27 January Friday

കയർ ബോർഡ് കേരളത്തെ തഴയുന്നു

ആനത്തലവട്ടം ആനന്ദൻUpdated: Monday Dec 5, 2022

എ കെ ജി-യുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാർ ഒന്നാം പാർലമെന്റിൽ നടത്തിയ ഉജ്വലമായ പോരാട്ടത്തെത്തുടർന്നാണ് പാർലമെന്റ് 1953ൽ "കയർ വ്യവസായ നിയമം’ പാസാക്കിയതും തുടർന്ന്‌ കൊച്ചി ആസ്ഥാനമായി കയർ ബോർഡ് രൂപീകരിച്ചതും. അതിനുശേഷം ഏഴാം പഞ്ചവത്സരപദ്ധതിവരെ കയർ ബോർഡിന്റെ അനുവാദത്തുകയുടെ സിംഹഭാഗവും വിനിയോഗിച്ചത് കേരളത്തിലെ കയർ വ്യവസായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയായിരുന്നു. ഇതിന്റെ ഭാഗമായി കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക്  ഭവന–- ശൗചാലയ നിർമാണത്തിനും കയർ സംഘം ഓഫീസ് നിർമാണത്തിനും മറ്റ് അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റും ഉദാരമായി കയർ ബോർഡ് സഹായം നൽകി. എ കെ ജിയുടെ നേതൃത്വത്തിൽ അന്ന്‌ കേന്ദ്ര വ്യവസായ വാണിജ്യമന്ത്രിയെ കേരളത്തിൽ കൊണ്ടുവന്ന്  തൊഴിലാളികളുടെ ദയനീയാവസ്ഥ  കാട്ടിയതിനെത്തുടർന്നാണ് കേന്ദ്രം കയർ ബോർഡ് മുഖാന്തരം സഹായം ലഭ്യമാക്കിയത്. എന്നാൽ, ഇത്തരം നൽകാൻ കയർ ബോർഡ് ഇപ്പോൾ തയ്യാറാകുന്നില്ല.

1991 വരെ കയറിനും കയർ ഉൽപ്പന്നങ്ങൾക്കും റിബേറ്റ് നിലനിന്നിരുന്നു. റിബേറ്റ് ചെലവിന്റെ 50 ശതമാനം കയർ ബോർഡാണ് ലഭ്യമാക്കിയി രുന്നത്. 1987ലെ നായനാർ സർക്കാരിന്റെ കാലത്താണ് കയർ തൊഴിലാളി  പെൻഷൻ പദ്ധതി അനുവദിച്ചതും കേരള കയർ തൊഴിലാളി ക്ഷേമനിധി നിയമം പാസാക്കിയതും. അന്നുമുതൽ ഉദ്ദേശം ഒരു ദശാബ്ദക്കാലം  പെൻഷൻ ബാധ്യതയുടെ ഒരുഭാഗം കയർ ബോർഡ് വഹിച്ചു. എന്നാൽ, കയർ ബോർഡ്  ഈ  ധനസഹായങ്ങൾ എല്ലാം പാടെനിർത്തി.
കയർ സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും കയർ ബോർഡ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് കയർ വ്യവസായനിയമത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ബോർഡിന്റെ സ്ഥാപിതലക്ഷ്യത്തിൽ അത് ഉൾക്കൊൾച്ചിട്ടുള്ളതുമാണ്. എന്നാൽ, കയർ സംഘങ്ങൾക്ക് നേരിട്ട് ഒരു സഹായവും ലഭ്യമാക്കില്ലെന്നാണ് കയർ ബോർഡ് പ്രഖ്യാപനം. കയർ ബോർഡിന്റെ സഹകരണവിരുദ്ധ മനോഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

വ്യവസായം ഇതരസംസ്ഥാനങ്ങളിലേക്ക്
കേരളത്തെ പാടെ അവഗണിച്ച്‌ കയർ വ്യവസായം തമിഴ്നാട്ടിലേക്ക് പറിച്ചുനടുന്നതിനുള്ള ശ്രമങ്ങൾക്കാണ് യുപിഎ സർക്കാരിന്റെ കാലത്ത്  ബോർഡ് ശ്രമിച്ചത്. നിലവിൽ  മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ബോർഡ് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ നാളികേര കൃഷിയും കയർ വ്യവസായവും പുഷ്ടിപ്പെടുത്തുന്നതിനാണ് ബോർഡ് ശ്രമിച്ചുവരുന്നത്. അനുവാദത്തുകയുടെ അഞ്ചു ശതമാനംപോലും കേരളത്തിലെ കയർ വ്യവസായത്തിനുവേണ്ടി ചെലവഴിക്കാൻ  ബോർഡ് തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

മാറ്റ്സ് ആൻഡ്‌ മാറ്റിങ്‌ സൊസൈറ്റികൾക്കും കയർഫെഡ്, കയർ കോർപറേഷൻ, ഫോം മാറ്റിങ്‌സ്‌ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിപണി വിപുലീകരണ പ്രവർത്തനങ്ങൾക്കായി മാർക്കറ്റിങ്‌ ഡെവലപ്മെന്റ്‌ അസിസ്റ്റൻസായി അനുവദിച്ചു നൽകുന്ന പരിമിതമായ തുക മാത്രമാണ് കയർ ബോർഡ് മുഖാന്തരം കേന്ദ്രാവിഷ്കൃത പദ്ധതിയായി ലഭിക്കുന്നത്. ഈ ഇനത്തിൽത്തന്നെ 25 കോടിയിലധികം രൂപ  കുടിശ്ശികയാണ്‌.  കേരളത്തിൽ കയർ വ്യവസായ പ്രതിസന്ധി മൂർച്ഛിച്ച് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും  കുടിശ്ശിക തീർത്ത് വിതരണം ചെയ്യാതെ ആനുകൂല്യം നിഷേധിക്കുകയാണ്‌ കയർ ബോർഡ്.

കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തിന്‌ കുടപിടിക്കുന്ന സമീപനമാണ്‌ ഇത്‌. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതാശ്രയമാണ്‌ കയർ വ്യവസായം. പ്രതിസന്ധിയുടെ കയത്തിൽപ്പെട്ട് തൊഴിലാളികൾ ദുരിതം അനുഭവിക്കുന്നു. ഈ സന്ദർഭത്തിൽ കയർ ബോർഡ് പിന്തുടരുന്ന സംസ്ഥാന വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്. അതിന്റെ ഭാഗമായാണ്‌ തിങ്കൾ കയർ തൊഴിലാളികൾ കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്‌.

(സിഐടിയു സംസ്ഥാന പ്രസിഡന്റും കയർ 
വർക്കേഴ്സ് സെന്റർ പ്രസിഡന്റുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top