10 December Tuesday

കേരളം പാതി ചുവന്നിട്ട്‌ എഴുപതാണ്ട്‌

ശ്രീകുമാർ ശേഖർUpdated: Wednesday Nov 27, 2024

 

‘‘നാൽപ്പത്തിയഞ്ചു ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മലബാർ ജില്ലയിലെ ബോർഡ്‌ ഭരണം 18 കമ്യൂണിസ്‌റ്റുകാരും ആറ്‌ സ്വതന്ത്രരുമടങ്ങൂന്ന ജനാധിപത്യമുന്നണി ഇന്ന്‌ ഏറ്റെടുത്തിരിക്കുന്നു’’ ‐1954 നവംബർ 27ന്റെ ദേശാഭിമാനിയിലെ പ്രധാന വാർത്തയുടെ തുടക്കം ഇതായിരുന്നു. രാജ്യത്തുതന്നെ ആദ്യമായി കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഭരണാനുഭവം നൽകിയ വിജയം ആഘോഷിക്കുകയായിരുന്നു പത്രം. മലബാർ ജില്ലാ ബോർഡ്‌ തെരഞ്ഞെടുപ്പിൽ പാർടി നേടിയ കുതിപ്പ്‌ മൂന്നുവർഷത്തിനുശേഷം കമ്യൂണിസ്‌റ്റ്‌ പാർടിയെ സംസ്ഥാന ഭരണമേൽപ്പിക്കുന്ന മുന്നേറ്റമായി വളർന്നത്‌ ചരിത്രം.

ഇന്നത്തെ കാസർകോട്‌,  കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്ക്‌, ചാവക്കാടിന്റെ ചില ഭാഗങ്ങൾ ഇത്രയും ചേരുന്നതായിരുന്നു അന്നത്തെ മലബാർ ജില്ല. മദ്രാസ്‌ സംസ്ഥാനത്തെ ഏറ്റവും  ജനസംഖ്യയുള്ള ജില്ല. ഇതിൽ മുനിസിപ്പാലിറ്റികൾ ഒഴിവാക്കിയുള്ള പ്രദേശത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്‌. ഇന്നത്തെ  കേരളത്തിന്റെ പകുതിയോളം വരുന്ന ഭൂപ്രദേശമാണ്‌ ജനപ്രതിനിധികളെ തെരഞ്ഞെടുത്തത്‌.

ആകെ 48 സീറ്റായിരുന്നു. കമ്യൂണിസ്റ്റുകാർക്കും സ്വതന്ത്രന്മാർക്കുംകൂടി ഇരുപത്തിനാല്‌ സീറ്റ്‌ കിട്ടി.  മുന്നണിയില്ലാതെ മത്സരിച്ച കോൺഗ്രസിന്‌ 15 ഉം ലീഗിന്‌  എട്ടും പിഎസ്‌പിക്ക്‌ ഒന്നും സീറ്റുകിട്ടി. പാർടി  സ്വതന്ത്രരിൽ കവി എൻ എൻ കക്കാടിനെപ്പോലെ പ്രമുഖരുണ്ടായിരുന്നു. ബാലുശേരിയിൽ അദ്ദേഹം പക്ഷേ വിജയിച്ചില്ല.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കോൺഗ്രസും ലീഗും പ്രത്യേകം സ്ഥാനാർഥികളെ നിർത്തി. രണ്ട്‌  സ്വതന്ത്രരെ കൊല്ലങ്കോട്‌ രാജാവ്‌ ചാക്കിലാക്കിയെന്നും അതുകൊണ്ട്‌ ലീഗുകൂടി പിന്തുണച്ചാൽ  ഭരണം പിടിക്കാമെന്നും കോൺഗ്രസ്‌ ലീഗിനു വാഗ്‌ദാനം നൽകി. എന്നാൽ ഇത്‌ നടക്കില്ലെന്ന്‌ ഉറപ്പായതോടെ രണ്ടാംഘട്ടത്തിൽ ലീഗ്‌ നിഷ്‌പക്ഷത പാലിച്ചു. കമ്യൂണിസ്‌റ്റ്‌ സ്ഥാനാർഥി  പി ടി ഭാസ്‌കരപ്പണിക്കർ പ്രസിഡന്റായി. കോൺഗ്രസിൽനിന്ന്‌ കൊല്ലങ്കോട്‌ പത്മനാഭവർമ്മ തമ്പുരാനും ലീഗിൽനിന്ന്‌ കെ മൊയ്‌തീൻകുട്ടി ഹാജിയുമാണ്‌  മത്സരിച്ചത്‌. കമ്യൂണിസ്‌റ്റ്‌ പ്രതിനിധി മൂസാൻകുട്ടി മാസ്റ്റർ വൈസ്‌ പ്രസിഡന്റായും വിജയിച്ചു.പിൽക്കാലത്ത്‌ സാംസ്‌കാരിക രംഗത്തും  സാക്ഷരതാപ്രസ്ഥാനത്തിലും ശാസ്‌ത്രസാഹിത്യ പരിഷത്തിലും നേതൃപദവി വഹിച്ച പി ടി ഭാസ്‌കരപ്പണിക്കർ  1997 ഡിസംബർ 30നാണ്‌  അന്തരിച്ചത്‌. 

ജില്ലാബോർഡ്‌ നേരത്തേ ഉണ്ടെങ്കിലും അവിടെ നാട്ടുപ്രമാണിമാർ മാത്രമാണ്‌ അധ്യക്ഷ പദവിയിൽ എത്തിയിരുന്നത്‌. ആ സ്ഥാനത്തേക്കാണ്‌ ഒരു കമ്യൂണിസ്റ്റുകാരൻ നടന്നുകയറിയത്‌. ‘കമ്യൂണിസ്‌റ്റുകാർ വന്നാൽ പള്ളി തകർക്കും’ എന്നും മറ്റും തെരഞ്ഞെടുപ്പ്‌  വേളയിൽ ലീഗ്‌ പ്രചരിപ്പിച്ചെങ്കിലും പല മുസ്ലിം പ്രദേശങ്ങളിലും ജനങ്ങൾ പാർടിക്കൊപ്പം നിന്നു.

അധികാരമേറിയ മുന്നണി വലിയ മാറ്റങ്ങൾക്ക്‌  അടിത്തറയിട്ടു.  വിദ്യാഭ്യാസ, ആരോഗ്യ, മരാമത്ത്‌ മേഖലയിൽ ധാരാളം മുന്നേറ്റമുണ്ടായി. സർക്കാർ സ്‌കൂളുകളിൽ മാസാദ്യം അധ്യാപകർക്ക്‌ ശമ്പളം കിട്ടിത്തുടങ്ങിയത്‌ പുതിയ ഭരണം വന്ന ശേഷമാണ്‌.കമ്യൂണിസ്‌റ്റുകാർ വന്നതോടെ  കോൺഗ്രസ്‌ ഭരിക്കുന്ന മദ്രാസ്‌ ഗവൺമെന്റ്‌ ജില്ലാഭരണത്തിനു മുന്നിൽ തടസ്സങ്ങൾ വലിച്ചിട്ടുകൊണ്ടിരുന്നു. എങ്കിലും 1956ൽ കേരള സംസ്ഥാനം രൂപം കൊള്ളുംവരെ ജനപിന്തുണയോടെ  ജില്ലാ ബോർഡ്‌  കമ്യൂണിസ്‌റ്റ്‌ ഭരണത്തിൽ തുടർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top