15 August Monday

ചിലി മാറുകയാണ്‌ ; അടിമുടി

വി ബി പരമേശ്വരൻUpdated: Saturday Jul 23, 2022

കഴിഞ്ഞ നവംബറിൽ ഇടതുപക്ഷ ജനാധിപത്യശക്തികൾ അധികാരത്തിൽ വന്ന തെക്കേ അമേരിക്കയിലെ  ചിലിയിൽ, ഏകാധിപതി പിനോച്ചെ നിർമിച്ച ഭരണഘടന ചീന്തിയെറിഞ്ഞ്‌ പുതിയ ഭരണഘടനയ്‌ക്ക്‌ രൂപംനൽകിയിരിക്കുന്നു. നവ ഉദാരവൽക്കരണനയം ഉൾച്ചേർന്ന 1980ലെ ഭരണഘടനയ്‌ക്ക്‌ പകരമായാണ്‌ എല്ലാവിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന പുതിയ ഭരണഘടനയ്‌ക്ക്‌, ഭരണഘടനാ നിർമാണസമിതി രൂപംനൽകിയിട്ടുള്ളത്‌. ജൂലൈ നാലിനാണ്‌ പുതിയ ഭരണഘടനയുടെ കരട്‌ നാഷണൽ അസംബ്ലിക്ക്‌ മുമ്പിൽ അവതരിപ്പിച്ചത്‌. 388 അനുച്ഛേദങ്ങളുള്ള സാമാന്യം വലിയ ഭരണഘടന തന്നെയാണ്‌ ഇത്‌. 155 അംഗ ഭരണഘടനാ നിർമാണസമിതിയിൽ 106 പേരുടെ പിന്തുണയാണ്‌ പുതിയ ഭരണഘടനയ്‌ക്ക്‌ ലഭിച്ചിട്ടുള്ളത്‌. എന്നാൽ, സെപ്‌തംബർ നാലിനു നടക്കുന്ന ഹിതപരിശോധനയിൽ ഭൂരിപക്ഷ അംഗീകാരം ലഭിച്ചാൽ മാത്രമേ ചിലിയുടെ ചരിത്രം മാറ്റിയെഴുതാൻ പോന്ന പുതിയ ഭരണഘടന നടപ്പാക്കാൻ കഴിയൂ. 

ചിലിയെ നവഉദാരനയത്തിൽ തളച്ചിട്ടത്‌ പിനോച്ചെയുടെ സർക്കാരായിരുന്നു. 1973ൽ അമേരിക്കൻ സഹായത്തോടെയാണ്‌ ഇടതുപക്ഷ പ്രസിഡന്റ്‌ സാൽവദോർ അലൻഡെയെ അട്ടിമറിച്ച്‌ പിനോച്ചെ അധികാരത്തിൽ വരുന്നത്‌.1980ൽ അംഗീകരിച്ച ഭരണഘടനയുടെ ഭാഗമായിരുന്നു ‘ചിക്കാഗോ സ്‌കൂൾ’ മുന്നോട്ടുവച്ച നവ ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും. ഈ നയം ലോകത്തിലെതന്നെ ഏറ്റവും അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ചിലിയെ മാറ്റി. വിദ്യാഭ്യാസവും  ആരോഗ്യസേവനവും ചെലവേറിയതോടെ വിദ്യാർഥികളും ജനങ്ങളും തെരുവിലിറങ്ങി. 2019ലെ പ്രക്ഷോഭത്തിനു മുമ്പിൽ മുട്ടുമടക്കിയ സെബാസ്‌റ്റ്യൻ പിനേര സർക്കാർ ചില ആശ്വാസനടപടികൾ പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾ അതുകൊണ്ട്‌ തൃപ്‌തിപ്പെട്ടില്ല. നവഉദാരവൽക്കരണനയം അടിത്തറയാക്കിയുള്ള ഭരണഘടന തന്നെ മാറണമെന്ന്‌ അവർ ശഠിച്ചു. വലതുപക്ഷ സർക്കാരിന്‌ വഴങ്ങേണ്ടിവന്നു. അതിന്റെ ഫലമായാണ്‌ ഭരണഘടനാ നിർമാണസഭയിലേക്ക്‌ കഴിഞ്ഞവർഷം മെയ്‌ 16ന്‌ തെരഞ്ഞെടുപ്പ്‌ നടന്നതും ഇടതുപക്ഷ പുരോഗമനസഖ്യം 155ൽ 117 സീറ്റ്‌ നേടി വിജയിച്ചതും. പലതുകൊണ്ടും പുതുമയാർന്നതായിരുന്നു ഈ ഭരണഘടനാ നിർമാണസഭ. ചിലിയിലെ ഏറ്റവും വലിയ ആദിവാസി ജനവിഭാഗമായ മാപുച്ചേ ഗോത്രക്കാരിയും സാന്റിയാഗോ സർവകലാശാലയിലെ അധ്യാപികയുമായ എലീസലോൻകോണാണ്‌ ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷ. 155 അംഗ സഭയിൽ 79 പേരും സ്‌ത്രീകളായിരുന്നു. ആദിവാസി വിഭാഗങ്ങളിൽനിന്ന്‌ 17 പ്രതിനിധികളാണ്‌ സഭയിൽ അംഗങ്ങളായത്‌. മാപുച്ചേയെ പ്രതിനിധാനംചെയ്‌ത്‌ ഏഴുപേരും അയ്‌മാര ഗോത്രത്തെ പ്രതിനിധാനംചെയ്‌ത്‌ രണ്ടു പേരും മറ്റ്‌ എട്ട്‌ ഗോത്രവിഭാഗത്തിന്‌ ഓരോ പ്രതിനിധിയും സഭയിൽ അംഗങ്ങളായിരുന്നു.

