20 March Wednesday

ത്യാഗപൂർണമായ സമരജീവിതം

കോടിയേരി ബാലകൃഷ്ണൻUpdated: Monday Jul 2, 2018


കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളാണ് സ. പി കെ ചന്ദ്രാനന്ദൻ. പി കെ സി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് നാലുവർഷം പിന്നിടുന്നു. കേരളത്തിന്റെ പോരാട്ടചരിത്രത്തിൽ ഇടിമുഴക്കമായ പുന്നപ്ര‐ വയലാർ സമരത്തിൽ പൊലീസുമായി മുഖാമുഖം ഏറ്റുമുട്ടിയ വളന്റിയർമാരുടെ സംഘത്തെ നയിച്ചവരിൽ പ്രധാനിയായിരുന്നു സഖാവ്. ഇക്കാലത്ത് സ്വായത്തമാക്കിയ പാർടി അച്ചടക്കവും കമ്യൂണിസ്റ്റ് ബോധവും ത്യാഗചിന്തയും ജീവിതാവസാനംവരെ പി കെ സി കാത്തുസൂക്ഷിച്ചു.

1941ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ പി കെ സി '54ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവർത്തിച്ചു. പാർടിക്കകത്തെ ഇടത്‐ വലത് വ്യതിയാനങ്ങൾക്കെതിരെ നടത്തിയ നിരന്തരപോരാട്ടം പി കെ സിയെ ശ്രദ്ധേയനാക്കി. വർഗകാഴ്ചപ്പാടിലൂടെ പാർടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ സംഭാവനയാണ് പി കെ സി നൽകിയത്. ആശയപരവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഒരുവിധത്തിലുള്ള ചാഞ്ചല്യവും ബാധിക്കാത്ത ഉത്തമനായ മാർക്സിസ്റ്റ്‐ ലെനിനിസ്റ്റായിരുന്നു ജീവിതാന്ത്യംവരെ പി കെ സി.

പുന്നപ്ര‐വയലാർ സമരത്തിനുശേഷം കോഴിക്കോട്ടെത്തിയ പി കെ സി പിന്നീട് പാർടി നിർദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഭാസ്കരൻനായർ എന്ന പേരിലായിരുന്നു ഒളിവുജീവിതം. '57ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദൻ എന്ന പേരിൽ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. '64ൽ ചൈനീസ് ചാരനായി മുദ്രകുത്തി ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിലിൽ. നീണ്ട ഒളിവുജീവിതവും ജയിൽവാസവുമെല്ലാം പി കെ സിയിലെ കമ്യൂണിസ്റ്റിനെ കൂടുതൽ കരുത്തനാക്കി.

വർഗ‐ബഹുജനസംഘടനകൾ വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു പി കെ സിയുടേത്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമായി ഉയർന്നുവന്ന നിരവധിപേരെ പാർടിയിൽ അണിനിരത്തുന്നതിൽ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്. പാർടിപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമായി വലിയ അടുപ്പവും വാത്സല്യവും പി കെ സിക്കുണ്ടായിരുന്നു. പാർടിക്കായി നീക്കിവച്ച സഖാവിന്റെ ജീവിതം അനുഭവങ്ങളുടെ അക്ഷയഖനിയാണ്. പുതുതലമുറയ്ക്കാകട്ടെ, ഏറെ പഠിക്കാനുള്ള ചരിത്രപുസ്തകവും. 

കേരളത്തിലെ പല കമ്യൂണിസ്റ്റ് നേതാക്കളെയുംപോലെ നവോത്ഥാനപ്രസ്ഥാനത്തിലൂടെയാണ് പി കെ സി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ എത്തുന്നത്. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്ത് കടന്നുവന്നു. പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിയത്. 1946 ഒക്ടോബർ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കി നടന്ന പോരാട്ടത്തിന് നേതൃത്വം നൽകിയത് പി കെ സിയായിരുന്നു. 22‐ാംവയസ്സിൽ വാരിക്കുന്തമേന്തി ദിവാന്റെ സേനയ്ക്കെതിരായുള്ള ധീരോദാത്ത പോരാട്ടം സഖാവ് ഏറ്റെടുത്തു. പൊലീസ് കാഞ്ചി വലിച്ചത് അൽപ്പം വൈകിയതുകൊണ്ടുമാത്രമാണ് പി കെ സിയുടെ ജീവൻ രക്ഷപ്പെട്ടത്. പോരാട്ടങ്ങളുടെ നിരവധി വഴികളിലൂടെ സഖാവ് സഞ്ചരിച്ചു. അക്കാലത്ത് ആർജിച്ച ജീവിതശൈലിയുടെ സ്വാധീനം അന്ത്യംവരെ സഖാവ് കാത്തുസൂക്ഷിച്ചു.

