26 February Wednesday

പൗരത്വവും അപരത്വവും; ആർക്കും പൗരത്വം നിഷേധിക്കരുത്

പ്രൊഫ. വി കാർത്തികേയൻ നായർUpdated: Wednesday Jan 22, 2020

2019ലെ പൗരത്വഭേദഗതി നിയമം രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്നുരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ മുസ്ലിങ്ങളൊഴികെയുള്ള മറ്റ്‌ മതവിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വത്തിനർഹതയുണ്ടെന്നാണ് ഭേദഗതിനിയമം അനുശാസിക്കുന്നത്. ഇന്ത്യയിലേക്കവർ കുടിയേറാൻ കാരണം മതപീഡനമാണ് എന്നാണ് ഭാഷ്യം. ഇതിൽ പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ്. അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയൽരാജ്യമല്ല. കുടിയേറ്റക്കാർക്ക് പൗരത്വത്തിനർഹത ലഭിക്കുന്നത് മതാടിസ്ഥാനത്തിലാണ് എന്ന കാര്യം ഭരണഘടനയുടെ അടിസ്ഥാനതത്വമായ മതനിരപേക്ഷതയ്‌ക്കെതിരാണ്. എന്നുമാത്രമല്ല, പാകിസ്ഥാനിൽ ഇസ്ലാംമതവിഭാഗക്കാർ തമ്മിലുള്ള തർക്കത്തിന്റെയും പീഡനത്തിന്റെയും ഫലമായി നിരവധി മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. അഹമദീയർ എന്നാണവരറിയപ്പെടുന്നത്. മതപീഡനത്തിനിരയായി കുടിയേറിയവരുടെ കൂട്ടത്തിൽ മുസ്ലിങ്ങളുണ്ടെങ്കിൽ അവർക്ക് പൗരത്വത്തിനർഹതയില്ല. ഇത് വിവേചനപരമാണ്. മുസ്ലിങ്ങളാണെങ്കിൽ അനധികൃതകുടിയേറ്റക്കാരും അമുസ്ലിങ്ങളാണെങ്കിൽ അഭയാർഥികളുമാണെന്ന നിർവചനം മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്.

ഇപ്പോഴത്തെ ഭേദഗതി നിയമത്തിൽ ഹേതുവെന്താണ്? നാല്‌ പതിറ്റാണ്ടുമുമ്പുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചാലെ ഇത് വ്യക്തമാകുകയുള്ളു. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കൻ പാകിസ്ഥാനിൽ നടന്ന വിമോചനപ്പോരാട്ടവും 1971 ഡിസംബറിൽ ഇന്ത്യയുടെ സൈനികസഹായത്തോടുകൂടി ആ രാജ്യം സ്വതന്ത്രമായതും ചരിത്രത്തിന്റെ ഭാഗമാണ്.അതിനുമുമ്പും പിമ്പുമായി ലക്ഷക്കണക്കിന്‌പേർ ഇന്ത്യയിൽ അഭയാർഥികളായെത്തി. ഇവരിൽ ഭൂരിപക്ഷവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് അസമിൽ ആയിരുന്നു കുടിൽകെട്ടി പാർത്തിരുന്നത്. ഈ അഭയാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 1979ൽ അസമിൽ കലാപമുണ്ടായത്. ഓൾ അസാം സ്റ്റുഡൻസ് യൂണിയൻ ആയിരുന്നു സമരത്തിന് നേതൃത്വം കൊടുത്തത്. അഭയാർഥികളായെത്തിയവരിൽ എല്ലാ മതസ്ഥരുമുണ്ടായിരുന്നു. അസാം കലാപം രക്തരൂക്ഷിതമായിരുന്നു. ഇതിൽ ഏറ്റവും ഹീനമായതായിരുന്നു 1983ലെ നെല്ലികൂട്ടക്കൊല. ഇന്ത്യാവിഭജനത്തിന്‌ മുമ്പുതന്നെ അസമിൽ കുടിയേറിപ്പാർത്ത മുസ്ലിങ്ങളായ ആയിരത്തിഎണ്ണൂറോളം പേരെ ഒറ്റരാത്രികൊണ്ട് കൊന്നൊടുക്കി. അവർ അസം പൗരന്മാരും അസമിയ ഭാഷ സംസാരിക്കുന്നവരുമായിരുന്നു. ദാരുണമായ ഈ സംഭവത്തോടുകൂടി കേന്ദ്ര‐സംസ്ഥാനസർക്കാരുകൾ ഉണർന്നുപ്രവർത്തിക്കുകയും 1985ൽ അസം കരാർ ഒപ്പുവയ്‌ക്കുകയുംചെയ്തു.