ഈ സമിതി ഒരു വർഷത്തിനകം എഴുതിയുണ്ടാക്കിയ ഭരണഘടനയുടെ അന്തഃസത്ത ഒരു സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രനിർമാണമായിരുന്നു. സമ്പത്ത്‌ ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കാൻ അനുവദിക്കുന്ന പിനോച്ചെ ഭരണഘടനയിൽനിന്നും വ്യത്യസ്‌തമായ സമീപനമാണ്‌ പുതിയ കരട്‌ ഭരണഘടനയിലുള്ളത്‌. സമ്പത്ത്‌ തുല്യമായി വീതംവയ്‌ക്കുകയെന്ന സമീപനം പുതിയ ഭരണഘടനയിലുടനീളം കാണാം. പൗരന്മാരുടെ സാമൂഹ്യ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം ജനപ്രാതിനിധ്യത്തിൽ ലിംഗസമത്വം, ആദിവാസി ജനവിഭാഗങ്ങൾക്ക്‌ പ്രത്യേക പരിഗണന എന്നിവയെല്ലാം ഭരണഘടനയുടെ പ്രത്യേകതയാണ്‌. അഭിപ്രായസ്വാതന്ത്ര്യം, ഗർഭഛിദ്രത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശം എന്നിവയെല്ലാം പുതിയ ഭരണഘടനയുടെ ഭാഗമാണ്‌.


 

