20 September Friday

വിശ്വാസത്തിന്റെ പേരില്‍ ഇതിനുമുമ്പും...

സാമുവേല്‍ ഫിലിപ്പ് മാത്യു Updated: Saturday Jun 15, 2019
വിശ്വാസികള്‍ എതിരായി എന്നു പറയുന്നവര്‍ ഏതു വിശ്വാസികള്‍ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റത്തിനുതകുന്ന ഇടപെടലുകള്‍ ഇടതുപക്ഷം നടത്തുന്നു എന്നതില്‍ അമര്‍ഷം പൂണ്ടവര്‍ വിശ്വാസം, ആചാരം എന്നൊക്കെ പറഞ്ഞ് കുറേ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കി എന്നു മാത്രം. കാലം കഴിയുമ്പോള്‍ അവരും വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകും എന്നു കരുതി യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്ത പലരും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ രാജ്യത്താകമാനം ശക്തിപ്പെടുന്ന ഘട്ടത്തില്‍ ബദല്‍ എന്ന നിലയ്ക്ക് ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യമായിരുന്നു വര്‍ധിപ്പിക്കേണ്ടത് എന്ന് പരിഭവം പറയുന്നുണ്ട്. ..സാമുവേല്‍ ഫിലിപ്പ് മാത്യു ബോധി കോമണ്‍സില്‍ എഴുതിയ ലേഖനം.
 
വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെട്ടതുകൊണ്ടാണ് ഈ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടത് എന്നു പറയുന്നവരുണ്ട്. എന്നാല്‍, ഇതാദ്യമായല്ല വിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ട് ഒരു ക്യാമ്പയിന്‍ ഇടതുപക്ഷത്തിനെതിരെ നടന്നിട്ടുള്ളത്. വിശ്വാസത്തില്‍ കൈവെയ്ക്കുന്നു എന്നു പറഞ്ഞ് ഇടതുപക്ഷത്തിനെതിരെ - പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ - എല്ലാവരും ഒത്തൊരുമിക്കുകയും അതിന്റെ നേതൃസ്ഥാനത്തിരുന്നയാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും ജനാധിപത്യവിരുദ്ധമായി കമ്മ്യൂണിസ്റ്റ് പാര്‍ടി നയിച്ച മന്ത്രിസഭയെ താഴെയിറക്കുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനാപരമായി സാധുതയുള്ള ഒരു നിയമം നടപ്പാക്കിയതിന്റെ പേരിലാണ് 1959ല്‍ കമ്മ്യൂണിസ്റ്റ് ഭയം പൂണ്ട ചില പിന്തിരിപ്പന്‍ ശക്തികളുടെ നേതൃത്വത്തില്‍ ഇത്തരമൊരു കടന്നാക്രമണം കമ്മ്യൂണിസ്റ്റ് പാര്‍ടിക്കും ഇടതുപക്ഷത്തിനും എതിരെ ഉണ്ടായത്. വിദ്യാഭ്യാസനിയമം നടപ്പിലാക്കി മാനേജ്മെന്റുകളുടെ കീഴില്‍ ജോലിചെയ്തിരുന്ന അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവനവേതനവ്യവസ്ഥകള്‍ ഉറപ്പാക്കുകയാണ് ഇ.എം.എസ്. മന്ത്രിസഭ ചെയ്തത്. എന്നാല്‍, ഇതിന്റെ പേരില്‍ എയ്ഡഡ് സ്കൂളുകളെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ (ആ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കുകയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം) ഏറ്റെടുക്കുകയാണെന്നും അങ്ങനെ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ഭരണഘടനാപരമായി ഉറപ്പുവരുത്തിയിട്ടുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും പറഞ്ഞ് എല്ലാ വിഭാഗങ്ങളിലും പെടുന്ന വിശ്വാസികളെ ഇ.എം.എസ്. നേതൃത്വം നല്‍കിയ കേരളത്തിന്റെ ആദ്യത്തെ സര്‍ക്കാരിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ അണിനിരത്തിയിട്ടുണ്ട്.

