22 February Friday

തോറ്റുപിന്മാറില്ല ഈ ചെങ്കൊടി

വി ബി പരമേശ്വ രൻ Updated: Monday Mar 5, 2018


കാൽനൂറ്റാണ്ടുകാലത്തെ തുടർച്ചയായ ഭരണത്തിനുശേഷം ഇടതുമുന്നണിക്ക് ത്രിപുരയിൽ ഭരണം നഷ്ടപ്പെട്ടു. ബിജെപിയും വിഘടനവാദികളായ ഐപിഎഫ്ടി എന്ന ഗോത്രവർഗ സംഘടനയും ചേർന്നുള്ള സഖ്യമാണ് 43 സീറ്റ് നേടി വിജയിച്ചത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 സീറ്റുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഇക്കുറി 16 സീറ്റാണ് ലഭിച്ചത്. ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനയ്ക്കൊന്നും ഇവിടെ മുതിരുന്നില്ല. എന്നാൽ, ചില വസ്തുതകൾമാത്രം പരാമർശിക്കാം. ഇടതുപക്ഷത്തിന് സീറ്റിൽ വലിയ കുറവുണ്ടായെങ്കിലും വോട്ടിങ് ശതമാനത്തിൽ അത് പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 52 ശതമാനം വോട്ടുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഇക്കുറി 44.3 ശതമാനം വോട്ട് ലഭിച്ചു. ബിജെപി‐ ഐപിഎഫ്ടി സഖ്യത്തിന് 50 ശതമാനവും. എന്നാൽ, എട്ട് ശതമാനത്തിന്റെ വോട്ട് കുറഞ്ഞപ്പോൾ സീറ്റ് പകുതിയിലധികം കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  8.ീ4 ലക്ഷം വോട്ട് ലഭിച്ച (36.53 ശതമാനം) കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 41,000 വോട്ട് (1.8) മാത്രമാണ്.

ഐപിഎഫ്ടിക്കും അതിന്റെ മുൻഗാമിയായ ടിയുജെഎസിനും അന്നും ഇന്നും ഏഴ്‐എട്ട്  ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. 2013ൽ തനിച്ച് മത്സരിച്ച അവർക്ക് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ, ബിജെപി സഖ്യത്തിനൊപ്പം മത്സരിച്ചപ്പോൾ അവർക്ക് എട്ട് സീറ്റ് നേടാനായി. ഇതിന് കാരണം ശക്തമായ മാർക്സിസ്റ്റുവിരുദ്ധ മുഖം എടുത്തണിയാൻ ബിജെപി സഖ്യത്തിന് കഴിഞ്ഞുവെന്നതാണ്. ഈ കണക്കുകളിൽനിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സിപിഐ എമ്മിന്റെ അടിത്തറ ഇളകിയിട്ടില്ലെന്നാണ്. എല്ലാ തെരഞ്ഞെടുപ്പിലും അഞ്ചുമുതൽ പത്ത് ശതമാനംവരെ ചാഞ്ചാടുന്ന വോട്ടുകളുണ്ടാകും. ബിജെപിതന്നെ കണക്കാക്കിയതുപോലെ ത്രിപുരയിൽ 15 ശതമാനം അത്തരം വോട്ടർമാരാണ്. അവരെ ആകർഷിക്കുന്നതിൽ ബിജെപിക്ക് മുൻകൈ ലഭിച്ചു. അതോടൊപ്പം കോൺഗ്രസിന്റെ 34 ശതമാനം വോട്ടും ബിജെപി സ്വന്തമാക്കി. അതായത് കോൺഗ്രസ് പൂർണമായും കാവിയണിഞ്ഞതും ചാഞ്ചാടുന്ന വോട്ടുകൾ ഏതാണ്ട് പൂർണമായുംതന്നെ കേന്ദ്രാധികാരത്തിന്റെയും പണത്തിന്റെയും കരുത്തിൽ ബിജെപി നേടുകയും ചെയ്തപ്പോഴാണ് ത്രിപുരയിലെ ജനവിധി മാറിമറിഞ്ഞത.് 25 വർഷം ഭരണം നടത്തിയ പാർടിയേക്കാൾ സ്മാർട്ട് ഫോൺമുതൽ ഒരു വീട്ടിൽ ഒരു തൊഴിൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായെത്തിയ കേന്ദ്ര ഭരണകക്ഷിയെ ചാഞ്ചാടുന്ന വോട്ടുകാരും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, അമ്രബംഗാളി തുടങ്ങിയ മൊത്തം വലതുപക്ഷശക്തികളും പിന്തുണച്ചു.  

