25 May Saturday

പുതുചരിതമെഴുതുന്ന നേപ്പാൾ

പി എ മുഹമ്മദ് റിയാസ്Updated: Tuesday Jun 5, 2018


ചരിത്രത്തിന്റെ കാലഗതികളെ ഭരണകൂടങ്ങൾക്കോ രാജവംശങ്ങൾക്കോ തടുത്തുനിർത്താനാകില്ലെന്ന സത്യം നമ്മെ ഓർമിപ്പിക്കുന്നുണ്ട് നേപ്പാൾ. പതിറ്റാണ്ടുകൾ നീണ്ട ഏകാധിപത്യ രാജവാഴ്ചയെ ജനകീയവിപ്ലവത്തിലൂടെ നേപ്പാൾ അട്ടിമറിച്ചത് 12 വർഷംമുമ്പാണ്.  വിപ്ലവങ്ങളുടെ കാലം കഴിഞ്ഞെന്നും ചരിത്രം അവസാനിച്ചെന്നുമുള്ള സാമ്രാജ്യത്വ ജിഹ്വകളെ നിശബ്ദമാക്കി, വെറും മൂന്നു കോടിയിൽ താഴെമാത്രം ജനസംഖ്യയുള്ള ഈ കൊച്ചു ഹിമാലയൻ രാഷ്ട്രം. രാജവാഴ്ചയുടെ അന്ത്യത്തിനായി സായുധസമരം നടത്തിവന്നിരുന്ന നേപ്പാളീസ് മാവോയിസ്റ്റ് പാർടിയും (കമ്യൂണിസ്റ്റ് പാർടി നേപ്പാൾ മാവോയിസ്റ്റ് സെന്റർ), ജനാധിപത്യമാർഗത്തിലൂടെ പോരാടിയിരുന്ന നേപ്പാളീസ് കമ്യൂണിസ്റ്റ് പാർടിയും (കമ്യൂണിസ്റ്റ് പാർടി നേപ്പാൾ യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ഒത്തുചേർന്നാണ് 2006ൽ ജനാധിപത്യത്തിന്റെ പുതിയ വസന്തം നേപ്പാളിൽ യാഥാർഥ്യമാക്കിയത്. ഒരു പതിറ്റാണ്ടിലേറെയായി തുടർന്നിരുന്ന രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തിനും അതോടെ വിരാമമായി.

