19 February Tuesday

സ്മരണീയനായ എന്‍ എസ്

കോടിയേരി ബാലകൃഷ്ണന്‍Updated: Friday Feb 17, 2017

സംഘടനാവൈഭവത്തിന്റെയും സമരോത്സുകതയുടെയും എക്കാലത്തെയും ഉറവ വറ്റാത്ത ഊര്‍ജമായ സഖാവ് എന്‍ ശ്രീധരന്‍ അന്തരിച്ചിട്ട് 32 വര്‍ഷം തികയുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മധ്യതിരുവിതാംകൂറില്‍ കരുത്തുറ്റ രാഷ്ട്രീയശക്തിയായി വളര്‍ത്തുന്നതില്‍ അതുല്യസംഭാവന നല്‍കിയ ആദ്യകാല സംഘാടകരിലെ പ്രമുഖനാണ് എന്‍ എസ്. 

എന്‍ എസിനെപ്പോലെയുള്ളവര്‍ അടിത്തറയിട്ട പ്രസ്ഥാനം ഇന്ന് കേരളത്തില്‍ അപ്രതിരോധ്യമാണെന്ന് മാത്രമല്ല സിപിഐ എമ്മില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്്. സ്വന്തം വിശ്വാസത്തെ സ്വജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ വിപ്ളവകാരിയായിരുന്നു എന്‍ എസ്. വിപ്ളവകാരികള്‍ വീട്ടില്‍കിടന്ന് മരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് പറയാറുണ്ടായിരുന്ന സഖാവ് 1985ല്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റാറില്‍ സൃഷ്ടിച്ച പൊലീസ് ഭീകരാവസ്ഥ മറികടക്കാനുള്ള പോരാട്ടത്തിന് നേതൃത്വംനല്‍കി മടങ്ങുമ്പോള്‍ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. 57-ാം വയസ്സിലായിരുന്നു അന്ത്യം. അന്ന് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു.

ഒരു കേവുവള്ളക്കാരന്റെ മകനായി മധ്യതിരുവിതാംകൂറില്‍ നാട്ടിന്‍പുറത്ത് ജനിച്ച എന്‍ ശ്രീധരന്‍ എങ്ങനെ പാര്‍ടിയും നാട്ടുകാരും സ്നേഹിച്ച എന്‍ എസായി വളര്‍ന്നുവെന്നത് പഠിക്കേണ്ട ജീവിതപാഠമാണ്. സ്വാതന്ത്യ്രസമരത്തിന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും പുന്നപ്ര വയലാര്‍, ശൂരനാട് തുടങ്ങിയ ചരിത്രസംഭവങ്ങളുടെ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതാകവാഹകനാകുകയുംചെയ്ത എന്‍ എസ് തീക്ഷ്ണാനുഭവങ്ങളുടെ പ്രതീകമായിരുന്നു.    ഒളിവുജീവിതം, ജയില്‍ജീവിതം, കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള പൊതുപ്രവര്‍ത്തനം - ഇപ്രകാരമുള്ള വിവിധഘട്ടങ്ങളിലെ അനുഭവങ്ങളുടെ ഉടമയായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തിന്റെ അലകള്‍ ആഞ്ഞടിച്ചകാലത്ത് - 'ദിവാന്‍ ഭരണം തുലയട്ടെ' എന്ന ബോര്‍ഡ് ജന്മസ്ഥലമായ വള്ളിക്കാവിലെ ബീഡിക്കടയുടെമുന്നില്‍ പ്രദര്‍ശിപ്പിച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തില്‍ സഹായിയായ ചെറുപ്പക്കാരന്‍ യാത്രയ്ക്കിടയില്‍ കമ്യൂണിസ്റ്റ്നേതാക്കളുമായുണ്ടായ പരിചയത്തിലൂടെയാണ് ഉറച്ച കമ്യൂണിസ്റ്റായത്. പിന്നീട് ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളിനേതാവായി. ആ ഘട്ടത്തിലാണ് ദിവാന്‍ ഭരണത്തിനെതിരായ ബോര്‍ഡുവച്ചതിന് പൊലീസ് വേട്ടയും   ഒളിവുജീവിതവും തുടങ്ങിയത്. അക്കാലത്ത് നാവികത്തൊഴിലാളി സംഘടനയെ കെഎസ്പിയുടെ പിടിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് നിര്‍ണായകപങ്ക് വഹിച്ചു. പാര്‍ടിയുടെ സെല്‍ സെക്രട്ടറി, കായംകുളം ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി, കാര്‍ത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ആലപ്പുഴ ഡിസി അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച സഖാവ് 1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സിപിഐ എം രൂപീകരണത്തിനുശേഷം ആലപ്പുഴ, കൊല്ലം ജില്ലകളിലെ സെക്രട്ടറിയുമായി.

