09 December Friday

കെടുതിഫണ്ട്‌ 
പരിഹാരമാകുമോ

ടി ചന്ദ്രമോഹൻUpdated: Tuesday Nov 22, 2022

 

ഒടുവിൽ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന 27–--ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പ്രതീക്ഷയുടെ പുകച്ചുരുൾ ഉയർന്നു. നിശ്‌ചിതസമയത്തിനകം മൂർത്തമായ പ്രശ്‌നങ്ങളിലൊന്നും തീരുമാനമെടുക്കാതെ പരാജയമായിരിക്കും ഉച്ചകോടിയെന്ന്‌ തീർച്ചപ്പെടുത്തുന്നതിനിടെയാണ്‌ ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ ഫണ്ട്‌ സ്വരൂപിക്കാമെന്ന ധാരണയിലെത്തിയത്‌. ആഗോളതാപനം ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് ഉത്തരവാദികളായ വികസിത രാജ്യങ്ങൾ, പാരിസ്ഥിതിക പ്രതിസന്ധികൾ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്നതായിരുന്നു സമ്മേളനത്തിലെ മുഖ്യ ചർച്ച. പതിനെട്ടിന്‌ അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി ഒരു ദിവസംകൂടി നീട്ടിയാണ്‌ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ നാശനഷ്ട നിധി (ലോസ്‌ ആൻഡ്‌ ഡാമേജ്‌ ഫണ്ട്‌) രൂപീകരിക്കാനുള്ള ധാരണയായത്‌. ദരിദ്രരാജ്യങ്ങളെ ഫോസിൽ ഇതര പുനരുപയോഗ ഊർജത്തിലേക്ക്‌ മാറ്റുന്നതിനും കാലാവസ്ഥക്കെടുതികൾ നേരിടുന്നതിനും മുമ്പ്‌ രൂപപ്പെടുത്തിയ കാലാവസ്ഥാ ധനസഹായഫണ്ടിന്‌ പുറമെയാണ്‌ പുതിയ നിധി. വർഷങ്ങൾ നീണ്ട ചർച്ചകൾക്ക്‌ ഫലപ്രാപ്‌തിയുണ്ടായെങ്കിലും പ്രായോഗിക തലത്തിൽ ഇതെങ്ങനെ നടപ്പാകും, വിഹിതം നൽകേണ്ട രാജ്യങ്ങൾ ഏത്‌ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരുംനാളുകളിൽ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പ്രാരംഭഘട്ടത്തിൽ അമ്പതിനായിരം  കോടി ഡോളർ സമാഹരിക്കണമെന്നാണ്‌ ചർച്ചകളിൽ ഉയർന്നുവന്നത്‌. ഡെൻമാർക്ക്‌, ബെൽജിയം, ജർമനി, സ്‌കോട്ട്‌ലൻഡ്‌, യൂറോപ്യൻ യൂണിയൻ എന്നിവ നിധിയിലേക്ക്‌ സംഭാവന നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഐക്യരാഷ്ട്രസംഘടനയും വികസന ബാങ്കുകളും വിഹിതം നൽകും. എന്നാൽ, ലോകത്ത്‌ ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്ന അമേരിക്ക ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചൈന, ഇന്ത്യ, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളും വിഹിതം നൽകണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം 55 ദരിദ്രരാജ്യത്തിന്‌ ഇതുവരെ 52,500 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ്‌ വിലയിരുത്തൽ. ഈ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരഉൽപ്പാദനത്തിന്റെ (ജിഡിപി) 20 ശതമാനമാണിത്‌. 2030ഓടെ പ്രതിവർഷം 58,000 കോടി ഡോളറിന്റെ നാശനഷ്ടം ഉണ്ടാകുമെന്നും വിലയിരുത്തി.

മുൻ ഉച്ചകോടികളിലെന്നപോലെ വികസിത രാജ്യങ്ങൾ അവരുടെ നിലപാടിൽ ഉറച്ചുനിന്നതുകൊണ്ടാണ്‌ കാതലായ തീരുമാനങ്ങളെടുക്കാൻ സാധിക്കാത്തത്‌. അമിതമായ തോതിൽ കാർബൺ ബഹിർഗമനത്തിന്‌ കാരണക്കാരായ വികസിത രാജ്യങ്ങൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. 1