ഭരണഘടനാ പ്രതിസന്ധി
രാജവാഴ്ചയുടെ അവസാനത്തിനുശേഷവും ജനാധിപത്യത്തിലേക്കുള്ള നേപ്പാളിന്റെ പ്രയാണം സുഗമമായിരുന്നില്ല. മതപരവും വംശീയവുമായ വൈവിധ്യങ്ങൾ നിറഞ്ഞ നേപ്പാളീസ് ജനതയെ ഭരണഘടനാടിസ്ഥാനമായുള്ള ഒരു പരമാധികാര രാഷ്ട്രം എന്ന സങ്കൽപ്പത്തിൽ യോജിപ്പിക്കൽ വലിയ വെല്ലുവിളിയായിരുന്നു. ഭരണഘടനാ നിർമാണപ്രക്രിയ പലതവണ വഴിമുട്ടി. കമ്യൂണിസ്റ്റ് പാർടികൾക്കിടയിൽത്തന്നെ ഉണ്ടായ വിയോജിപ്പുകൾ, ജനാധിപത്യ സംസ്ഥാപനത്തിലേക്കുള്ള ദൈർഘ്യവും ദൂരവും വർധിപ്പിച്ചു. ഈ ആശയക്കുഴപ്പം മുതലെടുക്കാൻ, നേപ്പാളിലെ സമ്പന്ന ഭൂവുടമകളുടെ പാർടിയായ നേപ്പാളീസ് കോൺഗ്രസ് ശ്രമിച്ചു.  ഇന്ത്യൻ ഭരണകൂടത്തിന്റെ നിർലോഭമായ പിന്തുണ ഈ നീക്കങ്ങൾക്കുണ്ടായിരുന്നു. കെ പി ഓലിയുടെ നേതൃത്വത്തിൽ നേപ്പാളീസ് കമ്യൂണിസ്റ്റ് പാർടി (യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്)ക്ക് ആധിപത്യമുള്ള ഒരു സർക്കാർ അധികാരത്തിൽ വരരുത് എന്ന ഇന്ത്യൻ താല്പര്യം വ്യക്തമായിരുന്നു. നേപ്പാളീസ് മാവോയിസ്റ്റ് പാർടിയുമായി നേപ്പാളീസ് കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും, കമ്യൂണിസ്റ്റ് പാർടിയുടെ അവസരോചിത ഇടപെടൽ കാരണം ആ രാഷ്ട്രീയസഖ്യം നീണ്ടുനിന്നില്ല. മാത്രമല്ല, കോൺഗ്രസ് പാർടിയുമായുള്ള ബന്ധം മാവോയിസ്റ്റ് പാർടി അണികളിൽ വലിയ അസംതൃപ്തി ജനിപ്പിച്ചു. 2017 ഒക്ടോബറിൽ, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മാവോയിസ്റ്റ് പാർടി കമ്യൂണിസ്റ്റ് പാർടിയുമായി യോജിച്ച് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. മാവോയിസ്റ്റ് പാർടിയിൽനിന്ന‌് തെറ്റിപ്പിരിഞ്ഞുപോയ ബാബുറാം ഭട്ടാറായി രൂപീകരിച്ച നയാ ശക്തി പാർടിയും സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് പുറത്തുപോയി. തുടർന്ന്, നേപ്പാൾ പാർലമെന്റിലേക്കും പ്രോവിൻഷ്യൽ അസംബ്ലികളിലേക്കും 2017 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം വമ്പിച്ച വിജയം കൈവരിച്ചു. 275 അംഗ പ്രതിനിധിസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന‌് അടുത്ത‌് സീറ്റ‌് നേടിയ സഖ്യം ഏഴ‌് പ്രവിശ്യാ അസംബ്ലികളിൽ ആറിലും സർക്കാർ രൂപീകരിച്ചു. കെ പി ഓലി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കമ്യൂണിസ്റ്റ്‐ മാവോയിസ്റ്റ് പാർടികളുടെ ഏകീകരണം
നേപ്പാളിലെ ഇടതുപക്ഷ പാർടികൾക്കിടയിൽ നിലനിൽക്കുന്ന ആശയപരമായ വിയോജിപ്പുകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2006നു ശേഷം, ജനാധിപത്യസ്ഥാപനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും പുഷ്പ ദഹാൽ എന്ന പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള നേപ്പാളീസ് മാവോയിസ്റ്റ് പാർടി, സായുധസമരമെന്ന ആശയത്തെ പരിപൂർണമായി ഉപേക്ഷിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചർച്ചയ‌്ക്കൊടുവിൽ ഇരു ഇടതുപാർടികളും ആശയപരമായ വിയോജിപ്പുകളിൽ തീർപ്പ് കണ്ടെത്തി ലയിച്ച്, ഒരു പാർടിയായി മാറാൻ തീരുമാനിച്ചു.

