09 October Wednesday

ജനകീയ ചൈന @ 75

വി ബി പരമേശ്വരൻUpdated: Tuesday Oct 1, 2024

 

ജനകീയ ചൈന റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഇന്നേക്ക് 75 വർഷം പൂർത്തിയായിരിക്കുന്നു. സാമ്രാജ്യത്വത്തോടും ജാപ്പ് അധിനിവേശത്തോടും ഫ്യൂഡൽ പ്രഭുക്കളോടും പോരടിച്ച് മൗ സെ ദൊങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർടി ഓഫ് ചൈന (സിപിസി) വിപ്ലവവിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ജനകീയ ചൈന റിപ്പബ്ലിക് (പിആർസി) സ്ഥാപിതമായത്. അർധ കൊളോണിയൽ, അർധഫ്യൂഡൽ സമൂഹമായിരുന്ന ചൈനയെ ആധുനിക സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ജനകീയ ചൈന റിപ്പബ്ലിക്കിനുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നണിയിൽനിൽക്കുന്ന, അവികസിത രാഷ്ട്രമായിരുന്നു അന്ന് ചൈന. എന്നാൽ, മൗ സെ ദൊങ്ങിന്റെ നേതൃത്വത്തിൽ സ്വന്തംകാലിൽ നിന്ന ചൈന ദെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിച്ച "സാമ്പത്തിക പരിഷ്കാരവും തുറന്നു കൊടുക്കലും’ എന്ന നയത്തിലൂടെ സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിലേക്ക് നീങ്ങി. സോവിയറ്റ് തകർച്ചയിൽനിന്ന്‌ പാഠം ഉൾക്കൊണ്ട് സോഷ്യലിസ്റ്റ് നിർമാണത്തിനുള്ള ശരിയായ പാത വെട്ടിത്തെളിക്കുകയായിരുന്നു സിപിസി. 18–--ാം പാർടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷി ജിൻ പിങ്ങാകട്ടെ ചൈനയെ ഒരു വൻശക്തിയായി ഉയർത്താനും അതോടൊപ്പം സോഷ്യലിസ്റ്റ് ആധുനികവൽക്കരണ നയത്തിൽ ഊന്നി പ്രവർത്തിക്കാനും തയ്യാറായി. ഇതിന്റെയൊക്കെ ഫലമായി ലോകത്തിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന മാറി.

"ജനങ്ങളെ സേവിക്കുക’എന്നതാണ് സിപിസിയുടെ പ്രധാന ലക്ഷ്യം. സ്വാഭാവികമായും പിആർസിയുടെ പ്രധാനകടമ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കലായി. മുതലാളിത്ത രാഷ്ട്രങ്ങളിൽ ഭരണകൂടം കോർപറേറ്റ് ലാഭത്തിനായാണ് പ്രവർത്തിക്കുന്നതെങ്കിൽ ചൈനയിൽ ജനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായാണ് പ്രവർത്തിക്കുന്നത്. എല്ലാ പൗരന്മാർക്കും ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ ഉറപ്പുവരുത്തുന്നതിൽ ചൈന വിജയിച്ചു. സിപിസി രൂപം കൊണ്ടതിന്റെ നൂറാം വർഷമായ 2021ൽ തീവ്രദാരിദ്ര്യമുക്ത രാഷ്ട്രമായി ചൈന മാറി. 2035 ആകുമ്പോഴേക്കും സോഷ്യലിസ്റ്റ് ആധുനികവൽക്കരണം യാഥാർഥ്യമാക്കുക, വിപ്ലവത്തിന്റെ നൂറാം വാർഷികം 2049ൽ ആചരിക്കുമ്പോൾ മഹത്തായ സോഷ്യലിസ്റ്റ് രാഷ്ട്രമായി ചൈനയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സിപിസി  പ്രവർത്തിക്കുന്നത്. സിപിസിയുടെ ഇരുപതാമത് സെൻട്രൽ കമ്മിറ്റിയുടെ മൂന്നാം പ്ലീനം ജൂലൈയിൽ ചേർന്നപ്പോൾ അംഗീകരിച്ച പ്രമേയം പറയുന്നത് ചൈനീസ് ആധുനികവൽക്കരണം അതിവേഗം മുന്നോട്ടു നയിക്കുന്നതിന് കൂടുതൽ പരിഷ്‌കരണ നടപടികൾ ആവശ്യമാണെന്നാണ്.

