07 July Tuesday

എന്തിന് ഇപ്പോഴും മാനിഫെസ്റ്റോ വായിക്കണം? ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു

ശ്രീജിത്ത് ശിവരാമന്‍Updated: Friday Feb 21, 2020

172 വര്‍ഷങ്ങള്‍ക്ക് മുന്‍പ് , സമൂഹം ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നൊരു കാലത്ത് എഴുതിയ ഒരു കുഞ്ഞു പുസ്തകത്തിന് ഇന്നെന്തു പ്രസക്തിയാണുള്ളത്'' . ''ബൈബിളിനും ഖുര്‍ആനും ശേഷം ഏറ്റവുമധികം പ്രസിദ്ധീകൃതമായ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ ബൈബിളും ഖുര്‍ആനും വായിക്കുന്നത് പോലെ 'കമ്മ്യുണിസ്റ്റ് വിശ്വാസികള്‍'ക്ക്  വായിച്ച് മടക്കി വെക്കാനുള്ളതാണ്'' . ''ഒരു കമ്മ്യുണിസ്റ്റ് വാഗ്ദാത്ത ഭൂമിയെക്കുറിച്ചുള്ള സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളാണ് അത് പങ്കുവെക്കുന്നത് ''. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയെ കുറിച്ച് ലിബറല്‍ ബുദ്ധിജീവികള്‍ പൊതുവെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണിത്. സത്യത്തില്‍ എന്താണ് മാനിഫെസ്റ്റോ ? എന്തിനാണ് ഈ കാലത്തും നാമത് വായിക്കുന്നത് ? തികച്ചും വൈയക്തികമായ ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കട്ടെ.

1847 ലാണ് പ്രധാനമായും നാട് കടത്തപ്പെട്ട ജര്‍മ്മന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും , കുറച്ച് ബെല്‍ജിയന്‍ , ഇംഗ്ലീഷ് അനുഭാവികളും ലണ്ടനില്‍ രഹസ്യ യോഗം ചേര്‍ന്ന് കമ്മ്യുണിസ്റ്റ് ലീഗിന് രൂപം നല്‍കുന്നത്. കമ്മ്യൂണിസ്റ്റ് ലീഗിന്റെ കേന്ദ്ര കമ്മിറ്റിയാണ് അന്ന് ബ്രസ്സല്‍സിലായിരുന്ന മാര്‍ക്‌സിനെ സംഘടനക്ക് ഒരു മാനിഫെസ്റ്റോ എഴുതാന്‍ ചുമതലപ്പെടുത്തുന്നത്. തന്റെ തിരക്കുകളില്‍ മാനിഫെസ്റ്റോയ്ക്ക് സമയം കിട്ടാതിരുന്ന മാര്‍ക്‌സിനോട് കേന്ദ്രകമ്മിറ്റി രൂക്ഷമായി തന്നെ പ്രതികരിച്ചു.

'1848 ഫെബ്രുവരി 1 നു മുന്‍പായി സംഘടനയുടെ മാനിഫെസ്റ്റോ തയ്യാറാക്കാന്‍ മാര്‍ക്‌സിനോട് ചട്ടം കെട്ടാന്‍ ബ്രസ്സല്‍സ് ജില്ലാ കമ്മിറ്റിയെ കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തുന്നു. അല്ലാത്ത പക്ഷം മാര്‍ക്‌സിനെതിരെ നടപടിയെടുക്കാന്‍ കമ്മിറ്റി നിര്‍ബന്ധിതമാകും. മാനിഫെസ്റ്റോ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനായി നല്‍കിയ രേഖകളും മറ്റും തിരിച്ചേല്‍പ്പിക്കാന്‍ മാര്‍ക്‌സിനോട് കമ്മിറ്റി ആവശ്യപ്പെടുന്നു'.