സംഘടനാവൈഭവത്തില്‍ എന്‍ എസ് എന്നും മാതൃകയാണ്. 1950കളുടെ മധ്യത്തില്‍ ആലപ്പുഴയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷമായപ്പോള്‍ കാര്‍ത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളില്‍നിന്ന് വലിയതോതില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ചെങ്കൊടികെട്ടിയ ബോട്ടിലും വള്ളത്തിലും ആലപ്പുഴയിലെത്തിച്ച് വിതരണംചെയ്യുന്നതിന് നേതൃത്വംനല്‍കി. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയായി അവരിലൊരാളായി മാറേണ്ടതിന്റെ പ്രാധാന്യമാണ് പ്രവര്‍ത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തിയത്. വൈദ്യസഹായം, ആള്‍സഹായം തുടങ്ങിയവ ആവശ്യമായിവരുന്ന കുടുംബങ്ങളെ സഹായിച്ചു. അതുപോലെ വസൂരിവന്നവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടത്തി. സ്വയംചെയ്യുന്ന ജോലികൊണ്ടുമാത്രം പ്രസ്ഥാനം വിപുലമാകില്ല. മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയുംവേണം. ഈ മൌലികമായ സംഘടനാതത്വം മനസ്സിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു.

ഈ ലേഖകന്‍ വിദ്യാര്‍ഥി സംഘടനാനേതാവായിരിക്കുമ്പോഴാണ് എന്‍ എസിനെ കാണുന്നതും അടുത്ത് ഇടപഴകുന്നതും.  വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ കൊല്ലത്ത് എത്തുമ്പോള്‍ പാര്‍ടി ജില്ലാസെക്രട്ടറിയായിരുന്ന എന്‍ എസ് ഞങ്ങളോട് കാണിച്ച അടുപ്പം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. ഓരോ വിഷയങ്ങളിലും ഇടപെടുന്നതിലെ സമചിത്തതയും സംഘാടനമികവും എന്‍എസിന്റെ സവിശേഷതയായി അന്ന് അനുഭവിച്ചറിഞ്ഞു. പരിചയപ്പെടുന്നവരെയെല്ലാം വളരെ വേഗത്തില്‍ കുടുംബാംഗത്തെപ്പോലെ ഉള്‍ക്കൊള്ളും. അതുവഴി പരിചയപ്പെടുന്നവര്‍ സ്നേഹം സ്വാഭാവികമായി തിരിച്ചുനല്‍കും.

എസ്എഫ്ഐ പ്രവര്‍ത്തനത്തിനുശേഷം ഞാന്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ടിയുടെ മുഴുവന്‍സമയപ്രവര്‍ത്തകനായി ഏരിയാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമെന്ന നിലയില്‍ എന്‍ എസ് അവിടെയെത്തി പാര്‍ടി കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും യോഗങ്ങളില്‍ പങ്കെടുത്ത് നടത്തിയ കര്‍മോജ്വലമായ പ്രവര്‍ത്തനരീതിയും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. ദേശാഭിമാനിയുടെ പ്രചാരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അത് പ്രാവര്‍ത്തികമാക്കേണ്ട രീതിയും എന്‍ എസ് വിശദീകരിച്ചു. സര്‍വരും സ്വമേധയാ അതൊരു അടിയന്തരപ്രവര്‍ത്തനമായി ഏറ്റെടുക്കുകയായിരുന്നു. അത്തരമൊരു വൈദ്യുതിപ്രവാഹശക്തി എന്‍ എസിന്റെ സംഘടനാപ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നുവെന്ന്  നേരിട്ട് ബോധ്യമായിട്ടുണ്ട്. ദേശാഭിമാനിയുടെ പ്രചാരം നല്ലതോതില്‍ ആദ്യമായി വര്‍ധിച്ചത് അന്നത്തെ ക്യാമ്പയിനിലൂടെയായിരുന്നു. ആ പാതയിലൂടെ മുന്നേറിയാണ് ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. പാര്‍ടി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുതലങ്ങളില്‍വരെയുള്ള സഖാക്കളുടെ ആത്മാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെഫലമായി ദേശാഭിമാനിയുടെ സര്‍ക്കുലേഷനില്‍ വന്‍കുതിപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ പാര്‍ടിയുടെ സ്വാധീനത്തിനൊത്ത പ്രചാരം ഇനിയുമെത്തിയിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയെന്ന നിലയ്ക്കും ഏറ്റവുമധികം ജനപിന്തുണയുള്ള പാര്‍ടി എന്നതും കണക്കിലെടുത്താല്‍ പാര്‍ടിയുടെ മുഖപത്രത്തിന് ഇനിയും പ്രചാരം വര്‍ധിക്കേണ്ടതുണ്ട്. സിപിഐ എമ്മിന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് അത് ഒഴിവാക്കാന്‍കഴിയാത്ത ആവശ്യമാണ്. അത് നിറവേറ്റാന്‍ എന്‍ എസ് സ്മരണ നമുക്ക് കരുത്തുപകരും.