ഇതാദ്യമായൊന്നുമല്ല സിപിഐ എം ത്രിപുരയിൽ പരാജയപ്പെടുന്നത്. 1972ലാണ് ത്രിപുര സമ്പൂർണ സംസ്ഥാനമാകുന്നത്. ആദ്യം കോൺഗ്രസാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ,1978ൽ നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ സിപിഐ എം അധികാരത്തിൽവന്നു. അന്ന് 56 സീറ്റാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇതിനുശേഷം ഒരിക്കലും ഇടതുപക്ഷത്തിന് ഇത്രയും കൂടുതൽ സീറ്റ് നേടാനായിട്ടില്ല. അന്ന് സിപിഐ എമ്മിനെ തോൽപ്പിക്കാനാണ് കോൺഗ്രസ് ആദ്യമായി 'ത്രിപ്ര രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തിയ ആദിവാസി തീവ്രവാദ പ്രസ്ഥാനമായ ത്രിപുര ഉപജാതി ജൂബ സമിതി (ടിയുജെഎസ്)യുമായി സഖ്യം സ്ഥാപിച്ചത്. സമ്പൂർണ ത്രിപുര രൂപീകരിക്കുന്നതിനുമുമ്പുള്ള കോൺഗ്രസ് മുഖ്യമന്ത്രി സചീന്ദ്ര ലാൽ സിംഗയുടെ പിന്തുണയോടെയാണ് സിപിഐ എമ്മിനെ തകർക്കുക ലക്ഷ്യമാക്കി 1967ൽ കാന്ത കോബ്രപാരയിൽവച്ച് ടിയുജെഎസ് എന്ന സംഘടനയ്ക്ക് രൂപംനൽകുന്നതുതന്നെ. ഇവരുടെ സായുധവിഭാഗമാണ് ത്രിപുര നാഷണൽ വളന്റിയേഴ്സ് (ടിഎൻവി). ഇതോടൊപ്പം തീവ്ര ബംഗാളി ദേശീയതയുടെ കൊടി ഉയർത്തി പ്രഭാത് രഞ്ജൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള അമ്രബംഗാളി പ്രസ്ഥാനവും സിപിഐ എമ്മിനെ വേട്ടയാടി. ഗോത്രജനതയെയും ബംഗാളികളെയും തമ്മിലടിപ്പിച്ച് അധികാരം നിലനിർത്തുക എന്ന തന്ത്രമാണ് കോൺഗ്രസ് അന്ന് പയറ്റിയത്. വടക്കുകിഴക്കൻ ഇന്ത്യയെ ഇന്ത്യയിൽനിന്ന് അടർത്തിയെടുക്കുക ലക്ഷ്യമാക്കി സിഐഎ ആസൂത്രണംചെയ്ത ഓപ്പറേഷൻ ബ്രഹ്മപുത്ര പദ്ധതിയുമായിപ്പോലും ഈ വിഘടനവാദ ശക്തികൾക്ക് ബന്ധമുണ്ടായിരുന്നു. ഒരു സംസ്ഥാനത്തിന്റെ അധികാരം നിലനിർത്തുക എന്ന സങ്കുചിതലക്ഷ്യം മുൻനിർത്തിയായിരുന്നു കോൺഗ്രസ് അന്ന് ഇന്ത്യാവിരുദ്ധ, ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന കക്ഷിയുമായി സഖ്യം സ്ഥാപിച്ചത്. എന്നാൽ, ഈ സഖ്യം വഴി ഇടതുപക്ഷത്തെ തോൽപ്പിക്കാനായില്ല. ഈ ഘട്ടത്തിലാണ് ത്രിപുര ഉപജാതി ജൂബ സമിതിയുടെ നേതാവ് ബിജോയ് റാംഗാളുമായി രാജീവ്ഗാന്ധി നേരിട്ട് ചർച്ച നടത്തുകയും നിരവധി വംശഹത്യാകേസിൽ പ്രതിയായ റാംഗാളിന് മാന്യതയുടെ പരിവേഷം നൽകുകയും ചെയ്തത്. കേന്ദ്രത്തിന്റെ ഈ പരസ്യമായ പിന്തുണയാണ് ടിയുജെഎസിന് സിപിഐ എം കേഡർമാരെ കൂട്ടത്തോടെ വധിക്കാനുള്ള ലൈസൻസ് നൽകിയത്. അന്തരിച്ച കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേബും ഈ സിപിഐ എം വേട്ടയ്ക്ക് നേതൃത്വം നൽകി. 1200 സിപിഐ എം പ്രവർത്തകർക്കാണ് ഇക്കാലത്ത് ജീവൻ ബലിയർപ്പിക്കേണ്ടി വന്നത്. സംസ്ഥാനമാകെ അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസ് വിജയിച്ചെങ്കിലും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷമാണ് നഷ്ടമായത്. ടിയുജെഎസ് ഒരു വശത്തും അമ്രബംഗാളി പ്രസ്ഥാനം മറുവശത്തുമായി നിന്നുള്ള കൂട്ടക്കൊലകൾ ത്രിപുരയെ അശാന്തമാക്കി. ഇക്കാലത്ത് സമാധാനത്തിന്റെ കൊടി ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷം 1993ൽ വൻ വിജയം നേടി. ദശരഥ് ദേബ് സർക്കാർ അധികാരമേറി. പരാജയത്തിൽനിന്ന് വിജയത്തിലേക്ക് ത്രിപുരയിലെ ഇടതുപക്ഷം മാർച്ച് ചെയ്തു. 