ഫ്ലോറിയുടെ വാര്‍ഡും പന്തളവും

അക്കാലത്ത് വിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും റോഡിലിറക്കുകയും പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അക്രമികളെ നേരിടാന്‍ ഗത്യന്തരമില്ലാതെ പൊലീസ് വെടിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേത്തുടര്‍ന്ന് ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരെ അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവന്നത്. ആ എതിര്‍പ്പുകളുടെ കേന്ദ്രബിന്ദുവായിരുന്ന ഒരു മുദ്രാവാക്യം ഇപ്രകാരമായിരുന്നു:

'തെക്ക് തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്ലോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരെ
പകരം ഞങ്ങള്‍ ചോദിക്കും!
'

ഇത്രയധികം കേരളത്തെ പിടിച്ചു കുലുക്കിയ ഒരു മുദ്രാവക്യമോ ചിത്രമോ കേരളചരിത്രത്തില്‍ അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍, 1959ല്‍ താഴെയിറക്കപ്പെട്ട സര്‍ക്കാരിനെ നയിച്ച പാര്‍ടി 1960ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍, മേല്‍പറഞ്ഞ അലമാലകളുടെ തീരത്തുള്ള തെക്കന്‍ ദേശത്ത്, അതായത് ഫ്ലോറിയുടെ നാട്ടില്‍, ആ പാര്‍ടി മറ്റെല്ലാ പാര്‍ടികളേക്കാള്‍ കൂടുതല്‍ വോട്ടു നേടി വിജയിക്കുകയാണുണ്ടായത്.

അറുപതുവര്‍ഷം മുമ്പത്തെപ്പോലെ ഇപ്രാവശ്യവും വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കുകയും അക്രമകാരികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ഒക്കെ ചെയ്തിരുന്നു. അന്ന് ഫ്ലോറിയുടെ വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ജയിച്ചെങ്കില്‍ ഇന്ന് നാമജപത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പന്തളം ഉള്‍പ്പെടുന്ന അടൂരില്‍ ആരാണ് മുന്നില്‍നിന്നത്? ഒരു സംശയവും വേണ്ട, ഇടതുപക്ഷമാണ് അവിടെ ഏറ്റവുമധികം വോട്ടുനേടിയത്.

കാലം അംഗീകരിക്കുന്ന നിലപാടുകള്‍

ഇടതുപക്ഷത്തിന്റെ അന്നത്തെ നിലപാട് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചിട്ടുണ്ട്. ആ നിലപാടുകളുടെ ഗുണഭോക്താക്കള്‍ ഇന്നത് അംഗീകരിക്കുന്നുമുണ്ട്. സമാനമായ രീതിയില്‍, ഇന്ന് ഇടതുപക്ഷം എടുത്ത നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുകയും അതിനെ ഉള്ളുകൊണ്ട് അംഗീകരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളുടെ പേരില്‍ പ്രത്യക്ഷത്തില്‍ എതിര്‍ക്കേണ്ടിവരികയും ചെയ്യുന്നവര്‍ നാളെ സമ്മതിക്കുകയും ചെയ്യും. സംശയമില്ല.

ആദ്യ കേരളമന്ത്രിസഭ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കിയതിനു ശേഷമാണ് ഭൂപരിഷ്കരണം നടപ്പിലാക്കിയത്. അതിനും ശേഷമാണ് വിദ്യാഭ്യാസബില്‍ അവതരിപ്പിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കിയതിനെതിരെയും ഭൂപരിഷ്കരണം നടപ്പാക്കുന്നതിനെതിരെയും ഭൂവുടമകളും പ്രമാണികളും രംഗത്തുവന്നിരുന്നു. എന്നിട്ടും പിന്നോട്ടുപോകാതെ, ഭരണഘടനയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സാമൂഹികമാറ്റത്തിന് ഉതകുന്ന പുരോഗമനനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു ഇ.എം.എസ്. നയിച്ച സര്‍ക്കാര്‍ ചെയ്തത്.

ഇ.എം.എസ്. ശൈലി മാറ്റിയിരുന്നെങ്കില്‍?

സോഷ്യലിസം നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് 1955ലെ ആവടി സെഷനിലാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി 1957ല്‍ അധികാരത്തിലേറുമ്പോള്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. പുരോഗമനവാദിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു അന്ന് പ്രധാനമന്ത്രി. എന്നിട്ടും ഒരു സംസ്ഥാനത്ത് പോലും ഭൂപരിഷ്കരണം ഉള്‍പ്പടെയുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല എന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റ് പാര്‍ടി ഭരിച്ച കേരളത്തില്‍ മാത്രമാണ് ഭൂപരിഷ്കരണ ബില്‍ അവതരിക്കപ്പെട്ടതും പാസാക്കിയതും.ഭൂപരിഷ്കരണം നേരിട്ട എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇ.എം.എസ്. തന്റെ ശൈലി മാറ്റിയിരുന്നെങ്കില്‍ ആധുനികകേരളത്തിന്റെ ചരിത്രം ഇത്ര പുരോഗമനപരമായ ഉള്ളടക്കത്തോടു കൂടിയുള്ളത് ആവുമായിരുന്നില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ടിയും ജാതിയും