കേന്ദ്രകമ്മിറ്റിയുടെ രൂക്ഷ പ്രതികരണത്തിന് ന്യായമുണ്ടായിരുന്നു , അത്രമാത്രം കലുഷിതമായിരുന്നു 1848 ല്‍ യൂറോപ്പിലെ രാഷ്ട്രീയ അന്തരീക്ഷം. അവരുടെ നിര്‍ബന്ധമാണ് ലോക ഗതിയെ മാറ്റിമറിച്ച നവോത്ഥാന രാഷ്ട്രീയത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സൃഷ്ടിയായ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയിലേക്ക് നയിച്ചത്. ലോക ചരിത്രത്തിലാദ്യമായി തൊഴിലാളി വര്‍ഗ്ഗം ഒരു ശാസ്ത്രീയമായ പരിപാടി മുന്നോട്ട് വെച്ചു. ഒരു സൈദ്ധാന്തിക പടുഭാഷാ പ്രയോഗങ്ങളുമില്ലാതെ ലോക തൊഴിലാളി വര്‍ഗ്ഗത്തിന് കവിത പോലെ വായിക്കാവുന്ന ശാസ്ത്രീയ പരിപാടി മുന്നോട്ട് വെച്ചു എന്നതാണ് മാനിഫെസ്റ്റോയുടെ ഏറ്റവും പ്രധാന നേട്ടം.

ഒരര്‍ത്ഥത്തില്‍ മാര്‍ക്‌സിന്റെ മുഴുവന്‍ കൃതികളുടെയും സത്ത ഉള്‍കൊള്ളുന്ന കൃതിയാണ് മാനിഫെസ്റ്റോ. അതിനുമുമ്പുള്ള മാര്‍ക്‌സിന്റെ എഴുത്തുകള്‍ എല്ലാം തന്നെ ഏതെങ്കിലും പ്രത്യേക തത്വചിന്താ രാഷ്ട്രീയ പദ്ധതികളോടുള്ള വിമര്‍ശം എന്ന നിലക്കായിരുന്നു എഴുതപ്പെട്ടതെങ്കില്‍ മാനിഫെസ്റ്റോയില്‍ അത് മുതലാളിത്ത വ്യവസ്ഥയോടുള്ള വിമര്‍ശമായി വികസിക്കുന്നതായി കാണാം. യുവ മാര്‍ക്‌സില്‍ നിന്നും പക്വമതിയായ മാര്‍ക്‌സിലേക്കുള്ള പരിണാമത്തിന്റെ തുടക്കമായി മാനിഫെസ്റ്റോയെ പരിഗണിക്കാം. ' നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ് ' എന്ന ഒറ്റവാചകത്തില്‍ ചരിത്രപരമായ ഭൗതീകവാദ വിശകലനത്തിന്റെ സത്തയിലാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളില്‍ ഏറ്റവും പുരോഗമന പരമായ ഒന്നായി മുതലാളിത്തം മാറുന്നതെങ്ങനെയാണെന്നും അതേ സമയം അത് ചൂഷണത്തിന്റെ ഏറ്റവും പ്രധാന രൂപമായി നിലനില്‍ക്കുന്നതെങ്ങനെയെന്നും ഒരേ സമയം മാനിഫെസ്റ്റോ വിശകലനം ചെയ്യുന്നു.

'...മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുക്കാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനികഭരണകൂടം...ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ബൂര്‍ഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡല്‍, പിതൃതന്ത്രാത്മക, അകൃത്രിമഗ്രാമീണബന്ധങ്ങള്‍ക്കും അറുതിവരുത്തി. മനുഷ്യനെ അവന്റെ ' സ്വാഭാവിക മേലാളന്മാരുമായി' കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു് നിഷ്‌കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്‌നമായ സ്വര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ 'രൊക്കം പൈസ'യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റേയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമങ്ങളുടേയും, ഫിലിസ്‌റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അത്, മനസ്സാക്ഷിക്കു നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്രവ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്‌നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.'

