06 October Thursday

നാണംമറയ്‌ക്കാത്ത വിധികൾ - അഡ്വ. പി എം ആതിര എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

നീതിന്യായ മേഖലയിൽനിന്ന്‌ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങൾ  ഉണ്ടാകുന്നത് കണ്ടുംകേട്ടും നിൽക്കേണ്ടുന്ന അവസ്ഥയാണ് സമീപകാലത്ത്  ജുഡീഷ്യറിയിൽനിന്നും ഉണ്ടാകുന്നത്. അത് കീഴ്‌ക്കോടതിമുതൽ ഉന്നത നീതിപീഠംവരെ നീളുന്നതാണ്. ഒരുഭാഗത്ത് രാജ്യം ഭരിക്കുന്നവർ  സ്‌ത്രീകളുടെ അവകാശത്തെയും അധികാരത്തെയുംകുറിച്ച് വാചാലരാകുമ്പോൾ മറുഭാഗത്ത് അതിന്‌ നേരെ വിരുദ്ധമായ നയങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളും തുടർച്ചകളും നീതിപീഠത്തിൽനിന്ന്‌ ഉണ്ടാകുന്നത് നിരാശാജനകമാണ്.

‘‘ജാതിയിൽ പിന്നാക്കം നിൽക്കുന്ന സ്‌ത്രീയെ മുന്നാക്ക ജാതിയിൽപ്പെട്ടവർ തൊടില്ല. അതുകൊണ്ടവർ ബലാൽസംഗം നടത്തിയിട്ടുണ്ടാകില്ല, അമ്മാവനും മരുമകനും ഒരേ സ്‌ത്രീയെ ഒരു സമയത്ത് പ്രാപിക്കില്ല; അതുകൊണ്ട് ബലാൽസംഗം നടന്നിട്ടുണ്ടാകില്ല. ഭർതൃമതിയെ ഭർതൃസാന്നിധ്യത്തിൽ ഉയർന്ന പാരമ്പര്യമുള്ള ആരും തൊടില്ല’’ തുടങ്ങിയ പരമാർശങ്ങൾ  ഒരു വിചാരണക്കോടതി വിധിന്യായത്തിൽ വന്നതാണ്. രാജസ്ഥാനിലെ ആരോഗ്യപ്രവർത്തകയായ ഭാൻവാരിദേവി  തൊഴിലിന്റെ ഭാഗമായി ജമീന്ദാർ കുടുംബത്തിലെ ബാല്യവിവാഹം തടയാൻ ശ്രമിച്ചപ്പോൾ പ്രതികാരബുദ്ധിയാൽ ജമീന്ദാർ കുടുംബാംഗങ്ങളും ജാതി മാടമ്പിമാരും ചേർന്നു നടത്തിയ കൂട്ട ബലാൽസംഗക്കേസിൽ വിചാരണ നടത്തിയ കോടതിയാണ് ഇത്തരത്തിൽ വിചിത്രമായ കണ്ടെത്തൽ നടത്തിയത്.  ഈ വിധി കേട്ട്  ഇന്ത്യ ഞെട്ടിത്തരിച്ചു. നിയമസംഹിതകൾ മാറിനിന്ന് നീതിബോധത്തിനു പകരം ന്യായാധിപരുടെ വ്യക്തിപരമായ യുക്തികൾ എങ്ങനെ പ്രവർത്തിക്കുന്നു. പാട്രിയാർക്കിയുടെ സ്‌ത്രീവിരുദ്ധ ആശയങ്ങൾക്കുമുന്നിൽ സ്‌ത്രീപക്ഷ നിയമങ്ങൾ  എങ്ങനെ നിഷ്‌പ്രഭമാകുന്നു എന്നതിന് കാണിക്കാവുന്ന ഉദാഹരണങ്ങളിൽ ഒന്നാണ്‌ ഇത്. മഥുര കേസും സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധിയും ഉൾപ്പെടെ പൊതുസമൂഹം ചർച്ച ചെയ്തതും പ്രതികരിച്ചതുമായ നിരവധി കേസ് ഈ പട്ടികയിലുണ്ട്.