നാശനഷ്ട ഫണ്ട്‌ രൂപീകരിക്കാനുള്ള ധാരണയൊഴിച്ചാൽ ശാസ്‌ത്രലോകത്തിന്റെ മുന്നറിയിപ്പ് ചെവിക്കൊണ്ട്‌ തീരുമാനങ്ങൾ എടുക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്‌ സാധിച്ചിട്ടില്ല. മുൻ ഉച്ചകോടികളിലെന്നപോലെ വികസിത രാജ്യങ്ങൾ അവരുടെ നിലപാടിൽ ഉറച്ചുനിന്നതുകൊണ്ടാണ്‌ കാതലായ തീരുമാനങ്ങളെടുക്കാൻ സാധിക്കാത്തത്‌. അമിതമായ തോതിൽ കാർബൺ ബഹിർഗമനത്തിന്‌ കാരണക്കാരായ വികസിത രാജ്യങ്ങൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. 198 രാജ്യത്തുനിന്ന്‌ രാഷ്ട്രത്തലവന്മാരോ അവരുടെ പ്രതിനിധികളോ കാലാവസ്ഥ വിദഗ്‌ധർ, ശാസ്‌ത്രജ്ഞർ, പരിസ്ഥിതിപ്രവർത്തകർ, മാധ്യമപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത ഉച്ചകോടി ഭൂമിയെ സംരക്ഷിക്കാനുള്ള അഭിലാഷവും അന്താരാഷ്ട്ര സഹകരണവും വീണ്ടെടുക്കാനുള്ള വേദിയായി എന്നത്‌ എടുത്തുപറയേണ്ടതാണ്‌. പരിസ്ഥിതിയെ നശിപ്പിച്ചതിന്‌ ലോകത്തെ ജനങ്ങൾ മുഴുവനും ഉത്തരവാദിയല്ല. മുതലാളിത്തത്തിന്റെ സൃഷ്ടിയായ തികച്ചും ഉപയോഗ ത്വരയിൽ ഊന്നീയ ഉൽപ്പാദനരീതിയും പാശ്‌ചാത്യരാജ്യങ്ങൾ വികസനത്തിന്റെ പേരിൽ നടത്തിയ വിഭവചൂഷണവുമാണ്‌ പ്രകൃതിയെ നശിപ്പിച്ചത്‌.

ലോക കാലാവസ്ഥാ വ്യതിയാനം എന്നത്‌ അടുത്തകാലംവരെ വിദൂരകാലത്ത്‌ സംഭവിക്കാൻ പോകുന്ന ശാസ്‌ത്രപ്രതിഭാസമായിരിക്കും എന്നായിരുന്നു കരുതിയിരുന്നത്‌. എന്നാൽ, ഇന്നത്‌ നിത്യജീവിതത്തെ ബാധിച്ചുതുടങ്ങി. ‘കാലാവസ്ഥാ കൂട്ടക്കൊല’ എന്ന പ്രയോഗംതന്നെ ഉയർന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിലെ ജീവനഷ്ടത്തെയാണ് "കാലാവസ്ഥ കൂട്ടക്കൊല' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളതലത്തിൽ 360 കോടിയോളം ജനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാകുന്നുവെന്ന് ഐക്യരാഷ്ട്രസംഘടനയ്‌ക്ക്‌ കീഴിലെ ഐപിസിസി പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. 50 വർഷത്തിനിടെ കാലാവസ്ഥമാറ്റംകൊണ്ടുള്ള പ്രകൃതിദുരന്തങ്ങൾ അഞ്ചിരട്ടിയായി. പത്ത് വർഷത്തിനിടെയുണ്ടായ മരണം 13 ലക്ഷത്തിലേറെ. കാർഷികമേഖലയിൽ ഉണ്ടാക്കുന്ന നാശം ഭക്ഷ്യക്ഷാമത്തിലേക്കും ഇതുവഴി കൂട്ട പട്ടിണിമരണത്തിലേക്കും നയിക്കും. പരിഹരിക്കാൻ കഴിയാത്ത വിപത്തിലേക്കാണ്‌ കാര്യങ്ങളെന്നാണ് യുഎൻ റിപ്പോർട്ടിലെ മുന്നറിയിപ്പ്.