ഇവിടെ ചരിത്രത്തിലെ പ്രധാനമായ രണ്ടു വിച്ഛേദനങ്ങള്‍ക്ക് മാര്‍ക്‌സ് തുടക്കം കുറിക്കുന്നത് കാണാം. ഒന്ന് ഭരണകൂടം എന്നത് വര്‍ഗ്ഗ നിരപേക്ഷമായ സാര്‍വ്വജനീന വര്‍ഗ്ഗം (universal class) എന്ന ഹെഗേലിയന്‍ ആശയത്തെ മാര്‍ക്‌സ് ഇവിടെ തിരുത്തിയെഴുതുന്നു. ഭരണകൂടത്തിന്റെ വര്‍ഗ്ഗ സ്വഭാവം എന്തെന്നും അത്  ബൂര്‍ഷ്വാസിയുടെ ഒരു ഉപകരണമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും അതുകൊണ്ട് സാര്‍വ്വജനീന വര്‍ഗ്ഗം എന്നത് ഹെഗേലിയന്‍ ആശയത്തില്‍ നിന്ന് വിഭിന്നമായി തൊഴിലാളി വര്‍ഗമാണെന്നും മാര്‍ക്‌സ് സ്ഥാപിക്കുന്നു. തൊഴിലാളി വര്‍ഗമാണ് എല്ലാ വര്‍ഗങ്ങളുടെയും വിമോചനത്തിനുള്ള വര്‍ഗമായി പ്രവര്‍ത്തിക്കുകയെന്നും തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിലൂടെ മാനവരാശിയുടെ തന്നെ മോചനം സാധ്യമാകുകയാണെന്നും മാര്‍ക്‌സ് വ്യക്തമാക്കി. അതാകട്ടെ നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ അട്ടിമറിയിലൂടെ സാധ്യമാകുന്ന ഒന്നാണ് താനും.

രണ്ടാമത്തെ സങ്കല്‍പം സ്വാതന്ത്രത്തെ സംബന്ധിച്ച ആശയമാണ്. ഫ്രഞ്ച് വിപ്ലവത്തിലൂടെ സര്‍വസ്വീകാര്യമായതും ഇന്നും ലിബറല്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ സ്വാതന്ത്ര്യം എന്ന സങ്കല്‍പം യഥാര്‍ത്ഥത്തില്‍ 'സ്വകാര്യ സത്തുടമാവകാശത്തിനുള്ള സ്വാതന്ത്ര്യം' (freedom to property right) മാത്രമാണെന്നും അസമത്വ പൂര്‍ണമായ ഒരു സാമൂഹ്യ വ്യവസ്ഥയില്‍ അത് ഒരു മിഥ്യയായി നിലനില്‍ക്കുമെന്നും മാര്‍ക്‌സ് വാദിച്ചു. യഥാര്‍ത്ഥ സ്വാതന്ത്ര്യം ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ആണെന്നും അത് സാധ്യമാകണമെങ്കില്‍ ചൂഷണ രഹിതമായ ഒരു സാമൂഹികാവസ്ഥയുടെ സൃഷ്ടി ആവശ്യമാണെന്നും തൊഴില്‍ ചൂഷണത്തിലൂടെ നിലനില്‍ക്കുന്ന മുതലാളിത്ത ഘടനയില്‍ പൂര്‍ണ സ്വാതന്ത്ര്യം സാധ്യമല്ലെന്നും ആദ്യമായി മാര്‍ക്‌സ് വിളിച്ചു പറഞ്ഞു.