അതിന്റെ തുടർച്ച കേരളത്തിൽ നടക്കുന്നു. നേരിട്ട അപമാനത്തെക്കുറിച്ച് പരാതിയുമായി വന്ന വർക്കെതിരെ ‘ നിങ്ങൾ ധരിച്ച വസ്‌ത്രമാണ് നിങ്ങൾക്കുണ്ടായ പ്രശ്നങ്ങൾക്ക് കാരണം, ഇമ്മാതിരി വസ്‌ത്രം ധരിച്ചവർക്ക് ഇതൊക്കെ  നേരിടേണ്ടിവരും’ എന്ന യുക്തി ഒരു മുൻകൂർ ജാമ്യ ഹർജിയുടെ ഉത്തരവിൽ പരാമർശിക്കുക. വസ്‌ത്രമാണ് പ്രശ്നം; അല്ലാതെ പ്രതിയുടെ വികലമായ മാനസികനിലയോ കാഴ്ചപ്പാടോ അല്ല. മാറേണ്ടത് സ്‌ത്രീകളോടുള്ള സമീപനവുമല്ല. അവരുടെ വസ്‌ത്രധാരണ രീതിയാണെന്ന് അടിവരയിടുന്നു കോടതി. "സമൂഹത്തിൽ ഉന്നതരായ മക്കളുള്ള അച്ഛൻ ഇങ്ങനെയൊന്നും ചെയ്യില്ല. പരാതി തന്നെ ദൗർഭാഗ്യകരം.’ സമൂഹത്തിലെ ഉന്നതർക്ക് എന്തുമാകാം. (രാജാവ് കുറ്റം ചെയ്യില്ലെന്ന പഴയ നീതിബോധം). അതിനെ ചോദ്യം ചെയ്യുന്നവരാണ്, പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന ബോധം നീതിപീഠങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നു

"പരാതിക്കാരി സംരക്ഷണനിയമങ്ങളുടെ ദുരുപയോഗമാണ് നടത്തിയത്. എസ്‌സി, എസ്‌ടി  ജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സംരക്ഷണത്തേക്കാൾ ഭരണഘടനയുടെ തുല്യതയാണ് പ്രധാനം’ തുടങ്ങിയ വിചിത്ര കണ്ടെത്തലുകൾ.  ജാതീയമായ സാമൂഹ്യ പിന്നാക്കാവസ്ഥയെ മറികടക്കാൻ ഉണ്ടാക്കിയതാണ്  ആ നിയമമെന്ന് മറന്നാണ് ഇത്തരം പരാമർശങ്ങൾ. "പരാതിയിൽ കാലതാമസം വിദ്യാഭ്യാസമുള്ളവർക്കിടയിൽനിന്നും എന്തു കാരണത്തിന്റെ പേരിലും ഉണ്ടാകരുത്.  രക്ഷാകർത്താവിനെപ്പോലെ കരുതിയ ഒരാളിൽനിന്നുള്ള ലൈംഗികാതിക്രമം ഉണ്ടാക്കിയ മെന്റൽ ട്രോമയായാലും സ്വന്തം അച്ഛൻ ആശുപത്രിയിലായാലും മരിച്ചാലും അതൊന്നും പരാതി വൈകാൻ കാരണമാകരുത്. വൈകുന്ന പരാതി കെട്ടിച്ചമച്ചവയാണെന്ന് കരുതരുത്. വൈകിയതിന്റെ കാരണം കോടതികൾ മനസ്സിലാക്കണമെന്ന് എത്രയോ വിധിന്യായം ഉണ്ടായിട്ടും അതിനൊന്നും തയ്യാറല്ലെന്ന നിലപാട്‌ ലൈംഗികാതിക്രമം നേരിട്ടവർക്ക് എത്രമാത്രം വേദനാജനകമായിരിക്കും. 