കാലാവസ്ഥ ദുരന്തത്തിലേക്കുള്ള ആക്സിലറേറ്ററിൽനിന്ന് കാലെടുക്കാതെ നരകത്തിലേക്കുള്ള ഹൈവേയിലുടെയാണ്‌ നാം കടന്നുപോകുന്നത്‌

ഉച്ചകോടിയിൽ രാഷ്ട്രനേതാക്കളെ അഭിസംബോധനചെയ്‌ത്‌ ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞ വാക്കുകൾ ദുരന്തത്തിന്റെ ഭയാനകത എത്ര ഭീകരമാണെന്ന്‌ ഓർമപ്പെടുത്തുന്നതായിരുന്നു. ‘കാലാവസ്ഥ ദുരന്തത്തിലേക്കുള്ള ആക്സിലറേറ്ററിൽനിന്ന് കാലെടുക്കാതെ നരകത്തിലേക്കുള്ള ഹൈവേയിലുടെയാണ്‌ നാം കടന്നുപോകുന്നത്‌. മാനവരാശിക്ക് ഇനി ഒരു പോംവഴിയേ മുന്നിലുള്ളൂ; സഹകരിക്കുക, അല്ലെങ്കിൽ നശിക്കുക. മനുഷ്യന്റെ ഇടപെടലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണം. അതുകൊണ്ട് മനുഷ്യന്റെ ഇടപെടൽ തന്നെയാണ് പരിഹാരമാർഗവും. ദുരന്തപൂർണമായ അന്ത്യം ഒഴിവാക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും ഉടൻ ഇടപെടണമെന്നും ഗുട്ടെറസ്‌ ഓർമിപ്പിച്ചു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനില വർധന 2.8 ഡിഗ്രിയിലെത്തുമെന്ന്‌ വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ എമിഷൻസ് ഗ്യാപ് റിപ്പോർട്ട്‌ ഉച്ചകോടിയിൽ അവതരിപ്പിച്ചു. താപനില കഴിഞ്ഞ നൂറ്റാണ്ടിനേക്കാൾ നിലവിൽ 1.1 ഡിഗ്രി വർധിച്ചിട്ടുണ്ട്‌. വർധന 1.5 ഡിഗ്രിക്ക് താഴെ നിർത്താനായിരുന്നു 2015 ലെ പാരിസ് ഉടമ്പടി നിർദേശിച്ചത്. ഈ ലക്ഷ്യത്തിനായി കാർബൺ ബഹിർഗമനം 2030ഓടെ 43 ശതമാനം വെട്ടിക്കുറയ്ക്കണം. 2050ഓടെ പൂജ്യം കാർബൺ വ്യാപനമാണ് ലക്ഷ്യമെന്നും റിപ്പോർട്ട്‌ പറയുന്നു. ആഗോളതാപനത്തിന് കാരണമായ വാതകവ്യാപനം കുറയ്ക്കാനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ലെന്ന്‌ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എല്ലാ രാജ്യങ്ങൾക്കും പരമാവധി എത്രത്തോളം ഹരിത​ഗൃഹ വാതകങ്ങൾ പുറന്തള്ളാമെന്ന് കൃത്യമായ ധാരണയുണ്ട്. പക്ഷേ, ആ കാലാവസ്ഥാ ലക്ഷ്യങ്ങൾ ഇതുവരെ ആരും നടപ്പാക്കിയില്ല.

കൃഷി, ഭക്ഷ്യസുരക്ഷ, പോഷകാഹാരം, കാലാവസ്ഥാനുയോജ്യമായ കൃഷിക്ക്‌ സാമ്പത്തിക സഹായം, നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങൾ ഉച്ചക്കോടിയിൽ ചർച്ച ചെയ്‌തു. ലോകത്തിലെ മലിനീകരണത്തിന്‌ കാരണക്കാരായ കൊക്കോ കോളയുടെയും ജനറൽ മോട്ടോഴ്‌സിന്റെയും സ്‌പോൺസർഷിപ്പടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധം ഉയർന്നു. കാലാവസ്ഥാ നീതിക്കായി ആഹ്വാനംചെയ്‌ത്‌ പ്രതിഷേധക്കാർ വേദികളിലൂടെ മാർച്ച് ചെയ്‌തു. ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള ആഗോളവും വേഗമേറിയതും നീതിയുക്തവുമായ പരിവർത്തനത്തിന് എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധത കാട്ടണമെന്ന്‌ അവർ ആഹ്വാനം ചെയ്തു. കാർബൺമുക്ത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനങ്ങളെ സംബന്ധിച്ച ചർച്ചകളിൽ സജീവമായി ഇടപെട്ടത് ഖനിജ ഇന്ധനക്കമ്പനികളുടെ അറുനൂറിലധികം വരുന്ന ലോബിയിസ്റ്റുകളായിരുന്നു. കൽക്കരി ഉപയോഗം ‘ഘട്ടംഘട്ടമായി ഇല്ലാതാക്കുക’ എന്ന ആലോചനയെ ‘ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരിക’ എന്നതിലേക്ക്‌ എത്തിക്കാൻ ഇവർക്ക്‌ സാധിച്ചു. ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങൾ പരിശോധിക്കുമ്പോൾ എത്തുന്നത് നിലവിലെ സാമ്പത്തിക വികസന നയങ്ങളിലേക്കും വളർച്ചാമാതൃകകളിലേക്കുമാണ്. ഊർജത്തിന്റെയും ഭൗതികപദാർഥങ്ങളുടെയും അമിതമായ ഉപയോഗം ആവശ്യമുള്ള വളർച്ച അതേപടി നിലനിർത്തി കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനാകില്ല. ഓരോ കാലാവസ്ഥാ ഉച്ചകോടിയും കടുത്ത വിലപേശലിൽ അവസാനിക്കുമ്പോൾ, അടിസ്ഥാനപ്രശ്‌നം സ്ഥിരമായി നിലനിൽക്കുന്നു.

