20 June Sunday

ബഹിഷ്‌കരണം ആരോഗ്യകരമോ

ടി ചന്ദ്രമോഹൻUpdated: Friday Jul 3, 2020


അതിർത്തിയിലെ സംഘർഷം കനക്കുന്നതിനിടയിൽ ചൈനീസ്‌ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന‌ ആവശ്യം പല കോണുകളിൽനിന്നും ശക്തമാണ്‌. എന്നാൽ, ഇത്‌ ഇന്ത്യക്ക്‌ തിരിച്ചടിയാകുമെന്ന‌ മറുവാദവും ഉയരുന്നുണ്ട്‌. അതിർത്തിയിൽ സംഘർഷം രൂക്ഷമാകുമ്പോഴെല്ലാം സംഘപരിവാർ സംഘടനകളും ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും  ചൈനീസ്‌ ഉൽപ്പന്ന ബഹിഷ്‌കരണവാദം ഉയർത്തുന്നത്‌ പതിവാണ്‌. ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്‌ക്കുന്നതിന്‌ കേന്ദ്രസർക്കാർതന്നെ ഭരണതലത്തിൽ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രചാരണവും തുടങ്ങി. ഇറക്കുമതി വിലക്ക്‌, തീരുവ ഉയർത്തൽ തുടങ്ങിയ നടപടികളിലേക്ക്‌ സർക്കാർ കടന്നിട്ടില്ല. തുറമുഖങ്ങളിൽ ഉൽപ്പന്നങ്ങൾക്ക്‌ കസ്‌റ്റംസ്‌ അനുമതി വൈകിപ്പിക്കുന്നുണ്ട്‌. ആദ്യഘട്ടമെന്ന നിലയിൽ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ ചൈനീസ്‌ കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ദേശീയപാത വികസനം, ബിഎസ്‌എൻഎൽ 4ജി സേവനം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നാണ്‌ ചൈനീസ്‌ കമ്പനികളെ ഒഴിവാക്കുന്നത്‌.

ഇറക്കുമതി കുറയ്‌ക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ര എളുപ്പമല്ലെന്ന് സർക്കാരിനുതന്നെ തിരിച്ചറിവുണ്ട്‌. വൻകിട വ്യവസായ ഗ്രൂപ്പുകളുടെ തലവന്മാർതന്നെ നിലവിലെ സാഹചര്യത്തിൽ ഇറക്കുമതി കുറയ്‌ക്കുന്നത്‌ ഇന്ത്യൻ വ്യവസായമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. കുറഞ്ഞ വിലയിൽ ഉന്നതനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാത്തിടത്തോളം ചൈനയെ ആശ്രയിക്കേണ്ടിവരുമെന്നാണ്‌ വ്യവസായലോകം തുറന്നുപറയുന്നത്‌. ചൈനീസ്‌ അസംസ്‌കൃത വസ്‌തുക്കൾ തടയുന്നതിനാൽ ഉൽപ്പാദനം സ്‌തംഭിച്ചതായി ഇന്ത്യയിൽ യൂണിറ്റുകളുള്ള അമേരിക്കൻ കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്‌.

ചൈനീസ്‌ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ വ്യാപകമാകാൻ പ്രധാന കാരണം കൂടിയ കാര്യക്ഷമതയും കുറഞ്ഞവിലയുമാണെന്ന്‌ ലർസൻ ആൻഡ്‌ ട്യൂബ്രോ മാനേജിങ്‌ ഡയറക്ടർ എസ്‌ എൻ സുബ്രഹ്മണ്യൻ പറയുന്നു. ചൈനയെ നേരിടണമെങ്കിൽ ഇന്ത്യ വ്യക്തമായ നയങ്ങളും പദ്ധതികളും മുന്നോട്ടുവച്ച്‌ നടപ്പാക്കണം. ഇതിന്‌ തയ്യാറായാൽ നാലോ അഞ്ചോ വർഷത്തിനകം ഗുണനിലവാരത്തിലും വിലയിലും ചൈനീസ്‌ ഉൽപ്പന്നങ്ങളോട്‌ കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനാകുമെന്നും സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.


