02 December Monday

നെഹ്റുവും സെക്യുലറിസവും

ടി പി കുഞ്ഞിക്കണ്ണൻUpdated: Thursday Nov 14, 2024

 

ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരിന്റെ പ്രധാന എതിരാളി ആറു പതിറ്റാണ്ടു മുമ്പ് മരിച്ച ജവാഹർലാൽ നെഹ്റു ആണെന്നാണ് അവരുടെ പ്രചാരണങ്ങളും പ്രവർത്തനങ്ങളുമെല്ലാം കാണിക്കുന്നത്. ബിജെപിയുടെ നെഹ്റുപ്പേടിക്കുള്ള പ്രധാനകാരണം അദ്ദേഹം ഒരു സെക്യുലറിസ്റ്റ് ആയിരുന്നു എന്നതാണ്. സെക്യുലറിസത്തെ ‘മതനിരപേക്ഷം’ എന്ന  നിർവചനത്തിനപ്പുറം ‘ലോകൈകം’, ഏകോദര സാഹോദര്യം (Seculam) എന്ന വിശാല നിലപാടിൽ നെഹ്റു കണ്ടിരുന്നു. ആർഎസ്എസ് ആകട്ടെ, പതിവുപോലെ നേരിട്ടുള്ള ആശയസംവാദത്തിന് മുതിരാതെ ഇന്ത്യയിലുണ്ടായതും നിലനിൽക്കുന്നതുമായ എല്ലാ പ്രശ്‌നത്തിനും ഉത്തരവാദി നെഹ്‌റുവാണെന്ന്‌ പ്രചരിപ്പിക്കുകയാണ്. ഇന്ത്യാവിഭജനം, പാകിസ്ഥാൻ പ്രശ്നം, ചൈനയുമായുള്ള സംഘർഷം, കശ്‌മീർ പ്രതിസന്ധി, കാർഷിക മുരടിപ്പ്, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ദാരിദ്ര്യം എന്നിങ്ങനെ ഏതാണ്ടെല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നെഹ്റു ആണെന്ന് അവർ പ്രചരിപ്പിക്കുന്നു. 

ബിജെപി നിയന്ത്രണത്തിലുള്ള ഒരു വെബ്സൈറ്റിന്റെ പേരുതന്നെ ‘Dismantling Nehru; The Last Viceroy of India’ എന്നാണ്. അതായത് നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയല്ല, മറിച്ച് അവസാനത്തെ വൈസ്രോയി ആണെന്നാണ് പറയുന്നത്. ഇവയ്ക്കൊപ്പം രജനീകാന്ത് പുരാണിയ്‌ എന്നയാൾ ‘Nehru Files 127 Historical Blunders’ എന്നൊരു ഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്‌. നേരത്തേ ഇതിൽ 97 ‘വിഡ്ഢിത്ത’ങ്ങളാണുണ്ടായിരുന്നതെങ്കിൽ പുതുതായി 30 എണ്ണംകൂടി ചേർത്തിരിക്കുന്നുവെന്നത്‌ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. ന്യൂഡൽഹിയിലെ പ്രസിദ്ധ ഗവേഷണ സ്ഥാപനമായ ‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി’യുടെ പേരുമാറ്റി പ്രധാനമന്ത്രി മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിയിരിക്കുന്നു. മറ്റൊന്ന് ഇന്ത്യാ ചരിത്രത്തെത്തന്നെ വികലമാക്കി അവതരിപ്പിച്ച്‌ ഒരിടത്തും നെഹ്റുവിന്റെ പേര് വരാതിരിക്കാനുള്ള ശ്രമമാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്നതാണ് 2023ലെ ഇന്ത്യൻ ചരിത്രകോൺഗ്രസിൽ പ്രൊഫ. ആദിത്യ മുഖർജിയുടെ അധ്യക്ഷപ്രസംഗം.

ജവാഹർലാൽ നെഹ്റു ചെയ്തതിനെയും പറഞ്ഞതിനെയുമെല്ലാം അതേപടി ന്യായീകരിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ, ആസൂത്രിത സമ്പദ്‌വ്യവസ്ഥ, ചേരിചേരാനയം, ജനാധിപത്യ ഭരണഘടന, മതനിരപേക്ഷത എന്നിവയെല്ലാം മാറ്റിമറിക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ ശ്രമങ്ങളെ എതിർക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി നെഹ്റുവിന്റെ പേര് ഇല്ലാതാക്കാനുള്ള നടപടികൾ പ്രതിരോധിക്കണം.  നെഹ്റുവിന്റെ പിൻഗാമികൾ എന്നവകാശപ്പെടുന്ന കോൺഗ്രസ് ഇപ്പോൾ തുടരുന്ന നയങ്ങൾ പലതും അദ്ദേഹം പറഞ്ഞതിന് നേർ വിപരീതമാണ്. ഹിന്ദുത്വ വാദത്തെ  എതിർക്കുന്നതിലായാലും മതനിരപേക്ഷത സംരക്ഷിക്കുന്നതിലായാലും ഉറച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.