കാഠ്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര ജനാധിപത്യ  യുവജന സംഘടനാ ഫെഡറേഷന്റെ  ജനറൽ കൗൺസിൽ മീറ്റിങ്ങിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ഓലിയോടൊപ്പം ലേഖകൻ

കാഠ്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര ജനാധിപത്യ യുവജന സംഘടനാ ഫെഡറേഷന്റെ ജനറൽ കൗൺസിൽ മീറ്റിങ്ങിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ഓലിയോടൊപ്പം ലേഖകൻ

ഇതിനായി സോഷ്യലിസം എന്ന ആശയത്തെ അടിസ്ഥാനമാക്കി, ദേശീയത, ജനാധിപത്യം, സാമൂഹ്യനീതി, സാമൂഹ്യ പരിവർത്തനം തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ച്  നയരേഖയും തയ്യാറാക്കപ്പെട്ടു. ഈ രേഖയനുസരിച്ച്, പുതിയ പാർടിയുടെ മാർഗ നിർദേശതത്വം മാർക്സിസം‐ലെനിനിസമായിരിക്കും. പുതിയ പാർടി, ബഹുകക്ഷി ജനാധിപത്യത്തിൽ വിശ്വസിച്ച്‌ പ്രവർത്തിക്കുമെന്നും തീരുമാനിക്കപ്പെട്ടു. പുതിയ പാർടിയുടെ പേര് നേപ്പാൾ കമ്യൂണിസ്റ്റ് പാർടി എന്നായിരിക്കും. നിരവധി വർഷങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടാൻ പുതിയ കമ്യൂണിസ്റ്റ് പാർടിക്ക് സാധിക്കുമെന്ന് നേപ്പാൾ ജനത വിശ്വസിക്കുന്നു.

പ്രതീക്ഷാനിർഭരമായ തുടക്കം
വികസനസൂചികകളിൽ ഏറെ പിറകിൽ നിൽക്കുന്ന നേപ്പാളീസ് സമൂഹത്തെ ഉടച്ചുവാർക്കാനുള്ള സമഗ്ര പദ്ധതികളാണ് ഓലി ഗവൺമെന്റ് ആസൂത്രണം ചെയ്യുന്നത്. കാർഷികമേഖലയെ ആധുനികവൽക്കരിക്കാനുള്ള സത്വര നടപടി സർക്കാർ കൈക്കൊണ്ടു. യുവജനങ്ങളെ ശാക്തീകരിക്കാനും അവരെ ജനാധിപത്യപ്രക്രിയയുടെ മുൻപന്തിയിൽ കൊണ്ടുവരാനും ലക്ഷ്യമിട്ട‌് യൂത്ത് വിഷൻ 2025 എന്ന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കി. മെയ് 22 മുതൽ 25 വരെ കാഠ്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര ജനാധിപത്യ യുവജന സംഘടനാ ഫെഡറേഷന്റെ  ജനറൽ കൗൺസിൽ മീറ്റിങ‌് അഭിവാദ്യംചെയ്ത‌് സംസാരിക്കെ, പ്രധാനമന്ത്രി ഓലിതന്നെ ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയും നേപ്പാളിലെ യുവജനങ്ങളുടെ പുരോഗതിക്ക് ലോകത്തെ പ്രത്യേകിച്ച് അയൽരാജ്യങ്ങളായ ഇന്ത്യയിലെയും ചൈനയിലെയും പുരോഗമന യുവജന സംഘടനകളുടെ പിന്തുണ അഭ്യർഥിക്കുകയുമുണ്ടായി.

ജനകീയ പങ്കാളിത്തത്തോടെയുള്ള സാക്ഷരതാ പ്രസ്ഥാനത്തിനും തുടക്കംകുറിച്ചിരിക്കുകയാണ് നേപ്പാൾ. അധികാരമേറ്റ്‌ ചുരുങ്ങിയ മാസങ്ങൾകൊണ്ടുതന്നെ പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ സ്വപ്നം കാണാൻ നേപ്പാൾ ജനതയെ പ്രാപ്തരാക്കിയിരിക്കുന്നു ഓലിയുടെ ഇടതുപക്ഷഭരണം. തെക്കനേഷ്യൻ രാജ്യങ്ങൾക്ക് വികസനത്തിലും സാമൂഹ്യപുരോഗതിയിലും പുതിയ മാതൃക തീർക്കുകയാണ് ഈ ചെറിയ ഹിമാലയൻ രാഷ്ട്രം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top