അന്ന് കോൺഗ്രസ് പയറ്റിയ അതേപരീക്ഷണമാണ് പുതിയ രൂപത്തിലും ഭാവത്തിലും ബിജെപിയും ഇപ്പോൾ പയറ്റിയത്. ടിയുജെഎസിന്റെ പുതിയ രൂപമായ ഐപിഎഫ്ടിയുമായി സഖ്യം സ്ഥാപിച്ചാണ് ബിജെപി മത്സരിച്ചത്. ദേശീയസുരക്ഷാ ഉപദേശകൻ അജിത് ദോവലും കേന്ദ്രമന്ത്രി ഹിമന്ത ബിശ്വസർമയും മറ്റുമാണ് ഈ സഖ്യത്തിന്റെ ശിൽപ്പികൾ. ദേശീയസുരക്ഷ ഉറപ്പുവരുത്തേണ്ടവർതന്നെ അത് തകർക്കുന്ന ശക്തികളുമായി കൂട്ടുകൂടിയിരിക്കുന്നു എന്നർഥം. ഈ അവിശുദ്ധസഖ്യത്തെ ത്രിപുരയിലെ ജനങ്ങൾ ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല. കാരണം ത്രിപുരയിലെ ജനങ്ങൾ ആഗ്രഹിക്കുന്ന വികസനം സാധ്യമാകണമെങ്കിൽ സമാധാനം വേണം.സംശുദ്ധവും സുതാര്യവും അഴിമതിമുക്തവുമായ ഭരണത്തിനാണ് ഇടതുപക്ഷം നേതൃത്വം നൽകിയത്. മണിക് എന്ന മുഖ്യമന്ത്രിയുടെ ജീവിതംതന്നെയായിരുന്നു ഇതിനുള്ള തെളിവ്. അതോടൊപ്പം സ്വകാര്യമേഖലയ്ക്ക് ലാഭം കുന്നുകൂട്ടാനുള്ള ഒരവസരവും ത്രിപുരയിലെ ഭരണം ഒരുക്കിയില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖമുദ്രതന്നെ സ്വകാര്യ കൊള്ളലാഭത്തിന് അവസരമൊരുക്കുക എന്നതാണ്. സ്വാഭാവികമായും ഈ വിഭാഗം ജനങ്ങൾ ഇടതുപക്ഷത്തെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ബിജെപിക്കൊപ്പം ചേർന്നു. 