 

ചൈനീസ്‌ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി അനിവാര്യമാണെന്നാണ്‌ മാരുതി സുസുകി ചെയർമാൻ ആർ സി ഭാർഗവ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. രാജ്യത്തെ കാർനിർമാണത്തിന്‌ ഉപയോഗിക്കുന്ന ഘടകവസ്‌തുക്കളുടെ സിംഹഭാഗവും ചൈനയിൽ നിന്നാണ്‌. ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ അത്‌ ആത്യന്തികമായി ബാധിക്കുക‌ ഇന്ത്യൻ ഉപഭോക്താക്കളെയാണ്‌. ചൈനീസ്‌ ഉൽപ്പന്നങ്ങളെപ്പോലെ വിലക്കുറവുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കാൻ കഴിയണമെന്നും ഭാർഗവ പറഞ്ഞു.

ചൈനയെ ബഹിഷ്‌കരിക്കുന്നത്‌ ഇന്ത്യക്ക്‌ ആരോഗ്യകരമാണോ എന്ന ചോദ്യം ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്‌. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 5.1 ശതമാനമാണ്‌ ചൈനയിലേക്ക്‌ (2900 കോടി ഡോളർ മൂല്യം). എന്നാൽ, ഇറക്കുമതിയിൽ 13.2 ശതമാനം ചൈനയിൽ നിന്നാണ്‌ (8500 കോടി ഡോളർ). ഇത്‌ ചൈനയുടെ കയറ്റുമതിയുടെ മൂന്ന്‌ ശതമാനംമാത്രം‌. ചൈനയെ സംബന്ധിച്ച്‌ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നാമമാത്രവും. ഏറെ അഭിമാനിക്കുന്ന ഇന്ത്യൻ ഔഷധനിർമാണ മേഖല പ്രധാനമായും ആശ്രയിക്കുന്നത്‌ ചൈനയെയാണ്‌. ഇത്‌ മാത്രമല്ല, ടെലികോം, ഓട്ടോമൊബൈൽ തുടങ്ങി കളിപ്പാട്ടങ്ങൾവരെ ചൈനയെ ആശ്രയിച്ചാണ്‌ ഇന്ത്യൻ വിപണി നീങ്ങുന്നത്‌. ഇന്ത്യൻ സേനയ്‌ക്ക്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ നിർമിക്കുന്നതിനുള്ള പ്രധാനഘടകമായ ഹൈ–-പെർഫോമൻസ്‌ പോളിഎത്തിലിൻ ഇറക്കുമതി ചെയ്യുന്നതുപോലും‌ ചൈനയിൽനിന്നാണ്‌.


 

ഊന്നൽ നൽകേണ്ടത്‌ ഗവേഷണത്തിന്‌
നിരന്തരമായ ഗവേഷണവും സാങ്കേതികവിദ്യയുടെ വികസനവും നവീകരണവുമാണ്‌ ഏതൊരു രാജ്യത്തിന്റെയും വ്യവസായ നേട്ടങ്ങൾക്ക്‌ പിന്നിലെ ചാലക ശക്തി. എന്നാൽ, ഇക്കാര്യത്തിൽ നമ്മുടെ രാജ്യം ഇപ്പോഴും ഏറെ പിന്നിലാണ്‌. ഗവേഷണത്തിനും വികസനത്തിനുമുള്ള നമ്മുടെ ശേഷി വളർത്തിയെടുത്തും ഉന്നത സാങ്കേതികവിദ്യകൾ സ്വായത്തമാക്കിയും മാത്രമേ സ്വാശ്രയ വളർച്ചയെപ്പറ്റി ചിന്തിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, മോഡി സർക്കാർ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കും പരിഗണന നൽകുന്നില്ല. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഒരു ശതമാനംപോലും ഈ മേഖലയ്‌ക്കായി നീക്കിവയ്‌ക്കുന്നില്ല. എന്നാൽ, അന്ധവിശ്വാസം വളർത്താൻ സർക്കാർതന്നെ മുന്നിൽനിന്ന്‌ പ്രവർത്തിക്കുന്നു.

ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകിയാൽ ഇന്ത്യൻ വ്യവസായികൾക്ക്‌ ലോകവിപണിയിൽ പിടിച്ചുനിൽക്കാനാകുമെന്ന്‌ രാജ്യത്തെ ചില വൻകിട വ്യവസായ ഗ്രൂപ്പുകൾ തെളിയിച്ചിട്ടുണ്ട്‌. ബജാജ്‌ ഗ്രൂപ്പാണ്‌ ഇക്കാര്യത്തിൽ മുന്നിൽ. ഇരുചക്ര, മുചക്ര വാഹന നിർമാണത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണ്‌ ബജാജ്‌ ഗ്രൂപ്പ്‌. ‘പാശ്‌ചാത്യ രൂപകൽപ്പന, ജപ്പാനീസ്‌ ഗുണനിലവാരം, ഇന്ത്യൻ വില’ എന്ന ത്രിമുഖ കാഴ്‌ചപ്പാടാണ്‌ ബജാജ്‌‌ പിന്തുടർന്നത്‌. മറ്റ്‌ ഓട്ടോമൊബൈൽ കമ്പനികളും ഈ സമീപനം പിന്തുടരാൻ തുടങ്ങി. എൻജിനിയർമാർക്ക്‌ മെച്ചപ്പെട്ട ശമ്പളം നൽകുക എന്ന നയമാണ്‌ ദശാബ്ദങ്ങൾക്ക്‌ മുമ്പുതന്നെ ബജാജ്‌ നടപ്പാക്കിയത്‌. ഇതിലൂടെ ദീർഘകാല ഗവേഷണങ്ങൾ മികച്ച സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും മികച്ച എൻജിനിയർമാരെയും സാങ്കേതിക വിദഗ്‌ധരെയും വാർത്തെടുക്കാനും സാധിച്ചു. 2000ന്റെ തുടക്കത്തിൽ ഇന്ത്യയിലെ ഇരുചക്ര, മുചക്ര വിപണിയിൽ വലിയ തോതിൽ കടന്നുകയറാനുള്ള ചൈനീസ്‌ ശ്രമത്തെ ഇന്ത്യൻ കമ്പനികൾക്ക്‌ ചെറുക്കാനായി. ആഫ്രിക്കയിലും ചൈനയെ പിന്തള്ളി ഈ മേഖലയിൽ ഇന്ത്യൻ കമ്പനികൾ‌ മുന്നിലെത്തി.കോവിഡ്‌ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ (സ്വാശ്രയ ഭാരതം)പോലും തട്ടിപ്പാണ്‌. രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സ്വകാര്യകുത്തകകൾക്ക്‌ കൈമാറാനുള്ള വേദി മാത്രമാണിത്‌.‌ ധാതു, ഖനന മേഖലയാകെ ബഹുരാഷ്ട്ര കുത്തകകൾക്കായി തുറന്നിട്ടു. സ്വാശ്രയത്വത്തിനുവേണ്ടി അനിവാര്യമായി നിലനിൽക്കേണ്ട പൊതുമേഖലാസ്ഥാപനങ്ങളെ തകർക്കുക എന്നതിൽ കവിഞ്ഞ്‌ മറ്റൊന്നുമല്ല ഇത്‌. ഉയർന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്‌ ദീർഘദൃഷ്‌ടിയോടെയുള്ള ആസൂത്രണം വേണം. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ നടത്തുന്നതുപോലെ വൈകാരികമായി പ്രതികരിച്ചതുകൊണ്ടോ പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടോ ഉന്നത സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനാകില്ല.