ഈ കരാറനുസരിച്ച് 1951നും 1971നുമിടയ്‌ക്ക് അസമിലേക്ക് കുടിയേറിയവർക്ക് പൗരത്വം നൽകും. അതിനുശേഷമുള്ളവരെ അനധികൃത കുടിയേറ്റക്കാരായി നിർണയിച്ച് സംസ്ഥാനത്തിന് പുറത്താക്കും. ഇന്ത്യാവിഭജനത്തെത്തുടർന്ന് അഭയാർഥികളായെത്തിയവർക്ക് പൗരത്വം നൽകുന്നതിനായി നിശ്ചയിച്ച വർഷമായിരുന്നു 1951. കിഴക്കൻ പാകിസ്ഥാനിലെ വിമോചനപ്പോരാട്ടം അവസാനിക്കുന്നതിനുമുമ്പ് അഭയാർഥികളായെത്തിയവർക്ക് പൗരത്വം നൽകുന്നതിനാണ് 1971 അടിസ്ഥാനവർഷമായെടുത്തത്. വിമോചനപ്പോരാട്ടത്തിന് ഇന്ത്യ പിന്തുണ നൽകിയതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായതിനുശേഷം അതിർത്തികടന്നുവന്നവരെ അനധികൃത കുടിയേറ്റക്കാരായി നിശ്ചയിച്ച് തിരിച്ചയക്കുകയോ അഭയാർഥി ക്യാമ്പുകളിൽ പാർപ്പിക്കുകയോ ചെയ്യുമെന്നായിരുന്നു അസം കരാറിലെ വ്യവസ്ഥ. അങ്ങനെ വന്നവർ നാൽപ്പതുലക്ഷം പേർ വരുമെന്നാണ്‌ കണക്കാക്കുന്നത്.

അസം കരാർ നടപ്പാക്കാൻ തന്നെയായിരുന്നു കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്. കേന്ദ്രസർക്കാരിന്‌ രൂപം നൽകിയിരിക്കുന്ന എൻഡിഎ തന്നെയാണ് അസമും ഭരിക്കുന്നത്. എന്നാൽ, നടപ്പാക്കാൻ തുനിഞ്ഞപ്പോഴാണ് അപകടം മനസ്സിലായത്. മേൽപ്പറഞ്ഞ നാൽപ്പതുലക്ഷം പേരിൽ പതിന്നാലു ലക്ഷത്തോളം പേർ ഹിന്ദുക്കളാണ്. അതായത് ബംഗ്ലാദേശിൽനിന്ന്‌ പലായനംചെയ്തു വന്നവരിൽ എല്ലാ മതസ്ഥരുമുണ്ടായിരുന്നു. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കാമെന്നും ലോകത്തെവിടെയുമുള്ള ഹിന്ദുവിന് ഇന്ത്യ അഭയം നൽകുമെന്നുമുള്ള സംഘപരിവാറിന്റെ പ്രഖ്യാപനത്തിനേറ്റ പ്രഹരമാണ് അസം കരാറിലെ വ്യവസ്ഥകൾ. അതിനാൽ കുടിയേറ്റത്തിന്റെ അടിസ്ഥാനവർഷം 2014 ഡിസംബർ 31 എന്നാക്കി. അതായത് 1971നും 2014നും ഇടയിൽ ഇന്ത്യയിലേക്കു വന്ന മുസ്ലിങ്ങളല്ലാത്തവർ അഭയാർഥികളാണ്. മുസ്ലിങ്ങളാണെങ്കിൽ അനധികൃത കുടിയേറ്റക്കാരുമാണ്.

ഇപ്പോഴത്തെ ഭരണഘടനാഭേദഗതി നിയമം 1985ലെ അസം കരാറിന്റെ ലംഘനമാണ്. അസം കരാർ നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതുമാണ്. എന്നുമാത്രമല്ല, അസമിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 371എ മുതൽ എച്ച്‌ വരെയുള്ള വകുപ്പുകളുടെ ലംഘനവുമാണ്. ഈ സംസ്ഥാനങ്ങളെല്ലാം വംശീയമായും സാംസ്കാരികമായും സവിശേഷതകളുള്ള ജനങ്ങൾ അധിവസിക്കുന്ന ഇടങ്ങളാണ്. ഓരോ സംസ്ഥാനത്തിനും ഓരോ ദേശീയതയുണ്ട്. ഓരോ സംസ്ഥാനത്തിനകത്തും നിരവധി ഉപദേശീയതകളുണ്ട്. അതുകൊണ്ടാണ് ഭരണഘടനയുടെ ആറാംപട്ടികയിൽ ഈ സംസ്ഥാനങ്ങളെ സംബന്ധിച്ച പ്രത്യേക കാര്യങ്ങൾ എഴുതിച്ചേർത്തിരിക്കുന്നത്.