ഹിന്ദുത്വ വർഗീയത ഇന്ത്യൻ ദേശീയതയെ തകർക്കുമെന്നും സമൂഹത്തിൽ ഫാസിസത്തിന്‌ അനുകൂലമായ മാറ്റമുണ്ടാക്കുമെന്നും ബോധ്യമുള്ളതിനാൽ വളരെ കരുതലോടെയാണ് നെഹ്റു കാര്യങ്ങളെ നീക്കിയതെന്ന് ‘Nehru and Secularism’ എന്ന ലേഖനത്തിൽ ഡോ. എസ്‌ ഗോപാൽ നിരീക്ഷിക്കുന്നു. ഏതു സാഹചര്യത്തിലും ഇന്ത്യയിൽ സാമൂഹ്യ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകൈ എടുക്കേണ്ടത് ഹിന്ദുക്കളാണെന്നും നെഹ്റു പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ, സംസ്ഥാനങ്ങൾക്കും മന്ത്രിമാർക്കുമെല്ലാം മാസത്തിൽ രണ്ടുവീതം കത്തുകൾ നെഹ്റു അയച്ചിരുന്നു. അവ ക്രോഡീകരിച്ചുള്ള ‘Letter for a Nation’ എന്ന ഗ്രന്ഥം ഇപ്പോൾ ലഭ്യമാണ്‌. അതിനകത്തുള്ള 1947 ഡിസംബർ ഏഴിനയച്ച ‘ആർഎസ്എസിനെപ്പറ്റി’ എന്ന കത്തിൽ നെഹ്റു പറഞ്ഞത് നോക്കാം, ‘നാസികൾ യഥാർഥത്തിൽ ജർമനിയെ തകർക്കുകയായിരുന്നു. ആർഎസ്എസുകാർ ഇന്ത്യയിൽ വളർന്നാൽ ഇന്ത്യക്കും സംഭവിക്കുന്നത് ഇതൊക്കെത്തന്നെയായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് അശേഷം സംശയമില്ല. ഇന്ത്യ നിലനിൽക്കണമെന്നത്  നിസ്‌തർക്കമാണ്. പക്ഷേ, ഇന്ത്യക്ക്‌ ഇക്കൂട്ടർ കാര്യമായ ക്ഷതമേൽപ്പിക്കും. അത് സംഭവിച്ചാൽ അതുണ്ടാക്കുന്ന ആഘാതങ്ങളിൽനിന്ന്‌ മോചനം നേടാൻ കാലമേറെ കാത്തിരിക്കേണ്ടിവരും.’ ഈ വാചകങ്ങളിൽ വർഗീയതയ്ക്കെതിരായ ഒരു കർമപദ്ധതി ഉണ്ടായിരുന്നു എന്നതാണ് ഹിന്ദുത്വശക്തികളെ അലോസരപ്പെടുത്തുന്നത്.

ഈ സാഹചര്യത്തിൽ ഹിന്ദുത്വശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നെഹ്റുവിനെ പുനർവായിക്കുകയെന്നത് കാലികപ്രസക്തമായ രാഷ്ട്രീയ പ്രവർത്തനമാണ്. എന്നാൽ, അത് രാമചന്ദ്രഗുഹ ‘The Last Liberal and other Essay’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ, കേവലമായൊരു തിരിച്ചുപോക്കല്ല, മറിച്ച് നെഹ്‌റുവിന്റെ കാലത്തുനിന്ന് പലതും വായിച്ചെടുത്ത്‌ വർത്തമാനകാലത്തിനനുസൃതമായി പുനരാവിഷ്കരിക്കുകയാണ് വേണ്ടത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ നാലാംനാൾ നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ നെഹ്റു ആശങ്കയില്ലാതെ ഇപ്രകാരം പറഞ്ഞു. ‘ഈ രാജ്യം ഒരു വർഗീയ രാജ്യമല്ല, ഇതൊരു ജനാധിപത്യരാജ്യമാണ്. ഇവിടെ എല്ലാ പൗരന്മാർക്കും തുല്യ അവകാശമായിരിക്കും. സർക്കാരാകട്ടെ എന്ത് വിലകൊടുത്തും ഈ അവകാശം സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ്.’ നെഹ്‌റുവിന്റെ ജീവിതകാലം  മുഴുക്കെ അതൊരു ഉറച്ച തീരുമാനമായിരുന്നു എന്നതാണ് ആർഎസ്എസുകാർക്ക് അദ്ദേഹത്തോടുള്ള കലിപ്പ് ഊറിവരാൻ കാരണം.