ഔഷധമേഖലയിലെ ആശ്രിതത്വം
ഒരു കാലത്ത്‌ ഇന്ത്യൻ ഔഷധ നിർമാണമേഖല സ്വാശ്രയത്വം കൈവരിച്ചിരുന്നു. മൂന്ന്‌ ദശാബ്ദംമുമ്പ്‌ മരുന്നുനിർമാണത്തിന്റെ അടിസ്ഥാനഘടകമായ എപിഐ (ആക്ടീവ്‌ ഫാർമസ്യൂട്ടിക്കൽ ഇൻഗ്രിഡിയന്റ്‌) ഉൽപ്പാദനത്തിൽ ഇന്ത്യ സമ്പൂർണ സ്വാശ്രയത്വം നേടിയിരുന്നു. 1990 കളുടെ തുടക്കത്തിൽ വിപണി പൂർണമായും തുറന്നിട്ടതോടെ ഇന്ത്യൻ ഔഷധ നിർമാണമേഖല മറ്റ്‌ രാജ്യങ്ങളെ ആശ്രയിച്ചുതുടങ്ങി. എന്നാൽ, ചൈനയാകട്ടെ സർക്കാർ നിയന്ത്രണത്തിൽ നടന്ന ഗവേഷണത്തിലൂടെ ഈ മേഖലയിൽ വലിയനേട്ടം കൈവരിച്ചു. കുറഞ്ഞ വിലയ്‌ക്ക്‌ ഔഷധനിർമാണത്തിനുള്ള ഘടകവസ്‌തുക്കളുടെ മൂല്യശൃംഖലതന്നെ വികസിപ്പിച്ചെടുത്തു. ലാഭംമാത്രം ലക്ഷ്യമിട്ടുള്ള ഇന്ത്യൻ ഔഷധ നിർമാതാക്കളാകട്ടെ ഗവേഷണത്തിൽനിന്ന്‌ പിൻമാറി, നിർമാണത്തിനാവശ്യമായ ഘടകവസ്‌തുക്കൾ കുറഞ്ഞ വിലയ്‌ക്ക്‌ ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തു തുടങ്ങി. ഇന്ന്‌ ഔഷധമേഖലയിൽ ഉപയോഗിക്കുന്ന എപിഐയുടെ 70 ശതമാനവും ചൈനയിൽ നിന്നാണ്‌. 2018ൽ 19,300 കോടി രൂപയുടേതായിരുന്നു എപിഐ ഇറക്കുമതിയെങ്കിൽ 2019ൽ ഇത്‌ 24,900 കോടിയായി ഉയർന്നു.

ചില മരുന്നുകളുടെ നിർമാണത്തിൽ 100 ശതമാനവും ചൈനയെയാണ്‌ ആശ്രയിക്കുന്നത്‌. ഈ മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തടയാൻ മോഡി സർക്കാർ ഒന്നും ചെയ്‌തില്ല. വൻകിട മരുന്നുകമ്പനികൾക്ക്‌ കൊള്ളലാഭമുണ്ടാക്കാൻ ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതുവരെ. മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ‘2015നെ എപിഐയുടെ വർഷം’ എന്നാണ്‌ പ്രഖ്യാപിച്ചത്‌. ഔഷധനിർമാണ ഘടകത്തിന്റെ ഉൽപ്പാദനത്തിൽ 2020ൽ സ്വയം പര്യാപ്‌ത കൈവരിക്കലായിരുന്നു ലക്ഷ്യം. 53 എപിഐകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ 6940 കോടി രൂപ‌യും അനുവദിച്ചിരുന്നു. എന്നാൽ, തുടർന്നുള്ള അഞ്ച്‌ വർഷവും എപിഐയുടെ ഇറക്കുമതി കൂടി വരികയായിരുന്നു. ഫാർമസ്യൂട്ടിക്കൽ ക്ലസ്‌റ്റർ ഉണ്ടാക്കുമെന്ന്‌ 2016ലെ തീരുമാനവും മൂന്ന്‌ ഡ്രഗ്‌ പാർക്ക്‌ നിർമിക്കാനുള്ള 3000 കോടി രൂപയുടെ പദ്ധതിയും നടപ്പായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top