ഇന്ന് പാര്‍ടിയുടെ ബഹുജനസ്വാധീനം എന്‍ എസിന്റെ കാലത്തേക്കാള്‍ വലുതായിട്ടുണ്ട്. രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണാണ് നമുക്കുള്ളത്. പ്രത്യേകിച്ചും എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തുണ്ട് എന്നത് അനുകൂലമായ ഘടകമാണ്. 1969ല്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പോയശേഷം 11 വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍ 1980ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍വന്നു. എന്നാല്‍, പിന്നീടുള്ള അഞ്ചുവര്‍ഷ ഇടവേളകളില്‍ ഇടതുപക്ഷനേതൃഭരണം യാഥാര്‍ഥ്യമായി. ഇനി തുടര്‍ച്ചയായ ഇടതുപക്ഷനേതൃഭരണത്തിലേക്കാണ് കേരളത്തെ നയിക്കേണ്ടത്. അതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ ജനങ്ങളെ അണിനിരത്തുകയും എല്‍ഡിഎഫ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയുംചെയ്യുന്നതിനൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി കൂടുതല്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട്.

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ബൂര്‍ഷ്വാജനാധിപത്യവ്യവസ്ഥയെ ജനകീയ ജനാധിപത്യത്തിലേക്കുയര്‍ത്തി ഇന്ത്യയെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായ നൂറുകണക്കിന് രക്തസാക്ഷികളുണ്ട്. രക്തസാക്ഷികളുടെ ജീവത്യാഗത്തിന് ഫലമുണ്ടായി എന്നതാണ്  പുരോഗമനകേരളത്തിലേക്കുള്ള പരിവര്‍ത്തനം ബോധ്യപ്പെടുത്തുന്നത്. അത്തരം ഗതിമാറ്റത്തില്‍ എന്‍ എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വഹിച്ച പങ്ക് ചരിത്രമാണ്. പണിയെടുക്കുന്നവരുടെ ജീവിതനിലവാരവും കുടുംബാവസ്ഥയും 1940കളുടെ അവസാനത്തില്‍ കേരളത്തിലും മൃഗതുല്യമായിരുന്നു. മണ്ണില്‍ പണിയെടുക്കുന്നവരുടെ കുടിലില്‍ കയറിച്ചെന്ന് ജന്മിമാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ബാഹുബലവും ആയുധബലവും കാണിക്കാമായിരുന്നു.

പെണ്‍കിടാങ്ങളെ മാനഭംഗപ്പെടുത്താമായിരുന്നു. വറുതിയും അജ്ഞതയും നിസ്സഹായതയുംചേര്‍ന്ന മൂപ്പിരികയറുകൊണ്ട് ബന്ധിതമായിരുന്നു അവരുടെ ജീവിതം. അങ്ങനെയുള്ള കാലത്താണ് അടൂരിനടുത്ത തെന്നലയില്‍  നിലംപൂട്ടിയ കാളയ്ക്കുപകരം നുകത്തില്‍ തൊഴിലാളിയെ  ജന്മി കെട്ടിയത്. കാളയെ വേഗം നടക്കുന്നതിന് ഒന്നടിച്ചുപോയതിനാണ് അടികൊണ്ട കാളയെമാറ്റി കര്‍ഷകത്തൊഴിലാളിയെ നുകത്തില്‍കെട്ടി നിലമുഴുവിച്ചത്. അത്തരം കാട്ടാളത്തത്തിനെതിരെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും യുവജനങ്ങളെയും കമ്യൂണിസ്റ്റ്പ്രസ്ഥാനം രംഗത്തിറക്കി. ആ പശ്ചാത്തലത്തിലാണ് പൊലീസ് അതിക്രമത്തെ ചെറുത്തപ്പോള്‍ 1949 ഡിസംബറില്‍ ഒരു ഇന്‍സ്പെക്ടറും നാല് പൊലീസുകാരും മരിക്കാനിടയായ ശൂരനാട് സംഭവമുണ്ടായത്. തുടര്‍ന്ന് അനേകം സഖാക്കളെയും തൊഴിലാളികളെയും പൊലീസ് കശാപ്പുചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയെയും അറുപതിലേറെ സംഘടനകളെയും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പക്ഷേ ശൂരനാട് കലാപത്തിനുശേഷം കാളയ്ക്കുപകരം ഒരു തൊഴിലാളിയെയും നുകത്തില്‍ കെട്ടാന്‍ ഒരു ജന്മിക്കും കേരളത്തില്‍ ധൈര്യം വന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും നാടിന് എന്ത് ചെയ്തെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് എന്‍ എസിനെപ്പോലുള്ളവര്‍ നടന്നുകയറിയ ജീവിതപ്പാത.

തീവ്രഹിന്ദുത്വമെന്ന ആശയഗതിയെ ആസ്പദമാക്കി കേന്ദ്രത്തിലും കുറെ സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി കേരളത്തിലും വേരുപിടിപ്പിക്കാന്‍  ഹീനപരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫാകട്ടെ ഈ വിപത്ത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലല്ല എല്‍ഡിഎഫ് വിരോധത്താല്‍ അവരുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരിക്കുന്ന രാഷ്ട്രീയത്തിലാണ്. ഇതെല്ലാം തുറന്നുകാട്ടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷപ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാനും എല്‍ഡിഎഫ് പ്രസ്ഥാനത്തെയും സിപിഐ എമ്മിനെയും ശക്തിപ്പെടുത്താനും എന്‍ എസ് സ്മരണ കരുത്തുപകരും. സഖാവിന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.

 

 

പ്രധാന വാർത്തകൾ
 Top