25 April Thursday

നേപ്പാളിലേത് ശ്രദ്ധേയമായ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 1, 2018

നേപ്പാളിൽ അടുത്തകാലത്തുണ്ടായ പ്രധാന സംഭവവികാസങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നവയാണ്. പുതിയ ഭരണഘടനയ്ക്കുകീഴിൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിരിക്കുന്നു. കെ പി ഓലി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. നേപ്പാളിൽ ആദ്യമായാണ് ഒരു സമ്പൂർണ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നത്. നേരത്തെ കമ്യൂണിസ്റ്റുകാർക്ക് പങ്കാളിത്തമുള്ള സർക്കാർ അധികാരത്തിലേറിയിരുന്നെങ്കിലും അതൊക്കെ മറ്റു കക്ഷികളുമായി ചേർന്നുള്ള കൂട്ടുകക്ഷി സർക്കാരുകളായിരുന്നു. 

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി പ്രധാനപ്പെട്ട രണ്ടു കമ്യൂണിസ്റ്റ് പാർടികൾ, കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ‐ യുനിഫൈഡ് മാർക്സിസ്റ്റ്‐ലെനിനിസ്റ്റും (സിപിഎൻ‐ യുഎംഎൽ), കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ‐ മാവോയിസ്റ്റ് സെന്ററും (സിപിഎൻ‐ എംസി) യോജിച്ച് മത്സരിക്കുകയും വൻ വിജയം നേടുകയും ചെയ്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾമാത്രമാണ് കുറവുണ്ടായത്. പ്രവിശ്യാ അസംബ്ലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴിൽ ആറും ഇടതുപക്ഷസഖ്യം നേടി.  തുടർന്ന് ഉപരിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ സഖ്യത്തിന് മൂന്നിൽ രണ്ട് സീറ്റുകളും നേടാനായി. 

തെരഞ്ഞെടുപ്പുസഖ്യം പ്രഖ്യാപിച്ച വേളയിൽതന്നെ സിപിഎൻ(യുഎംഎൽ)ഉം സിപിഎൻ (എംസി)യും തെരഞ്ഞെടുപ്പിനുശേഷം ഇരുപാർടികളും ലയിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതും ഇപ്പോൾ സംഭവിക്കാൻ പോവുകയാണ്. നേപ്പാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ വാർഷികദിനമായ ഫെബ്രുവരി 19ന് ഇരു പാർടികളുടെയും ലയനം സംബന്ധിച്ച ഏഴിന കരാറിൽ ഒപ്പുവച്ചു. പുതിയ പാർടിയുടെ പേര് നേപ്പാളി കമ്യൂണിസ്റ്റ് പാർടിയെന്നായിരിക്കും. പാർടിയുടെ പ്രത്യയശാസ്ത്രം മാർക്സിസം ലെനിനിസവുമായിരിക്കും. 

പ്രത്യയശാസ്ത്രപരമായി, ഇരുപാർടികളും ചില ധാരണകളിലെത്തുകയും ചെയ്തു. സിപിഎൻ (യുഎംഎൽ) ഉയർത്തിപ്പിടിച്ച ബഹുകക്ഷി ജനാധിപത്യവും സിപിഎൻ (എംസി) ഉയർത്തിപ്പിടിച്ച മാവോയിസവും ചർച്ചകളിലൂടെ നവീകരിക്കാനും ഇരുപാർടികളും തീരുമാനിച്ചു. ഏകീകൃത പാർടി ഒരു ഇടക്കാല രാഷ്ട്രീയ റിപ്പോർട്ടിനും ഇടക്കാല പാർടി ഭരണഘടനയ്ക്കും രൂപംനൽകും. രണ്ടു കർമസമിതിക്കും രൂപംനൽകിയിട്ടുണ്ട്. സംഘടനാലയനത്തിനും രാഷ്ട്രീയ‐ പ്രത്യയശാസ്ത്ര രൂപീകരണത്തിനുമായാണ് ഈ സമിതികൾ. ഇരു കർമസമിതികളിലും ഇരുപാർടികളിലെയും നേതാക്കൾ അംഗങ്ങളാണ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇരുസമിതികളോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഈ രണ്ടു റിപ്പോർട്ടുകളും ചർച്ചയ്ക്ക് വിധേയമാക്കിയതിനുശേഷം മാർച്ച് മൂന്നാംവാരത്തിൽ പാർടിലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ധാരണ.  