ചരിത്രത്തിന്റെതന്നെ ഭാഗമായ മറ്റൊരു കത്ത് (15–- 10–- 1957ന്‌) മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനെപ്പറ്റി മുഖ്യമന്ത്രിമാരോട് നെഹ്‌റു ഇപ്രകാരം ആവശ്യപ്പെട്ടതായി കാണാം. ‘നമുക്ക്  ഒരു മുസ്ലിം ന്യൂനപക്ഷമുണ്ട്. പോകണമെന്ന്‌ തോന്നിയാൽപോലും അവർക്ക് പോകാൻ മറ്റൊരിടമില്ല. അവർ ഇന്ത്യയിൽത്തന്നെ കഴിയണമെന്ന കാര്യത്തിൽ തർക്കമില്ല. പാകിസ്ഥാനിൽനിന്ന് എത്ര പ്രകോപനമുണ്ടായാലും അവിടത്തെ അമുസ്ലിങ്ങൾക്കെതിരെ എന്തുതരം അവഹേളനവും ഭീതിയും ഉണ്ടായാലും ഇവിടെ കഴിയുന്ന മുസ്ലിം ന്യൂനപക്ഷങ്ങളോട് ഏറ്റവും മാന്യവും പരിഷ്‌കൃതവുമായ രീതിയിൽ മാത്രമേ നാം ഇടപെടാവൂ. അവർക്ക്‌ ഒരു ജനാധിപത്യ രാജ്യത്തിലെ സുരക്ഷയും പൗരാവകാശവും ഉറപ്പാക്കാൻ നാം ബാധ്യസ്ഥരാണ്‌. അക്കാര്യത്തിൽ നാം പരാജയപ്പെട്ടാൽ നമുക്ക്‌ അതൊരു തീരാദുഃഖമാകും. അത് നമ്മുടെ രാഷ്ട്രീയത്തെ വികലമാക്കുകയും ക്രമത്തിൽ നശിപ്പിക്കുകയും ചെയ്യും.’

വളരെ ദീർഘവീക്ഷണത്തോടെ എഴുതിയ ഈ കത്തിലെ അവസാന വാചകത്തിലടങ്ങിയ ഓർമപ്പെടുത്തലാണ് ഇന്ന് രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ അലട്ടിക്കൊണ്ടിരിക്കുന്നത്‌. ഒരു സെക്യുലർ, ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നതിന് ഹിന്ദുത്വ വർഗീയത എന്നും ഒരു തടസ്സമായിരുന്നുവെന്നതാണ് നമ്മുടെ അനുഭവം. ഹിന്ദുത്വ വർഗീയതക്കെതിരെ എങ്ങനെ പ്രവർത്തിക്കണമെന്ന അറിവ്‌ കൃത്യമായിരുന്നുവെന്നതാണ്‌ അദ്ദേഹത്തിന്റെ മഹത്വം. ‘ഏതെങ്കിലും ഒരാശയത്തിന്റെ പേരിൽ മറ്റൊരാളെ എതിർക്കുകയാണെങ്കിൽ പ്രധാനമന്ത്രി എന്ന നിലയിലും അല്ലാതെയും അവർക്കെതിരെ എന്നിൽ ജീവനുള്ളിടത്തോളം കാലം ഞാൻ പൊരുതുകതന്നെ ചെയ്യും’–- അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്ന ആശയവും മതനിരപേക്ഷതയും അടക്കമുള്ള അതിന്റെ ആന്തരിക മൂല്യങ്ങളും അമർത്യ സെൻ പറഞ്ഞതുപോലെ ഒരുതരം വർഗീയ ഫാസിസ്റ്റ് വിചാരണ നേരിടുകയാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വ ഇന്ത്യയുടെ നിർമിതിക്കായുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കണം. ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ വീണ്ടെടുത്തുകൊണ്ടേ ഇത്‌ സാധ്യമാകൂ. ഈ പ്രക്രിയയിൽ നെഹ്റുവിയൻ ചിന്തകൾ വലിയൊരു തുണയാണെന്നതിൽ തർക്കമില്ല. അതിനാൽ ഇത്തരം മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള സമരത്തിൽ പങ്കാളിയാകുക എന്നതു തന്നെയാണ്‌ ഇന്നത്തെ രാഷ്‌ട്രീയ പ്രവർത്തനം.

(പേരാമ്പ്ര സികെജി മെമ്മോറിയൽ കോളേജിലെ സാമ്പത്തിക ശാസ്‌ത്രവിഭാഗം മുൻമേധാവിയും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുൻ ജനറൽ സെക്രട്ടറിയുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top