അടിസ്ഥാനസൗകര്യ വികസനത്തിലാണ് ഇടതുപക്ഷം കാര്യമായി ശ്രദ്ധിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വൻ കുതിപ്പുതന്നെ ത്രിപുര നടത്തി. എന്നാൽ, സർക്കാർ നടത്തിയ ഇടപെടലിന്റെയും ക്ഷേമപ്രവർത്തനങ്ങളുടെയും റബർകൃഷിയുടെയും ഫലമായി അടിത്തട്ടിൽ കിടക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തി. ഇവരുടെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിലും അവരുടെ പ്രതീക്ഷയ്ക്കൊത്ത ജീവിതനിലവാരം പ്രദാനം ചെയ്യുന്നതിലും നല്ല ശമ്പളമുള്ള ജോലി പ്രദാനം ചെയ്യുന്നതിലും ത്രിപുര സർക്കാരിന് പരിമിതികളുണ്ടായിരുന്നു. രാജ്യത്തിന്റെ മുഖ്യധാര ഭൂവിഭാഗത്തിൽനിന്ന് തീർത്തും ഒറ്റപ്പെട്ട പ്രദേശമായിരുന്നു ത്രിപുര. മൂന്നു ഭാഗവും ബംഗ്ലാദേശാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഈ അകൽച്ച വികസനപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. അതോടൊപ്പം സംസ്ഥാനത്ത് പറയത്തക്ക പ്രകൃതിവിഭവങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. വലിയ പ്രദേശം കാടുമാണ്. വ്യവസായങ്ങളുടെ അഭാവത്തിൽ, കൃഷിയെ ആശ്രയിച്ച് ജീവിക്കാൻ ജനങ്ങൾ നിർബന്ധിതരായി. ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് കാർഷികമേഖലയിൽ വൻ കുതിപ്പുണ്ടായെങ്കിലും വർധിച്ചുവരുന്ന കാർഷികച്ചെലവ് കൃഷിയെമാത്രം ആശ്രയിച്ചുള്ള ജീവിതവും അസാധ്യമാക്കി. ആശ്വാസനടപടികൾ നൽകാൻമാത്രമേ ഇടതുസർക്കാരിന് കഴിഞ്ഞുള്ളൂ.  കൂടുതൽ വരുമാനം നേടാനുള്ള കർഷകരുടെ ആഗ്രഹം കൃഷിക്കുപകരം വ്യവസായവൽക്കരണവും സർവീസ് മേഖലയുടെ വികസനവും സാധ്യമാക്കാൻ ഒറ്റപ്പെട്ട, വരുമാനം തുച്ഛമായ സംസ്ഥാനത്തിന് കഴിയുമായിരുന്നില്ല. എന്നാൽ, കേന്ദ്ര സർക്കാരിൽനിന്ന് പ്രത്യേക സഹായവും മറ്റും ലഭിച്ചിരുന്നെങ്കിൽ ഒരുപരിധിവരെയെങ്കിലും ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമായിരുന്നു. സംസ്ഥാനത്തിന്റെ 80 ശതമാനം വരുമാനവും കൈകാര്യംചെയ്യുന്നത് കേന്ദ്രമായിരുന്നു. എന്നാൽ, സിപിഐ എം വിരുദ്ധ സർക്കാരുകളാണ് കേന്ദ്രം മാറിമാറി ഭരിച്ചത്. അവരൊക്കെ സംസ്ഥാനത്തിന്റെ പരിമിതമായ വ്യവസായവൽക്കരണത്തെപ്പോലും പിന്തുണച്ചതുമില്ല. തൊഴിലുറപ്പുപദ്ധതിയുടെ പണംപോലും നൽകാതെ തെരഞ്ഞെടുപ്പുവേളയിൽ ഈ വിഭാഗം ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനും മോഡിസർക്കാർ തയ്യാറായി. 

ഈ അസംതൃപ്തിയെ കേന്ദ്രാധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ബലത്തിൽ വോട്ടാക്കി മാറ്റുന്നതിൽ ബിജെപി താൽക്കാലികമായി വിജയിച്ചു. എന്നാൽ, ബിജെപിക്ക് അധികാരം ലഭിച്ചതുകൊണ്ടുമാത്രം മേൽപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് കരുതാനാകില്ല. കാരണം ഗുജറാത്തിൽ ഹാർദിക് പട്ടേൽ ബിജെപി സർക്കാരിനെതിരെ ഉയർത്തിയ ഏറ്റവും പ്രധാന ആക്ഷേപം തൊഴിലില്ലായ്മയായിരുന്നു. വ്യവസായവൽകൃത സംസ്ഥാനമായിട്ടും കേന്ദ്രഭരണം കൈയാളിയിട്ടും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ ബിജെപി സർക്കാരിന് കഴിഞ്ഞില്ല. അതുകൊണ്ട് ബിജെപിയുടെ കാപട്യം ത്രിപുരയിലെ ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top