അയൽവാസിയായ സ്‌ത്രീയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോൾ അതിലെ വ്യവസ്ഥ രക്ഷാബന്ധൻ ദിനത്തിൽ പ്രതി പരാതിക്കാരിയുടെ വീട്ടിൽ മധുരപ്പലഹാരവുമായി ചെന്ന് രാഖി കെട്ടണമെന്നതായിരുന്നു. ഇതിനെതിരെയാണ് അഡ്വ. അപർണ ഭട്ടും എട്ട്‌ അഭിഭാഷകരുംചേർന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ എൻ ഖാൻവിൽക്കറും ജസ്റ്റിസ് എസ് രവീന്ദ്രഭട്ടും അടങ്ങിയ ഡിവിഷൻ ബെഞ്ച് 2021 മാർച്ച്‌ 18ന്‌ ഈ കേസിൽ പറഞ്ഞ വിധി ലൈംഗികാതിക്രമക്കേസുകൾ പരിഗണിക്കുന്ന കോടതികൾ പാലിക്കേണ്ടുന്ന മര്യാദകളെക്കുറിച്ചാണ് . കോടതിയെ സമീപിച്ച ഹർജിക്കാരെ അഭിനന്ദിച്ച സുപ്രീംകോടതി സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ വിധിപറയുമ്പോൾ  എന്തൊക്കെ ചെയ്യണം,  ചെയ്യരുത് എന്ന്‌ വിലയിരുത്തി. കോടതി വിധികളിൽ കാണുന്ന രക്ഷാകർതൃ -സംരക്ഷണ മനോഭാവം, സ്‌ത്രീവിരുദ്ധത, സ്‌ത്രീവിദ്വേഷം ഉൾപ്പെടെ  പ്രോഗ്രസീവ് ജഡ്ജ്മെന്റിൽ ഉണ്ടാകരുത് എന്നത് അടിവരയിട്ടു.

വിധിയിലെ നിർദേശങ്ങളിൽ പ്രധാനം- " The judge should be sensitive to the prosecutrix and should save her from trauma during the proceedings.
" Such words that threaten to shake the confidence of the victim in the fareness of the justice system should not be uttered by the judge
’ എന്നതായിരുന്നു. ഒറ്റവാചകത്തിൽ പറഞ്ഞാൽ പരാതിക്കാരിയെ മാനസികമായി തളർത്തുന്നതൊന്നും വിധികളിൽ വരരുത്.  അത് ഉറപ്പിച്ചുപറയുന്ന വിധി അപർണഭട്ട് v/s  സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് വായിക്കാത്തവരല്ല നമ്മുടെ ന്യായാധിപർ. പക്ഷേ, ഇത്തരം വിധികൾക്കും സ്‌ത്രീപക്ഷ നിയമങ്ങൾക്കും ഭരണഘടനയ്‌ക്കും അപ്പുറത്താണ് അവരെ നയിക്കുന്ന സ്‌ത്രീവിരുദ്ധ ആശയങ്ങൾ. രാജസ്ഥാനിൽ വർഷങ്ങൾക്കുമുമ്പ്; 1992ൽ സംഭവിച്ചതെങ്കിൽ  30 വർഷത്തിനിപ്പുറം വിചാരണപോലും നടത്താതെ  ജാമ്യഹർജിയിൽ ഇങ്ങനെ വിധി പ്രഖ്യാപിക്കുന്ന കോടതികളും നമുക്ക്‌ ചുറ്റുമുണ്ട് എന്നത്  ഭീതിയുണ്ടാക്കുന്നു. അത് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതും പരാതിക്കാരികളെയും  അതിജീവിതകളെയും ഇല്ലാതാക്കുന്നതുമാണ്.  ഇത്തരം വിധികൾ വരുന്നിടത്ത്  ഇരകളാക്കപ്പെടുന്നവർ ഇരകളായിത്തന്നെ തുടരും.

അതിക്രമങ്ങളില്ലാത്ത ജീവിതം സ്‌ത്രീയുടെ അവകാശമാണ്. ഔദാര്യമല്ല. നീതിയുടെ വഴിയിൽ അത് നേടിയെടുക്കുംവരെ യുദ്ധം തുടരുന്ന രാജസ്ഥാനിലെ ഉൾനാടൻ പ്രദേശത്തിലെ  സാധാരണ ഗ്രാമീണ സ്‌ത്രീയായ ഭാൻവാരി ദേവിയാണ് ഇന്ത്യയിലെ സ്‌ത്രീകൾക്ക് തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരായ  നിയമത്തിനു കാരണക്കാരി. അവരാണ് അതിജീവിതകൾക്ക് മാതൃക. അതുകൊണ്ട് നീതിക്കായുള്ള സമരം കോടതികൾക്കകത്തുമാത്രം നടക്കേണ്ടതല്ല; അകത്തും പുറത്തും തുടരേണ്ടതാണ്.  പക്ഷേ, പരാതിക്കാരികളെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും

സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ നടത്താനും ഒരു കോടതിക്കും അവകാശമില്ല. വിചാരണപോലും നടത്താത്ത കേസുകളിലെ ഈ മുൻവിധികൾ ഇല്ലാതാക്കുന്നത് കാലം പോരാടി നേടിയെടുത്ത നീതിയെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top