മാനിഫെസ്റ്റോ എഴുതുന്ന കാലത്ത് മുതലാളിത്തം ഇന്നത്തെ അപേക്ഷിച്ച് ശൈശവ ദശയില്‍ ആയിരുന്നു, ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുതലാളിത്ത ഉത്പാദന വ്യവസ്ഥക്ക് പുറത്തായിരുന്നു, ആധുനിക തൊഴിലാളി വര്‍ഗ്ഗം എണ്ണത്തില്‍ തുച്ഛമായിരുന്നു, ഏറ്റവും വികസിതമായ ഇംഗ്ലണ്ടില്‍ പോലും 500 മൈലില്‍ താഴെ റെയില്‍വേ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആധുനിക വാര്‍ത്താവിനിമയ സങ്കേതങ്ങളോ വൈദ്യുതിയുടെ വ്യാപക ഉപയോഗമോ ഉണ്ടായിരുന്നില്ല. എന്നിട്ടും മാര്‍ക്‌സ് അക്കാലത്തെ മുതലാളിത്ത വ്യവസ്ഥയുടെ വിശേഷരൂപങ്ങളെ കുറിച്ചോ ഉത്പാദന വ്യവസ്ഥയെ കുറിച്ചോ അല്ല മാനിഫെസ്റ്റോയില്‍ പറയുന്നത്. മറിച്ച് മുതലാളിത്തത്തെ ഒരു പ്രക്രിയ ആയി കാണുകയും അതിന്റെ വികസന യുക്തിയെ വിശകലനം ചെയ്യുകയുമാണ് മാര്‍ക്‌സ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ മുതലാളിത്ത വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം മാനിഫെസ്റ്റോ പ്രസക്തമായി തുടരുകയും ചെയ്യും.

ഇന്നത്തെ ആഗോളവത്കരണ പ്രക്രിയയെ കുറിച്ച് ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാലത്താണ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് എഴുതുന്നത്

'ഉല്‍പന്നങ്ങള്‍ക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിന് എല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാര്‍പ്പുറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കണം. ലോകകമ്പോളത്തെ ചൂഷണം ചെയ്യുന്നതിലൂടെ ബൂര്‍ഷ്വാസി ഓരോ രാജ്യത്തിലേയും ഉല്‍പാദനത്തിനും ഉപഭോഗത്തിനും ഒരു സാര്‍വ്വലൗകികസ്വഭാവം നല്‍കിയിട്ടുണ്ട്. പ്രതിലോമവാദികളെ വളരെയേറെ വേദനിപ്പിച്ചുകൊണ്ട് വ്യവസായത്തിന്റെ കാല്‍ക്കീഴില്‍ നിന്ന് അതു നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂര്‍ഷ്വാസി വലിച്ചുമാറ്റി. എല്ലാ പരമ്പരാഗത ദേശീയവ്യവസായങ്ങളേയും അതു നശിപ്പിച്ചു, അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണ്. തല്‍സ്ഥാനം പുതിയ വ്യവസായങ്ങള്‍ ഏറ്റെടുക്കുന്നു. അവ ഏര്‍പ്പെടുത്തേണ്ടത് എല്ലാ പരിഷ്‌കൃതരാജ്യങ്ങള്‍ക്കും ഒരു ജീവന്മരണപ്രശ്‌നമായിത്തീരുന്നു; ഈ പുതിയ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന അസംസ്‌കൃതസാധനങ്ങള്‍ തദ്ദേശീയമല്ല - അതിവിദൂരദേശങ്ങളില്‍നിന്നു കൊണ്ടുവരുന്നവയാണ്; അവയുടെ ഉല്‍പന്നങ്ങളാകട്ടെ, അതാതു നാട്ടില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുമുണ്ട്. സ്വന്തം രാജ്യത്തെ ഉല്‍പന്നങ്ങള്‍കൊണ്ട് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്ത് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലേയും കാലാവസ്ഥകളിലേയും ഉല്‍പന്നങ്ങള്‍കൊണ്ടുമാത്രം തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പുതിയ ആവശ്യങ്ങള്‍ നാം കാണുന്നു. പ്രാദേശികവും ദേശീയവുമായ ഏകാന്തതയുടേയും സ്വയംപര്യാപ്തതയുടേയും സ്ഥാനത്തു് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നാനാമുഖമായ ബന്ധങ്ങളും സാര്‍വ്വത്രികമായ പരസ്പരാശ്രിതത്വവുമാണു് ഇന്നുള്ളത്.