ഇന്ത്യയിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാര്‍ടികളും ജാതീയമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല എന്നും സ്വത്വവാദപ്രസ്ഥാനങ്ങളുടെ വരവോടെ ഇന്ത്യയില്‍ ദളിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അറുതിയാവുകയാണ് എന്നും കരുതിയ ലിബറലുകളുടെ നാടാണ് ഇത്. അതേ ലിബറലുകള്‍ സിപിഐ(എം)ഉം ഇടതുപക്ഷവും വിശ്വാസപരമായ വിഷയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നും അതൊരു വ്യക്തിയുടെ താല്‍പര്യത്തിന്റെ മാത്രം ഫലമായി ചെയ്തതാണ് എന്നും അതുകൊണ്ട് വിശ്വാസസമൂഹമാകെ ഇടതുപക്ഷത്തോട് അകന്നു എന്നുമൊക്കെ പറയുന്നുണ്ട്. ഇത്തരം ലിബറലുകളെ പിന്തുണയ്ക്കാന്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അവരവരുടേതായ മതത്തിന്റെ പേരിലുള്ള (അല്ലെങ്കില്‍ പിന്തുണയുള്ള) രാഷ്ട്രീയ പാര്‍ടികള്‍ വേണം എന്ന് അവകാശപ്പെടുന്ന മതനിരപേക്ഷതാവാദികളും ഇന്നാട്ടിലുണ്ട്.

എന്നാല്‍, ഇതേ ഇടതുപക്ഷ സര്‍ക്കാരാണ് ജാതീയതയ്ക്കെതിരായ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിപ്ലവകരമായ ഇടപെടല്‍ നടത്തിയിട്ടുള്ളത് എന്ന് മനഃപൂര്‍വം മറച്ചുവെക്കുകയാണവര്‍. ദളിതരുടെ രക്ഷകര്‍ എന്നു കരുതിയവര്‍ക്കു പോലും ചെയ്യാന്‍ കഴിയാതിരുന്നതാണ് ദളിതരെയും മറ്റു പിന്നോക്കക്കാരെയും അമ്പലങ്ങളില്‍ ശാന്തിക്കാരായി നിയമിച്ചതിലൂടെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ എതിരായി എന്നു പറയുന്നവര്‍ ഏതു വിശ്വാസികള്‍ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റത്തിനുതകുന്ന ഇടപെടലുകള്‍ ഇടതുപക്ഷം നടത്തുന്നു എന്നതില്‍ അമര്‍ഷം പൂണ്ടവര്‍ വിശ്വാസം, ആചാരം എന്നൊക്കെ പറഞ്ഞ് കുറേ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കി എന്നു മാത്രം. കാലം കഴിയുമ്പോള്‍ അവരും വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകും എന്നു കരുതി യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്ത പലരും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ രാജ്യത്താകമാനം ശക്തിപ്പെടുന്ന ഘട്ടത്തില്‍ ബദല്‍ എന്ന നിലയ്ക്ക് ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യമായിരുന്നു വര്‍ധിപ്പിക്കേണ്ടത് എന്ന് പരിഭവം പറയുന്നുണ്ട്. സെക്യുലര്‍ എന്നും ലിബറല്‍ എന്നുമൊക്കെ സ്വയം വിശേഷിപ്പിക്കുന്ന പലരും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തത് തെറ്റായിപ്പോയി എന്ന് സ്വകാര്യസംഭാഷണങ്ങളില്‍ കുറ്റബോധത്തോടെ സമ്മതിക്കുന്നുമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരായി വിധിയെഴുതിയിട്ടുള്ളവരും കാലക്രമേണ ഇടതുപക്ഷത്തിന്റെ നിലപാടായിരുന്നു ശരി എന്ന് തിരിച്ചറിയും.

ആര്‍.എസ്.എസിന് വേണ്ടതല്ല ഇടതുപക്ഷത്തിന്റെ നയം

ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വലതുപക്ഷശക്തികള്‍ക്ക് തങ്ങള്‍ നിശ്ചയിക്കുന്ന രീതിയിലാവണം സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് എന്ന ചിന്തയാണുള്ളത്. അത്, സമൂഹത്തെയും ജനങ്ങളെയും തങ്ങളുടെ ചൊല്‍പടിക്കു നിര്‍ത്താനുള്ള വ്യഗ്രത കൊണ്ടാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് അത്തരമൊരു മുന്‍വിധിയില്ല. സമൂഹം പുരോഗമനപരമായി മാറണം, മുന്നേറണം; അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ടതു ലഭിക്കണം, കഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങള്‍ക്ക് അറുതിവരുത്തണം. ഈ ചിന്തയാണ് ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും മുന്നോട്ടുനയിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ഭാഗമായ വര്‍ഗബഹുജനസംഘടനകള്‍ കുടിവെള്ളം ലഭ്യമാക്കുന്നതും പൊതിച്ചോറ് വിതരണം ചെയ്യുന്നതും ആതുരസേവനം നടത്തുന്നതും മറ്റും ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. ഇത്തരം പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്കു സ്വാധീനമോ ശക്തിയോ ഇല്ലാത്ത ഇടങ്ങളില്‍ വരെ വര്‍ഗീയാക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് അഭയമൊരുക്കുന്നതും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമൊക്കെ ഈ വീക്ഷണം ഉയര്‍ത്തിപ്പിടിക്കുന്നതു കൊണ്ടാണ്. വ്യക്തിപരമായ നഷ്ടങ്ങളുണ്ടായാലും സമൂഹത്തിന് ഗുണപരമായ നിലപാടെടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