അതിനിടയിൽ മന്ത്രിസഭാരൂപീകരണത്തെക്കുറിച്ച് ഇരുപാർടികളും തമ്മിൽ ധാരണയിലെത്തുകയും ചെയ്തു. സിപിഎൻ (യുഎംഎൽ)ന് പ്രധാനമന്ത്രി ഉൾപ്പെടെ പത്തു മന്ത്രിമാരും സിപിഎൻ (എംസി)ക്ക് ഏഴു മന്ത്രിമാരുമാണ് ഉണ്ടാവുക.

നേപ്പാളിലെ കമ്യൂണിസ്റ്റ് പാർടികളുടെ ഏകീകരണത്തിനുള്ള പ്രക്രിയക്ക് ഏറെ സമാനതകളൊന്നും ചൂണ്ടിക്കാട്ടാനില്ല. കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (മാർക്സിസ്റ്റ്)ഉം കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (മാർക്സിസ്റ്റ്‐ലെനിനിസ്റ്റ്)ഉം യോജിച്ചാണ് സിപിഎൻ (യുഎംഎൽ) രൂപീകൃതമായത്. 1990കളുടെ ആദ്യമാണ് ഈ രണ്ടു പാർടികളും ലയിച്ചത്.  സിപിഎൻ (എം) ആശയപരമായും രാഷ്ട്രീയമായും സിപിഐ എമ്മുമായി അടുത്തുനിൽക്കുന്നു.  ഫ്യൂഡൽ രാജാക്കന്മാർക്കെതിരെ സായുധസമരം നടത്തിയ സിപിഎൻ (എംഎൽ) നക്സലൈറ്റ് ധാരയുമായി അടുത്തുനിൽക്കുന്ന പ്രസ്ഥാനമായിരുന്നു. രാജഭരണത്തെ അധികാരത്തിൽനിന്ന് പുറത്താക്കി ജനാധിപത്യഭരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഈ പാർടികൾ ആദ്യം കൈകോർത്തത്. കമ്യൂണിസ്റ്റ് ഇടതു പാർടികളുടെ ലയനത്തിനുള്ള ആദ്യപടിയായിരുന്നു അത്. 

എന്നാൽ, ഇതിൽനിന്ന് ഭിന്നമായ പ്രത്യേക ധാരയിൽനിന്നാണ് സിപിഎൻ (മാവോയിസ്റ്റ്) വരുന്നത്. 1996 മുതൽ സായുധസമരം നടത്തിയ ഈ പാർടിക്ക് നേപ്പാളിന്റെ ചില ഭാഗങ്ങളിൽ സ്വാധീനം നേടാനായി. ഭരണകൂടത്തെ അട്ടിമറിക്കാൻ സായുധസമരം എന്ന പാത ഉപേക്ഷിച്ച് 2004ൽ രാജവാഴ്ചയ്ക്കെതിരെ ജനകീയസമരങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുക എന്ന പാത സിപിഎൻ (മാവോയിസ്റ്റ്)കൾ സ്വീകരിച്ചു. ഇടക്കാല പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇവർ ഉയർന്നു. എന്നാൽ, ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ ഭരണഘടനാ നിർമാണസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനമാണ് ഈ പാർടിക്ക് ലഭിച്ചത്.