ലെനിന്റെ സാമ്രാജ്യത്വ വിശകലനത്തിന്റെ ആദ്യ രൂപം ഇവിടെ കാണാം. പക്ഷെ ലെനിന്റെ സാമ്രാജ്യത്വ വിശകലനം പോലും ദേശരാഷ്ട്രാധിഷ്ഠിതമായ മൂലധനത്തെ ആധാരമാക്കി ആയിരുന്നെങ്കില്‍ ഇന്ന് ധനമൂലധനം ദേശരാഷ്ട്ര അതിര്‍ത്തികള്‍ ഭേദിച്ച് സാര്‍വലൗകീകമായിരിക്കുന്നു. മാര്‍ക്‌സിന്റെ വാക്കുകള്‍ കൂടുതല്‍ പ്രവചനാത്മകമായ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.

'ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനനപക്ഷങ്ങളുടേതോ , ന്യൂനപക്ഷതാല്പര്യങ്ങള്‍ക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളി പ്രസ്ഥാനമാകട്ടെ , ബഹൂഭൂരിപക്ഷത്തിന്റെ താല്‍പര്യത്തിനുവേണ്ടിയുള്ള ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂര്‍വ്വവുമായ പ്രസ്ഥാനമാണ്. ലോകത്തൊഴിലാളി വര്‍ഗ്ഗം എണ്ണത്തില്‍ തുച്ഛമായിരുന്ന കാലത്താണ് മാര്‍ക്‌സ് ഇത് എഴുതുന്നത്. മുതലാളിത്ത വളര്‍ച്ചയോടെ തൊഴിലാളി വര്‍ഗ്ഗം വലുതാകുമെന്നും മഹാഭൂരിപക്ഷത്തിന്റെ പക്ഷമാകുമെന്നും മുതലാളിത്തത്തിന്റെ തന്നെ ശവക്കുഴി തോണ്ടുമെന്നുമുള്ള പ്രവചനം മുതലാളിത്ത വ്യവസ്ഥയെ കുറിച്ചുള്ള ശരിയായ വിശകലനത്തിന്റെ സൃഷ്ടിയായിരുന്നു. മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് രണ്ടു വര്‍ഗ്ഗങ്ങളെ (തൊഴിലാളി,മുതലാളി) മാത്രമേ കാണുന്നുള്ളൂ എന്നും യഥാര്‍ത്ഥ ലോകം നിരവധി അവാന്തര വിഭാഗങ്ങള്‍ ഉള്ളതാണെന്നുമുള്ള വിമര്‍ശനം ലിബറല്‍ ചിന്തകര്‍ ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് തന്നെ പറയുന്നു

'ഇടത്തരവര്‍ഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്‍പിനെ നാശത്തില്‍നിന്നും രക്ഷിക്കാന്‍വേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികള്‍, ഷോപ്പുടമകള്‍, കൈവേലക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവരെല്ലാം തന്നെ ബൂര്‍ഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ട് അവര്‍ വിപ്ലവകാരികള്‍ അല്ല, യാഥാസ്ഥിതികന്മാരാണ്. പോരാ , പിന്തിരിപ്പന്മാരാണ്. കാരണം, അവര്‍ ചരിത്രത്തിന്റെ ചക്രം പുറകോട്ടു തിരിക്കാനാണ് ശ്രമിക്കുന്നത്. ഇനി സംഗതിവശാല്‍ അവര്‍ വിപ്ലവകാരികള്‍ ആണെങ്കില്‍ അതിനുള്ള കാരണം അവര്‍ താമസിയാതെ തൊഴിലാളിവര്‍ഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണ്. അപ്പോള്‍ തങ്ങളുടെ ഭാവിതാല്‍പര്യങ്ങളെയാണ് ഇന്നത്തെ താല്‍പര്യങ്ങളെയല്ല അവര്‍ സംരക്ഷിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിലപാടില്‍ നിലകൊള്ളാന്‍വേണ്ടി അവര്‍ അവരുടെ സ്വന്തമായ നിലപാട് ഉപേക്ഷിക്കുന്നു.'