അതുകൊണ്ട് ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങള്‍, ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ എന്നിവയൊക്കെ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതു ചെയ്യാന്‍ ലിബറലുകളോ സെക്യുലറുകളോ ഉണ്ടാകുമെന്നു കരുതുന്നിടത്താണ് നമുക്കു തെറ്റുന്നത്. അവര്‍ കാറ്റിനനുസരിച്ച് ദിശ മാറ്റുന്നവരാണ്. എന്നാല്‍, ഇടതുപക്ഷം എല്ലായിപ്പോഴും നിലകൊള്ളുന്നത് സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റത്തിനു വേണ്ടിയായിരിക്കും. ആ നിലപാടിനെക്കുറിച്ച് നമുക്ക് ഓരോരുത്തകര്‍ക്കും വ്യക്തമായ ബോധ്യമുണ്ടാവേണ്ടതുണ്ട്.

മുന്നോട്ടുള്ള വഴികള്‍

ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക്, 1959ലോ അതിനുശേഷം ഉണ്ടായിട്ടുള്ള ആറു പതിറ്റാണ്ടുകളിലോ ഒരു മാധ്യമപരിലാളനയും ലഭിച്ചിട്ടില്ല. പത്രമാവട്ടെ, ടെലിവിഷനാവട്ടെ, ഓണ്‍ലൈന്‍ മാധ്യമങ്ങളാവട്ടെ, സമൂഹമാധ്യമങ്ങളാവട്ടെ അങ്ങനെ മാധ്യമരംഗത്ത് മാറിവന്നിട്ടുള്ള എല്ലാ സംവിധാനങ്ങളെയും ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷം കൃത്യമായ പരിപാടിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലുകയും അവരുടെ അംഗീകാരം വീണ്ടും വീണ്ടും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നതിനുശേഷമുള്ള 1967ലും സിപിഐ(എം) ഇതര രാഷ്ട്രീയകക്ഷികളെല്ലാം ഒരുമിച്ചുനിന്ന ഘട്ടങ്ങളിലും തുടര്‍ന്നിങ്ങോട്ട് എല്‍ഡിഎഫ് എന്ന സംവിധാനം രൂപപ്പെട്ടതിനുശേഷവും എല്ലാം ഇടതുപക്ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. ജയവും തോല്‍വിയും അറിഞ്ഞിട്ടുമുണ്ട്. തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ക്കപ്പുറം സ്വാധീനമുള്ള ഒന്നായി കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വളര്‍ന്നിട്ടുമുണ്ട്. ജനങ്ങളിലേക്കിറങ്ങിച്ചെന്നതുകൊണ്ടാണ് അത് സാധ്യമായത്. ഇപ്പോഴും അതുതന്നെയാണ് മാര്‍ഗം. അതിന് പുതിയകാലത്തിന് അനുയോജ്യമായ സാങ്കേതികവിദ്യയുടെ സഹായം തേടുകയും അവ പ്രയോജനപ്പെടുത്തുകയും വേണം എന്നതില്‍ സംശയമില്ല.

ചൂഷണവും അസമത്വവും നിലനില്‍ക്കുന്ന കാലത്തോളം ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെയും പ്രസക്തി നിലനില്‍ക്കും. ചൂഷണത്തിനും അസമത്വത്തിനും അവസാനം വരുത്താന്‍ കഴിയുക - ഇന്ത്യന്‍ സാഹചര്യത്തില്‍ ബദലുയര്‍ത്താന്‍ കഴിയുക - ഇടതുപക്ഷത്തിനു മാത്രമാണ്. ഇത് ഇടതുപക്ഷത്തുള്ളവരെത്തന്നെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുവാനുള്ള ശ്രമങ്ങളുണ്ടാകണം. ആ ഉത്തരവാദിത്തം ഓരോ ഇടതുപക്ഷാനുഭാവിയുടേതും കൂടിയാണ്.

(കടപ്പാട്: ബോധികോമണ്‍സ്)



പ്രധാന വാർത്തകൾ
 Top