എന്നാൽ, ചിലിയൻ ഭരണഘടന ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ചില ഉള്ളടക്കങ്ങൾ ഉൾച്ചേർന്നതാണ്‌. സംഘടിക്കാനും വിലപേശാനുമുള്ള അവകാശമാണത്‌. നവ ഉദാരവൽക്കരണകാലത്ത്‌ രാക്ഷസവൽക്കരിച്ച്‌ നിഷേധിച്ച ട്രേഡ്‌ യൂണിയൻ അവകാശങ്ങൾ അംഗീകരിക്കുന്നുവെന്നതാണ്‌ ചിലിയൻ ഭരണഘടനയുടെ പ്രത്യേകത. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യമേഖലാ സ്ഥാപനങ്ങളിലും ട്രേഡ്‌ യൂണിയൻ രൂപീകരിക്കാൻ അവകാശമുണ്ടെന്നു മാത്രമല്ല, പണിമുടക്കാനും പുതിയ ഭരണഘടന അനുവാദം നൽകുന്നു. പിനോച്ചെയുടെ ഭരണഘടനയിൽ പണിമുടക്ക്‌ എന്ന പദം ഒരു പ്രാവശ്യം മാത്രമാണ്‌ ഉപയോഗിച്ചിരുന്നത്‌. അത്‌ പണിമുടക്കിന്‌ നിരോധനമെന്ന്‌ പറയാനായിരുന്നു. തൊഴിലാളികൾക്ക്‌ മാനേജ്‌മെന്റിൽ പങ്കാളിത്തം നൽകുമെന്നും പുതിയ ഭരണഘടന വാഗ്‌ദാനം നൽകുന്നുണ്ട്‌. മാത്രമല്ല, തൊഴിലാളികൾക്ക്‌ ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയും വിഭാവനം ചെയ്യുന്നു. തൊഴിലാളിയും തൊഴിലുടമയും സർക്കാരും ഈ പദ്ധതിയിലേക്ക്‌ വിഹിതം നൽകണം. ഈ പണം വകമാറ്റി ചെലവഴിക്കരുതെന്നും നിബന്ധനയുണ്ട്‌. നിലവിൽ സ്വകാര്യമേഖലയുടെ കീഴിലുള്ള സാമൂഹ്യസുരക്ഷാ സംവിധാനം മാത്രമാണ്‌ ചിലിയിൽ ഉള്ളത്‌. സാധാരണക്കാർക്ക്‌ അപ്രാപ്യമാണ്‌ ഇതെന്ന്‌ പറയേണ്ടതില്ലല്ലോ.

ഭരണഘടനയുടെ മറ്റൊരു പ്രത്യേകത പ്രകൃതി വിഭവങ്ങളിൽ ആദിവാസി ജനതയ്‌ക്ക്‌ അവകാശം നൽകുന്നുവെന്നതാണ്‌. പാരമ്പര്യമായി ആദിവാസികൾ ഉപയോഗിച്ചുവരുന്ന വിഭവങ്ങൾ അവർക്ക്‌ യഥേഷ്ടം ഉപയോഗിക്കാമെന്ന്‌ ഭരണഘടന ഉറപ്പുവരുത്തുന്നു. വൻകിട ഖനി ഉടമകൾക്കും മറ്റുമായി വനഭൂമി തീറെഴുതിക്കൊടുത്ത പിനോച്ചെ ഭരണവുമായി ആദിവാസികൾ നിരന്തരമായി ഏറ്റുമുട്ടിയിരുന്നു. എന്നാൽ, ഗബ്രിയേൽ ബോറിക്കിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ തന്നെ പിനോച്ചെ സ്വകാര്യവൽക്കരിച്ച  ചെമ്പ്‌, ലിഥിയം ഖനികൾ ദേശസാൽക്കരിക്കാൻ തുടങ്ങിയിരിക്കുകയാണ്‌.  പ്രകൃതിസംരക്ഷണവും കാലാവസ്ഥാ മാറ്റത്തെ തടയലും ഭരണഘടനയുടെ പ്രധാന വശമാണ്‌. അതോടൊപ്പം ഡിജിറ്റൽ കണക്‌ഷൻ പൗരന്റെ അവകാശമായി കാണുന്ന ഭരണഘടന നാഷണൽ ഡാറ്റ പ്രൊട്ടക്‌ഷൻ അതോറിറ്റി രൂപീകരണത്തെക്കുറിച്ചും വിഭാവനം ചെയ്യുന്നുണ്ട്‌. അങ്ങനെ ഏതർഥത്തിൽ നോക്കിയാലും  നവഉദാരവൽക്കരണ നയങ്ങൾ താറുമാറാക്കിയ സാമൂഹ്യ, സാമ്പത്തിക ജീവിതത്തെ കൂടുതൽ സമത്വപൂർണമാക്കാനുള്ള നിർദേശങ്ങളാണ്‌ ചിലിയൻ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്നത്‌. ആഗോള ഭരണഘടനകളുടെ ചരിത്രത്തിൽത്തന്നെ ചരിത്രപരമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഭരണഘടനയാണ്‌ ചിലിയിലേതെന്ന്‌ ഗൗതം ഭാട്ടിയ (ദ ഹിന്ദു, ജൂലൈ 20, 2022)എഴുതാനുള്ള കാരണവും ഇതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top