വിവിധ ധാരകളിൽപ്പെട്ട നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ  മാർക്സിസം‐ ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ യോജിച്ച് ഒറ്റപ്പാർടിയാകുന്നത്  പ്രധാന സംഭവവികാസമാണ്. വിവിധ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് പാർലമെന്ററി‐ പാർലമെന്റേതര സമരങ്ങൾ ഉയർത്തിക്കൊണ്ടുവരികയെന്ന ശരിയായ ധാരണയിലേക്ക് നേപ്പാളിലെ കമ്യൂണിസ്റ്റ് പാർടികൾ എത്തിയെന്നർഥം. 

ബൂർഷ്വ‐ഭൂപ്രഭു വർഗത്തിന് ആധിപത്യമുള്ള ഭരണകൂടം നിലനിൽക്കെ കമ്യൂണിസ്റ്റ് സർക്കാരിന് രൂപംനൽകുകവഴി നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പുതിയ ഒരു പാത വെട്ടുകയാണ്.  ഇന്ത്യയിൽ സംസ്ഥാനങ്ങളിൽമാത്രമാണ് കമ്യൂണിസ്റ്റ് പാർടികൾ അധികാരത്തിൽ വന്നത്. കേന്ദ്രാധികാരം കൈയാളിയിരുന്നില്ല. അതുകൊണ്ടുതെന്ന ഈ സർക്കാരുകൾക്ക് പരിമിതമായ അധികാരമേ ഉണ്ടായിരുന്നുള്ളൂ.

നേപ്പാളിൽ കമ്യൂണിസ്റ്റ് പാർടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനാൽ എക്സിക്യൂട്ടീവിന്റെ അധികാരം അവർക്ക് ലഭിച്ചു.  എന്നാൽ, കേന്ദ്രാധികാരത്തിന്റെ മറ്റ് ഉപകരണങ്ങളായ സൈന്യം, ജുഡീഷ്യറി, ബ്യൂറോക്രസി എന്നിവ രാഷ്ട്രത്തിന്റെ വർഗസമീപനമാണ് പ്രതിഫലിപ്പിക്കുക. എങ്ങനെയാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള സർക്കാർ അടിസ്ഥാനപരമായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമിടുക എന്നത് ഏറെ താൽപ്പര്യത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. 

നേപ്പാളിലെ ഭരണവർഗം പരമ്പരാഗതമായി ഇന്ത്യൻ അധികാരിവർഗവുമായി അടുത്തബന്ധം പുലർത്തിവരുന്നു. നേപ്പാളി കോൺഗ്രസ് എപ്പോഴും പിന്തുണയ്ക്കും സഹായത്തിനും ആശ്രയിക്കുന്നത് ഇന്ത്യൻ അധികാരവർഗത്തെയാണ്. ഇന്ത്യൻ ഭരണവർഗം പ്രത്യേകിച്ചും മോഡിസർക്കാർ നേപ്പാളിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലിരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. 2016ൽ കെ പി ഓലി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യൻ ഗവൺമെന്റ് കൈക്കൊണ്ട സമീപനങ്ങളിൽനിന്ന് ഇക്കാര്യം വ്യക്തമാകും. മോഡിസർക്കാരിന്റെ പിന്തുണയോടെ നടന്ന മാധേശികളുടെ പ്രക്ഷോഭംവഴി നേപ്പാളിനെതിരെ ഉപരോധം തീർക്കുകയായിരുന്നു ഇന്ത്യാ ഗവൺമെന്റ്.

ദേശീയ പരമാധികാരവും ദേശീയതാൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാർ ജാഗ്രത പുലർത്തണം. ഇന്ത്യയുടെ പ്രലോഭനങ്ങളിലും ഭയപ്പെടുത്തലുകൾക്കുമുമ്പിലും കീഴടങ്ങരുത്. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് നേപ്പാളുമായി അടുത്തതും സൗഹാർദപൂർണവുമായ ബന്ധം സ്ഥാപിക്കാൻ മോഡിസർക്കാരും മുന്നോട്ടുവരണം

പ്രധാന വാർത്തകൾ
 Top