അതേസമയം ഈ ഇടത്തരം വര്‍ഗ്ഗങ്ങള്‍ കൂടുതലായി തൊഴിലാളിവല്‍ക്കരിക്കപ്പെടുകയും സമ്പത്ത് പൂര്‍ണമായും ബൂര്‍ഷ്വാസിയില്‍ കേന്ദ്രീകരിക്കാനുമുള്ള പ്രവണത മുതലാളിത്തം എക്കാലവും കാണിക്കുകയും ചെയ്യുന്നു. ഓക്‌സ്ഫാം പഠനം സൂചിപ്പിക്കുന്നത്  2017ല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ 73 % വും ഏറ്റവും സമ്പന്നരായ 1 % ആളുകളിലേക്കാണ് എത്തിയത് എന്നാണ്. അതായത് മധ്യവര്‍ഗങ്ങളെയും ചെറുകിട ഉത്പാദകരെയും നിരന്തരമായി തൊഴിലാളിവര്‍ഗ്ഗവത്കരിച്ചു കൊണ്ടാണ് മുതലാളിത്തം മുന്നേറുക. ആ അര്‍ത്ഥത്തില്‍ ചൂഷകരായ ബൂര്‍ഷ്വാസി ചൂഷിതരായ ബഹുഭൂരിപക്ഷം എന്ന ദ്വന്ദ്വത്തെ പ്രായോഗികമായി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തൊഴിലാളി വര്‍ഗത്തിന്റെ വിമോചനം എന്നത് സമൂഹത്തിന്റെ തന്നെ മോചനത്തിനുള്ള മുന്നുപാധിയായി മാറുന്നു.

സ്വകാര്യ സ്വത്തുടമാവകാശം അവസാനിപ്പിക്കുകയെന്ന കമ്മ്യുണിസ്റ്റ് ലക്ഷ്യത്തെ നേരിടാന്‍ അന്നും ഇന്നും വലതുപക്ഷം ഉപയോഗിക്കുന്നത് ഒരേ വാദങ്ങള്‍ തന്നെയാണെന്ന് മാനിഫെസ്റ്റോ വായനയില്‍ വ്യക്തമാകുന്നു. കമ്മ്യുണിസം 'വ്യക്തിസ്വാതന്ത്ര്യം' ഇല്ലാതാക്കും എന്നതാണ് ഒരു പ്രധാന വാദം. ഇവിടെ വലതുപക്ഷം 'വ്യക്തി' എന്നുദ്ദേശിക്കുന്നത് ബൂര്‍ഷ്വാസിയെയോ സ്വത്തുള്ള ഇടത്തരക്കാരനെയോ മാത്രമാണ്. തൊഴിലാളിയെ അവര്‍ പരിഗണിക്കുന്നേയില്ല അവരുടെ സ്വാതന്ത്ര്യമാകട്ടെ മുന്‍പേ സൂചിപ്പിച്ച പോലെ സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല.

മറ്റൊരു ആരോപണം 'സ്വകാര്യ സ്വത്തവകാശം' ഇല്ലാതായാല്‍ ആരും പണിയെടുക്കില്ല, എല്ലാവരും അലസരാകും എന്നതാണ്. ഇതിനു മറുപടിയായി മാര്‍ക്‌സ് പറയുന്നു