ഉച്ചകോടിയിൽ ഇന്ത്യ
കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യ മുൻ വർഷങ്ങളിലെ നിലപാടുകൾ ആവർത്തിച്ചു. പാരിസ് ഉടമ്പടിപ്രകാരമുള്ള പുതുക്കിയ കാർബൺ ബഹിർഗമന തോത്‌ ­സംബന്ധിച്ച രേഖ സമർപ്പിച്ചുകൊണ്ട്‌ 2070ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദീർഘകാല തന്ത്രമാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. രാജ്യങ്ങൾ കൽക്കരി മാത്രമല്ല, മറ്റ് ഫോസിൽ ഇന്ധനങ്ങളും ഘട്ടംഘട്ടമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകൃതിവാതകവും എണ്ണയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന് കാരണമാകുന്നു, കൽക്കരിയെമാത്രം വില്ലനെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും തുടരുന്നതിനുപകരം രാജ്യങ്ങൾ ഉണർന്നുപ്രവർത്തിക്കാൻ തയ്യാറാകണം. ഊർജ ഉൽപ്പാദനത്തിൽ കുറഞ്ഞ കാർബൺ ബഹിർഗമനം നടപ്പാക്കുക. വികസനവുമായി പൊരുത്തപ്പെടുന്ന രീതിയിൽ, "സംയോജിതവും കാര്യക്ഷമവുമായ കുറഞ്ഞ കാർബൺ ബഹിർഗമന ഗതാഗത സംവിധാനം വികസിപ്പിക്കും.

നഗരങ്ങളിലെ കെട്ടിടങ്ങളുടെ രൂപകൽപ്പന, ഊർജം, കാര്യക്ഷമത എന്നിവയിലെ പൊരുത്തപ്പെടുത്തൽ നടപടികൾ പ്രോത്സാഹിപ്പിക്കും. 2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ കാർബൺ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറച്ച്‌ 2005-ലെ നിലയിലേക്ക് താഴ്‌ത്തും. 2030ഓടെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 50 ശതമാനം ഫോസിൽ ഇതര ഊർജസ്രോതസ്സുകളിൽ നിന്നായിരിക്കും. 2030-ഓടെ അധികവനത്തിലൂടെയും വനവൽക്കരണത്തിലൂടെയും 2.5 മുതൽ 3 ബില്യൺ ടൺവരെ കാർബൺ ഡൈ ഓക്‌സൈഡ് നീക്കംചെയ്യാൻ അവസരം സൃഷ്ടിക്കും’ തുടങ്ങിയ തന്ത്രങ്ങളാണ്‌ മുന്നോട്ടുവച്ചത്. കാർബൺ പുറന്തള്ളലിന്റെ കാര്യത്തിൽ സാധ്യമായതിലേറെ ചെയ്തുകഴിഞ്ഞുവെന്ന നിലപാടാണ് ഇന്ത്യയുടേത്‌. 2070ഓടെ ഇന്ത്യ കാർബൺ പുറന്തള്ളുന്നത്‌ പൂജ്യത്തിൽ എത്തിക്കുമെന്ന്‌ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കാനുള്ള നടപടികൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടായില്ലെന്നുമാത്രമല്ല, അടച്ചിട്ട കൽക്കരിനിലയങ്ങൾ തുറന്നുപ്രവർത്തിപ്പിച്ചതും 140 കൽക്കരിപ്പാടം ലേലം ചെയ്യാനുള്ള നടപടികൾ എടുത്തതും ഈ ഘട്ടത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top