ഹിന്ദു അഭയാർഥികളെന്ന പേരിൽ കുറെപ്പേരെ ഈ സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന് പൗരത്വം നൽകി താമസിപ്പിച്ച് തദ്ദേശീയമായ സംസ്കാരത്തെ തകർക്കുകയും ഈ സംസ്ഥാനങ്ങളിലെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ജനങ്ങൾ ഭയക്കുന്നു. ബ്രിട്ടീഷ്കൊളോണിയൽ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദേശീയതയെയും സംസ്കാരത്തെയും അടിച്ചമർത്തിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് അവർക്ക് സ്വത്വം സംരക്ഷിക്കാൻ കഴിഞ്ഞത്. അതിനുവേണ്ടിയാണ് ഭരണഘടനയിൽ 371 എ മുതൽ എച്ച്‌വരെ എഴുതിച്ചേർത്തത്. അതിൽപ്രധാനം നാഗാലാൻഡിനെ സംബന്ധിക്കുന്നതാണ്. നാഗാലാൻഡ് നിയമസഭയുടെ അംഗീകാരമില്ലാതെ അവിടെ ഭൂമി വാങ്ങാനോ മൂലധനം നിക്ഷേപിക്കാനോ കഴിയില്ല. കശ്മീരിനുണ്ടായിരുന്ന അതേ പരിരക്ഷ. കോർപറേറ്റുകൾക്ക് കടന്നുചെല്ലാൻ കഴിയുംവിധം 370–ാം വകുപ്പ് റദ്ദാക്കി കശ്മീരിനെ കഷണങ്ങളാക്കി. അടുത്തത്‌ ഇനി വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് ഇരകളാകുന്നത്. ഈ സംസ്ഥാനങ്ങൾക്ക് ഇന്ത്യയുമായുള്ള അതിർത്തി വെറും രണ്ടുശതമാനം മാത്രമാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, മ്യാൻമാർ എന്നീ രാജ്യങ്ങളുമായിട്ടാണ് 98ശതമാനം അതിർത്തിയും പങ്കിടുന്നത്. വിന്ധ്യഹിമാലയങ്ങൾക്കിടയിലെ സവർണഹിന്ദുത്വത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വിഘടനവാദമായിരിക്കും ഫലം. അവിടെ വിമോചനസമരം പൊട്ടിപ്പുറപ്പെടുകയും ചൈനയും മ്യാൻമറും അതിന്‌ പിന്തുണ നൽകുകയും ചെയ്യും. മുപ്പത് വിദ്യാർഥിസംഘടന ചേർന്ന് രൂപീകരിച്ച നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് ഓർഗനൈസേഷനാണ് ഇപ്പോൾ പൗരത്വഭേദഗതി നിയമത്തിനെതിരെ ഇവിടെ പ്രധാനമായും സമരരംഗത്തുള്ളത്. യുവത്വം തെരുവിലിറങ്ങി ചോരചിന്തുകയാണ്.

പൗരത്വഭേദഗതി നിയമം കേവലമൊരു മതപരമായ പ്രശ്നം മാത്രമല്ല. കശ്മീർ പ്രശ്നത്തെ മതപരമായ പ്രശ്നമായി ന്യൂനീകരിച്ച് പ്രചരിപ്പിച്ച് കോർപറേറ്റ് താൽപ്പര്യത്തെ ഒളിപ്പിച്ചുവയ്‌ക്കുകയായിരുന്നു. പൗരത്വഭേദഗതി നിയമവും മതപരമായ പ്രശ്നത്തെമാത്രം ഉയർത്തക്കാട്ടി കോർപറേറ്റ് താൽപ്പര്യം മറച്ചുവയ്‌ക്കുകയാണ്. ഭാഷയും സംസ്കാരവും ദേശീയതയുമെല്ലാം കോർപറേറ്റുകൾക്ക് വിൽപ്പനച്ചരക്കാണ്.

രാഷ്ട്രീയവും മതപരവുമായ പീഡനങ്ങളാൽ മ്യാൻമറിൽനിന്ന്‌ പുറന്തള്ളപ്പെട്ട രോഹിൻഗ്യകളും ശ്രീലങ്കയിൽനിന്ന്‌ പുറന്തള്ളപ്പെട്ട തമിഴ് വംശജരും പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ വരുന്നില്ലായെന്നതിൽനിന്ന്‌ വിവേചനത്തിന്റെ പൂർണത മനസ്സിലാക്കാൻ സാധിക്കും. പാരമ്പര്യം, പൈതൃകം, സംസ്കാരം മുതലായ വർണശബളമായ പുറന്തോടുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത് മതമൗലികവാദത്തിലധിഷ്ഠിതമായ കോർപറേറ്റ് താൽപ്പര്യമാണ്. മുതലാളിത്തത്തിന്റെ വികസിതരൂപമാണ് സാമ്രാജ്യത്വം എന്ന് ലെനിൻ നിർവചിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിന്റെ ആക്രമണപരമായ മുഖമാണ് ഫാസിസം. ആക്രമണം സൈനികമായിട്ടല്ല സാംസ്കാരികമായിട്ടാണ് എന്ന് മനസ്സിലാക്കിയാലെ പ്രതിരോധത്തിന്റെ തന്ത്രം ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ. അപരത്വം ആരോപിച്ച് ആർക്കും പൗരത്വം നിഷേധിക്കരുത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top