18 February Monday

ചില കമ്യൂണിസ്റ്റ് പാര്‍ടി വിശേഷങ്ങള്‍

വി ബി പരമേശ്വരന്‍Updated: Thursday Jul 27, 2017

ടോക്യോവിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നേറ്റം
ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോ മെട്രോപൊളിറ്റന്‍ അസംബ്ളിയിലേക്ക്് ജൂലൈ ആദ്യവാരം നടന്ന തെരഞ്ഞെടുപ്പില്‍ ജപ്പാന്‍ കമ്യുണിസ്റ്റ് പാര്‍ടിക്ക് വന്‍ മുന്നേറ്റം.  127 അംഗ അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 19 സീറ്റും 14.73 ശതമാനം വോട്ടും നേടിയാണ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നേറ്റം നടത്തിയത്. നാലുവര്‍ഷംമുമ്പ് നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് സീറ്റും 1.17 ശതമാനം വോട്ടും വര്‍ധിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞു. 2009ല്‍ 8 സീറ്റ് മാത്രമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി 2013 ലെ തെരഞ്ഞെടുപ്പിലാണ് സീറ്റ് ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 17 ആയി ഉയര്‍ത്തിയത്. നിലവില്‍ ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ 21 അംഗങ്ങളും ഉപരിസഭയില്‍ 14 അംഗങ്ങളും ജപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുണ്ട്. 

പ്രധാനമന്ത്രി ഷിന്‍ഷോ ആബെ നയിക്കുന്ന ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് (എല്‍ഡിപി) 23 സീറ്റ് മാത്രമാണ് ലഭിച്ചത് എന്നറിയുമ്പോഴേ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിളക്കം ബോധ്യമാകൂ.  57 സീറ്റുണ്ടായിരുന്ന എല്‍ഡിപിക്ക് ഇക്കുറി  പകുതി സീറ്റ് പോലും നേടാനായില്ല.  പ്രാദേശിക കക്ഷിയായ മേയര്‍ കോയികേയുടെ ടോക്യോ സിറ്റിസണ്‍ പാര്‍ടിക്കാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത്- 47. ഇവരുമായി സഖ്യത്തില്‍ മത്സരിച്ച കൊമീതോ പാര്‍ടിക്ക് 23 സീറ്റും ലഭിച്ചു. ടോക്യോവിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഷിന്‍ഷോ ആബെക്ക് വിജയം ആവര്‍ത്തിക്കുക അസാധ്യമാണെന്ന്് വിലയിരുത്തപ്പെടുന്നു. 

നേപ്പാളിലും കമ്യൂണിസ്റ്റ് പാര്‍ടി ഒന്നാമത് 
അയല്‍രാജ്യമായ നേപ്പാളില്‍ മൂന്ന് ഘട്ടങ്ങളിലായി (ആദ്യഘട്ടം മെയ് 14, രണ്ടാംഘട്ടം ജൂണ്‍ 28, അവസാനഘട്ടം സെപ്തംബര്‍ 18) നടക്കുന്ന പ്രാദേശികസമിതി തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം പൂര്‍ത്തിയായപ്പോള്‍ത്തന്നെ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ടി (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) വന്‍ വിജയം നേടി.  334 പ്രാദേശിക ഭരണസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 152 എണ്ണം നേടിയാണ് സിപിഎന്‍ (യുഎംഎല്‍) വന്‍ വിജയം നേടിയത്.  പ്രാദേശികസമിതി തെരഞ്ഞെടുപ്പില്‍ എന്നും മുന്‍തൂക്കം ലഭിച്ചിരുന്ന നേപ്പാളി കോണ്‍ഗ്രസിന് ഇക്കുറി രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ഡ്യൂബ നയിക്കുന്ന നേപ്പാളി കോണ്‍ഗ്രസിന് 118 പ്രാദേശികസമിതികളില്‍ മാത്രമാണ് വിജയിക്കാനായത്. പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി നേപ്പാളി(മാവോയിസ്റ്റ് സെന്റര്‍)ന് 38 പ്രാദേശിക സമിതികളില്‍ മാത്രമേ ഭൂരിപക്ഷം നേടാനായുള്ളൂ.  മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മുന്‍ പ്രധാനമന്ത്രി കെ പി ഓലി നയിക്കുന്ന സിപിഎന്‍(യുഎംഎല്‍) ആണ് കൂടുതല്‍ സീറ്റ് നേടിയത്. പുഷ്പലാല്‍ ശ്രേഷ്ഠയും മന്‍മോഹന്‍ അധികാരിയും സഹാനപ്രധാനും മറ്റും ചേര്‍ന്ന് ഇന്ത്യയില്‍ രൂപംകൊടുത്ത സിപിഎന്നി(യുഎംഎല്‍)ന് സിപിഐ എമ്മുമായി അടുത്ത ബന്ധമാണുള്ളത്.  1997ന് ശേഷം ആദ്യമായാണ് പ്രാദേശിക ഭരണസമിതികളിലേക്ക് ഹിമാലയന്‍ രാഷ്ട്രത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.  പ്രാദേശികസമിതികളുടെ ശാക്തീകരണത്തിലേക്കും സാമൂഹ്യ-സാമ്പത്തികസമൃദ്ധിയിലേക്കും നേപ്പാളിനെ നയിക്കുന്ന ജനവിധിയാണുണ്ടായിട്ടുള്ളതെന്ന് നേപ്പാള്‍ പ്രസിഡന്റും മുന്‍ സിപിഎന്‍ (യുഎംഎല്‍) നേതാവുമായിരുന്ന ബിദ്യ ദേവി ഭണ്ഡാരി അവകാശപ്പെട്ടു. ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ള ശക്തമായ വേരോട്ടമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് നിരീക്ഷകപക്ഷം.

ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് പുതിയ നേതൃത്വം 
ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ 14-ാം കോണ്‍ഗ്രസ് പ്രിട്ടോറിയയില്‍ ചേര്‍ന്നു. പാര്‍ടി ജനറല്‍ സെക്രട്ടറിയായി ബ്ളേഡ് സിമാന്‍ഡെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്യൂസേനി സൊക്കവാണയാണ് ചെയര്‍പേഴ്സണ്‍. കോയ്സ് മൊറോപയാണ് ട്രഷറര്‍. ഫസ്റ്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ജെറമി ക്രോനിന്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ സോളി മപെയ്ലയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. രണ്ടാം സെക്രട്ടറി ജനറലായി ക്രിസ് മതാകോയെയും തെരഞ്ഞെടുത്തു.  ദക്ഷിണാഫ്രിക്കന്‍ വിമോചനപ്രസ്ഥാനമായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസുമായി കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന ഘട്ടത്തിലാണ് പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്നത്.

അര്‍ജന്റീനയില്‍ ആഗസ്ത് 22ന് പൊതുപണിമുടക്ക്
വലതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയത്തിനും അതിന്റെ ഭാഗമായുള്ള ചെലവുചുരുക്കല്‍ നയത്തിനുമെതിരെ ആഗസ്ത് 22 ന് പൊതുപണിമുടക്ക് നടത്താന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ ആഹ്വാനംചെയ്തു. വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും തുടരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് പൊതുപണിമുടക്കിന് ആഹ്വാനംനല്‍കിയിട്ടുള്ളത്. പണിമുടക്കിന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് അര്‍ജന്റീനയും കമ്യൂണിസ്റ്റ് യൂത്ത് ഫെഡറേഷനും പിന്തുണ പ്രഖ്യാപിച്ചു.  ആഗസ്ത് 13ന് അര്‍ജന്റീനയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. അതിനുശേഷമാണ് പൊതുപണിമുടക്ക്. തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്ന വലതുപക്ഷ മൌറീഷ്യോ മാക്രി സര്‍ക്കാര്‍ പരാജയപ്പെടുമെന്നും ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ചിനറുടെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ അലയന്‍സ് അധികാരത്തില്‍വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കിര്‍ച്ചിന സര്‍ക്കാര്‍ അധികാരത്തില്‍വരുന്നപക്ഷം പണിമുടക്കില്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളും അംഗീകരിക്കപ്പെടുമെന്നാണ് ട്രേഡ് യൂണിയനുകളുടെ പ്രതീക്ഷ.  അധ്യാപകരുടെയും ആരോഗ്യവകുപ്പിലെ ജീവനക്കാരുടെയും നേഴ്സുമാരുയുെം സമരത്തെ പൊലീസിനെക്കൊണ്ട് നേരിട്ട മാക്രി സര്‍ക്കാരിന്റെ നടപടി വന്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. സമീപകാലചരിത്രത്തിലെ കറുത്ത അധ്യായമാണ് പൊലീസ് നടപടിയെന്ന് അര്‍ജന്റീനിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒരു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.  

സിഐഎ ഓഫീസിനെതിരെ സുഡാന്‍ കമ്യൂണിസ്റ്റ് പാര്‍ടി
സുഡാനില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐയുടെ പ്രവര്‍ത്തനത്തിന് അനുവാദം നല്‍കിയ പ്രസിഡന്റ് ഒമര്‍  ഹസ്സന്‍ അല്‍ ബഷീറിന്റെ നടപടിയെ സുഡാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായ ഭാഷയില്‍ അപലപിച്ചു.  ആഫ്രിക്കയിലെ ഏറ്റവും വലിയ സിഐഎ ഓഫീസാണ് സുഡാനില്‍ ഉയരാന്‍പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റ്ബ്യൂറോ ആഫ്രിക്കയിലെയും മധ്യപൌരസ്ത്യദേശത്തെയും അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി സുഡാന്‍ മാറുമെന്നും അഭിപ്രായപ്പെട്ടു. ആഫിക്കയില്‍, പ്രത്യേകിച്ചും മധ്യ ആഫ്രിക്കയില്‍ ചൈനയ്ക്കുള്ള വര്‍ധിച്ച സ്വാധീനം തടയുകയാണ് ഈ ചാരപ്രവര്‍ത്തനവിപുലീകരണത്തിന്റെ ലക്ഷ്യമെന്നും കമ്യൂണിസ്റ്റ് പാര്‍ടി വിശദീകരിച്ചു.  അമേരിക്കന്‍ ദാസ്യപ്പണിചെയ്യുന്ന അല്‍ ബഷീര്‍ ഭരണത്തെ തൂത്തെറിഞ്ഞാലേ അമേരിക്കന്‍സ്വാധീനം ഇല്ലാതാക്കാന്‍ കഴിയൂവെന്നും അതിനായി ജനങ്ങള്‍ മുന്നോട്ടുവരണമെന്നും സുഡാന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു

പ്രധാന വാർത്തകൾ
 Top