പരിഷ്കരണ അജൻഡപോലും ചൈനീസ് സവിശേഷതകളോടുകൂടിയുള്ള സോഷ്യലിസ്റ്റ് നിർമാണത്തിനാണെന്ന് സിപിസി അസന്ദിഗ്‌ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.
ഏതായാലും സാമ്പത്തിക പിന്നാക്കാവസ്ഥ മറികടന്ന് വൻകിട സാമ്പത്തികശക്തിയായി ചൈന മാറി. റിപ്പബ്ലിക്കിന്റെ 75–--ാം വാർഷികത്തോടനുബന്ധിച്ച് ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ ഇക്കാര്യം അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ഉൽപ്പാദകനും വ്യാപാരിയും ഏറ്റവും കൂടുതൽ വിദേശനാണ്യ വിനിമയ കരുതൽ ശേഖരത്തിന്റെ ഉടമയും ചൈനയാണ്. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളിയും ചൈന തന്നെയാണ്. ഈ വർഷത്തെ ആദ്യ എട്ടു മാസം 9250 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. മുൻ വർഷത്തേക്കാൾ 4.1 ശതമാനം അധികമാണിതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ് ഹോങ്ങ് അറിയിച്ചു. 1950ൽ ചൈനയുടെ മൊത്തം വ്യാപാരം 130 കോടി ഡോളറായിരുന്നെങ്കിൽ അതിപ്പോൾ 5.936 ലക്ഷംകോടി ഡോളറിന്റേതാണ്. ഒരു മിനിറ്റിൽ ചൈന നടത്തുന്ന വ്യാപാരം എട്ടുകോടി യുവാൻ അഥവാ 11.4 കോടി ഡോളറിന്റേതാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന രാജ്യവും  ചൈനയാണ്. 24.18 ശതമാനമാണ് ചൈനയുടെ സംഭാവന. 1952 മുതൽ 2023 വരെയുള്ള ചൈനയുടെ ശരാശരി ജിഡിപി വളർച്ച നിരക്ക് 7.9 ശതമാനമാണ്. 1979 മുതൽ 2023 വരെയെടുത്താൽ അത് 8.9 ശതമാനമാണ്. 1951ൽ മൊത്തം ജിഡിപി 6.79 കോടി യുവാൻ ആയിരുന്നെങ്കിൽ 2023ൽ അത് 126 ലക്ഷം കോടി യുവാനായി. 2010 മുതൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ഈ വളർച്ചയുടെ ഗുണഫലങ്ങൾ മുതലാളിത്ത രാജ്യത്തേതുപോലെ ഏതാനും വ്യക്തികളിൽ കുമിഞ്ഞു കൂടുകയല്ല ചെയ്യുന്നത്. അത് സാധാരണ ജനങ്ങളിലേക്ക് അരിച്ചിറങ്ങുന്നുമുണ്ട്. ആളോഹരി ജിഡിപി നിരക്ക് പരിശോധിച്ചാൽ ഇത് വ്യക്തമാകും. ആളോഹരി ജിഡിപി വിഹിതം 1952ൽ 119 യുവാനായിരുന്നെങ്കിൽ 2023ൽ അത് 8935 യുവാനായി ഉയർന്നു. 1952നെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വർധന. ഈ വളർച്ച കണക്കിലെടുത്താണ് 2013ൽ ലോകബാങ്ക് കുറഞ്ഞ വരുമാനമുള്ള പട്ടികയിൽനിന്ന്‌ ചൈനയെ ഉയർന്ന മധ്യവരുമാന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയത്. 

സാങ്കേതികവിദ്യയുടെ രംഗത്തും ചൈന വൻകുതിപ്പിലേക്ക് നീങ്ങുകയാണ്. നിർമിതബുദ്ധി രംഗത്ത് 2030 ആകുമ്പോഴേക്കും ലോകനേതാവായി ഉയരാനാണ് ചൈന ലക്ഷ്യമിട്ടിട്ടുള്ളത്.

