐ വർഗ വിഭാഗങ്ങളുടെ പ്രശ‌്നങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു.

രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം പാർലമെന്ററി പ്രവർത്തനങ്ങളിലും മാതൃകാപരമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്ത‌് കർഷകത്തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായാലും അവിടങ്ങളിൽ എത്താനും അവ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിഷ‌്കർഷത പുലർത്തി. ബിഹാറിൽ കർഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം പാർലമെന്റിൽ വികാരതീവ്രതയോടെ കുഞ്ഞച്ചൻ അവതരിപ്പിച്ചപ്പോൾ അത‌് സഭയെ ഞെട്ടിക്കുകയും ഇടപെടലിന‌് സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ‌്തു.

കാർഷികമേഖല ഇന്ന‌് അതീവഗുരുതര പ്രതിസന്ധി നേരിടുകയാണ‌്. മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. മോഡി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം കർഷകരെയും കർഷകത്തൊഴിലാളികളെയും വഞ്ചിച്ചു. നവലിബറൽ നയങ്ങൾ വാശിയോടെ നടപ്പാക്കുന്ന മോഡി സർക്കാർ കാർഷികമേഖലയ‌്ക്ക‌്  നൽകിയ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനങ്ങൾ കാറ്റിൽപ്പറത്തി.  ദളിതരും ന്യൂനപക്ഷങ്ങളും വ്യാപകമായ തോതിൽ ആക്രമിക്കപ്പെടുന്നു.  ലോക‌്സഭാ തെരഞ്ഞെടുപ്പുഫലം വരുന്നതിന് ഒരു ദിവസംമുമ്പാണ് മധ്യപ്രദേശിലെ സിയോണിയിൽ ഓട്ടോറിക്ഷയിൽ ബീഫ് കൊണ്ടുപോകുകയാണെന്ന് സംശയിച്ച് ‘ഗോസംരക്ഷക' വേഷമണിഞ്ഞ സംഘപരിവാറുകാർ രണ്ടു യുവാക്കളെയും ഒരു സ്ത്രീയെയും മർദിച്ചത്. ഗുജറാത്തിലെ ഉനയിലുണ്ടായ ദളിത് പീഡനത്തിന് സമാനരീതിയിലുള്ള ആക്രമണമാണ് സിയോണിയിലും നടന്നത്. യുവാക്കളെ മരത്തിൽ കെട്ടിയിട്ട് മാറിമാറി വടികൊണ്ട് മർദിക്കുകയായിരുന്നു. ജയ് ശ്രീറാം വിളിക്കാൻ അക്രമികൾ നിർബന്ധിക്കുകയും ചെയ‌്തു. 

പശ്ചിമ ഉത്തർപ്രദേശിലെ ബിജ്നോറിലെ ബസവൻപുർ ഗ്രാമത്തിൽ അംബേദ്കറുടെ പ്രതിമ സംഘപരിവാറുകാർ തകർത്തു. മണ്ഡലത്തിൽ ബിഎസ‌്പിയുടെ സ്ഥാനാർഥി വിജയിച്ചതിലുള്ള അമർഷമാണ് പ്രതിമ തകർക്കുന്നതിൽ കലാശിച്ചത്.   പ്രധാനമന്ത്രി മോഡിയുടെ നാടായ ഗുജറാത്തിലും ദളിത് ദമ്പതികൾക്കെതിരെ സംഘടിതമായ ആക്രമണംതന്നെ അരങ്ങേറി. ഗുജറാത്തിൽ ഒരു പരമ്പരപോലെ ദളിത് വിവാഹാഘോഷങ്ങൾ സംഘപരിവാറുകാർ തടയുകയാണ‌് ഇപ്പോൾ.

ഈ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ എൽഡിഎഫ‌് സർക്കാർ മതനിരപേക്ഷതയുടെയും ജനപക്ഷ ഭരണത്തിന്റെയും മാതൃകാ സംസ്ഥാനമായി നിലകൊള്ളുകയാണ‌്. വിജയകരമായ നാലാം വർഷത്തിലേക്ക‌് കടക്കുന്ന  സർക്കാരിന്റെ പ്രോഗ്രസ‌് റിപ്പോർട്ട‌് പുറത്തിറക്കി. ജനങ്ങൾക്ക‌് നൽകിയ വാഗ‌്ദാനങ്ങളിൽ എത്രത്തോളം നടപ്പാക്കിയെന്നും അവയുടെ പുരോഗതിയും വിലയിരുത്തിയുള്ള റിപ്പോർട്ടാണ‌് എൽഡിഎഫ‌് സർക്കാർ ജനങ്ങൾക്ക‌ുമുമ്പിൽ സമർപ്പിച്ചത‌്.

പ്രകടനപത്രികയിൽ പറഞ്ഞതിലേറെ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ സർക്കാർ നടത്തി. പ്രോഗ്രസ‌് റിപ്പോർട്ട‌് ജനങ്ങൾക്ക‌ുമുമ്പിൽ  അവതരിപ്പിച്ചതുവഴി രാജ്യത്തിന‌് കേരളം മറ്റൊരു മാതൃകകൂടി മുന്നോട്ടുവച്ചിരിക്കുകയാണ‌്. എൽഡിഎഫ‌് സർക്കാരിനെ ശക്തിപ്പെടുത്തുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങൾക്കും ഈ ദിനം ശക്തിപകരും.


പ്രധാന വാർത്തകൾ
 Top