 'ഈ വാദമനുസരിച്ച് ബൂര്‍ഷ്വാ സമൂഹം വെറും ആലസ്യം നിമിത്തം എത്രയോ മുമ്പുതന്നെ തുലഞ്ഞുപോകേണ്ടതായരിന്നു. കാരണം, ആ സമൂഹത്തിലെ പണിയെടുക്കുന്ന അംഗങ്ങള്‍ യാതൊന്നും സമ്പാദിക്കുന്നില്ല. എന്തെങ്കിലും സമ്പാദിക്കുന്നവര്‍ യാതൊരു പണിയുമെടുക്കുന്നില്ല. മൂലധനമെന്നത് ഇല്ലാതായിക്കഴിഞ്ഞാല്‍ കൂലിവേല സാധ്യമല്ലാതാവും എന്ന പുനരുക്തിയുടെ മറ്റൊരു പ്രകടരൂപമാത്രമാണ് ഈ ആക്ഷേപമാകെത്തന്നെ.'

ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെ പറ്റിയുള്ള സ്വപ്നങ്ങള്‍ എല്ലാക്കാലവും മനുഷ്യര്‍ പങ്കുവെച്ചിരുന്നു. പലപ്പോഴും വലതുപക്ഷ ചിന്തകര്‍ തന്നെ ഇത്തരം ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുന്നോട്ട് വെച്ചു. അവയെല്ലാം തന്നെ ഒരു ധാര്‍മിക വ്യവസ്ഥ എന്ന നിലക്കാണ് അവതരിപ്പിക്കപ്പെട്ടത്. 19 ആം നൂറ്റാണ്ടിലെ യൂറോപ്യന്‍ സോഷ്യലിസ്റ്റുകള്‍ മുതല്‍ ഗാന്ധീയന്‍ സാമൂഹ്യവ്യവസ്ഥ വരെ ഇത്തരമൊരു ധാര്‍മിക വ്യവസ്ഥയായാണ് അവതരിപ്പിക്കപ്പെട്ടത്. പക്ഷെ ധാര്‍മികത എന്നത് തന്നെ വര്‍ഗപരമായ ഒരുല്‍പന്നമാണെന്നും ചൂഷണം ഘടനാപരമാണെന്നും മാര്‍ക്‌സ് സ്ഥാപിച്ചു. ഘടനാപരമായ ചൂഷണത്തെ മറികടക്കാന്‍ ഘടനാപരമായ പരിഹാരം ആവശ്യമാണ്. അതാണ് ഒരു കമ്മ്യുണിസ്റ്റ് വിപ്ലവത്തിലൂടെയും വര്‍ഗ്ഗരഹിത സമൂഹത്തിലൂടെയും സാധ്യമാകുന്നത്. ചുരുക്കി പറഞ്ഞാല്‍ ചരിത്രത്തിലാദ്യമായി മുതലാളിത്ത വ്യവസ്ഥയെ മുറിച്ചുകടക്കാനുള്ള പരിപാടിയെ ശാസ്ത്രീയമായി മുന്നോട്ട് വെക്കുന്നു എന്നതാണ് മാനിഫെസ്റ്റോയുടെ പ്രസക്തി.
 
വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരങ്ങളുമുള്ള പഴയ ബൂര്‍ഷ്വാ സമൂഹത്തിന്റെ സ്ഥാനത്ത്, ഓരോരുത്തരും സ്വതന്ത്രമായി വളര്‍ന്നുവന്നാല്‍ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം എന്ന വിപ്ലവകരമായ പരിവര്‍ത്തന അജണ്ടയാണ് മാനിഫെസ്റ്റോയിലൂടെ തൊഴിലാളി വര്‍ഗ്ഗം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം നമുക്ക് മാനിഫെസ്റ്റോ വായിച്ചും പ്രാവര്‍ത്തികമാക്കിയും മാത്രമേ മുന്നോട്ട് പോകാനാവൂ.
മാനിഫെസ്റ്റോ അപ്രസക്തമാക്കുന്ന ഒരു കാലത്തെയാണ് മാനിഫെസ്റ്റോ വിഭാവനം ചെയ്യുന്നതെന്ന് സാരം.


പ്രധാന വാർത്തകൾ
 Top