സാമ്പത്തിക മേഖലയിലെ ഈ വളർച്ച സാമൂഹ്യജീവിതത്തിലും പശ്ചാത്തല സൗകര്യമേഖലയിലും ദൃശ്യമായി. ചൈനയിൽ വിപ്ലവം നടക്കുന്ന കാലത്തെ ചൈനക്കാരുടെ ശരാശരി ആയുസ്സ് 35 വർഷമായിരുന്നത് 2023ൽ 78.6 വയസ്സായി ഉയർന്നു. അതുപോലെ 1949ൽ കമ്യൂണിസ്റ്റ് പാർടി ഭരണം ഏറ്റെടുക്കുമ്പോൾ 80 ശതമാനം പേരും നിരക്ഷരരായിരുന്നെങ്കിൽ ഇപ്പോൾ 2.67 ശതമാനം മാത്രമേ ആ ഗണത്തിൽ പെടുന്നുള്ളൂ. 1950ൽ 22,000 കിലോമീറ്ററായിരുന്നു റെയിൽവേ ലൈൻ എങ്കിൽ ഇപ്പോഴത് 1,60,000 കിലോമീറ്ററായി വർധിച്ചു. ബെൽറ്റ് ആൻഡ്‌ റോഡ് എന്ന ആഗോള വികസനപദ്ധതിയനുസരിച്ച് 3,00,000 കോടി  ഡോളറാണ് ചൈന വിവിധ രാജ്യങ്ങളിലായി നിക്ഷേപിച്ചിട്ടുള്ളത്. 149 രാജ്യങ്ങൾ പദ്ധതിയുടെ ഭാഗമാണ്. സാങ്കേതികവിദ്യയുടെ രംഗത്തും ചൈന വൻകുതിപ്പിലേക്ക് നീങ്ങുകയാണ്. നിർമിതബുദ്ധി രംഗത്ത് 2030 ആകുമ്പോഴേക്കും ലോകനേതാവായി ഉയരാനാണ് ചൈന ലക്ഷ്യമിട്ടിട്ടുള്ളത്. ചൈന അംഗീകരിച്ച പുതുതലമുറ നിർമിതബുദ്ധി വികസനനയം അനുസരിച്ച് 2030 ആകുമ്പോഴേക്കും നിർമിതബുദ്ധി സിദ്ധാന്തത്തിലും സാങ്കേതികവിദ്യയിലും ഉപയോഗത്തിലും ലോകനിലവാരത്തിലേക്ക് ഉയർത്തും. 20–--ാം സിപിസി കോൺഗ്രസിനെ അഭിസംബോധന ചെയ്യവെ തന്ത്രപ്രധാന ആവശ്യങ്ങൾ യാഥാർഥ്യമാക്കാൻ ശാസ്ത്ര -സാങ്കേതിക മേഖലയിൽ കൂടുതൽ ഊന്നണമെന്ന് പ്രസിഡന്റ്‌ ഷി ജിൻ പിങ്ങ് ആഹ്വാനം ചെയ്തിരുന്നു. ബയോ സയൻസിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ. ചന്ദ്രന്റെ ഇരുണ്ടഭാഗത്തേക്ക് ഗവേഷണം വ്യാപിപ്പിച്ച ആദ്യ രാജ്യവും ചൈനയാണ്.

രണ്ടാമത്തെ സാമ്പത്തിക ശക്തിയാണെങ്കിലും അമേരിക്കയുടേതുപോലെ മറ്റ് രാജ്യങ്ങളിൽ അട്ടിമറിയും യുദ്ധവും സംഘടിപ്പിക്കാൻ ചൈന തുനിയാറില്ല. ആഗോളസമാധാനവും വികസനവുമാണ് ചൈന ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങൾ. സമാധാനപരമായ സഹവർത്തിത്വത്തിലാണ് ചൈന വിശ്വസിക്കുന്നതെന്ന് കമ്യൂണിസ്റ്റ് പാർടി നേതൃത്വം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. സാർവദേശീയ വിഷയങ്ങളിൽനിന്ന്‌ മാറിനിൽക്കാൻ താൽപ്പര്യപ്പെട്ടിരുന്ന ചൈന ഇപ്പോൾ ആഗോളവിഷയങ്ങളിൽ സജീവമായി ഇടപെടാൻ തുടങ്ങിയിട്ടുണ്ട്. ഇറാനും സൗദി അറേബ്യയും തമ്മിൽ സൗഹൃദം സ്ഥാപിച്ചത് ചൈനീസ് മധ്യസ്ഥതയിലാണ്. ഐക്യരാഷ്ട്ര സംഘടനയ്‌ക്ക് വിഹിതം നൽകാതെ അമേരിക്ക ഒഴിഞ്ഞു മാറിയപ്പോഴും ആ ലോകവേദിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യമായി ചൈന മാറി. യുഎൻ സമാധാനദൗത്യത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യവും ചൈനയാണ്. ലോക സമാധാനവും പുരോഗതിയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള ചൈനീസ് പ്രയാണം തുടരുകതന്നെ ചെയ്യുമെന്ന സന്ദേശമാണ് ഈ എഴുപത്തഞ്ചാം വാർഷികവേളയിലും ചൈന നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top