പൊതുപ്രവർത്തനത്തിലെ വിശുദ്ധിക്ക് മാതൃകയായി, അദ്ദേഹം വഹിച്ച ഓരോ സ്ഥാനവും മാറി. അമ്പലപ്പുഴയെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയ അദ്ദേഹം, നല്ല പാർലമെന്റേറിയനായിരുന്നു. ജനകീയപ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനും ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പി കെ സി മുന്നണിയിൽത്തന്നെ ഉണ്ടായി. ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കാനും കൂടുതൽ പതിപ്പുകൾ ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. 1989 ജനുവരി നാലിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ആരംഭിച്ചപ്പോൾ വർഷങ്ങളോളം സാരഥിയായും പ്രവർത്തിച്ചു. രാവിലെ ആരംഭിക്കുന്ന പത്രത്തിന്റെ ജോലിതൊട്ട് അവസാന എഡിഷൻ അടിച്ചുതീരുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ജാഗ്രതയോടെ നേതൃത്വം നൽകാൻ പി കെ സി ഉണ്ടായിരുന്നു. ചിന്ത പബ്ലിഷേഴ്സിന്റെ അമരക്കാരനായും പ്രവർത്തിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായും പ്രസിഡന്റായും പ്രവർത്തിച്ചു. ആ സ്ഥാനത്തുനിന്ന് അദ്ദേഹം നേടിയെടുത്ത ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡുതന്നെ ഉണ്ടായി എന്നത്. എത്തുന്ന ഏത് മേഖലയിലും തന്റെ അർപ്പണംകൊണ്ടും സ്നേഹസവിശേഷമായ ഇടപെടൽകൊണ്ടും ആദരവ് പിടിച്ചുപറ്റി. അതേസമയം, വർഗതാൽപ്പര്യങ്ങൾ ബലികഴിക്കാതെ മുന്നോട്ടുപോകുന്നതിലും ജാഗ്രത കാണിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മികച്ച ഭരണം കാഴ്ചവച്ച് മുന്നേറുന്ന വേളയിലാണ് ജനങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പി കെ സിയുടെ ഓർമ പുതുക്കുന്നത്.  പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട ഭരണ, ക്ഷേമ നടപടികൾ ജനങ്ങളിൽ വലിയ പ്രതീക്ഷ ഉണർത്തിയിരിക്കുന്നു. സർക്കാരിന് ജനപിന്തുണ വർധിക്കുന്നുവെന്നതിന് തെളിവാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ മിന്നുന്ന വിജയം. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ സർക്കാരിനെ ദുർബലമാക്കാൻ ബിജെപി നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പിന്തുണയിലൂടെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ കഴിയുന്നുണ്ട്. കോർപറേറ്റ് അനുകൂലവും വർഗീയവുമായ നയങ്ങളാണ് മോഡി സർക്കാർ നടപ്പാക്കുന്നത്. വികലമായ സാമ്പത്തികനയങ്ങൾ രാജ്യത്ത് സൃഷ്ടിച്ച ദുരിതം ചെറുതല്ല. ജനജീവിതത്തെ കൂടുതൽ പാപ്പരാക്കുന്ന കേന്ദ്രത്തിനെതിരെ ജനരോഷം ഉയരുകയുമാണ്. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിഷവിത്തുകൾ മുളപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ സർക്കാരും ജനങ്ങളും തുറന്നെതിർക്കുന്ന ആവേശകരമായ കാഴ്ചയാണ് കൺമുന്നിലുള്ളത്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനൊരുങ്ങിയ കോൺഗ്രസ്, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് നേരിടുന്നത്.

അസഹിഷ്ണുതയ്ക്കും ജനവിരുദ്ധനയങ്ങൾക്കുമെതിരെയുള്ള നിരന്തരപോരാട്ടങ്ങൾക്ക് പി കെ സിയുടെ പ്രോജ്വലസ്മരണ നമുക്ക് കരുത്തേകും
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top